TopTop
Begin typing your search above and press return to search.

വെള്ളാപ്പള്ളിക്ക് കിട്ടിയ ആര്‍ എസ് എസ് ക്വട്ടേഷന്‍

വെള്ളാപ്പള്ളിക്ക് കിട്ടിയ ആര്‍ എസ് എസ് ക്വട്ടേഷന്‍

കൂപ്പുകൈയാണ് പാര്‍ട്ടി ചിഹ്നം. ഈ കൂപ്പുകൈ നമ്മളെ പലതും ഓര്‍മ്മിപ്പിക്കുന്നു. ഗാന്ധിയെ കൊല്ലുന്നതിന് മുമ്പ് ഗോഡ്‌സെ കൈ കൂപ്പിയിരുന്നു. ഒളിപ്പിച്ചുവച്ച തോക്ക് ആരും കണ്ടില്ല.

ഭാരത ധര്‍മ്മ സേന എന്നാണ് പാര്‍ട്ടിയുടെ പേര്. വെള്ളാപ്പള്ളിയുടെയും മകന്റെയും കുറച്ച് ഈഴവ സമുദായാംഗങ്ങളുടെയും മാത്രം പാര്‍ട്ടിയ്ക്ക് ഭാരതം എന്നു പേരിടുന്നതില്‍ ലോക മലയാള സമ്മേളനം എന്ന് പേരിടുന്നതുപോലെയുള്ള മലയാളിയുടെ തനത് അല്‍പ്പത്തരത്തിനപ്പുറം സംഘികളുടെ സിഗ്നേച്ചറുണ്ട്. ധര്‍മ്മം എന്നത് പാവം നാരായണഗുരുവിന്റെ ഓര്‍മ്മയ്ക്ക്. ജനസേവന എന്നാല്‍ ഹനുമാന്‍ സേന, വാനരസേന എന്നതുപോലെ ഒക്കെയേയുള്ളൂ.

പാര്‍ട്ടി കേരളത്തില്‍ യാതൊരു രാഷ്ട്രീയ ചലനവും ഉണ്ടാക്കാന്‍ പോകുന്നില്ല എന്നു പറയുന്നത് ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ്; സമുദായവും സമൂഹവും ആദരിച്ച വ്യക്തികള്‍ നേതൃത്വം നല്‍കിയ പഴയ സോഷ്യലിസ്റ്റ് റവല്യൂഷണറി പാര്‍ട്ടി (എസ്.ആര്‍.പി.) യുടെ ചരിത്ര പശ്ചാത്തലത്തില്‍. അന്ന് ക്യാച്ച് വേര്‍ഡ് സോഷ്യലിസമായിരുന്നു. ഇന്ന് അത് ഭാരതവും ധര്‍മ്മവുമൊക്കെ ആയിമാറി. വാസ്തവത്തില്‍ ഈ ധര്‍മ്മമാണ് ശ്രദ്ധിക്കേണ്ടത്. നടേശന്റെ പാര്‍ട്ടി ഉന്നമിടുന്നത് രാഷ്ട്രീയ അധികാരമല്ല. സാമുദായക ധ്രുവീകരണമാണ്. അത് നടത്തിത്തരാനാണ് സംഘികള്‍ നടേശന് കരാര്‍ കൊടുത്തിരിക്കുന്നത്. നടേശന്‍ കരാറുകാരനാണ്. ലാഭം കിട്ടിയാല്‍ എന്തും ചെയ്യും. കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് രണ്ടുശതമാനം പലിശയ്ക്ക് കിട്ടുന്ന പണം 15-16 ശതമാനം പലിശയ്ക്ക് ദരിദ്രരായ ഈഴവര്‍ക്ക് കൊടുത്തു പണം തട്ടുന്ന നടേശന് ധാര്‍മ്മികതയില്ല.

ഇടതു വലതു മുന്നണികളെ രാഷ്ട്രീയമായി അപ്രസക്തമാക്കിക്കൊണ്ടുള്ള ഒരു മൂന്നാം മുന്നണിയ്ക്ക് സാധ്യത തീരെയില്ലാത്ത നാടാണ് കേരളമെന്ന് സാമാന്യരാഷ്ട്രീയ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. അതുകൊണ്ടാണ് ഹിന്ദുക്കള്‍ മൂന്നിലൊന്ന് ജനസംഖ്യയുള്ള കേരളത്തില്‍ ഹിന്ദുക്കളുടെ രാഷ്ട്രീയ പാര്‍ട്ടിയായ ബി.ജെ.പിക്ക് ക്ലച്ചു പിടിക്കാന്‍ കഴിയാത്തത്. വാജ്‌പേയിക്കും അധ്വാനിക്കും കഴിയാതെ പോയത്, അടിയന്തിരാവസ്ഥയ്ക്ക് പോലും മാറ്റാന്‍ കഴിയാത്തത്, മോദിക്കും അമിത്ഷാക്കും കഴിയുമെന്ന് സംഘികള്‍ പോലും കരുതുന്നില്ല.

പക്ഷെ, വാജ്‌പേയിക്കും അധ്വാനിക്കും ചെയ്യാന്‍ കഴിയാതെപോയത് മോദിക്കും ഷായ്ക്കും ചെയ്യാന്‍ കഴിയും. അധ്വാനി മതപരമായ ധ്രുവീകരണത്തിലൂടെയാണ് ബി.ജെ.പിയെ അധികാരത്തിലെത്തിച്ചതെങ്കില്‍ അമിത് ഷാ - മോദി കൂട്ടുകെട്ട് ജാതീയമായ രാഷ്ട്രീയം കളിക്കാനാണ് മിടുക്കര്‍. അതാണവരുടെ തുറുപ്പുചീട്ട്. അത് അവരെക്കാള്‍ നന്നായി കളിയ്ക്കാനറിയാവുന്നതുകൊണ്ടാണ് നികേഷ് - ലല്ലു കൂട്ടുകെട്ട് ബീഹാറില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തിയത്.പയറ്റിതെളിഞ്ഞ അതേ ജാതി രാഷ്ട്രീയമാണ് ഇത്തവണ കേരളത്തില്‍ ഇറക്കിയിരിക്കുന്നത്. അതിന് സാമൂഹികമായ മാറ്റങ്ങളും ഉണ്ടാക്കാന്‍ കഴിഞ്ഞു. ടെലിവിഷന്‍ ചര്‍ച്ചകളില്‍, യാതൊരു ഉളുപ്പുമില്ലാതെ, ശ്രീനാരായണീയര്‍ എന്ന് അവകാശപ്പെടുന്നവര്‍ പോലും ജാതിയമായി മാത്രം സംസാരിക്കുന്നു. അതിനു ജാതീയമായി മറുപടി പറയാന്‍ ഇടതു-വലതു നേതാക്കള്‍ യത്‌നിക്കുന്നു.

നമ്പൂതിരി മുതല്‍ നായാടി വരെ എന്നത് ഹിന്ദുമതത്തിനുള്ളില്‍ തന്നെയുള്ള ജാതീയമായ ഒരു ഐക്യത്തിനെക്കുറിച്ചാണ് പറയുന്നത്. ഇതിനര്‍ത്ഥം, നിലവില്‍ ജാതികള്‍ തമ്മില്‍ അനൈക്യം ഉണ്ടെന്നാണ്. അങ്ങനെയാണെങ്കില്‍, ആ അനൈക്യത്തിന് കാരണക്കാര്‍ ആരാണ്? അതിന്റെ ഗുണഭോക്താക്കള്‍ ആര്? ഇരകള്‍ ആര്? ചര്‍ച്ചകളില്‍, വാസ്തവത്തില്‍ ഉരുത്തിരിയേണ്ട വിഷയങ്ങള്‍ ഇവയാണ്.

ഈ ഐക്യത്തിന്റെ പ്രതീകമായാണ് യാത്രയ്ക്ക് മുന്നോടിയായി ടെലിവിഷനുകളില്‍ കാണിച്ച പരസ്യചിത്രം. ഒരു നമ്പൂതിതിച്ചെക്കന്‍ ഒരു ദളിതന് (ഏതു വിഭാഗമെന്നറിയില്ല. നായാടിയാണെന്ന് കരുതാം) ഇലയില്‍ നിന്നും പ്രസാദം കൊടുക്കുന്നു. കണ്ണീരൊപ്പുന്നു.

ഇതില്‍ വേദനിക്കുന്നവന്‍ നായാടിയാണ്. കണ്ണീരൊപ്പുന്നത് നമ്പൂതിരിയും. അപ്പോള്‍ വേദനിപ്പിച്ചതാരാണ്? മുസ്ലീങ്ങളോ? ക്രിസ്ത്യാനികളോ? അത് ചര്‍ച്ചചെയ്യുന്നതേയില്ല. ഏതായാലും നമ്പൂതിരിയുടെ കയ്യില്‍ ഇലക്കീറിലുള്ള പ്രസാദമുണ്ട്. അതായത്, നമ്പൂതിരിക്ക് പഴയ പണി തന്നെ. ഇലക്കീറും അതിലെ പ്രസാദവും. വാസ്തവത്തില്‍, ഈ ഇലക്കീറിലും പ്രസാദത്തിലും അടിസ്ഥാനമാക്കിയ ജീവിതമായിരുന്നു (പണിയൊന്നും ചെയ്യാതെ ദൈവത്തിന്റെ പേരും പറഞ്ഞ് ഉണ്ടു നടക്കുന്ന ഉഡായിപ്പു ജീവിതം) നമ്പൂതിരമാരുടെ ശാപം. എങ്കിലും, ഉള്ളിലിരിപ്പ് ഇപ്പോഴും ആ ഉഡായിപ്പ് ജീവിതം തന്നെ. കോവിലിലെ പ്രസാദമാണ് നായാടിക്ക് നല്‍കുന്നത്. അതായത്, നായാടി സ്വന്തം നിലയില്‍ കോവിലില്‍ പോയി പ്രസാദം വാങ്ങിക്കൂട എന്നര്‍ത്ഥം. സ്വന്തം നിലയില്‍ കോവിലില്‍ പോയി പ്രസാദം വാങ്ങാന്‍ നമ്പൂതിരിച്ചെക്കനെ പോലെ നായാടി പയ്യനും ആകുമായിരുന്നെങ്കില്‍ ഇരുവര്‍ക്കും ഒരുമിച്ചിരുന്ന് പ്രസാദം കഴിക്കാമായിരുന്നല്ലോ?

നമ്പൂതിരി നായാടിയ്ക്ക് സ്വന്തം പ്രസാദം നല്‍കുന്നു. എന്നാല്‍, നമ്പൂതിരി മുതല്‍ നായാടി വരെ എന്നുള്ള ഈ സുന്ദര സ്വപ്നത്തില്‍ എന്തുകൊണ്ടാണ് നായാടി സ്വന്തം ഇലയില്‍ നിന്നോ പാത്രത്തില്‍ നിന്നോ നമ്പൂതിരിക്ക് ഒന്നും കൊടുക്കുന്നില്ല? ഇത് വളരെ അര്‍ത്ഥതലങ്ങള്‍ ഉള്ള ഒന്നാണ്. സ്വയം കഴിയ്ക്കാനില്ലാത്ത നായാടിക്ക് എങ്ങനെ നമ്പൂതിരിയ്ക്ക് പകര്‍ന്നു നല്‍കാന്‍ കഴിയും? വയറു നിറയ്ക്കാന്‍ പാങ്ങുള്ള നമ്പൂതിരി എന്തിന് നായാടി പകര്‍ന്നുനല്‍കുന്ന ആഹാരം കഴിക്കണം? മാത്രമല്ല, നായാടി പയ്യന്‍ നായാടിക്കൊണ്ടുവരുന്ന ആഹാരം നമ്പൂതിരി കഴിക്കുമോ? എലിയെ പിടിച്ച് ചുട്ടുതിന്നുന്ന നായാടി വിഭാഗം ഇന്നും കേരളത്തിലുണ്ട്. അവരുടെ ജീവന്‍ നിലനിര്‍ത്തുന്നത് എലികളാണ്. ചുട്ടെടുത്ത എലിയാണ് അവരുടെ ആഹാരവും നൈവേദ്യവും. അതിലൊരു പങ്ക് നമ്പൂതിരിച്ചെക്കന്‍ കഴിയ്ക്കുമോ? വാസ്തവത്തില്‍ നമ്പൂതിരി മുതല്‍ നായാടി വരെ എന്ന ചിന്തയുടെ മരണമാണ് ഈ ചോദ്യത്തിലൂടെ ഉണ്ടാകുന്നത്. അതൊരിക്കലും ഉണ്ടായില്ല. അങ്ങനെ ഒരു പരസ്യചിത്രം സംഘികള്‍ ഉണ്ടാക്കുകയുമില്ല. സംഘികള്‍ ചിന്തിയ്ക്കാത്തതൊന്നും നടേശന്‍ പറയില്ല. കാരണം, സംഘികള്‍ നാളിതുവരെ ബി.ജെ.പി.യിലൂടെ പറഞ്ഞ കാര്യങ്ങള്‍ കേരളം കേള്‍ക്കാതിരുന്നതിനെ തുടര്‍ന്നാണ് അവര്‍ നടേശന് ചില പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്തിരിക്കുന്നത്. ആവശ്യപ്പെടുന്നതു മാത്രമേ ക്വട്ടേഷന്‍ എടുത്തയാള്‍ ചെയ്യാവൂ. അതാണ് നാട്ടിലെവിടെയും ഉള്ള നിയമം. അതിനാണ് വിലപറഞ്ഞ് കരാര്‍ ഉറപ്പിക്കുന്നത്.ആരാണ് നായാടിയെ നായാടിയായി തന്നെ നിലനിര്‍ത്തിയത്? കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിയുമാണോ? അതോ ഹിന്ദുമതത്തിലെ സവര്‍ണ്ണരോ? കേരളത്തിലെ സവര്‍ണ്ണര്‍ എന്നാല്‍ നമ്പൂതിരിമാര്‍ മാത്രമാണ്. നായന്മാരു പോലും സവര്‍ണ്ണരല്ല. കാരണം, ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയില്‍ ശൂദ്രര്‍ എന്ന നാലാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ് നായര്‍. അതിനും താഴെ (ചാതുര്‍വര്‍ണ്ണ്യത്തില്‍പ്പെടാത്ത)യാണ് ഈഴവരും മറ്റു ദളിതരും. നമ്പൂതിരിമാരാകട്ടെ, കേരള ജനസംഖ്യയുടെ ഒരു ശതമാനം മാത്രമേയുള്ളു താനും.

അതായത്, കേരള ജനസംഖ്യയുടെ ഒരു ശതമാനം മാത്രം അംഗസംഖ്യയുള്ള നമ്പൂതിരിമാര്‍ എന്ന സവര്‍ണ്ണര്‍ ചതച്ചരച്ച ജീവിതങ്ങളില്‍ ചിലരുടെ പിന്‍തലമുറയാണ് പരസ്യചിത്രത്തിലെ കരഞ്ഞുകൊണ്ടിരിക്കുന്ന ആ നായാടി പയ്യന്‍. തന്റെ കണ്ണീരൊപ്പുന്ന നമ്പൂതിരിച്ചെക്കനാണ് തന്റെ മുന്‍തലമുറകളെ ചവിട്ടി അരച്ചതെന്ന വസ്തുത അവന് അറിയില്ല. പക്ഷെ, ഇക്കാര്യം നമ്പൂതിരിച്ചെക്കനറിയാം. അതുകൊണ്ടാണ്, അവന്‍ കണ്ണീരൊപ്പുന്നത്. കാരണം, ഈ നായാടി ഉള്‍പ്പെടെയുള്ള ദളിതനിലൂടെയാണ് ഒരു ശതമാനം വരുന്ന നമ്പൂതിരി തിന്നും രമിച്ചും കളിച്ചും ജീവിച്ചുപോന്നത്. നാട് കുട്ടിച്ചോറാക്കിയത്. അടിച്ചമര്‍ത്തപ്പെട്ടവന്റെ ആദ്യത്തെ രാഷ്ട്രീയ ഉയിര്‍ത്തെഴുന്നേല്‍പ്പിന് നേതൃത്വം നല്‍കാന്‍ ഇ.എം.എസിനേയും രാജേശ്വരറാവുവിനെയും ഡാങ്കെയെയും കൊണ്ടുവന്ന അതേ ബ്രാഹ്മണബുദ്ധിയാണ് ഈ പരസ്യചിത്രത്തിനു പിന്നിലും.

തന്റെ വംശത്തിന്റെ തായ്‌വേരറുത്ത്, തങ്ങളെ അധമരാക്കി മാറ്റിയ ബ്രാഹ്മണ്യത്തിന്റെ പിന്‍തലമുറക്കാരന്‍ തന്റെ കണ്ണീരൊപ്പാന്‍ വരുമ്പോള്‍, അവന്റെ ചെകിട്ടത്ത് ഒരടി കൊടുക്കാനോ അവന്റെ ബ്രാഹ്മണ്യത്തിന്റെ പ്രതീകങ്ങള്‍ക്കു നേരെ കാറിത്തുപ്പാനോ നടേശനോ മകനോ കഴിഞ്ഞിരുന്നെങ്കില്‍ അവരുടെ പാര്‍ട്ടിയ്ക്ക് അവരുടെ കുടുംബത്തിന് പുറത്തും വേരോട്ടം ഉണ്ടാകുമായിരുന്നു. കാരണം, അത് ഒരു തിരിച്ചറിയലിന്റെയും പ്രതികരണത്തിന്റെയും പ്രതീകമാണ്. തങ്ങളെ ആക്രമിയ്ക്കുന്ന സവര്‍ണ്ണരെ കായികമായിതന്നെ നേരിടാന്‍ വേണ്ടി ചേര്‍ത്തലയില്‍, സ്വാതന്ത്ര്യത്തിന് മുമ്പ്, അവര്‍ണ്ണരുടെ സേന രൂപീകരിച്ചിരുന്നു. ആ ചേര്‍ത്തലയില്‍ നിന്നാണ് സവര്‍ണ്ണന് കണ്ണീരൊപ്പാന്‍ ഇരുന്നുകൊടുക്കുന്ന നായാടിയുടെ പരസ്യചിത്രവുമായി കുമാരനാശാന്‍ ഇരുന്ന കസേരയില്‍ ഇരിക്കുന്ന നടേശന്‍ വന്നിരിക്കുന്നത്.

ഒരര്‍ത്ഥത്തില്‍, ഇതില്‍ അത്ഭുതത്തിന് വഴിയില്ല. താന്‍ സ്ഥാപിച്ച യോഗത്തില്‍ നിന്ന് സ്വയം അകന്നു മാറിയ ആളായിരുന്നു നാരായണഗുരു. ഗുരുവിന് യോഗത്തെ വേണ്ടെങ്കില്‍ യോഗത്തിന് ഗുരുവിനേയും വേണ്ട എന്ന് അന്ന് യോഗനേതാവായ സി.വി.കുഞ്ഞിരാമന്‍ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് നാരായണഗുരു യോഗത്തില്‍ നിന്ന് അകന്നതെന്ന് ചോദിക്കാന്‍ ആരും മിനക്കെട്ടില്ല. ചോദിച്ചിരുന്നെങ്കില്‍, നാരായണഗുരുവിന്റെ മുന്നില്‍വച്ചുതന്നെ തങ്ങള്‍ ചെയ്ത തെറ്റുകള്‍ യോഗം നേതാക്കള്‍ക്ക് തിരുത്തേണ്ടി വരുമായിരുന്നു. ജനിച്ചുവളര്‍ന്ന നാട്ടില്‍ ഒറ്റപ്പെട്ട്, അന്യനായിത്തീര്‍ന്ന നാരായണഗുരു കേരളം വിട്ടുപോയതും ചരിത്രം. അപ്പോള്‍, നാരായണഗുരു മരിച്ച് ഇത്രയും വര്‍ഷങ്ങളാകുമ്പോള്‍ നാരായണഗുരു പറഞ്ഞതിനെല്ലാം എതിരായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നടേശന്, കള്ളുകച്ചവടക്കാരനായ നടേശന്, നാരായണഗുരുവിന്റെ പ്രസ്ഥാനത്തെ തന്നെ കരാര്‍ ഉറപ്പിച്ചുവില്‍ക്കുന്നതില്‍ എന്തിനു മടി തോന്നണം?

പക്ഷെ, പ്രശ്‌നം അതല്ല. എങ്ങനെയാണ് നടേശന്‍ ഇക്കാലമത്രയും കേരളത്തില്‍ ഒരു സമുദായനേതാവായി വാണത്? എന്തിനാണ് ഇവിടുത്തെ ഇടതു-വലതു നേതാക്കള്‍ ഇക്കാലമത്രയും കണിച്ചുകുളങ്ങര വീട്ടില്‍ സന്ദര്‍ശനം നടത്തിവന്നത്? നടേശന്റെ പേരില്‍ ഇന്ന് ആരോപിക്കപ്പെടുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ നടേശന്‍ പാര്‍ട്ടിയുണ്ടാക്കാന്‍ തീരുമാനിച്ചശേഷം ചെയ്തവയല്ല. ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ശാശ്വതീകാനന്ദന്‍ കൊല്ലപ്പെട്ടത്. അതില്‍ നടേശനും മകനും കൈയ്യുണ്ടെന്ന് അന്നുതന്നെ കേട്ടിരുന്നു. എന്തുകൊണ്ടാണ് സത്യസന്ധമായ ഒരു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലും ഉണ്ടായില്ല? എന്തുകൊണ്ട് കേസന്വേഷിച്ച പോലീസുകാര്‍ക്ക് സത്യം തെളിയിക്കാന്‍ കഴിഞ്ഞില്ല? നീന്തല്‍ വിദഗ്ധനായ ശാശ്വതീകാനന്ദന്‍ എങ്ങനെ മുങ്ങിമരിച്ചുവെന്ന് 2015 നവംബറില്‍ ഹൈക്കോടതി ചോദിച്ച ചോദ്യം എന്തുകൊണ്ട് മാറിമാറി വന്ന ഇടതു-വലതു മുന്നണി നേതാക്കള്‍ ഇതുവരെ ചോദിച്ചില്ല?കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും ബാങ്കുകളില്‍ നിന്നും പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനുള്ള കുറഞ്ഞ പലിശയ്ക്ക് കിട്ടിയ പണം അനുവദനീയമായ പലിശ തുകയുടെ അഞ്ചിരട്ടിയ്ക്ക് നടേശന്‍ വിതരണം ചെയ്ത് കൊള്ളലാഭമുണ്ടാക്കിയ കാര്യം നാളിതുവരെ മാറിമാറി വന്ന സര്‍ക്കാരുകള്‍ എന്തുകൊണ്ടറിഞ്ഞില്ല? അറിഞ്ഞെങ്കില്‍ എന്തുകൊണ്ട് നടപടി എടുത്തില്ല? ഇപ്പോഴും അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് വി.എസിന് എന്തുകൊണ്ട് വിജിലന്‍സ് കോടതിയില്‍ പോകേണ്ടിവന്നു? എന്തുകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഇതിന്മേല്‍ അന്വേഷണം നടത്താന്‍ കഴിഞ്ഞില്ല? എന്തുകൊണ്ട് വി.എസ്. മുഖ്യമന്ത്രിയായിരുന്ന അഞ്ചുവര്‍ഷക്കാലം ഇതേ കുറിച്ച് അന്വേഷണം നടത്തിയില്ല.

ഒരു കൊലക്കുറ്റാരോപിതന്‍, ഒരു പണം തട്ടിപ്പുവീരന്‍, അയാള്‍ അഴിമതിയ്ക്ക് എതിരെ ജാഥ നയിക്കുന്നു. ജാഥയ്ക്കിടയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മരണപ്പെട്ട വ്യക്തിയെ അയാളുടെ മതം പറഞ്ഞ് അധിക്ഷേപിക്കുന്നു. അതില്‍ പോലീസ് എഫ്.ഐ.ആര്‍. എടുത്തിട്ടും അയാള്‍ ജാഥ നയിക്കുന്നു. വാസ്തവത്തില്‍, മാറിമാറി വന്ന സര്‍ക്കാരുകള്‍ കാട്ടിയ - ഇപ്പോഴും കാട്ടുന്ന - ഇത്തരം കുറ്റകരമായ മൗനമാണ് നടേശനെപ്പോലുള്ള ഒരു ആന്റി സോഷ്യല്‍ ഇത്തരമൊരു അപഹാസ്യജാഥ നടത്താന്‍ ധൈര്യം നല്‍കിയത്.

സംഘികളെ സംബന്ധിച്ച് ഇതൊരു പകരംവീട്ടലാണ്. പ്രതികാരമാണ്. പല നേതാക്കന്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ബി.ജെ.പിയ്ക്ക് കേരളത്തിന്റെ മണ്ണില്‍ കാലുറപ്പിക്കാന്‍ അനുവദിക്കാതിരുന്നതിന് കാരണമായ ആള്‍ക്കാരോടുള്ള പ്രതികാരം. തങ്ങള്‍ക്ക് അനുമതി നിഷേധിച്ചിടത്തേയ്ക്ക് അമേദ്യം വലിച്ചെറിയുന്ന പ്രതികാരം. വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ക്ലച്ചുപിടിക്കില്ലെന്ന് അവര്‍ക്കുമറിയാം. പക്ഷെ, വെള്ളാപ്പള്ളിയിലൂടെ കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ അശാന്തി പടര്‍ത്താം. അത്രയും നന്ന്. കലാപം വിതച്ച്, സ്വന്തം ജനതയെ ചുട്ടുകൊന്ന്, ആ ചുടലയില്‍ ചവിട്ടി നില്‍ക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ക്ക് കേരളത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ജാതീയകലാപങ്ങള്‍ കുളിരേകും. ഉറപ്പാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories