TopTop
Begin typing your search above and press return to search.

വെള്ളാപ്പള്ളിയുടെ ചില രാഷ്ട്രീയ ക്രയവിക്രയങ്ങള്‍

വെള്ളാപ്പള്ളിയുടെ ചില രാഷ്ട്രീയ ക്രയവിക്രയങ്ങള്‍

അഖില്‍ രാമചന്ദ്രന്‍

അരുവിക്കര ഉപതിരഞ്ഞെടുപ്പോടു കൂടിയാണ് കേരളത്തില്‍ ജാതിരാഷ്ട്രീയം മുന്‍പെങ്ങുമില്ലാത്തവിധം തലപൊക്കാന്‍ തുടങ്ങിയത്. ജാതിരാഷ്ട്രീയത്തിലൂടെ വോട്ട് ബാങ്കുകളെ ചേര്‍ത്ത് നിര്‍ത്തി ഭരണം കയ്യാളാമെന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കണക്കുകൂട്ടലാണ് പുതിയ പ്രവണതയുടെ ആക്കം വര്‍ധിപ്പിച്ചത്. കാലകാലങ്ങളായി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ബി ജെ പി ഇതൊരു അടവുനയമായി കണ്ടു. ഇതിന് കുടപിടിച്ചാണ് നായാടി മുതല്‍ നമ്പൂതിരിവരെ ഒന്നിക്കണമെന്ന പ്രഖ്യാപനവുമായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി രംഗപ്രവശം ചെയ്തിരിക്കുന്നത്. ഭൂരിപക്ഷ സമുദായ ഐക്യമെന്നും അതിലുപരി ഈഴവ സമുദായ ഉന്നമനമെന്നുമൊക്കെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്ന വെള്ളാപ്പള്ളിയുടേത് സാമുദായിക താല്‍പ്പര്യമാണോ അതോ കച്ചവട താല്‍പ്പര്യമാണോ? സാമുദായിക ഉന്നമനത്തിനപ്പുറം എസ് എന്‍ ഡി പി എന്ന മഹാപ്രസ്ഥാനത്തിന്റെ തണലില്‍ കച്ചവട താല്‍പ്പര്യം മുന്‍നിര്‍ത്തി അധികാരസ്ഥാനങ്ങളില്‍ കണ്ണ് വച്ചുള്ള മൂന്നാംകിട രാഷ്ട്രീയ കളിയാണ് വെള്ളാപ്പള്ളി നടത്തുന്നതെന്ന് മനസ്സിലാക്കാം.

കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി കേശവന്‍ മുതലാളിയുടെ 13 മക്കളില്‍ ഒരാളായി ജനിച്ച വെള്ളാപ്പള്ളി നടേശന്‍, നടേശന്‍ മുതലാളിയായതിന് പിന്നില്‍ ഇത്തരം കച്ചവട-രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ തന്നെയായിരുന്നു എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാവാന്‍ ഇടയില്ല. മദ്യക്കച്ചവടവും കോണ്‍ട്രാക്ട് പണികളുമായി തന്റെ തട്ടകം കണ്ടെത്തിയ വെള്ളാപ്പള്ളി നടേശന്‍ 1963-ല്‍ കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റായി സ്ഥാനമേറ്റു. പിന്നീടിങ്ങോട്ട് കൃത്യമായ കരുനീക്കങ്ങളിലൂടെ എസ് എന്‍ ഡി പി യോഗത്തിന്റെ അധികാരകളികളില്‍ കടന്നുകയറിയ നടേശന്‍ ജലസമാധിയടഞ്ഞ ശാശ്വതീകാനന്ദ സ്വാമികളുടെയും മറ്റും ശക്തമായ പിന്തുണയോടെ 1996-ല്‍ എസ് എന്‍ ഡി പി പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തി. 26-ാം വയസ്സില്‍ കയ്യാളിയ കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് സ്ഥാനവും 1996-ല്‍ കരഗതമായ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി സ്ഥാനവും നാളിതുവരെ മറ്റാര്‍ക്കും വിട്ടുകൊടുത്തിട്ടില്ലെന്നറിയുമ്പോഴെ അധികാരസ്ഥാനങ്ങള്‍ക്ക് മേലുള്ള നടേശന്‍ മുതലാളിയുടെ താല്‍പ്പര്യം തിരിച്ചറിയാനാവൂ.

കാലാകാലങ്ങളായി കേരളത്തില്‍ മാറിമാറി വരുന്ന മന്ത്രിസഭകള്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടതിലധികം വാരിക്കോരി കൊടുക്കുന്നു എന്നാണ് വെള്ളാപ്പള്ളിയുടെ മുഖ്യ ആക്ഷേപം. ഭൂരിപക്ഷ സമുദായങ്ങളെ പിന്നോക്കം നിര്‍ത്തി ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സ്കൂളുകളും കോളേജുകളും ഉള്‍പ്പെടുന്ന വിദ്യഭ്യാസസ്ഥാപനങ്ങള്‍ ആവശ്യത്തിലധികം എന്ന പരാതി ദീര്‍ഘ കാലമായി ഉന്നയിക്കുന്നതാണ്. എന്നാല്‍ പിന്നോക്ക സമുദായങ്ങളുടെ പ്രത്യേകിച്ച് ഈഴവ സമുദായാംഗങ്ങളുടെ വിദ്യാഭ്യാസപുരോഗതിയും ഉന്നമനവുമാണോ ഇത്തരം ആരോപണങ്ങള്‍ മുന്‍പോട്ട് വയ്ക്കുന്നതിലൂടെ വെള്ളപ്പള്ളി ലക്ഷ്യമിടുന്നതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. എസ് എന്‍ ഡി പി യോഗത്തിന് കീഴില്‍ രണ്ടും എസ് എന്‍ ട്രസ്റ്റിന് കീഴില്‍ 13 കോളേജുകളും ഉണ്ട്. ഇവകൂടാതെ പ്രസ്ഥാനത്തിന് കീഴില്‍ നിരവധി ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും പ്രവര്‍ത്തിച്ചിരുന്നു.എസ് എന്‍ സ്ഥാപനങ്ങളില്‍ നിന്ന് 2014-ല്‍ മാത്രം 100-നടുത്ത അധ്യാപക ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒഴിവ് വന്ന ഓരോ നിയമനത്തിനും 30 ലക്ഷത്തിനടുത്ത തുകയാണ് ഉദ്യോഗാര്‍ത്ഥികള്‍ ഒടുക്കേണ്ടി വന്നത്. 1996 മുതല്‍ 2013 വരെ എസ് എന്‍ ട്രസ്റ്റിന് കീഴിലുള്ള കോളേജുകളിലേക്ക് വന്ന ഒഴിവുകളുടെ നിയമനത്തിലൂടെ നല്ലൊരു തുക എസ് എന്‍ സ്ഥാപനങ്ങളില്‍ എത്തിയിട്ടുണ്ട്. സമുദായാംഗങ്ങളുടെയും പിന്നോക്ക സമുദായങ്ങളുടെയും ഉന്നമനമായിരുന്നു വെള്ളാപ്പള്ളിയുടെ യഥാര്‍ത്ഥ ലക്ഷ്യമെങ്കില്‍ നിയമനത്തിന്റെ പേരില്‍ നടത്തിയ കൊടുക്കല്‍ വാങ്ങലുകളിലെ ഭീമമായ തുകയുടെ കണക്കിലെ അന്തരം ഇവിടെ അവതരിപ്പിക്കേണ്ടി വരില്ലായിരുന്നു. എസ് എന്‍ ഡി പി പ്രസ്ഥാനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ മാനേജ്‌മെന്റ് പ്രവേശനത്തിനും കൊടുക്കേണ്ട ഭീമമായ തുകയില്‍ നിന്നും സ്വസമുദായാംഗങ്ങളായ വിദ്യാര്‍ത്ഥികളെപോലും ഒഴിവാക്കുന്നതായി കണ്ടിട്ടില്ല.അധികാരസ്ഥാനങ്ങളെ കച്ചവടവല്‍ക്കരിക്കാനുള്ള വെള്ളാപ്പള്ളിയുടെ ഗൂഢശ്രമത്തിന്റെ ഭാഗമാണ് ബി ജെ പി യുമായുള്ള പുതിയ കൂട്ടുകെട്ടിന്റെ അന്തര്‍ധാര. ശ്രീനാരായണീയരുടെ ക്ഷേമമാണ് തന്റെ പ്രവര്‍ത്തനമണ്ഡലത്തിന്റെ അടിസ്ഥാനമെന്ന് വരുത്തിതീര്‍ത്ത് എസ് എന്‍ ഡി പി യോഗത്തെ കച്ചവട വസ്തുവാക്കിമാറ്റി താക്കോല്‍ സ്ഥാനങ്ങളില്‍ തന്റെയും തനിക്ക് വേണ്ടപ്പെട്ടവരുടെയും കസേര ഉറപ്പിക്കാനുള്ള വ്യഗ്രതയുടെ ഭാഗമായാണ് നായാടിമുതല്‍ നമ്പൂതിരി വരെയെന്ന മുദ്രാവാക്യം വെള്ളാപ്പള്ളി മുന്‍പോട്ട് വയ്ക്കുന്നത്. വെള്ളാപ്പള്ളിയുടെ പിന്‍ഗാമിയായി അദ്ദേഹം കൊണ്ടുവരുന്ന തുഷാര്‍ വെള്ളാപ്പള്ളിയും ഈ കാര്യത്തില്‍ അച്ഛനെ വെല്ലുന്ന കച്ചവടതന്ത്രവും കൗശലവുമാണ് പയറ്റുന്നതെന്നതില്‍ സംശയമില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറും മാവേലിക്കര എസ് എന്‍ ഡി പി യൂണിയന്‍ വൈസ് പ്രസിഡന്റുമായ സുഭാഷ് വാസു മുഖേന കേന്ദ്രമന്ത്രിമാരുമായി തുഷാര്‍ വെള്ളാപ്പള്ളി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം രാഷ്ട്രീയ ഉപശാലകളില്‍ നേരത്തെ ഉയര്‍ന്നിരുന്നു. എസ് എന്‍ ഡി പി പ്രസ്ഥാനത്തിന് അര്‍ഹമായത് ചോദിച്ച് വാങ്ങാനാണ് വെള്ളാപ്പള്ളി നടേശന്‍ ഡല്‍ഹി യാത്ര നടത്തിയതെന്നാണ് പറയുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ നേതൃനിരയിലുള്ള ഒരാളെപോലും സഹയാത്രികനാക്കാതെ പ്രീതി നടേശനേയും തുഷാര്‍ വെള്ളാപ്പള്ളിയേയും സൂഭാഷ് വാസുവിനെയും മാത്രം കൂടെകൂട്ടിയത്? ഇത് കുടുംബക്ഷേമത്തിനുതകുന്ന അധികാര കസേരകള്‍ ഉറപ്പിക്കാനാണോയെന്ന് ആരും സംശയിച്ചു പോകും. കാലാവധി പൂര്‍ത്തിയാക്കുന്നതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡംഗത്വം ഒഴിയേണ്ടിവരുന്ന സുഭാഷ് വാസുവിന് ബി ജെ പി ഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുത്തി ഫുഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവി നേടിയെടുക്കുന്നതിനും തുഷാര്‍ വെള്ളാപ്പള്ളിക്ക് കേന്ദ്രത്തിലൊരു മന്ത്രിക്കസേര ഉറപ്പിക്കുന്നതിനും സഹധര്‍മ്മണി പ്രീതി നടേശന് ക്യാബിനറ്റ് റാങ്കുള്ള കേന്ദ്ര വനിത കമ്മിഷന്‍ മെമ്പര്‍ സ്ഥാനം ഒപ്പിച്ചെടുക്കുക എന്നതുമായിരുന്നു ലക്ഷ്യമെന്ന് പറയുന്നുണ്ടെങ്കിലും തെളിവുകള്‍ ഇല്ലാത്തതിനാല്‍ വെള്ളാപ്പള്ളിക്ക് ആരോപണങ്ങള്‍ നിഷേധിക്കാം. പക്ഷെ എസ് എന്‍ പ്രസ്ഥാനങ്ങളുടെയെല്ലാം താക്കോല്‍ സ്ഥാനങ്ങളില്‍ തനിക്ക് വേണ്ടപ്പെട്ടവരെ മാത്രം പ്രതിഷ്ഠിക്കുന്നതിലൂടെ ഏത് വിധത്തിലുള്ള താല്‍പ്പര്യമാണ് വെള്ളാപ്പള്ളിയെ നയിക്കുന്നത് എന്നത് വ്യക്തമാണ്.

എസ് എന്‍ ഡി പി യോഗത്തിന്റെയും എസ് എന്‍ ട്രസ്റ്റിന്റെയും ജനറല്‍ സെക്രട്ടറിയായി 1996 മുതല്‍ വെള്ളാപ്പള്ളി നടേശന്‍ തുടര്‍ന്ന് പോരുന്നു. എസ് എന്‍ ട്രസ്റ്റ് മെഡിക്കല്‍ മിഷന്‍ ചെയര്‍മാനും നടേശന്‍ തന്നെയാണ്. യോഗം വൈസ് പ്രസിഡന്റ് മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, എസ് എന്‍ യൂത്ത് മൂവ്‌മെന്റ് ചെയര്‍മാന്‍ സ്ഥാനവും എസ് എന്‍ ഡി പി യോഗത്തിന് ദേവസ്വം ബോര്‍ഡ് നല്‍കിയ മെമ്പര്‍ സ്ഥാനവും കൈയ്യാളുന്നത് തുഷാര്‍ തന്നെയാണ്. വെള്ളാപ്പള്ളിയുടെ ബന്ധു ഡോ.സോമന്‍ യോഗത്തിന്റെ പ്രസിഡന്റ് സ്ഥാനവും നടേശന്റെ സഹധര്‍മ്മണി പ്രീതി നടേശന്‍ ട്രസ്റ്റ്‌ ബോര്‍ഡ് മെമ്പര്‍ സ്ഥാനവും അലങ്കരിക്കുന്നു. നടേശന്റെ മകള്‍ വന്ദന ശ്രീകുമാര്‍ മരുമകള്‍, ആശ തുഷാര്‍ തുടങ്ങിയവരാണ് എസ് എന്‍ ട്രസ്റ്റ് ഡയറക്ടര്‍മാരുടെ കൂട്ടത്തിലുള്ളത്. എസ്.എന്‍.ട്രസ്‌ററ് ട്രഷറര്‍ സ്ഥാനവും എസ്.എന്‍ മെഡിക്കല്‍ മിഷന്‍ സെക്രട്ടറി സ്ഥാനവും കയ്യടക്കിയിരിക്കുന്നത് വെളളാപ്പളളി നടേശന്റെ അളിയന്‍ ഡോ.ജയദേവനാണ്. എസ്.എന്‍ പ്രസ്ഥാനങ്ങളുടെ ഒട്ടനവധി താക്കോല്‍ സ്ഥാനങ്ങളില്‍ ഇനിയും വെളളാപ്പളളി നടേശന്‍ തന്റെ ബന്ധുമിത്രാദികളെ തിരുകി കയററിയിട്ടുണ്ട്. സംസ്ഥാനത്തെ ജനസംഖ്യയുടെ മുപ്പത് ശതമാനത്തിന്മേല്‍ ശ്രീനാരായണീയരാണെന്ന് വെളളാപ്പളളി ആവര്‍ത്തിച്ച് പറയുമ്പോഴും സംസ്ഥാനത്തൊട്ടാകെയുളള യൂണിയനുകളില്‍ മികച്ച സംഘാടനശേഷിയും കാര്യപ്രാപ്തിയും കഴിവുമുളള നിരവധി സംഘടനാ നേതാക്കള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് അവരെ ഒഴിച്ച് നിര്‍ത്തി വെളളാപ്പളളി നടേശന്റെ ബന്ധുമിത്രാധികളെ മാത്രം അധികാരകേന്ദ്രങ്ങളില്‍ വിന്യസിക്കുന്നുവെന്നത് വെളളാപ്പളളിയുടെ സമുദായ സ്‌നേഹത്തിന്‍റെ പൊള്ളത്തരം വെളിവാക്കുന്നുണ്ട്.

ബിജു രമേശ് ഉള്‍പ്പെടുന്ന ശ്രീനാരായണ ധര്‍മ്മവേദി ഭാരവാഹികള്‍ കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വെളളാപ്പളളി നടേശന്റെ ആസ്തിയെ സംബന്ധിച്ച ചില വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നു. 1996 മുതല്‍ 2013 വരെ എസ്.എന്‍ ട്രസ്‌ററിന്റെ കീഴിലെ സ്ഥാപനങ്ങളില്‍ 904 അധ്യാപകരെ നിയമിച്ചു. 350 കോടി രൂപയോളമാണ് ഇതിലൂടെ പിരിച്ചെടുത്തത്. ഇക്കാലയളവില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രതിവര്‍ഷം എട്ട് കോടിയോളം രൂപയും പിരിച്ചെടുത്തതായി ധര്‍മ്മവേദി ഭാരവാഹികള്‍ വെളിപ്പെടുത്തി. അവര്‍ പുറത്ത് വിട്ട വെളളാപ്പളളി കുടുംബത്തിന്റെ സ്വത്ത്‌ശേഖരം ആരെയും ഞെട്ടിക്കുന്നതായിരുന്നു. ചേര്‍ത്തലയില്‍ മകന്‍ തുഷാര്‍ വെളളാപ്പളളിയുടെ ട്രാവന്‍കൂര്‍, മകള്‍ വന്ദനയുടെ അശ്വനി, വെളളാപ്പളളിയുടെ പ്രിന്‍സ്, കോട്ടയത്തെ പ്രിന്‍സ്, എറണാകുളം സീറോക്ക്, കണിച്ച്കുളങ്ങര തുടങ്ങിയ ഹോട്ടലുകള്‍, എറണാകുളം റെയില്‍വേ സ്‌റ്റേഷനു സമീപം ലിങ്ക് മാനര്‍, കടവന്ത്രയിലെ സ്‌കൈലൈന്‍, മാന്‍ഷന്‍ തുടങ്ങിയ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍, കലൂരില്‍ രണ്ടേക്കര്‍ ഭൂമി, ബംഗ്‌ളൂരുവില്‍ പബ് പാര്‍ലര്‍, കാര്‍ത്തികപ്പളളിയില്‍ പ്രീതി നടേശന്റെ ഉടമസ്ഥതയില്‍ നിര്‍മിക്കുന്ന ഷോപ്പിംഗ് കോപ്ലക്‌സ്, തിരുവനന്തപുരത്തെ രണ്ട് ലക്ഷ്വറി ഫ്‌ളാറ്റ്, മാവേലിക്കര കട്ടച്ചിറയില്‍ എഞ്ചിനീയറിംഗ് കോളേജ്, രണ്ട് വോള്‍വോ ബസ്സ്, മൂന്ന് ബെന്‍സ്സ് കാര്‍, ബി.എം.ഡബ്ല്യൂ, പജീറോ, ഓഡീ തുടങ്ങിയ ആഢംബരകാറുകള്‍ തുടങ്ങി കോടിക്കണക്കിന് രൂപയുടെ ആസ്തി സമുദായ സ്‌നേഹത്തിന്റെ പേരില്‍ രക്തം തിളക്കുന്ന ആരാധ്യനായ ജനറല്‍ സെക്രട്ടറിക്കും കുടുംബത്തിനുമുണ്ടെന്നാണ് ധര്‍മ്മവേദി ഭാരവാഹികള്‍ പറയുന്നത്. 1999-ല്‍ വെളളാപ്പളളിയുടെ വീട് പരിശോധിച്ച ആദായനികുതി വകുപ്പ് കോടികളുടെ പിഴയിട്ടതും ആരും മറന്ന് കാണാനിടയില്ല.ഇവയുടെ കൂടെ കൂട്ടി വായിക്കപ്പെടേണ്ട ഒന്നാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ച മൈക്രാഫിനാന്‍സ് അഴിമതിക്കഥകളും ആലുവ അദ്വൈതാശ്രമത്തിലെ മഠാധിപതിയായിരുന്ന ശാശ്വതീകാനന്ദ സ്വാമികളുടെ മരണത്തെ സംബന്ധിക്കുന്ന ബിജു രമേശിന്റെയും സ്വാമിയുടെ സഹോദരി ശാന്തകുമാരിയുടെയും വെളിപ്പെടുത്തലുകളും. 2002ല്‍ സ്വാമി മരണപ്പെട്ടതിന് പിന്നില്‍ വെളളാപ്പളളി നടേശന്റെയും തുഷാര്‍ വെളളാപ്പളളിയുടെയും അറിവും സഹായവും ഉണ്ടെന്നാണ് ഇരുവരും ആരോപിക്കുന്നത്. മഠത്തിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് സ്വാമിയുടെയും വെളളാപ്പളളിയുടെയും ഇടയില്‍ ചില അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നുവെന്നും യോഗത്തിന്റെ നേതൃസ്ഥാനത്ത് നിന്നും വെളളാപ്പളളി നടേശനെ നീക്കുന്നതിന് ചില ആലോചനകള്‍ നടത്തിയിരുന്നതായും അറിവുണ്ടായിരുന്നെന്നുമാണ് ആരോപണങ്ങളില്‍ പറയുന്നത്. ആരോപണങ്ങളില്‍ ഉന്നയിക്കപ്പെടുന്ന കാര്യങ്ങളൊന്നും കേരളത്തിലെ ഭൂരിപക്ഷ സമുദായമായ എസ്.എന്‍.ഡി.പി.പ്രസ്ഥാനത്തിന്റെ വികാസത്തിനോ ശ്രീനാരായണീയരുടെ ക്ഷേമത്തിനോ പ്രയോജനപ്പെടുന്ന കാര്യങ്ങളാണെന്ന് വിശ്വസിക്കാന്‍ വയ്യ.

ഒന്ന് ചുഴിഞ്ഞ് നോക്കിയാല്‍ 2014ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയിലുണ്ടായ ചില സംഭവ വികാസങ്ങളുടെ ചുവട് പിടിച്ചാണ് എസ്.എന്‍.ഡി.പി.യോഗത്തിന് സ്വന്തമായൊരു പാര്‍ട്ടിയെന്ന ആശയവുമായി വെളളാപ്പളളി നടേശന്‍ മുന്‍പോട്ട് വന്നതെന്ന് മനസ്സിലാക്കാം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെയും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെയും പേരില്‍ ഇടുക്കിയില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ഇളകി മറയുകയും ഇടുക്കി ബിഷപ്പ് മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടിലും ഹൈറേഞ്ച് സംരക്ഷണ സമിതിയും അതിനെ ഫലപ്രദമായി ഉപയോഗിച്ച് ഒരു പാര്‍ലമെന്റംഗത്തിനെ വിജയിപ്പിച്ചെടുക്കുകയും ചെയ്തു. പ്രക്ഷോഭത്തില്‍ നിന്ന് വിട്ടുനിന്ന വെളളാപ്പളളി നടേശന്‍ പിന്തുണ പ്രഖ്യാപിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ ദയനീയമായി പരാജയപ്പെട്ടു. ഇടുക്കി ബിഷപ്പിനും ഹൈറേഞ്ച് സംരക്ഷണസമിതിക്കും പിറകില്‍ കക്ഷി രാഷ്ട്രീയ ജാതിമതഭേദമന്യേ ഒരു ജില്ലയിലെ ഭൂരിഭാഗം ആളുകളും അണിനിരന്നത് വെളളാപ്പളളി നടേശനെ എന്നതിനേക്കാള്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനെ വിറളി പിടിപ്പിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ ഈ നീക്കുപോക്കുകളുടെ ഭാഗമായാണ് ഭൂരിപക്ഷ ഹിന്ദു ഏകീകരണമെന്ന ആശയവുമായി വെളളാപ്പളളി നടേശനും ബി.ജെ.പിയും രംഗത്ത് വരുന്നത്. വിശ്വഹിന്ദുപരിഷത്ത് തലവന്‍ പ്രവീണ്‍ തൊഗാഡിയ ഇടുക്കിയില്‍ വന്ന് നടത്തിയ എണ്ണമറ്റ വാഗ്ദാനങ്ങള്‍ കച്ചവടം മാത്രം മുന്‍നിര്‍ത്തിയുളള വെളളാപ്പളളി നടേശന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്ന് കേരളസമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. പിന്നോക്ക സമുദായങ്ങളെ കൂടെ നിര്‍ത്തി ഭരണം കയ്യാളുകയെന്ന ബി.ജെ.പിയുടെ മറ്റ് സംസ്ഥാനങ്ങളില്‍ വിജയിച്ച ഗൂഡതന്ത്രത്തിന്റെയും എസ്.എന്‍.ഡി.പി. പ്രസ്ഥാനത്തിന്റെയും മറപറ്റി അധികാര സ്ഥാനങ്ങള്‍ കയ്യാളുകയെന്ന വെളളാപ്പളളിയുടെ കച്ചവട തന്ത്രത്തിന്റെയും കൂടിച്ചേരലാണ് ജാതീയതയുടെ പേരില്‍ കേരളത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ചര്‍ച്ചകളത്രയും.സ്വസമുദായത്തിന്റെയും പ്രസ്ഥാനത്തിന്റെയും ഉന്നമനമായിരുന്നു വെളളാപ്പളളി നടേശന്റെ യഥാര്‍ത്ഥ താല്‍പ്പര്യമെങ്കില്‍ സമുദായത്തില്‍ നിന്നുയര്‍ന്ന് വന്നിട്ടുളള ഇടത് വലത് മുന്നണികളിലെ നേതാക്കന്മാരുമായി കലഹിച്ച് പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ അവരെ അകറ്റിനിര്‍ത്തുന്ന സമീപനം വെളളാപ്പളളി കൈക്കൊളളില്ലായിരുന്നു. തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെ തളളിപ്പറയുകയെന്ന രീതിയാണ് നടേശന്‍ കാലാകാലങ്ങളായി പിന്തുടര്‍ന്ന് പോരുന്നത്. ഈഴവ സമുദായാംഗമായ വി.എം സുധീരനെതിരായും ആലപ്പുഴയിലെ ഇപ്പോഴത്തെ എം.പി. വേണുഗോപാലനെതിരെയുമൊക്കെ വെളളാപ്പളളി നടത്തിയിട്ടുളള പരാജയപ്പെട്ട നീക്കങ്ങള്‍ തന്റെ ചൊല്‍പ്പടിക്കാരല്ലാത്തവരെ ഇകഴ്ത്തികെട്ടുകയെന്ന സ്വാര്‍ത്ഥ താല്‍പ്പര്യത്തിന്റെ സൂചനകള്‍ തന്നെയാണ്.

കാസര്‍കോഡ് നിന്നാരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന രക്ഷായാത്രക്ക് ശേഷം എസ്.എന്‍.ഡി.പി യോഗത്തിന്റെ കീഴില്‍ പാര്‍ട്ടി രൂപീകരിച്ച് കഴിഞ്ഞാല്‍ ഒരു കാര്യമുറപ്പാണ്, ആ പാര്‍ട്ടിയുടെ ഘടനയും എസ്.എന്‍.ട്രസ്സറ്റിന്റേതില്‍ നിന്നും എസ്.എന്‍.ഡി.പി യോഗത്തിന്റേതില്‍ നിന്നും വ്യത്യസ്തമായിരിക്കില്ല. പാര്‍ട്ടിയുടെ പ്രസിഡന്റ് വെളളാപ്പളളി നടേശനല്ലാതെ മറ്റാരുമാവില്ല. വൈസ് പ്രസിഡന്റായി തുഷാര്‍ വെളളാപ്പളളിയും ട്രഷറര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍ എന്നീ സ്ഥാനങ്ങളിലേക്കൊക്കെ സഹധര്‍മ്മണിയേയും മക്കളെയും മരുമക്കളെയുമൊക്കെ തന്നെ വെളളാപ്പളളി പരിഗണിക്കുകയുളളൂ. സമുദായ സ്‌നേഹത്തിന്റെ പേരില്‍ മുതലകണ്ണീര്‍ ഒഴുക്കി ശ്രീനാരായണ ആശയങ്ങളെയും പ്രസ്ഥാനത്തെയും കച്ചവടവത്ക്കരിക്കുന്ന വെളളാപ്പളളി നടേശനെ മുന്‍പില്‍ നിര്‍ത്തിയുളള ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെയും ആര്‍.എസ്.എസ്സിന്റെയും രാഷ്ട്രീയ നീക്കുപോക്കുകളുടെ യഥാര്‍ത്ഥ ചിത്രം കേരളത്തിലെ പൊതുസമൂഹം ഇതിനോടകം തിരിച്ചറിഞ്ഞ് കഴിഞ്ഞിട്ടുണ്ട്.

(കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മാധ്യമവിഭാഗം വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories