TopTop
Begin typing your search above and press return to search.

മോദി, പിണറായി, വി എസ്, സുധീരന്‍; വെള്ളാപ്പള്ളിക്കും ചിലത് പറയാനുണ്ട്- അഭിമുഖം

മോദി, പിണറായി, വി എസ്, സുധീരന്‍; വെള്ളാപ്പള്ളിക്കും ചിലത് പറയാനുണ്ട്- അഭിമുഖം

വെള്ളാപ്പള്ളി നടേശന്‍/ഡി. ധനസുമോദ്

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ കുറിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സസാരിക്കുന്നു. അഭിമുഖം നടത്തിയത് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ഡി ധനസുമോദ്.


ഭാഗം -1ധനസുമോദ്: ബി.ജെ.പിയുമായിട്ടുള്ള സഹകരണം തുടരുമോ?


വെള്ളാപ്പള്ളി നടേശന്‍: ഇതിനൊന്നും ഞാന്‍ മറുപടി പറയുകയില്ല. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയോട് മാത്രമേ ചോദിക്കാവൂ. എസ്.എന്‍.ഡി.പി യോഗത്തെക്കുറിച്ച് ചോദിച്ചാല്‍ അതിനെല്ലാം ഉത്തരം പറയാം. ബാക്കിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുകയില്ല. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അയിത്തമില്ല. എസ്.എന്‍.ഡി.പി യോഗത്തിനകത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും പെട്ട ആളുകളുണ്ട്. അതുകൊണ്ട് എസ്.എന്‍.ഡി.പി യോഗം എന്നത് ഒരു രാഷ്ട്രീയപാര്‍ട്ടിക്കും വാലല്ല. ഇതിനകത്ത് എല്ലാ രാഷ്ട്രീയ വിശ്വാസികളും പ്രവര്‍ത്തിക്കുന്നുണ്ട്. എസ്.എന്‍.ഡി.പി യോഗത്തെ സംബന്ധിച്ചിടത്തോളം സാമൂഹ്യനീതി ഈ രാജ്യത്ത് നടപ്പാകണം. അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും സാമൂഹ്യനീതി നിഷേധമുണ്ടായാല്‍ അതിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന ഒരു സംഘടനയാണ് അത്. അതിന്റെ പാരമ്പര്യമതാണ്. എസ്.എന്‍.ഡി.പി സ്ഥാപിതമാകാനുള്ള കാരണം തന്നെ സാമൂഹ്യനീതി നിഷേധമാണ്. ഡോ. പല്‍പ്പുവിന് തിരുവിതാംകൂറില്‍ ജോലികൊടുക്കാതിരുന്നതാണല്ലോ ഇതിന്റെ തുടക്കത്തിന് കാരണം. വഴിനടക്കാനുള്ള സ്വാതന്ത്ര്യം, നിവര്‍ത്തന പ്രക്ഷോഭണം, ക്ഷേത്രപ്രവേശനം ഉള്‍പ്പെടെയുള്ള ഈ രാജ്യത്തെ അധഃസ്ഥിത വര്‍ഗ്ഗങ്ങള്‍ക്കു വേണ്ടി പടപൊരുതി. കര്‍ഷക കയര്‍ തൊഴിലാളികളെ സംഘടിപ്പിച്ചു. അന്ന് ഈ ഇടതു, വലതു രാഷ്ട്രീയ സംഘടനകളൊന്നും ഈ രാജ്യത്ത് ഉണ്ടായിട്ടില്ല. അക്കാലത്ത് പോലും ഒരു സമരസംഘടനയാണ് എസ്.എന്‍.ഡി.പി യോഗം. അതിന് ജാതിയില്ല, മതമില്ല, വര്‍ണ്ണമില്ല, വര്‍ഗ്ഗമില്ല. അത് അടിച്ചമര്‍ത്തപ്പെട്ട, അവകാശം നിഷേധിക്കപ്പെട്ട വിഭാഗങ്ങളെ അവശതയില്‍ നിന്നുയര്‍ത്തിയെടുക്കുന്നതിന് വേണ്ടിയിട്ട് അത് പടപൊരുതും. അത് ഒരു രാഷ്ട്രീയക്കാരോടുമുള്ള വിരോധമല്ല, അവരോടുള്ള വിധേയത്വവുമല്ല. സാമൂഹ്യനീതിയാണ് എസ്.എന്‍.ഡി.പി യോഗത്തിന്റെ മുദ്രാവാക്യം.

: ഭൂരിപക്ഷം ഒരുപാട് അവഗണന നേരിടുന്നുവെന്ന പരാതി ഇപ്പോഴുമുണ്ടോ?

വെ: ഈ രാജ്യത്ത് ഭരിക്കാന്‍ വരുന്നവര്‍ സംഘടിതമായി നില്‍ക്കുന്ന വിഭാഗങ്ങളെ, പ്രത്യേകിച്ച് വോട്ട് ബാങ്കായി നില്‍ക്കുന്ന വിഭാഗങ്ങളെ താലോലിച്ച്, അധികാരത്തില്‍ നിന്നും അര്‍ഹതപ്പെട്ടതിലേറെ വാരിക്കോരികൊടുക്കുകയാണ്. ഈ ഭൂരിപക്ഷ ജനവിഭാഗങ്ങള്‍ക്ക് ഒരു പരിഗണനയും പരിരക്ഷയും കിട്ടിയില്ല. അതേസമയത്ത് ന്യൂനപക്ഷ വിഭാഗത്തിലെ സമ്പന്നവിഭാഗങ്ങള്‍ക്ക് അതിനൊത്ത എല്ലാ പ്രയോജനങ്ങളും ലഭിച്ചപ്പോള്‍ ആ വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് പരിഗണനയും പരിരക്ഷയും കിട്ടാതെ പോയി. എന്നുമിങ്ങനെ സംഘടിത ന്യൂനപക്ഷങ്ങളെ തൃപ്തിപ്പെടുത്തി രാജ്യത്തിന്റെ ഖജനാവ് കാലിയാക്കാന്‍ ശ്രമിക്കുമ്പോള്‍ അസംഘടിതമായിരിക്കുന്ന ഭൂരിപക്ഷത്തിന് പരിഗണനയും പരിരക്ഷയും നല്‍കുവാന്‍ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം തയ്യാറാകാതെ പോകുന്നു. ഈ രാജ്യത്ത് എപ്പോഴും ജാതിചിന്തയുണ്ടാകാന്‍ കാരണമെന്താണ്? ജാതിവിവേചനമാണ് ജാതിചിന്തയുണ്ടാകാന്‍ കാരണം. അപ്പോള്‍ ജാതിചിന്തയുണ്ടാകാതിരിക്കാന്‍ ഈ രാജ്യത്ത് ജാതിവിവേചനം ഉണ്ടാകാതിരിക്കണം. ആ ജാതി വിവേചനം ഉണ്ടാകാതെ എല്ലാ സമൂഹത്തിനും അര്‍ഹതപ്പെട്ട നീതി- വിദ്യാഭ്യാസ നീതിയായാലും രാഷ്ട്രീയ നീതിയായാലും സാമ്പത്തിക നീതിയായാലും- എന്നതാണ് എസ്.എന്‍.ഡി.പി. യോഗത്തിന്റെ അഭിപ്രായവും മുദ്രാവാക്യവും.

ധ: 'എന്റെ ഇന്നലെകള്‍' എന്ന ആത്മകഥ വായിച്ചിരുന്നു. വൈക്കത്തമ്പലത്തിലെ ചോറൂണുമായിട്ടുള്ള വിഷയങ്ങള്‍. കുട്ടിയായിരുന്നപ്പോള്‍ തന്നെ ജാതിവ്യവസ്ഥയുടെ ക്രൂരതകള്‍ അനുഭവിച്ചിട്ടുമുണ്ടെല്ലോ?

വെ: അതിനകത്തിരുന്ന് ഊണുകഴിക്കാനുള്ള അവസരം ഒരുപക്ഷേ ആദ്യമായിട്ട് കിട്ടിയത് എനിക്കാണ്. അന്നത്തെ ആളുകള്‍ക്ക് ഇലയില്‍ കൊടിമരച്ചോട്ടിലേ കൊടുക്കൂ. പിന്നോക്ക ജാതിക്കാര്‍ക്കൊന്നും അകത്തുകൊടുക്കാന്‍ ചട്ടമില്ല. ഓരോ ജാതിക്കാര്‍ക്കും ഇന്നതേപാടുള്ളുവെന്ന ചട്ടം എഴുതിവച്ചിരിക്കുകയല്ലേ. പട്ടികജാതിക്കാര്‍ക്കും പിന്നോക്ക ജാതിക്കാര്‍ക്കും കൊടിമരച്ചോട്ടിലേ ചോറുകൊടുക്കൂ. അവിടെ ക്ഷേത്രപ്രവേശനം പോലും ഇല്ലാത്ത കാലഘട്ടമാണ്. അതിനെ പൊളിക്കുകയെന്നതായിരുന്നു അന്നത്തെ ലക്ഷ്യം.ധ: ജാതിവ്യവസ്ഥ അവസാനിച്ചോ? നായാടി മുതല്‍ നമ്പൂതിരി വരെ സമുദായങ്ങളെ കൂടെ കൂട്ടുന്നതിനെ കുറിച്ച്?

വെ: ലോകാവസാനം വരെ അത് അവസാനിക്കില്ല. കാരണം, ഇന്ത്യന്‍ ഭരണഘടനയില്‍ തന്നെ സംവരണമല്ലേ. ആ സംവരണം എന്തിനാണ്, ജാതിക്കാണ്. ഒരു പഞ്ചായത്തില്‍ ചെന്നാല്‍ പോലും അവിടെ പട്ടികജാതിക്കാരന് സംവരണമുണ്ട്. അസംബ്ലിയില്‍ പട്ടികജാതിക്കാരനും പട്ടികവര്‍ഗ്ഗക്കാരനും സംവരണമുണ്ട്. സ്‌കൂള്‍ അഡ്മിഷനുവരെ ജാതി ആവശ്യമാണ്. എസ്.എന്‍.ഡി.പിയുടെ സ്‌കൂളിലും കോളേജിലും തന്നെ 70 ശതമാനം ഈഴവര്‍ക്ക് കൊടുക്കണം. അതില്‍ 20 ശതമാനം പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും കൊടുത്തിരിക്കുകയാണ്. അമ്പത് ശതമാനം ഈഴവരെ തന്നെ അധ്യാപകരായി നിയമിച്ചിരിക്കണം. ഇതെല്ലാം ജാതിവ്യവസ്ഥയുടെ തെളിവല്ലേ. ജാതിവ്യവസ്ഥ നിലവിലുള്ളൊരിടത്ത് ജാതിപറയാന്‍ പാടില്ലാന്ന് പറഞ്ഞാല്‍ പറ്റുമോ?

ധ: മറ്റു സമുദായക്കാരെക്കൂടി ഒരുമിച്ചു കൊണ്ടുപോകുന്നത്...

വെ: നമ്മള്‍ സാമൂഹ്യനീതിയല്ലേ പറയുന്നത്. സാമൂഹ്യ നീതിയെന്ന് പറയുന്നത് നായര്‍ക്ക് കൊടുക്കേണ്ടത് നായര്‍ക്ക് കൊടുക്കണം. നമ്പൂതിരിക്ക് കൊടുക്കേണ്ടത് നമ്പൂതിരിക്ക് കൊടുക്കണം. എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹ്യനീതി കൊടുത്താല്‍, ജാതിവ്യവസ്ഥ നിലനിന്നാല്‍ എന്താണ് കുഴപ്പം. ആ ദുഃഖിതരുടെ കൂട്ടായ്മയാണിത്. അവരെ ഒന്നിപ്പിച്ചുകൊണ്ടുപോകാന്‍ നമ്മള്‍ക്ക് ശ്രമിക്കണം. ഇപ്പോള്‍ ബിഷപ്പ് കോണ്‍ഫറന്‍സ് നോക്കുക, ക്രിസ്ത്യന്‍ സമുദായത്തിലെ സി.എസ്.ഐ.യും സുറിയാനിയും പെന്തക്കോസ്തും ആ ബിഷപ്പുമാരെല്ലാം അതില്‍ കൂടുന്നില്ലേ. എന്നാല്‍ അവരുടെ ആചാരാനുഷ്ഠാനങ്ങളില്‍ ഒരുപാട് വ്യത്യാസമില്ലേ. അങ്ങനെ വ്യത്യാസമുണ്ടായിട്ടും ആ സഭകളെല്ലാം തന്നെ അവരുടെ കാര്യം വരുമ്പോള്‍ ഒറ്റക്കെട്ടായിതീരുന്നില്ലേ. പല വിശ്വാസികളായാല്‍ പോലും ക്രിസ്തുവിന്റെ നാമത്തില്‍ അവരൊന്നാണ്. ഇപ്പോള്‍ ഹിന്ദുക്കളില്‍ തന്നെ ചില ആള്‍ക്കാര്‍ വൈഷ്ണവരെന്ന് പറയും. മുസ്ലീങ്ങളില്‍ നോക്കുമ്പോള്‍ മുജാഹിദുകള്‍ ഉള്‍പ്പെടെ പല വിഭാഗങ്ങളില്ലേ. ഇപ്പോള്‍ തന്നെ വ്രതം അനുഷ്ഠിക്കുന്ന കാര്യത്തില്‍ അവര്‍ ഒന്നാണ്. പക്ഷേ പാകിസ്ഥാനിലും സിറിയയിലുമുള്‍പ്പെടെ മുസ്ലീങ്ങള്‍ തമ്മിലാണ് പ്രശ്‌നം. പക്ഷേ റംസാന്‍ വരുമ്പോള്‍ അവരെല്ലാം ആചാരത്തില്‍ ഒന്നാണ്. അതുപോലെ കണ്ടാല്‍ മതി ഇതും.

ധ: വെള്ളാപ്പള്ളി എന്ന വ്യക്തിക്കെതിരെ എന്തുപറഞ്ഞാലും സംഘടിതമായൊരു ആക്രമണം വരുന്നുണ്ട്. ഉദാഹരണം സുധീരന്‍.... ഇങ്ങനെയുള്ള ഒരു ആക്രമണത്തെ എങ്ങനെയാണ് കാണുന്നത്?

വെ: എന്നെ എതിര്‍ത്താല്‍ പെട്ടെന്നവര്‍ പ്രമാണികളാകും. എന്നെ എതിര്‍ക്കുന്നവരൊന്നും ചെറിയ ആളുകളല്ലല്ലോ. കോണ്‍ഗ്രസില്‍ നിന്ന് സുധീരന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് അച്യുതാനന്ദന്‍. പോരുകോഴികളായിട്ടിരിക്കുന്ന ഈ രണ്ടുപേരും ഈഴവരാണ്. മുസ്ലീം ലീഗിനെതിരായിട്ട് ഒരു മുസ്ലീമിനെ കാണാറുണ്ടോ? നായര്‍ക്കെതിരെയായിട്ട് ഒരു നായര്‍ നേതാവിനെ? ക്രിസ്ത്യാനികള്‍ക്ക് എതിരായിട്ട് ഒരു ക്രിസ്ത്യന്‍ നേതാവിനെ കാണിച്ചുതരുമോ? നമ്മുടെ ഒരു വൈകൃതമാണ്. ഗുരു തന്നെ പറഞ്ഞില്ലേ കടപ്പുറത്തെ മണലുപോലെയാണെന്ന്. നൂറുകൊല്ലം കഴിയുമ്പോള്‍ ഇത് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന്... നൂറുകൊല്ലം കഴിഞ്ഞു. അതിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഒരു കാലഘട്ടമാണിത്.ധ: ഇലക്ഷന്‍ കഴിഞ്ഞുള്ള വി.എസിന്റെ അനുഭവം. സഹതാപമുണ്ടോ വി.എസിന്റെ കാര്യത്തില്‍? തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വി.സിനെ സി.പി.എം ഉപേക്ഷിക്കും എന്നു പറഞ്ഞിരുന്നു താങ്കള്‍.

വെ: വി.എസ് ഇപ്പോള്‍ എവിടെയെത്തി. സഹതാപം ഇല്ല. ഗതികേട് കണ്ടിട്ട് അത് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയല്ലോയെന്നാണ്. അദ്ദേഹത്തിന്റെ കുറവുകള്‍ അദ്ദേഹം എന്താ മനസ്സിലാക്കാത്തത്. പാട്ട് നന്നായിരിക്കുമ്പോഴേ സ്വരം നിര്‍ത്തണ്ടേ..

ധ: സര്‍വ്വേകളില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു വി. എസ്?

വെ: വി.എസ് എന്നത് നിങ്ങളെല്ലാവരും കൂടി ഊതിവീര്‍പ്പിച്ച ഒരു ബലൂണാണ്. കാറ്റുപോയാല്‍ എന്താവും? ശുഷ്‌കിക്കും. പിണറായിക്കെതിരെ ഇവിടെ ഒരു വടി വേണം. ആ വടിയായിട്ട് ഉയര്‍ത്തിയെടുക്കേണ്ടത് ആരെയാണ്? വി.എസിനെ തന്നെ. ആരെ കൊല്ലണം, ആരെ വളര്‍ത്തണം എന്നതിനെപ്പറ്റി മാധ്യമങ്ങള്‍ക്കൊരു അജണ്ടയുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വളര്‍ന്നുവന്ന പിണറായി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി. അദ്ദേഹത്തിനെതിരായി ലവ്‌ലിന്‍ കേസ് തൊട്ട് ഫൈറ്റ് ചെയ്തുകൊണ്ടിരിക്കുന്ന അച്യുതാനന്ദനെ ഒന്ന് ബൂസ്റ്റ് ചെയ്ത് വളര്‍ത്തി ഉയര്‍ത്തി നിര്‍ത്തിയാലേ പറ്റൂ. പിണറായിയുടേത് വടക്കന്‍ കമ്മ്യൂണിസ്റ്റ് ശൈലിയും, വി.എസിന്റേത് തെക്കന്‍ കമ്മ്യൂണിസ്റ്റ് ശൈലിയുമാണ്. ഇവരെ തമ്മില്‍ ഒന്നിച്ചുകൊണ്ടുപോകാന്‍ ഗ്രൂപ്പ് സമവാക്യങ്ങളും മാധ്യമങ്ങളും വലിയ പങ്ക് വഹിക്കേണ്ടതാണ്. വി.എസിനേക്കാള്‍ സീനിയറായ അംഗങ്ങള്‍ പോളിറ്റ് ബ്യൂറോയില്‍ പോലും ഇല്ല.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യയില്‍ തന്നെ വന്‍ തകര്‍ച്ചയുടെ കാലമാണ്. ആലപ്പുഴ ജില്ല പോലുള്ള സ്ഥലത്ത് മാത്രമേ ആകെ ഇത്തിരി വെള്ളമുള്ളത്. പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ളത് തവിടുപൊടിയായി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്താനും തകര്‍ക്കാനും പോളിറ്റ് ബ്യൂറോയ്ക്ക് താല്‍പ്പര്യമില്ല. അവര്‍ക്കിതെല്ലാം കൂടി ഒപ്പിച്ചുപോകാനുള്ള ആളുമതി. പണ്ട് ഇങ്ങനെയല്ല. ഇതൊരു കേഡര്‍ പാര്‍ട്ടിയായിരുന്നു. ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ ആ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കും. ഇപ്പോള്‍ കേഡര്‍ സ്വഭാവം പോയി. ഇപ്പോള്‍ അഡ്ജസ്റ്റ്‌മെന്റ് നാടകങ്ങളാണ്. ആ അഡ്ജസ്റ്റ്‌മെന്റാണ് ഇപ്പോള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അച്യുതാനന്ദനും പിണറായിയും. അദ്ദേഹത്തിന് ആഗ്രഹം കാണില്ലേ...? എഴുതിക്കൊടുത്തെന്ന് വാര്‍ത്ത വന്നു. പിന്നീട് ഞാനങ്ങനെ എഴുതിക്കൊടുത്തില്ലെന്ന് പറഞ്ഞു. ഒരു ചര്‍ച്ചയും ഇവിടെ വന്നില്ലല്ലോ. മീഡിയയുടെ താല്‍പ്പര്യം നോക്കൂ. ഞാനാണിത് എഴുതിക്കൊടുത്തിരുന്നെങ്കില്‍ ഒരാഴ്ച ഇത് ചര്‍ച്ച ചെയ്ത് എന്റെ കുടലും മറ്റുമെടുത്ത് അമ്മാനമാടിയേനേ. പച്ചയായ സത്യം ജനങ്ങള്‍ കാണുന്നത് മീഡിയ എത്ര ദിവസം ചര്‍ച്ച ചെയ്തു. കാര്യമായ ഒരു ചര്‍ച്ചയും വന്നില്ല. മീഡിയയാണിന്ന് ദൈവമാക്കുന്നതും പിശാചാക്കുന്നതും.

ധ: വെള്ളാപ്പള്ളിയെന്ന വ്യക്തിക്കെതിരെ ഇത്തരത്തില്‍ മീഡിയാ ആക്രമണം ഉണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ?

വെ: മീഡിയയില്‍ ചര്‍ച്ചയ്ക്ക് വരുന്ന ആളുകള്‍ എന്നെപ്പറ്റി നല്ലത് വല്ലതും പറയുന്നുണ്ടോ? അമിത് ഷാ ആയാലും ഇന്ത്യന്‍ പ്രധാനമന്ത്രിയായാലും എസ്.എന്‍.ഡി.പി എന്ന് പറയിപ്പിക്കാന്‍ എന്നെക്കൊണ്ട് സാധിച്ചിട്ടുണ്ട്. എനിക്ക് മുമ്പുള്ള ആരെങ്കിലും എസ്.എന്‍.ഡി.പി യോഗം എന്ന് പറയിപ്പിക്കാവുന്ന നിലയില്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെ കൊണ്ടുവന്നിട്ടുണ്ടോ? സോണിയാജിയെ കൊണ്ടുവേണമെങ്കിലും ഞാന്‍ പറയിപ്പിക്കും. അത്രയുമേ എന്നെക്കൊണ്ടു ചെയ്യാന്‍ സാധിച്ചുള്ളു. അതുപോലും അംഗീകരിക്കാത്ത ഏത് മീഡിയയാണ് എന്നെ അംഗീകരിച്ചത്. കള്ളുക്കച്ചവടക്കാരന്‍... ഇങ്ങനെ നെഗറ്റീവായിട്ട് പറയാതെ ഒരു നല്ല വാക്ക് എന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ. സംഘടനാ പ്രവര്‍ത്തനം നടത്തി ഈ സമുദായത്തെ ഉയര്‍ത്തി, ഇത്രയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ടുവന്നു, കോടികള്‍ മൈക്രോഫിനാന്‍സ് കൊടുത്തു, അവരെ സാമ്പത്തികമായി ഉയര്‍ത്തി, എല്ലാം ഒരു ദിവസമെങ്കിലും ചര്‍ച്ച ചെയ്‌തോ? ആരെങ്കിലും ഇതെല്ലാം മീഡിയയില്‍ വര്‍ത്തമാനം പറയുന്നത് കേട്ടിട്ടുണ്ടോ? പക്ഷേ മറ്റുള്ള സമുദായങ്ങള്‍ ആകെ മൂന്നു കോടി മാത്രം കൊടുത്തപ്പോള്‍ ഇവിടെ എഡിറ്റോറിയല്‍ വരെ പൊക്കിയെഴുതിയിട്ടുണ്ട്. അയ്യായിരം കോടിക്ക് മുകളില്‍ കൊടുത്തിട്ടുപോലും ഇവിടെ ആരും കണ്ടിട്ടില്ല. ആരെങ്കിലും മിണ്ടാന്‍ വേണ്ടിയിട്ടല്ല... ഞാനങ്ങനെ മിണ്ടലിനു വേണ്ടി കാത്തുനില്‍ക്കില്ല.

നൗഷാദ് വിഷയത്തില്‍ എനിക്കെതിരെ കേസാക്കാന്‍ ആഭ്യന്തരമന്ത്രിക്ക് കെ.പി.സി.സി പ്രസിഡന്റാണ് ലെറ്റര്‍ പാഡില്‍ എഴുതിക്കൊടുത്തത്. പക വളര്‍ത്താനും വിദ്വേഷം വളര്‍ത്താനും ഇവര്‍ തന്നെയല്ലേ ശ്രമിക്കുന്നത്. പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന് വരുത്തി ചാനലും ചര്‍ച്ചയാക്കുക. അത് എത്ര ദിവസവും ചര്‍ച്ചയാക്കാം. അവര്‍ക്ക് വോട്ട് കിട്ടാന്‍ വേണ്ടിയിട്ട്. നീതി നടപ്പിലാക്കിയില്ല എന്ന രീതിയിലുള്ള ഒരു അഭിപ്രായമല്ലേ പറഞ്ഞുള്ളു എന്ന രീതിയില്‍ കോടതി പറഞ്ഞപ്പോള്‍ കോടതിയെ ചീത്ത പറഞ്ഞു. എന്നിട്ട് ഈ രാജ്യത്ത് ചര്‍ച്ച വന്നോ? ഇവിടെ ചിലവര്‍ക്കെല്ലാം ചില അജണ്ടകളുണ്ട്. കുഴിച്ചവര്‍ തന്നെ കുഴിയില്‍ വീണില്ലേ?


ധ: കോണ്‍ഗ്രസിന്റെ സ്ഥിതി?

വെ: സുധീരന്‍ ഉള്ളിടത്തോളം കാലം കോണ്‍ഗ്രസ് നന്നാവില്ല. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കി. ഒറ്റയ്ക്ക് ഹൈക്കമാന്‍ഡിനെ കാണാന്‍ പോകുന്നു. ഒറ്റയ്ക്ക് ആ ചെറുക്കനെ കണ്ട് അതുമിതുമൊക്കെ പറഞ്ഞുകൊടുക്കുന്നു. ആ പയ്യനെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ ഗതിയും വിഗതിയും സംബന്ധിച്ച് വല്ല കോമണ്‍സെന്‍സുമുണ്ടോ. കള്ളടിക്കണമെന്ന് തോന്നുമ്പോഴേയ്ക്കും പ്ലെയിനുമെടുത്ത് എങ്ങോട്ടെങ്കിലും പോകും. രാജ്യത്തിന്റെ ഭാവിയും നയരൂപീകരണമോ സോണിയാ ഗാന്ധിക്കുള്ളതുപോലെയോ, മനേകാ ഗാന്ധിക്കുള്ളതു പോലുമോ പയ്യനില്ല.

ധ: രാഹുല്‍ ഗാന്ധിയെ നേരിട്ടു കണ്ടിട്ടുണ്ടോ?

വെ: കണ്ടിട്ടുണ്ട്. അച്യുതാനന്ദന്‍ പറഞ്ഞതുപോലെ ഒരു അമുല്‍ ബേബി. ഇന്ത്യയെ നയിക്കാനുള്ള ഒരു പക്വതയും മാന്യതയും ഇല്ല. അയാളെ ഒറ്റയ്ക്ക് ചെന്ന് കണ്ട് കാര്യങ്ങള്‍ പറഞ്ഞ് ഇപ്പോള്‍ കോണ്‍ഗ്രസിനെ നന്നാക്കാമെന്നാണ് സുധീരന്‍ വിചാരിച്ചിരിക്കുന്നത്.

ധ: കോണ്‍ഗ്രസില്‍ ഒരു തലമുറ മാറ്റം വരേണ്ടതാണോ?

വെ: വരേണ്ട സമയം കഴിഞ്ഞല്ലോ. നെഹ്‌റു പോയി. ഇന്ദിരാ ഗാന്ധി പോയി. ഡൗണായി ഡൗണായി വന്ന് അതിന്റെ തറക്കല്ലറ തുരന്നുകൊണ്ടിരിക്കുകയാണ് ഇവരെല്ലാം. അഴിമതിയില്‍ മുങ്ങിയില്ലേ നേതാക്കന്‍മാര്‍. കല്‍ക്കരി കുംഭകോണം തൊട്ട് കോടികളുടെ അഴിമതിയല്ലേ? ഇത്രയും സീറ്റ് ബി.ജെ.പി.ക്ക് കിട്ടുമെന്ന് അവരുപോലും പ്രതീക്ഷിച്ചതല്ലല്ലോ. എന്‍.ഡി.എ രണ്ടു വര്‍ഷമായി ഭരിക്കുന്നു. ഈ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും ലോക രാഷ്ട്രങ്ങളെ തന്റെ കൈപ്പിടിയിലൊതുക്കാന്‍ നരേന്ദ്ര മോദിക്ക് സാധിച്ചില്ലേ. അങ്ങേര് വി.ഐ.പികളെ കാണാനല്ല ലേബര്‍ ക്യാമ്പിലാണ് പോകുന്നത്. ഏത് നേതാവ് പോയിട്ടുണ്ട്? ഏത് പ്രധാനമന്ത്രി പോയിട്ടുണ്ട്? ജനഹൃദയങ്ങളിലേക്ക് നേരിട്ട് ചെന്ന് പ്രതിഷ്ഠിച്ചു കഴിഞ്ഞു പുള്ളിയെ. ലോകരാഷ്ട്രങ്ങളിലെല്ലാം ചെന്ന് അവിടത്തെ അംഗീകാരം വാങ്ങിയില്ലേ? ഇതൊക്കെ വലിയ കാര്യമല്ലേ... ഓയില്‍ വില അടിച്ചു തകര്‍ന്നപ്പോള്‍ മേടിച്ച് കൂട്ടിയില്ലേ. ഓയില്‍ വില കുറയ്ക്കാതെ ഒരു ദിവസം എത്ര കോടി രൂപയാണ് ഓയിലിന്റെ ഡിഫറന്‍സ് വഴി കിട്ടുന്നത്. നമ്മുടെ കേരള മുഖ്യമന്ത്രി കുചേലനായിട്ട് അങ്ങോട്ട് ചെന്നിട്ട് കുബേരനായിട്ടല്ലേ ഇങ്ങോട്ട് വന്നത്. പണത്തിനൊരു ക്ഷാമവുമില്ല. നിങ്ങള്‍ വീട് നല്‍കാനാണ് പറഞ്ഞത്. ഓയില്‍ വിലയുടെ താഴ്ച വികസനത്തിനുള്ള ഫണ്ടിലേക്കാക്കുകയാണ് മോദി ചെയ്യുന്നത്. കുറഞ്ഞ വിലയ്ക്ക് ഓയില്‍ വാങ്ങിച്ചിട്ട് വില കുറയ്ക്കാതെ വില്‍ക്കുമ്പോള്‍ എന്തു മാത്രം കോടിയാണ് നമ്മുടെ ഖജനാവില്‍ വന്ന് കയറുന്നത്. കേന്ദ്ര ഗവണ്‍മെന്റിന് ഭരിക്കാന്‍ പണത്തിന്റെ ക്ഷാമമില്ലാതെ വരാന്‍ ഓയില്‍ പണം വലിയ ഒരു ഘടകമായി മാറി.ധ: പിണറായിയെ പുകഴ്ത്തുന്നത് സര്‍ക്കാരില്‍ നിന്നും ആനുകൂല്യം വാങ്ങാനെന്നാണ് ആരോപണം ഉണ്ടെല്ലോ.

വെ: പിണറായിയെ അനുകൂലിച്ചുകൊണ്ടാണല്ലോ കേരള കോണ്‍ഗ്രസുകാരും ജനതാദള്‍കാരും സംസാരിക്കുന്നത്. അവര്‍ കോണ്‍ഗ്രസിന്റെ ഘടകകക്ഷികളല്ലേ. വീരേന്ദ്രകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നന്നായിരിക്കുന്നുവെന്നാണ് പറഞ്ഞത്. അവര് പറയുമ്പോള്‍ കുഴപ്പമില്ല. ഞാന്‍ പറയുമ്പോള്‍ മാത്രമെന്താണ് കുഴപ്പം. തുടക്കം നല്ലത്. ഒടുക്കം വരെ ഇത് നന്നായാല്‍ കൊള്ളാം. ഇത്രയും നാളായിട്ട് സെക്രട്ടേറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്ത് ഒരു സത്യം പറയാന്‍ തന്റേടം ആരെങ്കിലും കാണിച്ചോ? അദ്ദേഹം പറയുകയാണ്, നിങ്ങള്‍ കൃത്യസമയത്ത് ഓഫീസില്‍ കയറും, ചായ കുടിക്കാന്‍ പോകും, അല്‍പ്പം കഴിയുമ്പോള്‍ ചോറ് തിന്നാന്‍ പോവും, അതു കഴിയുമ്പോള്‍ പിന്നെയും നിങ്ങള്‍ കാപ്പികുടിക്കാന്‍ പോകും. പിന്നെ ട്രെയിന്‍ വരുമ്പോള്‍ എണീറ്റങ്ങ് പോകും. എത്ര പേര് എത്ര നേരമാണ് ഓഫീസിലിരുന്ന് ജോലി ചെയ്യുന്നത്. ഇത് ഇനി സെക്രട്ടേറിയറ്റില്‍ നടക്കില്ല. ഇത് ഇതുവരെ പറയാനുള്ള തന്റേടം ആരെങ്കിലും കാണിച്ചിട്ടുണ്ടോ.

ധ: നരേന്ദ്ര മോദിയെയും പിണറായി വിജയനെയും താങ്കള്‍ താരതമ്യം ചെയ്തതായി അറിയുന്നു..

വെ: രണ്ടുപേരും ഒരുപോലെയല്ലേ... നരേന്ദ്ര മോദി വന്നപ്പോഴേയ്ക്കും മന്ത്രിമാരെയും വകുപ്പുകളെയും കുറിച്ച് കാര്യമായിട്ടന്വേഷിച്ചു. വകുപ്പും മന്ത്രിമാര്‍ കാര്യമായിട്ട് പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവരെ പ്രവര്‍ത്തിപ്പിക്കാനുള്ള എല്ലാ നടപടികളും അദ്ദേഹം സ്വീകരിച്ചു. അതുകൊണ്ട് എല്ലാ വകുപ്പുമന്ത്രിമാരും വളരെ ശുഷ്‌കാന്തിയോടുകൂടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവിടുത്തെ സെക്രട്ടേറിയേറ്റും സ്റ്റാഫും ഇതുവരെ ഒരു പേരുദോഷമോ അഴിമതിയോ ഉണ്ടാക്കിയിട്ടില്ല. ഇവിടെയും അതുപോലെ നല്ലൊരു ഭരണം ഉണ്ടാകണമെങ്കില്‍ അതിന്‍റെ ആസ്ഥാനമെന്ന് പറയുന്ന സെക്രട്ടേറിയേറ്റ് ശുദ്ധീകരിക്കണം. അതില്‍ കൃത്യനിഷ്ഠയുണ്ടാകണം. അദ്ദേഹം പറയുന്നത് ഫയലെന്ന് പറയുന്നത് ജീവിതമാണ്, അത് വച്ചുതാമസിക്കാന്‍ പാടില്ല എന്നാണ്. അതെല്ലാം കൃത്യമായി നോക്കി വിടണം എന്ന് പറയാനുള്ള ഒരു ആര്‍ജ്ജവം ഇതുവരെ ഒരു മുഖ്യമന്ത്രി കാണിച്ചിട്ടുണ്ടോ? സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഇപ്പോഴത്തെ സ്വഭാവത്തിലൊരു മാറ്റമാണ് വേണ്ടത്. പിണറായി പകല്‍ പകലാണെന്ന് പറയുമ്പോള്‍, അതല്ല ഇത് രാത്രിയാണെന്ന് പറയുന്ന വിഡ്ഡിത്തമാണോ ഞാന്‍ കാണിക്കേണ്ടത്.

ജനങ്ങളുടെ വിഷമങ്ങളും പ്രശ്‌നങ്ങളും പഠിച്ച് അത് പരിഹരിക്കാനാണ് ഉദ്യോഗസ്ഥരും മന്ത്രിമാരും മുഖ്യമന്ത്രിമാരും ശ്രമിക്കേണ്ടത്. അത് ഇല്ലാതാക്കാന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞുവെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തി അവര്‍ കാണിക്കണം. അവരുടെ കുറ്റങ്ങളും കുറവുകളും തുറന്നുപറയാന്‍ ആരും തന്റേടം കാട്ടിയിട്ടില്ല. ശമ്പളം വാങ്ങിക്കുന്നത് ഉറങ്ങാനും ചായക്കടയില്‍ പോകാനും സൊള്ളാനുമല്ല. രാജ്യത്തിന്റെ സേവനത്തിനുവേണ്ടിയാണ്, രാജ്യനന്മയ്ക്ക് വേണ്ടിയാണ്, ഭരണത്തിന്റെ ഒരു ഭാഗമായി നിന്നുകൊണ്ട് ഫയല്‍ നീക്കാനാണ്.(തുടരും)


Next Story

Related Stories