TopTop
Begin typing your search above and press return to search.

എം.എം മണി, ബിജിമോള്‍, മാധ്യമങ്ങള്‍.. വെള്ളാപ്പള്ളി / അഭിമുഖം- ഭാഗം 2

എം.എം മണി, ബിജിമോള്‍, മാധ്യമങ്ങള്‍.. വെള്ളാപ്പള്ളി / അഭിമുഖം- ഭാഗം 2

വെള്ളാപ്പള്ളി നടേശന്‍/ഡി. ധനസുമോദ്

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ കുറിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സസാരിക്കുന്നു. അഭിമുഖം നടത്തിയത് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ഡി ധനസുമോദ്. ഈ അഭിമുഖത്തിനെ ഒന്നാം ഭാഗം ഇവിടെ വായിക്കാം- മോദി, പിണറായി, വി എസ്, സുധീരന്‍; വെള്ളാപ്പള്ളിക്കും ചിലത് പറയാനുണ്ട്

ഭാഗം 2

ധനസുമോദ്: വി എസ്സും പിണറായിയും താങ്കള്‍ക്ക് എതിരെ ശക്തമായ നിലപാട് എടുത്ത സമയത്ത് തന്നെ ജി. സുധാകരന്‍ താങ്കളുടെ പിറന്നാളിന് കാണിച്ചുകുളങ്ങരയില്‍ വരികയും ആശംസകള്‍ നേരുകയും സദ്യ ഉണ്ണുകയും ചെയ്തു. ജി.സുധാകരനുള്‍പ്പെടെയുള്ളവരുമായുള്ള ബന്ധം എങ്ങനെയാണ്?

വെള്ളാപ്പള്ളി നടേശന്‍: ജി.സുധാകരനെന്നു പറഞ്ഞാല്‍ ആലപ്പുഴക്കാരനല്ലേ... അദ്ദേഹം എന്റെ നാട്ടുകാരനാണ്. അഴിമതിയെവിടെ കണ്ടാലും അദ്ദേഹം പൊട്ടിത്തെറിക്കും. എന്നെ ആകര്‍ഷിക്കുന്ന വലിയൊരു ഗുണം അതാണ്. അതിലൊരു കോംപ്രമൈസുമില്ല. ശുദ്ധനായ ഒരു കുട്ടിക്കേ രാജാവ് നഗ്നനാണെന്ന് പറയാന്‍ സാധിക്കുവെന്ന് പറഞ്ഞതുപോലെ, അദ്ദേഹം ഒരു നിഷ്‌കളങ്കനായതുകൊണ്ട് രാജാവല്ല പൊന്നുതമ്പുരാനായാലും നഗ്നനാണെന്ന് പറയും.

: പുതിയ മന്ത്രിസഭയിലെ മികച്ച മന്ത്രിയാരാണ്....?

വെ: നല്ല മന്ത്രിയെന്ന് പറഞ്ഞാല്‍, ഐസക്ക് മോശമല്ല... എനിക്കറിയാവുന്ന ഓരോരുത്തരും മിടുക്കുള്ളവരാണ്. കേരളത്തില്‍ ഇത്രയും മിടുക്കനായ ഒരു ഫൈനാന്‍സ് മന്ത്രി ഉണ്ടോ. ഓരോരുത്തര്‍ക്കും ഓരോ ക്വാളിറ്റിയാണ്. ഐസക്ക് മന്ത്രിയായിരുന്നപ്പോള്‍ ഇവിടെ ഖജനാവ് കാലിയായിട്ടില്ല. ഇവിടെയിപ്പോള്‍ വല്ലതുമുണ്ടോ. എല്ലാം കട്ടുമുടിച്ചു. കക്കുന്ന കാര്യത്തിലൊക്കെയായിരുന്നു ഇവിടെ മത്സരം. ഇന്നലെ വരെ മന്ത്രിയാവാത്തവര്‍ മുഖ്യമന്ത്രിയെ വരെ വെട്ടിച്ചുകൊണ്ടുപോയില്ലേ... ആരാണ് അഴിമതി നടത്താത്തത്. വെറും കാജാ ബീഡി വരെ കിട്ടിയാല്‍ വാങ്ങുന്നവരല്ലേ ഇവര്‍.


പുതിയ സര്‍ക്കാര്‍ അഴിമതിരഹിതമായിരിക്കുമെന്നാണ് പറയുന്നത്. സാധാരണ നമ്മള്‍ പറയാറുണ്ടല്ലോ പുത്തനച്ചി പുരപ്പുറം തൂക്കുമെന്ന്. ഈ പുത്തനച്ചി അവസാനം വരെ നല്ലയച്ചിയായിരുന്നാല്‍ കൊള്ളാം.

ധ: ഉടുമ്പന്‍ചോലയിലെ പ്രസംഗത്തിന്റെ വാസ്തവം എന്താണ്? മണിയനാശാനുമായി ബന്ധപ്പെട്ടത്...

വെ: രണ്ടു പ്രസംഗങ്ങളാണ്. മറ്റൊന്ന് ബിജിമോള്‍. അതിനെക്കുറിച്ച് പറയുമ്പോള്‍ അതിന്റെ ഒരു കഷണമെടുത്തിട്ട് എന്നെ വ്യാഖ്യാനിക്കുകയാണ്. ഉടുമ്പന്‍ചോലയിലെ പ്രസംഗമെന്ന് പറഞ്ഞാല്‍ ഞാനൊരു അമ്പലത്തിന്റെ സമര്‍പ്പണത്തിന് അവിടെ ചെല്ലുന്നതാണ്. മണിയാശാന്‍ എനിക്ക് വളരെ ഇഷ്ടമുള്ള ഒരാളാണ്. പള്ളിക്കാരെല്ലാം കൂടി മണിയാശാനെ വണ്‍ ടു ത്രീ എന്ന് പറഞ്ഞ് അകത്താക്കിയപ്പോള്‍ പോലും ഞാന്‍ എഡിറ്ററായിട്ടുള്ള യോഗനാദത്തില്‍ രണ്ടു ലക്കം എഴുതി അദ്ദേഹത്തിന്റെ മഹത്വത്തെ ഉയര്‍ത്തിയതാണ്. എന്നെ വന്നു കണ്ടിട്ടുള്ള, നല്ലൊരു വ്യക്തിബന്ധമുള്ള ആളാണ്. ഒരു കാലത്ത് അവിടുത്തെ അടിച്ചമര്‍ത്തപ്പെട്ട പാവങ്ങളുടെ പടത്തലവനായി പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള, ഒന്നും സമ്പാദിക്കാത്ത ഒരു പാവപ്പെട്ട മനുഷ്യനാണ്. ആ മനുഷ്യന് എസ്.എന്‍.ഡി.പി പ്രവര്‍ത്തകനായിട്ടുള്ള പാരമ്പര്യവുമുണ്ട്.

അദ്ദേഹത്തിനുണ്ടായ ഒരു നയം മാറ്റമാണ് ഞാന്‍ വിമര്‍ശിച്ചത്. ഹൈറേഞ്ച് സംരക്ഷണസമിതി ഉണ്ടാക്കി ബിഷപ്പുമാരുമായി സഖ്യമുണ്ടാക്കി. അവരുമായിട്ടാണ് പണ്ടുമുതലേയുള്ള യുദ്ധം എന്നോര്‍ക്കണം. അവിടുത്തെ മുഴുവന്‍ എസ്റ്റേറ്റ് മുതലാളിമാരും ക്രിസ്ത്യന്‍ സമുദായമാണ്. അധികാരത്തിനുവേണ്ടിയിട്ട് അവരുമായി സറണ്ടര്‍ ചെയ്തിട്ട് ആദര്‍ശം ബലികഴിച്ചുകൊണ്ട് അവര്‍ക്കുവേണ്ടി എം.പിയെ നിര്‍ത്തി. മണിയാശാനാണ് ഇന്നലെ വരെ നികൃഷ്ടജീവിയെന്ന് പറഞ്ഞവരെ നല്ലജീവിയാണെന്ന് പറയാന്‍ പിണറായിയെ അവിടെ കൊണ്ടുപോയത്. മണിയാശാന്റെ ആ പരിണാമം, പെട്ടെന്നുള്ള പരിണാമം ജനങ്ങള്‍ക്ക് വളരെ പ്രയാസമായി. ഞാന്‍ സമത്വമുന്നേറ്റ യാത്ര നടത്തിയപ്പോള്‍ എന്നെ ചീത്തപറയുന്ന ഒരു ശൈലിയായിട്ട് അത് മാറി. എന്നെ ചീത്തപറഞ്ഞാലേ ക്രിസ്ത്യാനികളുടെയൊക്കെ ഇടയില്‍ പുള്ളിക്ക് പ്രമാണിയാകാന്‍ പറ്റൂ. ഇടയ്ക്ക് ആലപ്പുഴ വന്നപ്പോള്‍ ഫോണ്‍ ചെയ്തായിരുന്നു. എന്താണാശാനെ ഇങ്ങനെയൊക്കെയെന്ന് ചോദിച്ചപ്പോള്‍ ഞാനങ്ങോട്ട് വരാമെന്ന് പറഞ്ഞു. എന്നെ ചീത്തപറഞ്ഞുവന്നപ്പോള്‍ എനിക്കും വിഷമമുണ്ടാകില്ലേ. അങ്ങനെയിരിക്കെ ഞാന്‍ ഈ ഇലക്ഷനോട് അടുത്ത് ഒരു അമ്പലത്തിന്റെ ക്ഷേത്രസമര്‍പ്പണത്തിനുവേണ്ടി അവിടെ ചെന്നപ്പോള്‍ അതിന് മുമ്പിലൊരു ദിവസം അവിടെ പുള്ളിയുടെ പ്രസംഗം ഉണ്ടായിരുന്നു. ആ പ്രസംഗത്തില്‍ എന്നെ വളരെ നിശിതമായി ചീത്തപറയുകയും ഇയാളെന്നാ ആളാണ്, ഇയാളെന്നാ എസ്.എന്‍.ഡി.പിയാണ്, ഇയാളെന്താ ഈ അമ്പലം തിരിച്ചുവയ്ക്കുമോ എന്നൊക്കെ പറഞ്ഞ് വളരെ മ്ലേച്ഛമായ രീതിയില്‍ സംസാരിച്ചു. അതൊന്നും ആരും അറിഞ്ഞില്ല. അതിന്റെ പിറ്റേദിവസമാണ് ഞാനവിടെ പ്രസംഗിക്കാന്‍ ചെന്നത്. അപ്പോള്‍ ആളുകളെല്ലാം പറഞ്ഞു, മണിയനാശാനെ വെള്ളാപ്പള്ളിസാര്‍ എന്തുമാത്രം പുകഴ്ത്തിയതാണ്, മണിയനാശാന്‍ സാറിനെ എന്തെല്ലാം ചീത്തയാണ് ഇവിടെ വന്ന് പറഞ്ഞത്. അതിന് മറുപടി പറയണം. അപ്പോള്‍ പിന്നെ ഞാനെന്താ ചെയ്യേണ്ടത്? മണിയാശാന്‍ അപ്പോള്‍ ക്രിസ്ത്യാനികളുടെ കയ്യടി വാങ്ങി അവിടെ മത്സരിക്കാനുള്ള കളമൊരുക്കിക്കൊണ്ടിരിക്കുന്ന സമയമാണ്. മണിയാശാന്‍ എനിക്കിട്ട് ഈ പറഞ്ഞത് ശരിയായില്ല എന്ന് ഞാന്‍ പറഞ്ഞു. ഈ വണ്‍...ടു...ത്രീ പറഞ്ഞപ്പോഴും അന്ന് അയാളെക്കുറിച്ച് നല്ല വാക്ക് പറയാനും ആ ദുഃഖത്തില്‍ അല്‍പ്പം കണ്ണീര് പൊഴിക്കാനും ഞങ്ങളെ ഉണ്ടായിരുന്നുള്ളു. മണിയാശാന് മറുപടിയായി ഞാനും പറഞ്ഞുവെന്നുള്ളത് നേരാണ്.

ധ: പരിണാമസിദ്ധാന്തം പറഞ്ഞപ്പോഴാണ്.....

വെ: പരിണാമ സിദ്ധാന്ത പ്രകാരമാണ് കുരങ്ങ് മനുഷ്യനായി മാറിയ കാര്യം വിശദീകരിക്കുന്നത്. പണ്ട് നാമെല്ലാം കുരങ്ങായിരുന്നു. കുരങ്ങിങ്ങനെ മാറിമാറിമാറി ആര്‍ക്കെതിരെ പോരടിച്ചോ അവരോടൊപ്പം നിന്ന ഒരു പരിണാമത്തെക്കുറിച്ചാണ് പറഞ്ഞത്.

ധ: ബിജിമോള്‍....

വെ: ബിജിമോള്‍ ഒരു നോട്ടീസ് അവിടെ ഇലക്ഷന്‍ പ്രചരണത്തിന് അടിച്ചിറക്കി. ഗുരുദേവന്റെ ഫോട്ടോയും എന്റെ ഫോട്ടോയും. നല്ല ഭംഗിയായിട്ട് അടിച്ചിട്ട് എന്നെപ്പറ്റി മുഴുവന്‍ തെറിയാണ് എഴുതിയത്. കുമാരനാശാന്റെ കസേരയിലിരുന്നിങ്ങനെയാണോ ചെയ്യുന്നതെന്നൊക്കെ. ഈഴവന്റെ വീട്ടില്‍ മാത്രമാണ് ഇത് കൊടുത്തത്. ഇത് ഇലക്ഷന്‍ നിയമത്തിന് എതിരാണ്. കാരണം ഞങ്ങള്‍ ഗുരുദേവനെ ദൈവമായി വിശ്വസിച്ചുകൊണ്ടുനടക്കുന്ന ഈഴവരാണ്... ആ ഗുരുദേവന്റെ പേര് വച്ച് നോട്ടീസ് അടിച്ച് തെറിയെഴുതി ഇലക്ഷന്‍ പ്രചരണം നടത്തിയത് അങ്ങേയറ്റം ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണ്. വേറെ ഏതെങ്കിലും സമുദായനേതാവിനെക്കുറിച്ചാണ് ഇങ്ങനെ എഴുതിയതെങ്കില്‍ ഇവരെ എവിടെ കൊണ്ട് കുഴിച്ചിട്ടാലും ശവം പോലും കിട്ടില്ലെന്ന് പറഞ്ഞു. ഞാന്‍ മറ്റേ മൗലവിയെ ഉദ്ദേശിച്ചാണ് പറഞ്ഞത്. മീഡിയയ്ക്ക് സെന്‍സേഷനാണ് വേണ്ടത്. അവര്‍ ആ ഭാഗം മാത്രം അടര്‍ത്തിയെടുത്തു. മറ്റുഭാഗമൊന്നും വന്നതുമില്ല.ധ: ബി.ഡി.ജെ.എസിന് എന്തെങ്കിലും മാര്‍ഗ്ഗനിര്‍ദേശം കൊടുക്കുന്നുണ്ടോ?

വെ: ബി.ഡി.ജെ.എസിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി അതിലൊരു ഭാഗമല്ല. അതിന് വേറൊരു ബോഡിയാണ്. എസ്.എന്‍.ഡി.പി യോഗത്തിനകത്ത് എല്ലാ രാഷ്ട്രീയകക്ഷികളുമുണ്ട്. എല്ലാപേരെയും ഞങ്ങള്‍ ഒരുപോലെയാണ് കാണുന്നത്. അവിടെ സാമൂഹ്യനീതി നടപ്പാക്കുന്ന ആരുമായിട്ടും. അതാണ് ഞാന്‍ പറഞ്ഞത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും വാലുമല്ല ചുവരുമല്ല. നന്മ ആരുചെയ്യുന്നോ അവരുടെ കൂടെ നില്‍ക്കും. അവര്‍ നന്മ ചെയ്തുവെന്ന് പറയും.

പിണറായി തുടക്കം നന്നായി. നന്നായെന്ന് പറഞ്ഞു. ഇനി ഒരു അഭിപ്രായവ്യത്യാസം വന്നാല്‍ അത് ചൂണ്ടിക്കാട്ടും. എസ്.എന്‍.ഡി.പി യോഗം ഒരു സമരസംഘടനയല്ലേ. പ്രക്ഷോഭത്തിലൂടെ നേടിയതല്ലേ എല്ലാം. നിവര്‍ത്തന പ്രക്ഷോഭം നയിച്ച് സംവരണം രാജാവില്‍ നിന്നും വാങ്ങിച്ചു. ഈ ജനകീയ ഭരണക്കാരാരും തന്നതല്ലല്ലോ. കര്‍ഷകതൊഴിലാളികളെ സംഘടിപ്പിച്ചത് ഇവിടെ ഇടതും വലതും ഇല്ലാത്ത സമയത്ത് ടി.കെ.മാധവനല്ലേ? മാടപ്പുറം ബാവയല്ലേ ഇവിടെ കയര്‍തൊഴിലാളികളെ സംഘടിപ്പിച്ചത്. അന്ന് കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസുമൊന്നും ഇല്ലല്ലോ. അങ്ങനെ ഒരു സമരസംഘടനയായി പ്രവര്‍ത്തിച്ച പാരമ്പര്യത്തില്‍ ഇന്നലെയും ഇന്നും നാളെയും നടന്നേപറ്റൂ. ആരുടെയും മുഖം നോക്കാതെ കാര്യങ്ങള്‍ പറയുക... അത് നമ്മുടെ ധര്‍മ്മവും കര്‍മ്മവുമാണ്.

ധ: ബി.ഡി.ജെ.എസിന് കുറച്ച് സീറ്റെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നോ...?

വെ: ചിലതൊക്കെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. നാല്‍പ്പതോളം വാര്‍ഡുകളില്‍ 20,000ത്തിലധികം വോട്ട് കൂടുതല്‍ കിട്ടിയിട്ടുണ്ട്. ഇതില്‍ നല്ലൊരു ഭാഗം യു.ഡി.എഫിന്റേതാണ്. ഈ വോട്ടിന്റെ കുറച്ച് ഭാഗം യു.ഡി.എഫിന് കിട്ടിയിരുന്നെങ്കില്‍ വിജയം യു.ഡി.എഫിനോടൊപ്പമായിരുന്നു. ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചു. ക്രിസ്ത്യാനികള്‍ എല്ലായിടത്തും മാറി. മുസ്ലീം എല്ലായിടത്തും മാറി എന്ന് പറയാനൊക്കില്ല. ക്രിസ്ത്യാനിയെല്ലാം മാറിയെങ്കില്‍ കോണ്‍ഗ്രസ് ജയിച്ചേനേ.

ധ: ചേര്‍ത്തലയിലെ ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥി പി എസ് രാജീവിന് 20,000 വോട്ട് പോലും തികച്ചു പിടിക്കാന്‍ കഴിഞ്ഞില്ലല്ലോ?

വെ: രാജീവ് എല്ലാവര്‍ക്കും നല്ല മതിപ്പുള്ളയാളായിരുന്നു. അതൊന്നും വോട്ടായി മാറിയില്ല. ബി.ജെ.പി.യില്‍ സംഘപരിവാറില്‍ പെട്ടവരെല്ലാം വോട്ട് ചെയ്തു. പക്ഷേ നായര്‍ വോട്ട് ചെയ്തിട്ടില്ല. ബൂത്ത് ബെയ്‌സ് എടുക്കുമ്പോള്‍ എല്ലാം അറിയാമല്ലോ.

ധ: വെള്ളാപ്പള്ളി - അമിത് ഷാ - മോദി ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ പറയുന്നതാണ്. തുഷാര്‍ വെള്ളാപ്പള്ളിക്ക് കേന്ദ്രമന്ത്രിസ്ഥാനം കിട്ടാന്‍ വേണ്ടിയുള്ളതാണിതെന്ന്... അത്തരത്തില്‍ എന്തെങ്കിലും?

വെ: ഒരു കണ്ടീഷനും ഒരു കാര്യത്തിലും ഇല്ല. ബി.ഡി.ജെ.എസ് ഉണ്ടാക്കിയിട്ട് കുറച്ചുകാലമല്ലേ ആയുള്ളു. അതിനുശേഷമാണ് ഇതുമായിട്ട് ഒരു അലൈന്‍സിനായിട്ട് ഇടതുകാരെയും കോണ്‍ഗ്രസുകാരെയുമൊക്കെ സമീപിച്ചിട്ടുള്ളതാണ്. ഇവരൊന്നും അംഗീകരിക്കാത്തോണ്ടാണല്ലോ എന്‍.ഡി.എയുടെ ഭാഗമായത്. പോകുമ്പോള്‍ അതിന്റേതായ ശക്തി കാണിച്ചാലല്ലേ നാളെ നമ്മളെ ഇവര്‍ അംഗീകരിക്കുകയുള്ളു. ശക്തി കാണിച്ചപ്പോള്‍ ഇവരെല്ലാം ഇപ്പോള്‍ സമ്മതിക്കുന്നുണ്ടല്ലോ. ഇവരെയൊക്കെ കൂടെ നിര്‍ത്തേണ്ടതായിരുന്നുവെന്ന്. ഉമ്മന്‍ചാണ്ടിക്ക് താല്‍പ്പര്യമുണ്ടായിരുന്നു... രമേശ് ചെന്നിത്തലയ്ക്കും താല്‍പ്പര്യമുണ്ടായിരുന്നു. പക്ഷേ ഇയാള്‍ക്ക് അതില്ല. ഞങ്ങളെ എറ്റവും വലിയ ശത്രുവായി കണ്ടിരിക്കുന്നത് കെ.പി.സി.സി പ്രസിഡന്റ് തന്നെയാണ്.

ധ: ഉമ്മന്‍ചാണ്ടിയും രമേശുമായിട്ടൊക്കെ സംസാരിച്ചിട്ടുണ്ടോ ഇക്കാര്യം?

വെ: ഉണ്ട്. ആദ്യമേ തന്നെ ഇത്രയുമായില്ലേ... അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇവര്‍ നമ്മുടെ പുറകെ നടന്ന് ചര്‍ച്ച ചെയ്യും.

ധ: ജാനുവുമായിട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടായോ...?

വെ: അത് മീഡിയയുടെ പരിപാടിയാണ്.

ധ: ആദ്യം എതിരായിട്ട് നിന്നവരൊക്കെ വോട്ട് പിടിച്ചുകഴിഞ്ഞപ്പോള്‍ രഹസ്യമായോ പരസ്യമായോയൊക്കെ വരുന്നുണ്ടോ?

വെ: ചാനല്‍ ചര്‍ച്ചക്കാര്‍ തന്നെ ഇപ്പോള്‍ അംഗീകരിക്കാന്‍ തുടങ്ങിയല്ലോ. ഇവര്‍ ഇത്രയും വോട്ട് പിടിച്ചല്ലോയെന്ന്. ബി.ജെ.പി. ജയിക്കാന്‍ സാധ്യതയുള്ള സ്ഥലത്തെല്ലാം തന്നെ മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകള്‍ നല്ലരീതിയില്‍ മറിച്ചു. പത്തെങ്കിലും കിട്ടേണ്ടതായിരുന്നു. കുറച്ച് വോട്ടിന് പോയ മഞ്ചേശ്വരമൊക്കെ കിട്ടേണ്ടതായിരുന്നു.ധ: എം വി നികേഷ് കുമാറിനെ കുറിച്ച് താങ്കള്‍ എപ്പോഴും നല്ല താത്പര്യത്തോടെയാണ് സംസാരിക്കാറ്. അദ്ദേഹത്തെ കുറിച്ച്

വെ: അയാള്‍ രക്ഷപ്പെടേണ്ടതായിരുന്നു. ഭാഗ്യദോഷിയാണ്. ചാനല്‍ വളരെ കുഴപ്പത്തിലാ. മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞു പോകേണ്ട ആവശ്യമില്ലായിരുന്നു. ഒരിക്കല്‍ നമ്മുടെ കൈയ്യില്‍ നിന്നും ഒരു തെറ്റു വന്നാല്‍ ചാനലുകാര്‍ വിട്ടുകളയില്ല. മറ്റുള്ളവരാണ് പറയുന്നതെങ്കില്‍ അതുപേക്ഷിച്ചുകളയും. ഞാനാണ് പറയുന്നതെങ്കില്‍ എന്നെ കൊല്ലാന്‍ എവിടെ വരെ പോകുമോ അതുവരെ പോകും. മീഡിയാക്കാരെല്ലാം നമ്മളോട് വിരോധമുള്ളവരാണ്. ഈ സമുദായത്തോട് സ്‌നേഹമുള്ള ഏതെങ്കിലും മീഡിയാക്കാരുണ്ടോ? ഏഷ്യാനെറ്റിലും മനോരമയിലും മാതൃഭൂമിയിലുമൊക്കെ തലപ്പത്തുള്ളവരുമായി ബന്ധമുണ്ട്. പക്ഷേ ചാനലുകള്‍ നമ്മളെ കൊല്ലാനായിട്ടിരിക്കുകയാണ്...

ധ: സ്വന്തമായി ചാനല്‍ തുടങ്ങാന്‍ പരിപാടിയുണ്ടോ? വേട്ടയാടല്‍ തുടര്‍ന്നപ്പോഴാണല്ലോ കൈരളി തുടങ്ങിയത്....

വെ: അവര്‍ക്ക് ബക്കറ്റുണ്ട്. നമുക്ക് ബക്കറ്റില്ല.

ധ: തെരഞ്ഞെടുപ്പില്‍ ബി ജെ പി കാര്യമായി സാമ്പത്തിക സഹായം ചെയ്തതായി കേള്‍ക്കുന്നുണ്ടല്ലോ?

വെ: സമത്വ മുന്നേറ്റ യാത്ര ഞാന്‍ നടത്തിയപ്പോള്‍ ഇവരെ ആരോടെങ്കിലും പറഞ്ഞ് സഹായിക്കാന്‍ ശ്രമം പോലും ഞാന്‍ നടത്തിയില്ല. ബി.ജെ.പിയൊന്നും സഹായിച്ചില്ല. ചിലരേലൊക്കെ കാശുണ്ടായിരുന്നു. മറ്റുചിലരെ നമ്മള്‍ ഉള്ളതുപോലെ സഹായിച്ചു. ചില സ്ഥാനാര്‍ത്ഥികള്‍ക്ക് കടമുണ്ട്. കുട്ടനാട് നോക്കൂ. ഒരുരൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം വാങ്ങിച്ചുകഴിയുന്ന എത്ര ഈഴവ കുടികളുണ്ടെന്നറിയാമോ? അവര്‍ ഇപ്പോഴും കമ്മ്യൂണിസ്റ്റാ. അവരെത്രയോ കൊല്ലം കൊണ്ടുണ്ടാക്കിയത് ഇത്രയും കുറച്ചില്ലേ... എന്തായാലും കാജാ ബീഡിയുടെ സഹായം പോലും പുറമേ നിന്നുണ്ടായില്ല.

ധ: അടുത്ത ഒരു ഇലക്ഷന്‍ വരുമ്പോള്‍...

വെ: അതിപ്പോള്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിക്കൊണ്ടിരിക്കില്ലേ?


Next Story

Related Stories