Top

വെല്‍വറ്റ് റെവലൂഷന്‍: വനിതാ മാധ്യമപ്രവര്‍ത്തകരുടെ യാത്രകള്‍, അനുഭവങ്ങള്‍

വെല്‍വറ്റ് റെവലൂഷന്‍: വനിതാ മാധ്യമപ്രവര്‍ത്തകരുടെ യാത്രകള്‍, അനുഭവങ്ങള്‍
സിറിയന്‍ റിപ്പോര്‍ട്ടറും സാമൂഹ്യപ്രവര്‍ത്തകയുമായ സൈന ഇര്‍ഹൈമിനെ ടര്‍ക്കിയിലേയ്ക്ക് നാട് കടത്തിയത് അലെപ്പോയില്‍ ആഭ്യന്തര യുദ്ധം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ്. ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ താമസിക്കുകയായിരുന്ന മാലിനി സുബ്രഹ്മണ്യത്തെ അവിടെ നിന്നും പറഞ്ഞ് വിട്ടത് ആദിവാസികള്‍ക്കെതിരെ സിആര്‍പിഎഫുകാരും മറ്റ് സേനകളും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ്. ബംഗ്ലാദേശില്‍ നിന്നുള്ള മാദ്ധ്യമപ്രവര്‍ത്തകയും ബ്ലോഗറുമായ റഫീദ ബോണ്യ അഹമ്മദിനെ ഒരു സംഘം മതതീവ്രവാദികള്‍ ആക്രമിച്ചിരുന്നു. ആ ആക്രമണത്തിലാണ് റഫീദയുടെ ഭര്‍ത്താവും പ്രമുഖ ബ്ലോഗറും യുക്തിവാദിയുമായ അവിജിത് റോയ് കൊല്ലപ്പെട്ടത്. ലോകത്തെ വനിതാ റിപ്പോര്‍ട്ടര്‍മാര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചാണ് വെല്‍വറ്റ് റെവലൂഷന്‍ എന്ന ഡോക്യുമെന്‍ഡറി. മാദ്ധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി വ്യക്തിപരമായി വലിയ നഷ്ടങ്ങള്‍ നേരിടേണ്ടി വരുന്നവരുടെ അനുഭവങ്ങളാണ് പറയുന്നത്.

പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്നുള്ള ഭീഷണിയെ കുറിച്ചാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള നജീബ അയൂബിക്ക് പറയാനുള്ളത്. ഫിലിപ്പൈന്‍സ് ഗവണ്‍മെന്റില്‍ നിന്ന് നിരന്തരമുള്ള ഭീഷണിയെക്കുറിച്ച് കിംബെര്‍ലി ക്വിറ്റാസോള്‍ പറയുന്നു. പൂര്‍ണമായും ദളിത് സ്ത്രീകള്‍ നടത്തുന്ന തെലുങ്ക് പത്രം നവോദയിന്റെ റിപ്പോര്‍ട്ടറാണ് ഭാരതി യെണ്ടപ്പള്ളി. കടുത്ത ജാതിവിവേചനത്തെ കുറിച്ചാണ് ഭാരതി പറയുന്നത്. തന്റെ രാജ്യത്ത് ശക്തമായ ലിംഗവിവേചനമാണ് തന്നെ പോലുള്ള മാദ്ധ്യമപ്രവര്‍ത്തകര്‍ നേരിടുന്നതെന്ന് ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ നിന്നുള്ള സൗസ മരന്‍ഡാറ്റ പറയുന്നു. യുദ്ധമേഖലകള്‍ അടക്കമുള്ള സംഘര്‍ഷ പ്രദേശങ്ങളില്‍ സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാ മാദ്ധ്യമ പ്രവര്‍ത്തകരും പലപ്പോഴും അരക്ഷിതരാണ്. എന്നാല്‍ വനിതാ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ബലാത്സംഗമെന്ന ഭീഷണി കൂടി നേരിടുന്നുണ്ട്.

ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് വുമണ്‍ ഇന്‍ റേഡിയോ ആന്‍ഡ് ടെലിവിഷനാണ് ഡോക്യുമെന്‍ഡറി നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള ആറ് വനിതാ മാദ്ധ്യമപ്രവര്‍ത്തകരുടെ അനുഭവങ്ങള്‍. ഭരണകൂടങ്ങളാലും സമാന്തര ഭരണകൂടങ്ങളാലും വിവിധ മാഫിയകളാലും ആക്രമിക്കപ്പെടുന്നവര്‍. മാദ്ധ്യമപ്രവര്‍ത്തകയായിരുന്ന നുപൂര്‍ ബസുവാണ് ഡോക്യുമെന്‍ഡറി തയ്യാറാക്കിയിരിക്കുന്നത്. കൂടുതല്‍ വനിതകളെ മാദ്ധ്യമപ്രവര്‍ത്തന രംഗത്തേയ്ക്ക് കൊണ്ടുവരാന്‍ പ്രേരണ നല്‍കുന്നതാണ് ഡോക്യുമെന്‍ഡറിയെന്ന് നുപൂര്‍ ബസു അഭിപ്രായപ്പെടുന്നു.

Next Story

Related Stories