TopTop
Begin typing your search above and press return to search.

ബ്രസീല്‍ നഗരങ്ങളിലേക്ക് വെനെസ്വേലക്കാരുടെ കൂട്ടകുടിയേറ്റം

ബ്രസീല്‍ നഗരങ്ങളിലേക്ക് വെനെസ്വേലക്കാരുടെ കൂട്ടകുടിയേറ്റം

മറീന ലോപസ്, നിക് മിറോഫ്

റോസിബെല്‍ ഡയസ് തന്റെ നാലു വയസുകാരന്‍ മകനെ വാത്സല്യത്തോടെ ലാളിച്ചുവിളിക്കുന്നത് ‘എന്റെ തക്കുടു കുട്ടന്‍’ എന്നാണ്. അവന്‍ വിശന്നുകരയുന്നത് അവള്‍ക്ക് സഹിക്കാനാവുന്നില്ല.

അങ്ങനെ കഴിഞ്ഞ നവംബറില്‍ തന്റെ കുടുംബ സമ്പാദ്യങ്ങളും പെറുക്കിക്കെട്ടി, മകനെയും പതിനൊന്നു മാസമായ മകളെയുമെടുത്ത് വെനെസ്വേലയുടെ ക്ഷാമം പിടിച്ച ഉള്‍നാട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ബസ് കയറി. അവളിപ്പോള്‍ ബ്രസീലിന്റെ അതിര്‍ത്തിഗ്രാമത്തില്‍ ഒരു നീല താര്‍പ്പയാക്ക് കീഴില്‍ ചവര്‍ വലിച്ചെറിയുന്ന ഈ തെരുവില്‍ താമസിക്കുകയാണ്; അവിടെ അവള്‍ ഭക്ഷണത്തിനായി ഭിക്ഷ യാചിക്കുന്നു.

“ഞാന്‍ തിരിച്ചുപോകില്ല,” നാലു വര്‍ഷം മുമ്പ് ഒരു രോഗീ ശുശ്രൂഷകയുടെ ജോലി നഷ്ടപ്പെട്ട ആ മെലിഞ്ഞ അമ്മ പറഞ്ഞു. ഒരു തൂണില്‍ ചാരിനിന്ന് കുഞ്ഞിനു ഒരു കഷ്ണം ബ്രെഡ് നല്‍കുകയാണവള്‍. “ഇവിടെ ജീവിച്ചിരിക്കാന്‍ പറ്റുന്നുണ്ട്.”

ഡയസിനെപ്പോലുള്ള വെനെസ്വേലക്കാര്‍ക്ക് നിലനില്‍ക്കുന്നതുപോലും ഒരു പോരാട്ടമായി മാറിയിരിക്കുന്നു. ഭക്ഷണവും മരുന്നും തേടി പതിനായിരത്തോളം വെനെസ്വേലക്കാറാണ് ഓരോ മാസവും ബ്രസീലില്‍ എത്തുന്നതെന്ന് അധികൃതര്‍ പറയുന്നു. തെരുവുകളില്‍ താവളമടിക്കുന്ന അവരെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഈ ആമസോണ്‍ അതിര്‍ത്തി നഗരങ്ങളിലെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കില്ല.

എണ്ണ സമ്പന്നമായ വെനെസ്വേല അതിന്റെ ചരിത്രത്തില്‍ മിക്കപ്പോഴും കുടിയേറ്റക്കാരുടെ ലക്ഷ്യസ്ഥാനമായിരുന്നു. ഇപ്പോള്‍ അവിടെനിന്നും ആളുകള്‍ ഓടിപ്പോവുകയാണ്. നിരന്തരമായ ഭക്ഷ്യക്ഷാമം, അന്തമില്ലാത്ത അക്രമം, ചഞ്ചലമായ പ്രസിഡണ്ട് നിക്കോളാസ് മഡുറോയുടെ നയങ്ങള്‍ എന്നിവയെല്ലാം കൂടി രാജ്യത്തെ അതിര്‍ത്തി കവാടങ്ങളെ രക്ഷപ്പെടാനുള്ള ദ്വാരങ്ങളാക്കി മാറ്റിയിരിക്കുന്നു.

കരയും, ആകാശവും വെള്ളവും ഒക്കെ ഉപയോഗിച്ചാണ് പലായനം. ധനികര്‍ക്ക് വിമാനങ്ങളില്‍ പോകാം. ബോട്ടുകളില്‍ ചെറിയ കുടിയേറ്റ സംഘങ്ങള്‍ കുറക്കാവോ, ബോനെയര്‍, തുടങ്ങിയ വെനെസ്വേലയുടെ വടക്കന്‍ തീരത്തുനിന്നും കുറച്ചു കിലോമീറ്ററുകള്‍ മാത്രം അകലേയുള കരീബിയന്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നു. എന്നാല്‍ അടിയന്തരമായി സാധങ്ങള്‍ വാങ്ങാനും അല്ലെങ്കില്‍ സ്ഥിരമായ താമസത്തിനുമായി ബ്രസീലിലേക്കും കൊളംബിയയിലേക്കും പോകുന്നവരുടെ എണ്ണം പതിനായിരങ്ങളായതോടെ മറ്റുള്ള കുടിയേറ്റങ്ങള്‍ ചെറുതായി.

വെനസ്വേലയുടെ സാമ്പത്തിക പ്രതിസന്ധി വലിയ തോതിലുള്ള കുടിയേറ്റ പ്രവാഹം സൃഷ്ടിക്കുമെന്ന് അയല്‍രാഷ്ട്രങ്ങള്‍ക്ക് ആശങ്കയുണ്ട്.

ഓരോ മാസവും കുഴപ്പങ്ങള്‍ മൂര്‍ച്ഛിക്കുകയാണ്. ഡിസംബര്‍ മധ്യത്തില്‍ ഏറ്റവു ഉയര്‍ന്ന മൂല്യനുള്ള ബാങ്ക് നോട്ട് നിരോധിക്കാന്‍ മഡുറൊ ശ്രമിച്ചു. സോഷ്യലിസ്റ്റ് സര്‍ക്കാരിനെതിരായ വിദേശശക്തികളുടെ ഗൂഢാലോചനയെ തോല്‍പ്പിക്കാനാണ് ഇതെന്നായിരുന്നു ന്യായം. എന്നാല്‍ കാശ് കിട്ടാതായി, ചെറുകിട വില്‍പ്പന മരവിച്ചു, കലാപവും കൊള്ളയും പൊട്ടിപ്പുറപ്പെട്ടതോടെ മഡുറോ നീക്കം നിര്‍ത്തിവെച്ചു.

വെനെസ്വേല നീറിപ്പുകയുകയാണെന്നും കാശില്ലാതെ വലയുന്ന മഡുറോയുടെ സര്‍ക്കാരിന് നിലനില്‍ക്കാന്‍ അന്താരാഷ്ട്ര എണ്ണവിലയില്‍ വലിയ കുതിപ്പുണ്ടായാലെ സാധ്യമാകൂ എന്നതിന് ലോകത്തിനുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു അത്.

“പ്രശ്നം ഇനിയും രൂക്ഷമാകും എന്നാണ് ഞങ്ങള്‍ കരുതുന്നത്, “ ബ്രസീല്‍ നിയമ മന്ത്രാലയത്തിലെ കുടിയേറ്റ വിഭാഗത്തിന്റെ മേധാവി ഗുസ്താവോ മറോണ്‍ പറഞ്ഞു. “കുടിയേറ്റ പ്രശ്നം അതിന്റെ ഉറവിടത്തിലെ പ്രശ്ന പരിഹാരത്തില്‍ ഇടപെട്ടാണ്, കുടിയേറ്റലക്ഷ്യത്തിലല്ല തീര്‍ക്കേണ്ടത്.”

ബ്രസീലും കൊളംബിയയുമായുള്ള വെനെസ്വേല അതിര്‍ത്തി മഡുറൊ കഴിഞ്ഞ വര്‍ഷം പല തവണ അടയ്ക്കുകയും വലിയ മുന്നറിയിപ്പില്ലാതെ തുറക്കുകയും ചെയ്തിരുന്നു. ഇതും നാട്ടിലെ പട്ടിണിയും സാമൂഹ്യ അരക്ഷിതാവസ്ഥയും വിട്ടു അന്യദേശങ്ങളിലെ അപകടങ്ങള്‍ എന്തായാലും പോകാനുള്ള ഒരു അടിയന്തര ത്വര വെനെസ്വേലക്കാരില്‍ ഉണ്ടാക്കുന്നുണ്ട്.

വെനസ്വേലയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ പൊടുന്നനെയുള്ള തളളില്‍ ബ്രസീലിന്റെ സര്‍ക്കാര്‍ സേവന സംവിധാനങ്ങള്‍ വലയുകയാണ്. അവരുടെ വരവ് ഒരു കുഞ്ഞ് ദരിദ്ര സംസ്ഥാനമായ റോറെയ്മയെ ശ്വാസം മുട്ടിക്കുന്നു.

അതിര്‍ത്തിയിലെ ആശുപത്രികളിലെ 60% രോഗികളും വെനെസ്വേലക്കാരാണ്. വെനെസ്വേലക്കാരായ നിരവധി ലൈംഗിക തൊഴിലാളികള്‍ എത്തിയതോടെ ലൈംഗികബന്ധത്തിലൂടെ പടരുന്ന രോഗങ്ങള്‍ ബാധിച്ചവരുടെ എണ്ണം പെരുകുകയാണ്. ഡിസംബറില്‍ അതിര്‍ത്തി കടന്നെത്തുന്നവറെ തടയാന്‍ റോറെയ്മ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രാഖ്യാപിക്കുകയും ദേശീയ സഹായം ആവശ്യപ്പെടുകയും ചെയ്തു.

വെനെസ്വേലക്കാര്‍ക്ക് വിസ കൂടാതെ ബ്രസീലില്‍ വരികയും 90 ദിവസം വരെ താമസിക്കുകയും ചെയ്യാം.പക്ഷേ പാസ്പോര്‍ട് ഇല്ലാത്ത വെനെസ്വെലക്കാരും പരിശോധനകള്‍ വെട്ടിച്ച് കടക്കാറുണ്ട്. പാക്റെയ്മയ്ക്ക് ചുറ്റും വനമേഖലയായതുകൊണ്ട് ബ്രസീലിലേക്ക് കടക്കാന്‍ എളുപ്പമാണ്.

ഇരുട്ടി വെളുക്കുമ്പോഴേക്കും പാകറെയ്മ പോലുള്ള ഉറങ്ങിക്കിടന്ന പട്ടണങ്ങള്‍ അന്താരാഷ്ട്ര വ്യാപാരത്തിന്റെ തിരക്കുപിടിച്ച കേന്ദ്രങ്ങളായി. താത്ക്കാലിക വിപണനകേന്ദ്രങ്ങളില്‍ ഭക്ഷണവും മരുന്നും സോപ്പും അടക്കം വെനെസ്വേലയില്‍ ദുര്‍ലഭമായ സാധനങ്ങളെല്ലാം വില്‍ക്കുന്നു.

അനുദിനം വിലയിടിയുന്ന തങ്ങളുടെ ബോളീവറുകള്‍ നിറച്ച പ്ലാസ്റ്റിക് സഞ്ചികളുമായി അതിര്‍ത്തികടത്തി കൊണ്ടുപോകാവുന്ന 50 പൌണ്ട് അരിച്ചാക്കുകള്‍ കിട്ടാവുന്നത്ര കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ തിരക്കുകൂട്ടുകയാണ് വെനെസ്വേലക്കാര്‍. പട്ടണത്തിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളും- സൌന്ദര്യവര്‍ദ്ധക കഥകള്‍ മുതല്‍ പ്രാദേശിക വിനോദസഞ്ചാര സ്ഥാപനം വരെ- കഥകളുടെ മുന്നില്‍ അരിയും, പഞ്ചസാരയും നിറച്ച ചാക്കുകള്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നു.

വാഹനങ്ങളുടെ ചക്രങ്ങള്‍ക്കും മറ്റ് അനുബന്ധ ഭാഗങ്ങള്‍ക്കും പുറമെ ധാന്യച്ചാക്കുകളും വില്‍ക്കുന്നു അഡ്രിയാണോ ബ്രിട്ടോ. ആറുമാസത്തിനുള്ളില്‍ അയാളുടെ പ്രതിദിന കച്ചവടം 3000 ഡോളറില്‍ നിന്നും 25,000 ഡോളറായി ഉയര്‍ന്നു. “ഇതിത്ര വേഗം ഇങ്ങനെയാകുമെന്ന് എനിക്ക് ഊഹാമുണ്ടായിരുന്നില്ല.”

പല ബ്രസീലുകാരും വ്യാപാരത്തെ സ്വാഗതം ചെയ്യുമ്പോള്‍ സംഗതികള്‍ കൈവിട്ടുപോവുകയാണെന്ന് മറ്റ് പലരും മുന്നറിയിപ്പ് നല്‍കുന്നു.

“ഒട്ടും സുരക്ഷിതത്വമോ ശുചിത്വമോഇല്ല,” ഡയസും മറ്റ് പല കുടുംബങ്ങളും തട്ടിക്കൂട്ടിയ കൂരകളില്‍ കഴിയുന്ന തെരുവിനപ്പുറമുള്ള ഭക്ഷണശാലയുടെ ഉടമസ്ഥന്‍ ഒസ്വാള്‍ഡോ ഡോ പാര(55) പറഞ്ഞു. അയാളുടെ ഭക്ഷണ മേശകള്‍ക്ക് അല്‍പമകലെ അയയില്‍ കീറിയ തുണികളും അടിവസ്ത്രങ്ങളും ഉണക്കാനിട്ടിരിക്കുന്നു. “മറ്റൊരു രാജ്യം അവിടത്തെ ജനങ്ങളെ അവഗണിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ഞാനാണ് സഹിക്കേണ്ടിവരുന്നത്.”

ബ്രസീലിലേക്ക് എളുപ്പത്തില്‍ വരാനാകുമെങ്കിലും വെനെസ്വേലക്കാര്‍ക്ക് അവിടെ ജോലി ചെയ്യണമെങ്കില്‍ കുടിയേറ്റത്തിനോ അഭയാര്‍ത്ഥികള്‍ക്കൊ ഉള്ള വിസ വേണം. വിസ കിട്ടാന്‍ ബുദ്ധിമുട്ടായതുകൊണ്ട് പല വെനെസ്വേലക്കാരും ഭക്ഷണവില്‍പ്പന, വഴിയില്‍ വണ്ടികളുടെ ചില്ലുതുടയ്ക്കുക, അതിര്‍ത്തിയില്‍ ചരക്കിറക്കുക തുടങ്ങിയ അനൌപചാരിക തൊഴിലുകളില്‍ ഏര്‍പ്പെടുന്നു. വെനെസ്വേലക്കാരുടെ കുറഞ്ഞ കൂലിയുമായി മത്സരിക്കാന്‍ കഴിയുന്നില്ലെന്ന് പറയുന്ന നാട്ടുകാരും അവരും തമ്മിലുള്ള സംഘര്‍ഷങ്ങളും മൂര്‍ച്ഛിക്കുന്നുണ്ട്.

വെനെസ്വേലയുടെ അതിര്‍ത്തിയിലുള്ള കൊളംബിയന്‍ നഗരങ്ങളിലും സമാനമായ പ്രതിസന്ധിയാണ്. നാട്ടിലെ ക്ഷാമം മൂലം ഭക്ഷണവും മറ്റ് സാധനങ്ങളും വാങ്ങാനായി അതിര്‍ത്തി കടന്നെത്തിയത് 6 ദശലക്ഷം വെനെസ്വേലക്കാരാണെന്ന് കൊളംബിയന്‍ അധികൃതര്‍ പറയുന്നു.

ഔദ്യോഗിക പരിശോധനകളൊന്നും കാര്യമായി ഇല്ലാത്തതിനാല്‍ വിനോദസഞ്ചാരികളെപ്പോലെ വെനെസ്വേലക്കാര്‍ക്ക് കൊളംബിയയില്‍ എത്താം. എത്ര പേര്‍ തിരിച്ചുപോകുന്നു എന്നതിന് കണക്കില്ല. പലരും അവിടെ താമസിച്ചു ജോലി ചെയ്യുകയാണെന് കൊളംബിയന്‍ കുടിയേറ്റ മേധാവി ക്രിസ്റ്റ്യന്‍ ക്രൂഗര്‍ പറയുന്നു. അനുമതിയില്ലാതെ ജോലിചെയ്തിരുന്ന 2,000 വെനെസ്വേലക്കാരെ കഴിഞ്ഞ വര്‍ഷം കൊളംബിയ പിടികൂടിയെന്നും ക്രൂഗര്‍ പറഞ്ഞു.

എന്നാല്‍ വെനെസ്വേലയില്‍ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് സഹായകമായ വ്യാപാരം അനുവദിക്കുന്ന തുറന്ന അതിര്‍ത്തി നയം തുടരുമെന്ന് ക്രൂഗറും മറ്റ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.

“അവരുടെ കഷ്ടകാലത്തില്‍ വെനെസ്വേലന്‍ ജനതയോട് ഞങ്ങള്‍ക്ക് മുഖം തിരിക്കാനാകില്ല,” അയാള്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള, വനപ്രദേശങ്ങള്‍ നിറഞ്ഞ 1400 കിലോമീറ്റര്‍ അതിര്‍ത്തി അടയ്ക്കുക എന്നത് ഏതാണ്ട് അസാധ്യമാണ് എന്നും ക്രൂഗര്‍ വ്യക്തമാക്കി.

എന്നിരുന്നാലും വെനെസ്വേലയുടെ തകര്‍ച്ചയ്ക്കോ കൂട്ട പലായനത്തിനോ കൊളംബിയ തയ്യാറെടുക്കുന്നതായി ക്രൂഗര്‍ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെയും അന്താരാഷ്ട്ര സഹായ സംഘടനകളുടെയും സഹായവും തേടിയേക്കും.

“എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങളുടെ രാജ്യത്തെ ഓരോ സര്‍ക്കാര്‍ സ്ഥാപനത്തിനും അറിയാം.,” പൊലീസ്, സൈന്യം, ആരോഗ്യ വകുപ്പ് എന്നിവയടക്കം. “അതിര്‍ത്തി പ്രദേശത്തെ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ ബാധിക്കുന്ന ഒന്നാണിത്.


Next Story

Related Stories