TopTop

കേരളത്തില്‍ ഹിന്ദുത്വത്തെ ശക്തിപ്പെടുത്താന്‍ യുവാക്കള്‍ക്ക് പരിശീലനവുമായി വിഎച്ച്പി

കേരളത്തില്‍ ഹിന്ദുത്വത്തെ ശക്തിപ്പെടുത്താന്‍ യുവാക്കള്‍ക്ക് പരിശീലനവുമായി വിഎച്ച്പി
ഹിന്ദുത്വത്തെ ശക്തിപ്പെടുത്തുകയും കേരളത്തിലെ ഇസ്ലാമിക ശക്തികളെ തോല്‍പ്പിക്കാനുമായി വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും പത്ത് ദിവസത്തെ ശിബിരം സംഘടിപ്പിക്കാനൊരുങ്ങുന്നു. ബജ്രംഗികള്‍ക്ക് കായികവും ബൗധികവുമായ പരിശീലനം നല്‍കുന്നുവെന്നാണ് പറയുന്നതെങ്കിലും ഈ ശിബിരം ലക്ഷ്യമിടുന്നത് വര്‍ഗ്ഗീയ ധ്രുവീകരണവും ഇതര മതങ്ങളെ കായികമായി തന്നെ നേരിടാനുള്ള തയ്യാറെടുപ്പുകളുമാണെന്ന് വിഎച്ച്പിയും ബജ്രംഗദളും ചേര്‍ന്ന് പുറത്തിറക്കിയ നോട്ടീസില്‍ നിന്നും വ്യക്തമാണ്. വയനാട് പുല്‍പ്പള്ളിയിലാണ് ശിബിരം സംഘടിപ്പിക്കുന്നത്.

ഇന്ത്യയില്‍ ഹിന്ദുത്വ മുന്നേറ്റത്തിന് അനുകൂലമായ ഒരു കാവി തരംഗം അലയടിക്കുകയാണെന്നും ഹിന്ദുവിന്റെ ദീര്‍ഘകാലത്തെ തീവ്ര അഭിലാഷമായ രാമക്ഷേത്രം നിര്‍മ്മിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും വിശ്വഹിന്ദു പരിഷത് പറയുന്നു. അതേസമയം ഭാരതത്തിലെ ഹിന്ദുത്വ വളര്‍ച്ചയ്ക്കനുസരിച്ച് കേരളത്തിലെ വളര്‍ച്ചയ്ക്ക് ഇനിയും മുന്നേറേണ്ടതുണ്ടെന്നാണ് ഇവരുടെ നോട്ടീസില്‍ ആഹ്വാനം ചെയ്യുന്നത്. ഇസ്ലാമിക മതമൗലിക ശക്തികള്‍ കേരളത്തില്‍ ശക്തിപ്പെട്ടിരിക്കുന്നു. ലൗജിഹാദ് പോലുള്ള പ്രണയക്കെണികള്‍ കേരളത്തില്‍ വ്യാപകമായിരിക്കുന്നു. ഇതിനെ ചെറുക്കാനും തോല്‍പ്പിക്കാനും ഹിന്ദുയുവതയെ സജ്ജമാക്കേണ്ടിയിരിക്കുന്നുവെന്നാണ് നോട്ടീസ് പറയുന്നു. ഏത് പ്രതികൂല സാഹചര്യത്തെയും നേരിടുവാന്‍ അതികഠിന പരിശീലനം നല്‍കി സമര്‍ത്ഥരായ ബജ്രംഗികളെ സമൂഹത്തില്‍ വിന്യസിപ്പിക്കേണ്ടതുണ്ട്. അതിനായി സമര്‍ത്ഥരായ യുവാക്കളെ കണ്ടെത്തി ശിബിരത്തില്‍ പങ്കെടുപ്പിക്കണമെന്ന് നോട്ടീസ് ആവശ്യപ്പെടുന്നു.

മെയ് അഞ്ച് മുതല്‍ 12 വരെ ബജ്രംഗദളിന്റെയും ഇതേവേദിയില്‍ അഞ്ച് മുതല്‍ 15 വരെ വിഎച്ച്പിയുടെയും ശിബിരം നടക്കും. അതേസമയം എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ശിബിരമാണ് ഇക്കൊല്ലത്തേതെന്നും ഇത് കേരളത്തില്‍ ആദ്യമായല്ലെന്നും വിഎച്ച്പി വിഭാഗ് സംഘടനാ സെക്രട്ടറി കെ ശ്രീധരന്‍ അഴിമുഖത്തോട് പറഞ്ഞു. ഇത്തരം ശിബിരങ്ങള്‍ സാധാരണവും പുതുമയില്ലാത്തതുമാണെന്നാണ് വിഎച്ച്പിയുടെ നിലപാട്. ബൗധിക വികാസത്തിനാവശ്യമായ ക്ലാസുകള്‍ക്കൊപ്പം കായിക പരിശീലനം മാത്രമാണ് തങ്ങള്‍ നടത്തുന്നതെന്നും ആയുധ പരിശീലനമെന്നും അവര്‍ വ്യക്തമാക്കുന്നു.


Next Story

Related Stories