TopTop
Begin typing your search above and press return to search.

വിദ്യാഭ്യാസ വകുപ്പിന്റെ 'കാര്യക്ഷമത'കൊണ്ട് വിക്‌ടേഴ്‌സ് ചാനലും പൂട്ടുമോ?

വിദ്യാഭ്യാസ വകുപ്പിന്റെ കാര്യക്ഷമതകൊണ്ട് വിക്‌ടേഴ്‌സ് ചാനലും പൂട്ടുമോ?

രാകേഷ് നായര്‍

കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമായി പ്രവര്‍ത്തിച്ചു പോന്നിരുന്ന വിക്‌ടേഴ്‌സ് ചാനല്‍ അടച്ചു പൂട്ടുന്നോ? തെറ്റായ ആരോപണമെന്ന് ചാനലുമായി ബന്ധപ്പെട്ടവര്‍ പറയുമ്പോഴും വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ചാനല്‍ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണെന്നത് യാഥാര്‍ത്ഥ്യമാണ്. പ്രശംസനീയമായ രീതിയില്‍ പ്രവര്‍ത്തിച്ചു പോന്നിരുന്ന ചാനല്‍, നിലവില്‍ നേരിടുന്ന പ്രധാനപ്രശ്‌നം നൂതന സാങ്കേതിക ഉപകരണങ്ങളുടെ അഭാവമാണെങ്കിലും അതോടൊപ്പം നിരുത്തരവാദിത്വപരമായ സമീപനത്തോടെയാണ് ചിലര്‍ ചാനലുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതെന്ന ആരോപണവും തള്ളിക്കളയാവുന്ന ഒന്നല്ല.

ചാനലിന്റെ ഇപ്പോഴത്തെ അവസ്ഥ

കഴിഞ്ഞ ആറുദിവസമായി ചാനലിന്റെ ഭൂതല സംപ്രേക്ഷണം നിലച്ചിരിക്കുകയാണ്. സംപ്രേക്ഷണത്തിനുള്ള ഹബ് ഉപകരണങ്ങള്‍ തകരാറിലായതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. ഉപകരണങ്ങളുടെ കാലപ്പഴക്കമാണ് തകരാറിന് പിന്നില്‍. പത്തുവര്‍ഷം മുമ്പ് ചാനല്‍ സംപ്രേക്ഷണം ആരംഭിക്കുമ്പോള്‍ ഉണ്ടായിരുന്ന ഉപകരണങ്ങള്‍ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പരീക്ഷ സമയത്ത് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകരമായ രീതിയില്‍ പ്രവര്‍ത്തിച്ചുപോന്നിരുന്ന ചാനലിന്റെ സംപ്രേക്ഷണം മുടങ്ങിയതാണ് ഇവിടെ ചര്‍ച്ചയാകേണ്ടത്. പാഠഭാഗങ്ങളെക്കുറിച്ചുള്ള പ്രത്യേക പരിപാടിയും പരീക്ഷ സമയത്ത് നടത്തുന്ന ഫോണ്‍ ഇന്‍ കോള്‍ പ്രോഗ്രാമുമെല്ലാം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമായിരുന്നു. ഓരോ പരീക്ഷയുടെ തലേന്നും ആ പരീക്ഷ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ ടോള്‍ ഫ്രീ നമ്പരില്‍ വിദഗ്ധരായ അധ്യാപകരുമായി ഇന്‍ട്രാക്ട് ചെയ്യാനുള്ള അവസരം ചാനലിലൂടെ ലഭിച്ചിരുന്നു. സംപ്രേക്ഷണം മുടങ്ങിയതോടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരം സൗകര്യങ്ങളുടെ നഷ്ടം നേരിടേണ്ടി വന്നത്.

അഭിമാനകരമായി മാറിയ ചാനല്‍

2005 ല്‍ അന്നത്തെ രാഷ്ട്രപതിയായിരുന്ന എ പി ജെ അബ്ദുള്‍ കലാം മുന്‍കൈയെടുത്താണ് രാജ്യത്തിന്റെ വിദ്യാഭ്യാസരംഗത്ത് ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ പുരോഗതി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എഡ്യുസാറ്റ് ഉപഗ്രഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ടറാക്ടീവ് ടെര്‍മിനല്‍ എന്ന സംരംഭം കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ ആരംഭിക്കുന്നത്. ഐഎസ്ആര്‍ഒ ആണ് ചാനലിന് ആവശ്യമായ ഉപകരണങ്ങള്‍ കൈമാറിയതും സൌജന്യമായി സാറ്റ്‌ലൈറ്റ് സൗകര്യം ഒരുക്കിയതും. മറ്റു സംസ്ഥാനങ്ങളില്‍ ഇന്‍ട്രാക്ഷന്‍ പ്രോഗ്രാമുകള്‍ മാത്രമായപ്പോള്‍ കേരളത്തിലാണ് 17 മണിക്കൂര്‍ ദൈര്‍ഘ്യത്തിലേക്ക് സംപ്രേക്ഷണം നീട്ടിയതും ഇതിനൊരു ചാനല്‍ രൂപം നല്‍കിയതും. ഐടി@സ്‌കൂള്‍ ടെക്‌നിക്കല്‍ ഡയറക്ടറായിരുന്ന ബിജു പ്രഭാകറാണ് ഈ മുന്നേറ്റത്തിനു ചുക്കാന്‍ പിടിച്ചത്. അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയുടെ പൂര്‍ണ പിന്തുണയോടെയായിരുന്നു ഇത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടിയില്‍ വന്‍സ്വീകാര്യതയാണ് വിക്ടേഴ്‌സ് ചാനലിന് ലഭിച്ചത്. ഇന്ത്യയില്‍ തന്നെ മാതൃകയായി മാറിയ ചാനലിന് അന്താരാഷ്ട്രതലത്തില്‍ നിന്നുപോലും അഭിനന്ദനങ്ങള്‍ കിട്ടുകയുണ്ടായി. ശ്രീലങ്കന്‍ വിദ്യാഭ്യാസ സംഘം ഈ ചാനല്‍ സന്ദര്‍ശിക്കാനെത്തിയതും ജര്‍മനി ആസ്ഥാനമായുള്ള ഡെലൂഷ്യ ചാനലും ബിബിസിയും തങ്ങളുടെ എജ്യുക്കേഷന്‍ കണ്ടന്റുകള്‍ വിക്ടേഴ്‌സിനു കൈമാറാന്‍ തയ്യാറായതുമെല്ലാം ഏറെ അഭിമാനകരമായ നേട്ടങ്ങളായിരുന്നു. കാലക്രമത്തില്‍ മറ്റുസംസ്ഥാനങ്ങളില്‍ ചാനല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചപ്പോള്‍ കേരളത്തിലിത് കൂടുതല്‍ മികവോടെ മുന്നോട്ടു പോവുകയായിരുന്നു. നാഷണല്‍ ഫിലിം ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷനും വിക്ടേഴ്‌സുമായി സഹകരിക്കാന്‍ തയ്യാറായി. ഇത്തരമൊരു അവസ്ഥയില്‍ നിന്നാണ് പൂര്‍ണ്ണമായും പൂട്ടിപ്പോകുമോ എന്ന ഭയത്തിലേക്ക് ചാനല്‍ വന്നുവീണിരിക്കുന്നത്.

സംപ്രേക്ഷണം നിലയ്ക്കാന്‍ കാത്തിരിക്കുകയായിരുന്നോ?

പത്തുവര്‍ഷം മുമ്പ് ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ വിതരണം ചെയ്ത ഉപകരണങ്ങളിലാണ് ചാനല്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. കാലപ്പഴക്കമേറിയ ഈ ഉപകരണങ്ങള്‍ ചാനലിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്ന റിപ്പോര്‍ട്ട് അധികൃതര്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സമര്‍പ്പിച്ചതാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടികളും കൈക്കൊള്ളാന്‍ ആരും ശ്രമിച്ചില്ല. ഈ അനാസ്ഥയാണ് കാര്യങ്ങള്‍ ഇവിടെവരെ കൊണ്ടുവന്നെത്തിച്ചത്. മൂന്നുമാസങ്ങള്‍ക്കു മുമ്പ് തന്നെ ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കണമെന്ന് നിര്‍ദേശിച്ച് ഹബ് എഞ്ചിനീയര്‍ തന്നെ ഐടി@സ്‌കൂള്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ സര്‍ക്കാര്‍കാര്യം മുറ പോലെയേ നടക്കൂ എന്ന സമീപനം ചിലര്‍ കൈക്കൊണ്ടതോടെ റിപ്പോര്‍ട്ട് വിശ്രമത്തിലായി. ചട്ടപ്രകാരം കാര്യം നടത്തുന്നതിനാണോ അതോ തങ്ങള്‍ക്ക് കമ്മീഷനൊന്നും കിട്ടാത്ത കച്ചവടത്തിന് ചിലര്‍ താല്‍പര്യം കാണിക്കാതിരുന്നതാണോ യഥാര്‍ത്ഥ വസ്തുത?

ചാനലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരില്‍ ചിലര്‍ തന്നെയാണ് ഇത്തരം സംശയം ഉയര്‍ത്തുന്നതും. ഐഎസ്ആര്‍ഒ സര്‍ട്ടിഫൈ ചെയ്തിട്ടുള്ള ഹ്യൂഗ്‌സ് എന്ന സ്ഥാപനമാണ് ചാനലിനാവശ്യമായ ഉപകരണങ്ങള്‍ നല്‍കിയത്. കഴിഞ്ഞ പത്തുവര്‍ഷമായി ഹ്യൂഗ്‌സുമായി എ എം സി (ആനുവല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്റ്റ്) പുതുക്കിയെടുത്ത് കാര്യങ്ങള്‍ മുന്നോട്ടുപോവുകയായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ എ എം സി പുതുക്കി കിട്ടാതെ വന്നതോടെയാണ് കുഴപ്പങ്ങള്‍ ആരംഭിക്കുന്നത്. ഇന്‍കോഡര്‍ സംവിധാനമാണ് ആദ്യം തകരാറിലായത്. തുടര്‍ന്ന് ട്രാന്‍സിസ്റ്റര്‍ സംവിധാനത്തിനും തകരാര്‍ സംഭവിക്കുകയും അതോടെ സംപ്രേക്ഷണം നിലയ്ക്കുകയുമായിരുന്നു. ഒരു കോടി അറുത്തിനാല് ലക്ഷം രൂപയുടെ എക്യുപ്‌മെന്റ്‌സ് ഹ്യൂഗ്‌സില്‍ നിന്ന് വാങ്ങണം. ഇതിനായി രണ്ടുകോടി രൂപ അനുവദിക്കപ്പെട്ടതുമാണ്. രണ്ടുമാസം മുമ്പ് അനുവദിച്ചു കിട്ടിയ ഫണ്ട് എന്തുകൊണ്ട് വിനിയോഗിച്ചില്ല എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന സംശയങ്ങള്‍ക്ക് ആധാരമെന്ന് ചാനലിലെ ഒരു സാങ്കേതിക പ്രവര്‍ത്തകന്‍ പറയുന്നു.

ആരോപണങ്ങള്‍ കഴമ്പുള്ളതാണോ?

ഡിപിഐ രണ്ടുകോടി രൂപ ചാനല്‍ എക്യുപ്‌മെന്റ്‌സിനായി നീക്കിവച്ചിരുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ ആ തുക കൃത്യമായി വിനിയോഗിക്കാന്‍ കഴിഞ്ഞില്ല. എന്തുകൊണ്ട്? ചാനലിന്റെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് താന്‍ കാണുന്നത് സംപ്രേക്ഷണം നിലയ്ക്കുന്നതിന് ഒരു ദിവസം മുമ്പ് മാത്രമാണെന്നാണ് ഈ ചോദ്യത്തിന് ഡിപിഐ എസ്. ജയ ഐഎഎസ് പ്രതികരിച്ചത്. പ്രതിസന്ധികള്‍ ഉടന്‍ പരിഹരിക്കുമെന്നും ഇന്ന് റാഞ്ചിയില്‍ നിന്നും എത്തിക്കുന്ന എക്യുപ്‌മെന്റ്‌സ് ലഭിക്കുന്നതോടെ മൂന്നുദിവസത്തിനുള്ളില്‍ സംപ്രേക്ഷണം പുനരാരംഭിക്കാന്‍ സാധിക്കുമെന്നും ഡിപിഐ പറയുന്നു. ഹ്യൂഗ്‌സുമായി എ എം സി പുതുക്കുന്നതില്‍ വന്ന ബുദ്ധിമുട്ടാണ് പ്രതിസന്ധി സൃഷ്ടിച്ചത്. സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കൊന്നൊരു സ്ഥാപനമാണിത്. തീരുമാനങ്ങള്‍ക്കും നടപടികള്‍ക്കും ലിമിറ്റേഷനുകളുണ്ട്. എക്യുപ്‌മെന്റ്‌സ് മാറ്റുക എന്നത് കേരളത്തില്‍ മാത്രമായി നടപ്പിലാക്കുക ബുദ്ധിമുട്ടാണ്. ഇതൊരു കേന്ദ്രസര്‍ക്കാര്‍ പ്രൊജക്ടാണ്. മറ്റു സംസ്ഥാനങ്ങളിലും ഈ പ്രൊജക്ടിന്റെ കീഴില്‍ വിദ്യാഭ്യാസ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലായിടത്തും ഇതേ മെറ്റീരിയലുകള്‍ തന്നെ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ നമ്മുടെ ആവശ്യങ്ങള്‍ ഉടനടി അംഗീകരിച്ചു കിട്ടുകയെന്നതിന് പ്രായോഗികമല്ലെന്നും ഡി പി ഐ പറയുന്നു.

വിക്ടേഴ്‌സ് ചാനലിന്റെ ഹെഡ് സലിന്‍ മാങ്കുഴിയും പറയുന്നത് ഇതേ കാരണങ്ങളാണ്. ചാനല്‍ തുടങ്ങുന്ന സമയത്ത് ഐ എസ് ആര്‍ ഒ ഫ്രീ ഓഫ് കോസ്റ്റില്‍ നല്‍കിയ ഉപകരണങ്ങളാണ് കേരളത്തിലടക്കം 12 സംസ്ഥാനങ്ങളിലും ഉപയോഗിച്ചു വരുന്നത്. ഈ ഉപകരണങ്ങള്‍ നവീകരിക്കുന്നതിനും ഐഎസ്ആര്‍ഒയുടെ അനുവാദം ആവശ്യമാണ്. കാലപ്പഴക്കം കൊണ്ട് ഉപകരണങ്ങള്‍ നവീകരിക്കുന്നതിനുള്ള അനുമതി നല്‍കണമെന്ന് കഴിഞ്ഞ വര്‍ഷം ഐഎസ്ആര്‍ഒയ്ക്ക് അപേക്ഷ നല്‍കിയിരുന്നതുമാണ്. എന്നാല്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുള്‍പ്പെടെ എഡ്യുസാറ്റ് അപ് ഗ്രെയ്ഡ് ചെയ്യുന്നതിനായി പദ്ധതിയുണ്ടെന്നും. വിക്ടേഴ്‌സിനെയും അതില്‍ ഉള്‍പ്പെടുത്താമെന്നായിരുന്നു അവരുടെ മറുപടി. ഒടുവില്‍ ഈ വര്‍ഷമാണ് ഉപകരണങ്ങള്‍ നവീകരിക്കുന്നതിനായുള്ള അനുമതി അവര്‍ നല്‍കുന്നത്. ഈ അനുമതി കിട്ടിയശേഷമാണ് സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുന്നത്. സര്‍ക്കാര്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ഫണ്ട് അനുവദിക്കുകയും അഡ്മിനിസ്‌ട്രേഷന്‍ അനുമതി ലഭ്യമാക്കുകയും ചെയ്തു. തുടര്‍ നടപടികള്‍ നടക്കുന്നതിനിടയിലാണ് ഇപ്പോള്‍ സാങ്കേതിക തകരാര്‍ വന്നുഭവിക്കുകയും സംപ്രേക്ഷണം മുടങ്ങുകയും ചെയ്തത്. ഇത് അപ്രതീക്ഷിതമായി ഉണ്ടായതാണ്. ഇങ്ങനെയൊന്നു സംഭവിച്ചില്ലായിരുന്നെങ്കില്‍ ചാനലിന്റെ സംപ്രേക്ഷണം നിലയ്ക്കാതെ തന്നെ രണ്ടു മൂന്നു മാസത്തിനുള്ളില്‍ പുതിയ ഉപകരണങ്ങള്‍ വാങ്ങി സാങ്കേതികൗസകര്യങ്ങള്‍ കാര്യക്ഷമമാക്കുമായിരുന്നു. പെട്ടെന്ന് സംഭവിച്ച തകരാര്‍ ആയതുകൊണ്ടാണ് റാഞ്ചിയില്‍ നിന്ന് നമുക്കാവശ്യമായ ആര്‍ എസ് എക്യുപ്‌മെന്റ്‌സ് കൊണ്ടുവരേണ്ട സാഹചര്യമുണ്ടായത്. റാഞ്ചിയില്‍ നിലവില്‍ ഈ ഉപകരണം ഉപയോഗത്തിലല്ലാത്ത അവസ്ഥയിലാണ്. അടുത്ത മൂന്നുദിവസത്തിനുള്ളില്‍ തന്നെ സംപ്രേക്ഷണം പുനരാംരഭിക്കാനും സാധിക്കും. നവീകരിച്ച ഉകരണങ്ങള്‍ വാങ്ങുന്നതിനുള്ള നടപപടികളും ഇതിനോടൊപ്പം നടക്കുന്നത്. പുതിയ ഉപകരണങ്ങള്‍ ലഭ്യമായാല്‍ അവ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെടുക്കുന്ന കാലതാമസം കൂടി പിന്നിട്ടാല്‍ ചാനലിന്റെ സാങ്കേതിമേഖല കൂടുതല്‍ കാര്യക്ഷമമോടെ പ്രവര്‍ത്തനമാരംഭിക്കും.അതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായ പരിപാടികള്‍ ഉള്‍പ്പെടുത്താനുള്ള പദ്ധതികളും നടപ്പിലാക്കുന്നുണ്ട്; സലിന്‍ മാങ്കുഴി പറയുന്നു.

ഇപ്പോള്‍ നടക്കുന്നത് ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കലോ, ചാനല്‍ പൂട്ടുമോ?

റാഞ്ചിയില്‍ നിന്ന് ഉപകരണങ്ങള്‍ കൊണ്ടുവന്ന് സംപ്രേക്ഷണം പുനരാരംഭിക്കുന്നുവെന്ന് പറയുന്നു, എത്ര ദിവസത്തേക്ക്? ഇടതുപക്ഷ അധ്യാപക സംഘടനയായ കെ എസ് ടി എയുടെ ജനറല്‍ സെക്രട്ടറിയായ ഹരികൃഷണന്‍ ചോദിക്കുന്നു. താല്‍ക്കാലികമായി മാത്രമെ റാഞ്ചിയില്‍ നിന്ന് കൊണ്ടുവരുന്ന ആര്‍ എസ് എക്യുപ്‌മെന്റ് കൊണ്ട് സംപ്രേക്ഷണം നടത്താന്‍ സാധിക്കൂ. പിന്നീടത് തിരികെ നല്‍കേണ്ടി വരും. നവീകരിച്ച ഉപകരണങ്ങള്‍ നമുക്ക് ലഭ്യമാകാനുള്ള നടപടികളൊന്നും ഇതുവരെ നടപ്പിലായിട്ടില്ല എന്നതിനാല്‍ സംപ്രേക്ഷണം വീണ്ടും നിലയ്ക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ പോലെ ഇവിടെയും ഈ പ്രസ്ഥാനത്തിന് അന്ത്യമാകും. ഏറെ പ്രശംസ നേടിയെടുത്തൊരു സംരഭത്തിനാണ് ഇത്തരമൊരു ദുര്‍ഗതി; വിദ്യാഭ്യാസവകുപ്പിന്റെ പിടിപ്പുകേടാണിതിന് കാരണം - ഹരികൃഷ്ണന്‍ പറയുന്നു. ഐടി@സ്‌കൂള്‍ പദ്ധതി പോലും നിലവാര തകര്‍ച്ചയിലേക്ക് എത്തിയിരിക്കുന്നു. സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെ സംരക്ഷണത്തിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ അധികാരസ്ഥാനത്തുള്ളവര്‍.

ചാനല്‍ എക്യുപ്‌മെന്റ്‌സ് ഹ്യൂഗ്‌സില്‍ നിന്നുമാത്രമെ വാങ്ങാന്‍ സാധിക്കുകയുള്ളൂ. ഐഎസ്ആര്‍ഒ അവരെ മാത്രമെ അംഗീകരിക്കുന്നുള്ളൂവെന്നതുകൊണ്ട് മറ്റൊരു ഓപ്ഷനില്ല ( ഐസ്ആര്‍ഒ യ്ക്ക് ഹ്യൂഗ്‌സിനോട് എന്തുകൊണ്ടാണ് ഇത്ര താല്‍പര്യമെന്നത് വേറെ ചോദ്യം). അതുകൊണ്ട് തന്നെ കമ്മീഷന്‍ ഇടപാടുകള്‍ക്കുള്ള സാധ്യത ഇവിടെ നിലനില്‍ക്കുന്നുമില്ല. 1.64 കോടി രൂപ എക്യുപ്‌മെന്റ്‌സ് വാങ്ങാനായി ആവശ്യമുള്ളിടത്ത് രണ്ടു കോടിയുടെ ഫണ്ടിന് പത്തു മാസങ്ങള്‍ക്കു മുമ്പേ എ എസ് ലഭിച്ചിട്ടും ഈ പണം ഹ്യൂഗ്‌സിനു നല്‍കി ഉപകരണങ്ങള്‍ വാങ്ങാന്‍ തയ്യാറായില്ല. പണം ലഭിക്കാതിരുന്നതിനാല്‍ തന്നെയാണ് ഇത്തവണ എ എം സി പതുക്കാന്‍ കമ്പനി തയ്യാറാകാതിരുന്നത്. പഴകിയ ഉപകരണങ്ങള്‍ ആണെന്നറിഞ്ഞിട്ടും അധികാരികള്‍ അനങ്ങിയില്ല. ഒടുവില്‍ സംപ്രേക്ഷണം നിലച്ചു. മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചുവരികയും ആയിരക്കണിക്കിന് വിദ്യാര്‍ത്ഥികളുടെ ആശ്രയവുമായിരുന്ന സംരംഭത്തിന് പെട്ടെന്നുണ്ടായ വീഴ്ച്ച പല ചോദ്യങ്ങള്‍ക്കും വഴിവയ്ക്കുമെന്ന് കണ്ടതോടെയാണ് പെട്ടെന്ന് റാഞ്ചിയില്‍ നിന്ന് (അതൊരു ഭാഗ്യം കൂടിയാണ്) എക്യുപ്‌മെന്റ് കൊണ്ടുവന്ന് സംപ്രേക്ഷണം പുനരാരംഭിക്കാന്‍ ശ്രമം നടത്തുന്നത്; ഹരികൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നു.

നിലവിലെ പ്രതിസന്ധി മൂന്നുദിവസത്തിനുള്ളില്‍ പരിഹരിച്ച് സംപ്രേക്ഷണം പുനരാരംഭിക്കുവാന്‍ സാധിച്ചേക്കാം. അപ്പോഴും ഉയരുന്ന ആശങ്ക ഇതൊരു താല്‍ക്കാലിക രക്ഷപെടല്‍ മാത്രമാണോ എന്നതാണ്. ഒന്നോ രണ്ടോ എക്യുപ്‌മെന്റ് മാത്രം ഉപയയോഗിച്ചതുകൊണ്ട് കാര്യമില്ല. പത്തുവര്‍ഷം മുമ്പ് ലഭ്യമായ എല്ലാ ഉപകരണങ്ങളും മാറേണ്ടതുണ്ട്. ഇത് ഹ്യൂഗ്‌സില്‍ നിന്ന് നിശ്ചിത തുക കൊടുത്ത് വാങ്ങി ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതുമാത്രമാണ് മുന്നിലുള്ള വഴി. ആവശ്യമായ കാശും അനുമതിയും ലഭിച്ചിട്ടുണ്ട് എന്നു പറയുമ്പോഴും നടപടികളൊന്നും കാര്യമായി മുന്നോട്ടു പോകാത്തതെന്താണ്? അതാണ് ചോദ്യം.

സര്‍ക്കാര്‍ ചട്ടക്രമങ്ങളെ കുറിച്ച് അറിയാവുന്ന ആര്‍ക്കും അതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ചും അറിയാം; സലിന്‍ മാങ്കുഴി പറയുന്നു. സ്വകാര്യ ചാനലുകള്‍ പോലെയല്ല ഇവിടെ കാര്യങ്ങള്‍. എക്യുപ്‌മെന്റ്‌സ് വാങ്ങാന്‍ ആവശ്യമായ ഫണ്ട് നേരിട്ട് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ സാധിക്കില്ല. ഡി പി ഐ വഴി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയിലൂടെ ആവശ്യം ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചെന്ന് വകുപ്പ് മന്ത്രി അറിഞ്ഞുകൊണ്ട് വേണം ഫണ്ട് അനുവദിക്കാന്‍. ഇതത്ര എളുപ്പം നടക്കുന്ന പ്രോസസ് അല്ലെന്ന് അറിയാല്ലോ. സ്‌റ്റോര്‍ പര്‍ച്ചേസ് നിയമപ്രകാരമാണ് ഇത്തരം കാര്യങ്ങള്‍ക്ക് തുക അനുവദിക്കുന്നത്. നിയമത്തില്‍ പറയുന്ന കാര്യങ്ങള്‍ അനുസരിച്ചേ മതിയാകൂ. ക്വട്ടേഷന്‍ വിളിക്കാതെ സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യുക ബുദ്ധിമുട്ടാണ്. നാളെ ഓഡിറ്റ് ഉണ്ടാകുമ്പോള്‍ കൃത്യമായ ഫയലുകള്‍ കാണിക്കേണ്ടതുണ്ട്. ഇവിടെയുള്ളൊരു ബുദ്ധിമുട്ട് ചാനലിനാവശ്യമായ എക്യുപ്‌മെന്റ്‌സ് ഹ്യൂഗ്‌സില്‍ നിന്ന് തന്നെ പര്‍ച്ചേസ് ചെയ്യണം. ടെന്‍ഡര്‍ വച്ചാല്‍ ഈയൊരു കമ്പനിയെ പങ്കെടുക്കൂ. മിനിമം മൂന്നു കമ്പനികളെങ്കിലും പങ്കെടുക്കുന്നുണ്ടെങ്കിലെ ഒരു ടെന്‍ഡര്‍ നിയമാനുസൃതമാകൂ. ഇത്തരത്തില്‍ സാങ്കേതികമായ പല ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. അവ തരണം ചെയ്ത് എല്ലാ കാര്യങ്ങളും ശുഭമായി തന്നെ വരും. ചാനല്‍ പൂട്ടും എന്നൊക്കെ പറയുന്നത് രാഷ്ട്രീയമായി ഉന്നയിക്കുന്ന ആരോപണങ്ങളായി മാത്രം കണ്ടാല്‍ മതി; സലിന്‍ മാങ്കുഴി വ്യക്തമാക്കുന്നു.

ഒന്നിനു പുറകെ ഒന്നായി വിദ്യാഭ്യാസ വകുപ്പിനെതിരെ ആരോപണങ്ങളും വിവാദങ്ങളും ഉയരുന്നതിനിടയിലാണ് ഇപ്പോള്‍ മറ്റൊന്നുകൂടി. പാഠപുസ്‌കം വൈകിപ്പിക്കുന്നതിലൂടെ കുട്ടികളോട് ചെയ്യുന്ന ദ്രോഹത്തിനു സമാനം തന്നെയാണ് അവര്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്ന ഈ ചാനലിന്റെ സംപ്രേക്ഷണം നിലച്ചതും. മുട്ടുശാന്തിയല്ല ഇവിടെ വേണ്ടത്. ഒരു എന്റര്‍ടെയ്ന്‍മെന്റ് ചാനല്‍ പൂട്ടുന്നതുകൊണ്ട് സമൂഹത്തിന് പ്രത്യേകിച്ച് നഷ്ടമൊന്നും സംഭവിക്കുന്നില്ല. പക്ഷെ വിക്ടേഴ്‌സ് ചാനല്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ളതാണ്. വിദ്യാര്‍ത്ഥികള്‍ നാടിന്റെ ഭാവിയാണ്. ആ ഭാവിയില്‍ തങ്ങളെക്കൊണ്ടാകുന്നതുപോലെ കരിനിഴല്‍ വീഴ്ത്താന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അത് അക്ഷന്തവ്യമായ അപരാധമാണ്.

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ് നായര്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories