TopTop
Begin typing your search above and press return to search.

അന്ന് മന്ത്രി ചന്ദ്രശേഖരൻ ഫസലിനെ ചേർത്തു പിടിച്ചു പറഞ്ഞു, ‘ഈ കുട്ടി എന്തുകൊണ്ട് ലിസ്റ്റിൽ ഉൾപ്പെട്ടില്ല?’; ഇന്നദ്ദേഹത്തിന് അവനെ ഓർത്തെടുക്കാൻ പോലുമാവുന്നില്ല

അന്ന് മന്ത്രി ചന്ദ്രശേഖരൻ ഫസലിനെ ചേർത്തു പിടിച്ചു പറഞ്ഞു, ‘ഈ കുട്ടി എന്തുകൊണ്ട് ലിസ്റ്റിൽ ഉൾപ്പെട്ടില്ല?’; ഇന്നദ്ദേഹത്തിന് അവനെ ഓർത്തെടുക്കാൻ പോലുമാവുന്നില്ല

സെക്രട്ടറിയേറ്റ് പടിക്കൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർ പട്ടിണി സമരമിരിക്കുന്ന പന്തലിൽ സമര നായിക ദയാബായുടെ മടിയിൽ ഒരു മിടുക്കൻ പയ്യൻ കിടക്കുന്നുണ്ട്. ഒമ്പത് വയസ്സുകാരൻ മുഹമ്മദ് ഫസൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇപ്പോഴത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ഫസലിനെ ചേർത്തു പിടിച്ച് ആശ്ചര്യം കൊണ്ടതാണ്. ഈ കുട്ടി എന്തുകൊണ്ട് ദുരിതബാധിതരുടെ ലിസ്റ്റിൽ ഉൾപ്പെട്ടില്ല എന്ന്. തങ്ങൾ അധികാരത്തിലെത്തിയാൽ അവന്റെ കാര്യത്തിൽ ഉടൻ പരിഹാരം കാണുമെന്ന് ഉമ്മ സമീറയ്ക്ക് വാക്കും കൊടുത്തു. ഫസലിന്റെ പേര് ഇന്നും ലിസ്റ്റിലില്ല. അർഹരായ നിരവധി പേർ ഇപ്പോഴും പട്ടികയ്ക്ക് പുറത്താണ്. ഈ അമ്മമാരുടെ ചോദ്യങ്ങൾക്ക് എന്തുകൊണ്ടാണ് സർക്കാരിന് കൃത്യമായ ഉത്തരമില്ലാത്തത്?

ഏഴു വയസ്സുകാരി അസ്ലമിയക്ക് അവളുടെ ഉമ്മ എപ്പോഴും അടുത്ത് വേണം. "മെഡിക്കൽ ക്യാമ്പിലൂടെ ഡോക്ടർമാർ കണ്ടെത്തിയ 1905 രോഗബാധിതരിൽ എന്റെ മോളുണ്ടാകുമെന്ന് നൂറ് ശതമാനം ഉറപ്പാണ്, നിങ്ങൾക്ക് തന്നെ കാണാലോ എന്റെ മോൾടെ അവസ്ഥ". അസ്ലമിയയുടെ ഉമ്മ നസീമയുടെ വാക്കുകളാണ്. നസീമയുടെ ഭർത്താവും സമരത്തിന് കൂടെ വന്നിട്ടുണ്ട്. അവളുടെ കാര്യങ്ങൾ ഒറ്റയ്‌ക്ക് നോക്കുക എന്നത് പ്രയാസമാണ്. മോള് മറ്റാരുടെ അടുത്തേക്കും പോകില്ല. ബാക്കി രണ്ട് കുട്ടികളെയും കുടുംബക്കാരുടെ വീട്ടിലാക്കിയിട്ടാണ് വന്നത്. അത്രയും ബുദ്ധിമുട്ടിലാണ് ഇവിടെയിരിക്കുന്നത്. എന്നിട്ടും യാതൊരു മനസ്സാക്ഷിയും വേണ്ടപ്പെട്ടവർ ഞങ്ങളോട് കാണിക്കുന്നില്ല. കരഞ്ഞു കൊണ്ടിരുന്ന അസ്ലിമയെ താലോലിച്ച് നസീമ പറഞ്ഞു നിർത്തി.

സാനിയയുടെ അമ്മ ഗീതയ്‌ക്ക് പറയാനുള്ളതും മനുഷ്യ നിർമ്മിത ദുരന്തം തങ്ങൾക്ക് സമ്മാനിച്ച തീരാ വ്യഥകളെ കുറിച്ച് തന്നെയാണ്. പ്രതിരോധ ശേഷി കുറവായതിനാൽ ഇടയ്ക്കിടയ്ക്ക് വരുന്ന പനിയും അപസ്‌മാരവും കഫക്കെട്ടും സാനിയയ്‌ക്കും അമ്മയ്‌ക്കും സമ്മാനിച്ചത് ഉറക്കം നഷ്ടപ്പെട്ട എത്രയോ രാത്രികളാണ്. ഭർത്താവ് മരണപ്പെട്ടു. സഹായിക്കാൻ പറയത്തക്ക ആരുമില്ല. മകളെ വീട്ടിലാക്കി ജോലിക്ക് പോകുന്നതും സാധ്യമല്ല. ഇതുവരെ ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടുമില്ല. ചികിത്സക്കായി ഇടയ്‌ക്കിടെ മംഗലാപുരം വരെ പോകുന്നതിന് തന്നെ ചെറുതല്ലാത്ത തുക ആവശ്യമാണ്. ഒരു മെഡിക്കൽ കോളജ് കാസർഗോഡ് ഉണ്ടായിരുന്നെങ്കിൽ ഈ ഒരു ദുരിതമെങ്കിലും കുറഞ്ഞ് കിട്ടിയേനെ എന്ന് ഗീത പറയുന്നു.

ദയാബായുടെ മടിയിൽ കിടക്കുമ്പോഴും ഫസൽ ഉമ്മയുടെ കൈകളെ മുറുക്കെ പിടിച്ചിട്ടുണ്ട്. അവന് കാഴ്ചശക്തിയില്ല. അധികമൊന്നും സംസാരിക്കില്ല. നമ്മുടെ എല്ലാ ചോദ്യങ്ങൾക്കും ഒരു മൂളൽ മാത്രമാണ് മറുപടി. ചികിത്സയ്ക്ക് എല്ലാ മാസവും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് വരണം. മെഡിക്കൽ ക്യാമ്പിന് ശേഷം രണ്ടു തവണ അധികൃതർ ഫീൽഡ് സർവ്വേയ്ക്ക് വന്നതായിരുന്നു. അവർ പറഞ്ഞ ഓഫീസുകളിലെല്ലാം കയറിയിറങ്ങിയതുമാണ്. പക്ഷേ ലിസ്റ്റ് വന്നപ്പോൾ ഫസലിന്റെ പേരില്ല. മകന്റെ ചികിത്സയ്‌ക്ക് തന്നെ ഞങ്ങളുടെ വരുമാനം തികയില്ല. സമീറ പറയുന്നു.

പതിമൂന്ന് വയസ്സുകാരി ഫാത്തിമ ഞങ്ങളെത്തുമ്പോൾ സമരപ്പന്തലിലെ ഒരു മൂലയിൽ നല്ല ഉറക്കത്തിലാണ്. ഉമ്മ സുബൈദ മകളുടെ അടുത്ത് തന്നെ ഇരിപ്പുണ്ട്. നിരന്തരമായ ഫിസിയോതെറാപ്പിയിലൂടെ അവളിപ്പോൾ നടന്ന് തുടങ്ങിയിട്ടുണ്ട്. അവൾ സംസാരിക്കുന്ന നിമിഷത്തിനായി പ്രാർത്ഥനയിലാണ് സുബൈദ. "ചികിത്സയ്‌ക്ക് മംഗലാപുരം പോയി വരാനുള്ള ചിലവ് തന്നെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. ജില്ലയിൽ ഒരു ന്യൂറോളജിസ്റ്റിനെ നിയമിക്കാൻ കാലങ്ങളായി പറയുന്നതാണ്. അതിനുപോലും സർക്കാർ തയ്യാറായിട്ടില്ല. അത്രയും വിഷമത്തിലായത് കൊണ്ടാണ് ഇവിടെ മക്കളേയും കൂട്ടി വന്നിരിക്കേണ്ട അവസ്ഥയുണ്ടാകുന്നത്".

ഇത്തരത്തിൽ സമരപ്പന്തലിലിരിക്കുന്ന ഓരോരുത്തർക്കും പറയാനുള്ളത് പതിറ്റാണ്ടുകൾ നീണ്ട അവഗണനയുടെ കഥകളാണ്. സർക്കാർ ഇപ്പോൾ മാനദണ്ഡങ്ങൾ പറഞ്ഞ് അർഹതപ്പെട്ടവരെ ഒഴിവാക്കാനുള്ള ശ്രമങ്ങളാണോ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് ആരെങ്കിലും സംശയിച്ചാൽ അതിൽ തെല്ലും അതിശയോക്തിയില്ല.

2017 ഏപ്രിൽ മാസത്തിൽ കാസർകോട് വെച്ചു നടന്ന മെഡിക്കൽ ക്യാമ്പിലൂടെ വിദഗ്‌ദ്ധ ഡോക്ടർമാർ കണ്ടെത്തിയത് 1905 എൻസോൾഫാൻ ദുരിതബാധിതരെയാണ്. പിന്നീട് അത് ഇരുന്നൂറ്റി എൺപത്തിയേഴായി ചുരുക്കി. അന്ന് ഡോക്ടർമാർ തയ്യാറാക്കിയ ലിസ്റ്റിലെ പേരുകൾ സർക്കാർ പുറത്ത് വിടുന്നുമില്ല. പ്ലാന്റേഷൻ കോർപറേഷൻ സ്ഥിതി ചെയ്യുന്നത് പതിനൊന്ന് പഞ്ചായത്തുകളിലായാണ്. ഈ പതിനൊന്ന് പഞ്ചായത്തുകളിൽ താമസിക്കുന്നവരെയും ഇവിടെ നിന്നും പുറത്തേക്ക് വിവാഹം ചെയ്‌ത്‌ പോയവരെയും മാത്രമേ സർക്കാർ അർഹരുടെ ലിസ്റ്റിൽ ഉൾപെടുത്തുകയുള്ളൂ. എൻഡോസൾഫാൻ തളിച്ചത് വായുമാർഗം ആയതുകൊണ്ട് തന്നെ കീടനാശിനി കലർന്ന വായു കോർപറേഷൻ അതിർത്തികൾക്കപ്പുറത്തേക്ക് സഞ്ചരിച്ചിട്ടില്ലെന്ന് എങ്ങനെ അനുമാനിക്കും? മാത്രമല്ല ജലസ്രോതസ്സുകളിലൂടെയാണ് എൻഡോസൾഫാൻ കൂടുതൽ വ്യാപിച്ചത്. അന്ന് പ്രദേശവാസികൾക്ക് ലഭിച്ച നിർദേശം കിണറുകൾ മൂടിവെക്കണം എന്നതാണ്. പുഴകളും തോടുകളൂം കുളങ്ങളുമെല്ലാം അപ്പോഴും തുറന്ന് തന്നെയിരിക്കുകയാണ്. ഇത്തരം ജല സ്രോതസ്സുകളുടെ ഒഴുക്കിനെ എങ്ങനെയാണ് പഞ്ചായത്ത് അതിർത്തികളിൽ വച്ച് തടയാൻ സാധിക്കുക? ഭൂഗർഭ ജലത്തെ ധാരാളമായി ഉപയോഗിക്കുന്ന ജില്ലകളിലൊന്നാണ് കാസർഗോഡ്. മണ്ണിലൂടെയും എൻഡോസൾഫാൻ വ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ വിവിധ മാർഗങ്ങളിലൂടെ വ്യാപിച്ച ദുരന്തത്തെ അതിർത്തികൾ വരച്ച് നിർണയിക്കുന്നതിലെ യുക്തി മനസ്സിലാകുന്നില്ല എന്ന് സമരത്തിലുള്ളവർ പറയുന്നു.

2010 ൽ യുഡിഫ് സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷനാണ് മേൽപറഞ്ഞ പതിനൊന്ന് പഞ്ചായത്തുകളിലുള്ളവരെ മാത്രം പരിഗണിച്ചാൽ മതി എന്ന മാനദണ്ഡം കൊണ്ടുവന്നത്. എന്നാൽ കാസർക്കോട്ടെ ഇരുപത്തിയേഴ് പഞ്ചായത്തിലും രണ്ട് മുൻസിപ്പാലിറ്റിയിലുള്ളവരെയും എൻഡോസൾഫാൻ ബാധിച്ചിട്ടുണ്ടെന്ന് തീർത്ത് പറയുകയാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ പ്രസിഡണ്ട് മുനീസ അമ്പലത്തറ. 2013 ൽ കമ്മീഷൻ റിപ്പോർട്ടിനെതിരെ സമരം ചെയ്യുമ്പോൾ എല്ലാവിധ പിന്തുണയും നൽകി കൂടെയുണ്ടായിരുന്നത് ഇന്ന് ഭരണത്തിലിരിക്കുന്ന അന്നത്തെ പ്രതിപക്ഷമാണ്. ആരോഗ്യ മന്ത്രി കെ കെ ശൈലജ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പടെയുള്ളവർ സമരപ്പന്തലിലെത്തി റിപ്പോർട്ടിനെ ശക്തമായി വിമർശിക്കുകയും അർഹരായവരെ മുഴുവൻ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന നിലപാടറിയിക്കുകയും ചെയ്തതാണ്‌. അതേ ആളുകളാണ് ഭരണത്തിലേറിയപ്പോൾ അന്ന് തള്ളിപ്പറഞ്ഞ മാനദണ്ഡങ്ങൾ അനുസരിച്ചേ സഹായം അനുവദിക്കാൻ കഴിയൂ എന്ന് പറയുന്നത് . "2013 ലെ റിപ്പോർട്ടിനെ കുറിച്ച് അറിയാതെയല്ല ഇടതുപക്ഷം 2014 ലെയും 2016 ലെയും ഞങ്ങളുടെ സമരത്തിന് എല്ലാ പിന്തുണയും നൽകിയത്. ഇപ്പോൾ അവർ തങ്ങളോട് കാണിക്കുന്ന സമീപനം അത്യന്തം മനുഷ്യത്വ വിരുദ്ധവും വഞ്ചനയുമാണ്." മുനീസ പറഞ്ഞു.

നിലവിൽ സർക്കാർ കളിക്കുന്ന നാടകം അർഹരായവരെ ഒഴിവാക്കാനുള്ളത് തന്നെയാണ്. 2017 ലെ ലിസ്‌റ്റ് പരിഗണിച്ചാൽ, മുഴുവൻ പേർക്കും മനുഷ്യാവകാശ കമ്മീഷൻ ശുപാർശ ചെയ്‌ത ധനസഹായം കൊടുക്കണം. സുപ്രീം കോടതി വിധിയനുസരിച്ചുള്ള നഷ്ടപരിഹാരവും ചികിത്സാ സഹായവും നൽകണം. അതിന് സർക്കാർ തയ്യാറല്ല. ഈ കുഞ്ഞുങ്ങളെ അടിയന്തരമായി ലിസ്റ്റിൽ ഉൾപ്പെടുത്തണം എന്ന ആവശ്യത്തിൽ നിന്ന് പുറകോട്ട് പോകാൻ ഈ അമ്മമാർ ഒരുക്കമല്ല. സർക്കാർ തന്നെ നിയോഗിച്ച വിദഗ്‌ദ്ധ ഡോക്ടർമാരാണ് ലിസ്റ്റ് തയ്യാറാക്കിയത്. എന്നിട്ടും എന്തുകൊണ്ടാണ് തങ്ങളോട് ഇത്തരമൊരു സമീപനം പുലർത്തുന്നത് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ സർക്കാരിന് ബാധ്യതയുണ്ട്. "കഴിഞ്ഞ ദിവസത്തെ ചർച്ചയ്ക്ക് ഞാനും പോയിരുന്നു. കുറച്ചൊരു കനിവുണ്ടായിരുന്നെങ്കിൽ അനുഭാവപൂർണമായ സമീപനം സർക്കാർ കാണിച്ചേനെ. അതുണ്ടായില്ല.വിഷമമുണ്ട്". തന്റെ മകന്റെ കാര്യത്തിൽ വാക്ക് നൽകിയ മന്ത്രി ഇ ചന്ദ്രശേഖരനും ഉണ്ടായിരുന്നു ആ ചർച്ചയിൽ. അദ്ദേഹത്തിന് പക്ഷേ ഇന്ന് സമീറയെയും ഫസലിനെയും ഓർത്തെടുക്കാൻ സാധിക്കുന്നില്ല എന്നു മാത്രം.


Next Story

Related Stories