TopTop
Begin typing your search above and press return to search.

എന്തുകൊണ്ടാണ് മറ്റുപല കോടതി വിധികളും നടപ്പാക്കുന്നതിൽ കാണിച്ച വ്യഗ്രത എൻഡോസൾഫാൻ ദുരിതബാധിതരുടെ കാര്യത്തിൽ ഇല്ലാത്തത്?

എന്തുകൊണ്ടാണ് മറ്റുപല കോടതി വിധികളും നടപ്പാക്കുന്നതിൽ കാണിച്ച വ്യഗ്രത എൻഡോസൾഫാൻ ദുരിതബാധിതരുടെ കാര്യത്തിൽ ഇല്ലാത്തത്?

നമ്മുടെ നാട്ടിലെ അനിശ്ചിതകാല സമരങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. അവർക്ക് ലഭിക്കുന്ന രാഷ്ട്രീയ പിന്തുണ ഓരോ അഞ്ചു വർഷങ്ങൾ കൂടുമ്പോൾ മാറിക്കൊണ്ടിരിക്കും.

"ഭരിക്കുന്ന പാർട്ടിയുടെ യുവജന സംഘടന നേടിയെടുത്ത സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാർ കാണിക്കുന്ന അനാസ്ഥ അത്യന്തം പ്രതിഷേധാർഹമാണ്". എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ പ്രസിഡണ്ട് മുനീസ അമ്പലത്തറയുടെ വക്കുകൾ ശരിവെക്കുന്നതും അതുതന്നെയാണ്.

2017 ഏപ്രിൽ മാസത്തിൽ കാസർകോട് വച്ച നടന്ന മെഡിക്കൽ ക്യാമ്പിലൂടെ വിദഗ്‌ദ്ധ ഡോക്ടർമാർ കണ്ടെത്തിയത് രണ്ടായിരത്തോളം എൻസോൾഫാൻ ദുരിതബാധിതരെ. എന്നാൽ പിന്നീട് അത് ഇരുന്നൂറ്റി എൺപത്തിയേഴായി ചുരുക്കി. 2018 ജനുവരി 30ന് ദുരിത ബാധിതരുടെ അമ്മമാർ സെക്രട്ടറിയേറ്റ് പടിക്കൽ ഏകദിന സമരം നടത്തിയപ്പോൾ, പുനഃപരിശോധനയിലൂടെ എഴുപത്തിയാറ് പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തി. അപ്പോഴും പുറത്തു നിൽക്കുന്നത് ആയിരത്തി അഞ്ഞൂറിലധികം പേർ. ഇപ്പോൾ അതേ ദിവസം അതേ സ്ഥലത്ത് കൂടുതൽ ശക്തമായ സമര പരിപാടികളുമായി ആ അമ്മമാർ വീണ്ടും എത്തിയിരിക്കുകയാണ്.

2017 ജനുവരി 10 ന് സുപ്രീം കോടതി പ്രഖ്യാപിച്ച നിർണായക വിധി അനുസരിച്ച് ലിസ്റ്റിൽ പെട്ട മുഴുവൻ പേർക്കും അഞ്ചു ലക്ഷം രൂപയും ആജീവനാന്ത ചികിത്സയും നൽകണം. ആറായിരത്തി ഇരുനൂറ്റി പന്ത്രണ്ട് പേരുള്ള ലിസ്റ്റിൽ മൂവായിരത്തി അഞ്ഞൂറ്റി നാൽപത്തിയേഴു പേർക്ക് ഇപ്പോഴും ധനസഹായം ലഭിച്ചിട്ടില്ല. സുപ്രീം കോടതി വിധിച്ച അഞ്ചു ലക്ഷം പൂർണമായി ലഭിച്ചതാകട്ടെ ആയിരത്തി മുന്നൂറ്റി അൻപത് പേർക്ക് മാത്രം. നിലവിൽ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ യുവജന സംഘടനയായ ഡി വൈ എഫ് ഐ സുപ്രീം കോടതിയിൽ പോയി നേടിയെടുത്ത വിധിയോടാണ് സർക്കാരിന്റെ ഈ അനാസ്ഥ. നിലവിൽ നടക്കുന്ന സമരത്തിന് അതേ യുവജന സംഘടനയുടെ പിന്തുണയില്ല എന്നത് മറ്റൊരു വസ്‌തുത.

ദുരിതബാധിതരായ കുട്ടികൾക്കായി സർക്കാർ ഏഴ് ബഡ്‌സ് സ്‌കൂളുകളാണ് കാസർകോട് ആരംഭിച്ചത്. ഇതിൽ ആറെണ്ണത്തിന്റെ കെട്ടിട നിർമാണത്തിനായി അഞ്ചു വർഷം മുമ്പ് നബാർഡ് ഒന്നര കോടിയോളം രൂപ അനുവദിച്ചതാണ്. എന്നാൽ കെട്ടിടം പണി പൂർത്തിയാക്കി പ്രവർത്തിക്കുന്നത് ഒരെണ്ണം മാത്രം. ആസ്ബെറ്റോസ് ഷീറ്റുകൾക്കടിയിൽ പ്രവർത്തിക്കുന്ന മറ്റ് ആറ് സ്‌കൂളുകൾ കുട്ടികളുടെ അവസ്ഥ കൂടുതൽ ദുരിതപൂർണമാക്കുന്നു.

"ഇത് മനുഷ്യാവകാശ ലംഘനമാണ്" പറയുന്നത് മറ്റാരുമല്ല. രാജ്യത്തെ നിരവധി സാമൂഹിക പ്രശ്‌നങ്ങൾക്കെതിരെ നിലകൊണ്ട മുൻനിര പോരാളി ദയ ബായാണ്. സർക്കാരിന്റെ അനാസ്ഥ മാത്രമല്ല, ഇവരുടെ സമരങ്ങൾ അപ്രസക്തമാണെന്ന് സ്ഥാപിക്കാനുമാണ് അവർ ശ്രമിക്കുന്നത്. കുട്ടികളെ എടുത്ത് സമരത്തിനിറങ്ങുന്നത് കുട്ടികൾക്കെതിരെയുള്ള പീഡനമാണെന്നും നടപടിയെടുക്കും എന്നുമാണ് സർക്കാർ പറയുന്നത്. ഇതേ കുട്ടികളെ സർക്കാർ ഓഫീസുകൾ കയറ്റി ഇറക്കുമ്പോൾ ഹനിക്കാത്ത മനുഷ്യാവകാശത്തെ പറ്റി പറയുന്നതിനേക്കാൾ വലിയ വിരോധാഭാസം എന്തുണ്ട്? ദയ ബായ് ചോദിക്കുന്നു. ദയ ബായുടെ നേതൃത്വത്തിലാണ് ദുരിതബാധിതരുടെ അമ്മമാർ പട്ടിണി സമരത്തിലിരിക്കുന്നത്.

കാസർകോട്ടെ ഗോഡൗണുകളിൽ ഇപ്പോഴും എൻഡോസൾഫാൻ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന് തറപ്പിച്ചു പറയുകയാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണൻ. "അത് നീക്കം ചെയ്‌ത്‌ നിർവീര്യമാക്കുമെന്ന് എത്രയോ വർഷങ്ങൾക്ക് മുമ്പ് തീരുമാനിച്ചതാണ്. അത് ഇതുവരെയും ഒഴിവാക്കിയിട്ടില്ല. കാസർഗോഡ് ജില്ലയിലെ നെഞ്ചംപറമ്പിൽ പിസികെയുടെ കിണറിലിട്ട് മൂടിയ എൻഡോസൾഫാൻ പരിശോധനയൊന്നും നടക്കാതെ ഇപ്പോഴും കിടക്കുന്നു". അദ്ദേഹം പറഞ്ഞു.

Read More: ‘കഴിഞ്ഞ ബജറ്റിലെ 50 കോടി തന്നിരുന്നെങ്കില്‍ ഞങ്ങളീ വയ്യാത്ത കുഞ്ഞുങ്ങളേം കൊണ്ട് ഇവിടിരിക്കില്ലല്ലോ?

മറ്റുപല കോടതി വിധികളും നടപ്പാക്കുന്നതിൽ കാണിച്ച വ്യഗ്രത എൻഡോസൾഫാൻ ദുരിതബാധിതരുടെ കാര്യത്തിൽ സർക്കാർ കാണിക്കുന്നില്ലെന്ന് മുനീസ പറയുന്നു. ഞങ്ങളെ വീണ്ടും സമരത്തിലേക്ക് തള്ളിവിടുന്നത് ഭരണകൂടം തടയേണ്ടതായിരുന്നു. നിരവധി തവണ മുഖ്യമന്ത്രിയെ കണ്ട് ഞങ്ങളുടെ പ്രശ്‌നങ്ങൾ അവതരിപ്പിച്ചതാണ്. എന്നിട്ടും അനുകൂലമായ മറുപടി സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇത്തരം ഒരു സമരത്തിലേക്ക് കടക്കാൻ നിർബന്ധിതരായതെന്നും മുനീസ പറയുന്നു.

ആരോഗ്യ രംഗത്ത് വലിയ പോരായ്‌മകളാണ് കാസർഗോഡ് ജില്ലയിൽ നിലനിൽക്കുന്നത്. മെഡിക്കൽ കോളജ് ഇല്ലാത്ത ജില്ലയിൽ ഏറ്റവും എളുപ്പത്തിൽ നിർണയിക്കാൻ സാധിക്കുന്ന രോഗങ്ങൾ പോലും കണ്ടെത്താനുള്ള സംവിധാനം ലഭ്യമല്ല. കൂടുതൽ പേരും മംഗലാപുരത്തുള്ള ആശുപത്രികളെയാണ് ചികിത്സക്കായി ആശ്രയിക്കുന്നത്. നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഒരു ന്യൂറോളജിസ്റ്റിനെ പോലും നിയമിച്ചിട്ടില്ല എന്നത് ജില്ലയിലെ ആരോഗ്യസംവിധാനത്തിലുള്ള വീഴ്‌ചയെ തുറന്നു കാട്ടുന്നു.

തങ്ങളെ നിരന്തരം സമരം ചെയ്യേണ്ട ഗതികേടിലേക്ക് കൊണ്ടുവരുന്നത് ജനാധിപത്യ വിരുദ്ധവും മനുഷ്യത്വ വിരുദ്ധവും ആണെന്ന് ഇവർ പറയുന്നു. ഈ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരമേ ഉള്ളെന്നും അത് കാണേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും ശക്തമായ ഭാഷയിൽ പറയുകയാണ് സമരത്തിലിരിക്കുന്ന അമ്മമാർ. പൊള്ളയായ വാഗ്ദാനങ്ങൾ കൊണ്ട് നിറക്കേണ്ട വോട്ട് ബാങ്കല്ല തങ്ങളെന്ന് എന്നാണ് ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയുക എന്നും ഇവർ ചോദിക്കുന്നു.

Read More: ചെന്നിത്തലയുടെ ഉളുപ്പില്ലാത്ത രാഷ്ട്രീയ നാടകം, പക്ഷേ ഈ കുരുന്നുകളെ വെറുതെവിടൂ; എന്‍ഡോസള്‍ഫാന്‍ സമരപ്പന്തലില്‍ ഇന്നലെയൊഴുകിയ മുതലക്കണ്ണീര്‍


Next Story

Related Stories