Top

രാഹുല്‍ ഗാന്ധിയുടെ ദുര്‍ബലമായ നേതൃത്വം ചോദ്യം ചെയ്യാന്‍ പോലുമുള്ള ശേഷി കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ല

രാഹുല്‍ ഗാന്ധിയുടെ ദുര്‍ബലമായ നേതൃത്വം ചോദ്യം ചെയ്യാന്‍ പോലുമുള്ള ശേഷി കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ല
ഉത്തര്‍പ്രദേശില്‍ വലിയ നേട്ടത്തോടെ അധികാരം പിടിച്ച് മറ്റൊരു രാഷ്ട്രീയ വിജയം കൂടി നേടിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പല തരത്തിലുള്ള വിലയിരുത്തലുകള്‍ വരുന്നുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മറ്റുള്ളവരെ അപ്രസക്തരാക്കും വിധം നരേന്ദ്ര മോദിയെന്ന നേതാവിനുണ്ടാക്കാന്‍ സാധിക്കുന്ന സ്വാധീനത്തെ കുറിച്ച് തര്‍ക്കമുണ്ടാവില്ല. ദേശീയരാഷ്ട്രീയത്തില്‍ ബിജെപിയുടെ ആധിപത്യം അരക്കിട്ടുറപ്പിക്കുകയാണ് യുപി തിരഞ്ഞെടുപ്പ് ഫലം.

മഹാരാഷ്ട്രയിലും ഒഡീഷയിലും നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടിയ ശേഷമാണ് ബിജെപി യുപിയും ഉത്തരാഖണ്ഡും വലിയ നേട്ടത്തോടെ പിടിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിലെ ജാതിസമവാക്യങ്ങള്‍ സംബന്ധിച്ച എല്ലാ ധാരണകളേയും അട്ടിമറിച്ചുകൊണ്ടാണ് യുപിയില്‍ ബിജെപി വന്‍ വിജയം നേടിയിരിക്കുന്നത്. ഒബിസി, ദളിത് വോട്ടുകള്‍ വലിയ തോതില്‍ ബിജെപി നേടിയെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. രാജ്യസഭയിലും രാഷ്ട്രപതി തിരഞ്ഞെടുപ്പിലുമെല്ലാം ബിജെപിക്ക് ഇനി കാര്യങ്ങള്‍ സുഗമമാകും. ഒറ്റ തിരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ക്കുള്ള ഭരണഘടനാ ഭേദഗതികള്‍ക്കുള്ള ശ്രമങ്ങള്‍ മോദി സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയേക്കും. മോദിയുടെ ജനകീയതയും അമിത് ഷായുടെ സംഘടനാ തന്ത്രങ്ങളുമാണ് ബിജെപിയുടെ നേട്ടത്തിന് പിന്നില്‍. മോദിയുടെ ജനകീയ പ്രതിച്ഛായാ നിര്‍മ്മാണം പരമ്പരാഗത രീതിയിലുള്ള ഒന്നല്ല. അതില്‍ ബഹുസ്വരതകളെ ഇല്ലാതാക്കുന്ന ഭൂരിപക്ഷ താല്‍പര്യങ്ങളുമെല്ലാമുണ്ട്. തീവ്രദേശീയതയോ, നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച പൊതുബോധമോ ഭൂരിപക്ഷ ഏകീകരണമോ അല്ല മോദി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന തോന്നലോ ഒക്കെ ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകാം. രാജ്യത്തിന് വേണ്ടി കഷ്ടപ്പാട് സഹിക്കൂ എന്നാണ് മോദി ജനങ്ങളോട് ആവശ്യപ്പെടുന്നത്. ജനങ്ങള്‍ അതിനോട് പ്രതികരിക്കുന്നുണ്ട്.

പഞ്ചാബില്‍ മികച്ച വിജയം നേടി അധികാരം പിടിക്കാന്‍ കഴിഞ്ഞതും മണിപ്പൂരില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും വലിയ പരിക്കുകളില്ലാതെ ഏറ്റവും വലിയ കക്ഷിയായി, അധികാരം ഉറപ്പിച്ചിരിക്കുന്നതും ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭൂരിപക്ഷത്തിന് അടുത്തെത്തിയതും എല്ലാം കോണ്‍ഗ്രസിന് ആശ്വാസകരമാണ്. പഞ്ചാബിലും ഗോവയിലും തങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്ന് കരുതിയ ആം ആദ്മി പാര്‍ട്ടി വലിയ പ്രശ്നമുണ്ടാക്കിയില്ല. അവര്‍ രണ്ടാമതെത്തിയെങ്കിലും. എഎപി തങ്ങളുടെ സ്ഥാനം ഇതുവരെ കയ്യടക്കിയിട്ടില്ല എന്ന് കോണ്‍ഗ്രസിന് ആശ്വസിക്കാം എന്ന് മാത്രം. എന്നാല്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയൊരു ബാദ്ധ്യതയായി മാറിയിരിക്കുകയാണ് എന്ന വിലയിരുത്തല്‍ ശക്തമാണ്. പഞ്ചാബിലെ വിജയത്തിന്റെ ക്രെഡിറ്റ് ശക്തമായ ഭരണവിരുദ്ധ വികാരത്തിനും ക്യാപറ്റന്‍ അമരീന്ദര്‍ സിംഗിനുമാണ്. രാഹുലിന് ഇതില്‍ ഒന്നും അവകാശപ്പെടാനില്ല. രാഹുലിനെ മാറ്റി നിര്‍ത്തി പാര്‍ട്ടി നേതൃത്വത്തിലേയ്ക്ക് വരാന്‍ ആര്‍ജ്ജവം കാണിക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസിലില്ല.

അധികാരവും കരുത്തും ആരും തളികയില്‍ വച്ച് തരില്ല. അത് അര്‍ഹത കൊണ്ട് മറ്റുള്ളവരില്‍ നിന്ന് നേടിയെടുക്കേണ്ടതാണ്. ആഭ്യന്തര കലാപങ്ങളില്ലാത്തതാണ് കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിപ്പിച്ചത്. രാഹുല്‍ ഗാന്ധിയുടെ ദുര്‍ബലമായ നേതൃത്വം ചോദ്യം ചെയ്യാന്‍ പോലുമുള്ള ശേഷി അവര്‍ക്കില്ലെങ്കില്‍ പിന്നെ അവരില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കാനാവുക. യുപിയിലെ തിരഞ്ഞെടുപ്പ് ഫലം ബിഎസ്പിയേയും എസ്പിയേയും സംബന്ധിച്ച് വലിയ ആഘാതമാണ്. പ്രത്യേകിച്ച് ബിഎസ്പിയെ സംബന്ധിച്ച്.

കൂടുതല്‍ വായനയ്ക്ക്: https://goo.gl/eTeC1E

Next Story

Related Stories