കോളേജ് ക്യാമ്പസിനുള്ളില്‍ ഫോര്‍ വീലര്‍ സ്റ്റണ്ടും റേസിങ്ങും നടത്തി രണ്ട് പേര്‍ക്ക് പരിക്ക്. എടത്വ സെന്റ് അലോഷ്യസ് കോളേജിലാണ് വിദ്യാര്‍ഥികളുടെ അപകടകരമായ രീതിയില്‍ വാഹന അഭ്യാസങ്ങളും റേസിംഗും നടന്നത്. ജീപ്പ് ഡ്രിഫ്റ്റ് ചെയ്യുമ്പോള്‍ രണ്ട് വിദ്യാര്‍ഥികള്‍ തെറിച്ച് വീഴുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. ബികോം വിദ്യാര്‍ഥികളുടെ യാത്ര അയപ്പിനോട് അനുബന്ധിച്ചായിരുന്നു കോളേജ് ക്യാമ്പസിനുള്ളിലെ സാഹസിക പ്രകടനങ്ങള്‍ എന്നാണ് മനോരമ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫെബ്രുവരി 26നും മാര്‍ച്ച് ഒന്നിനുമാണ് വിദ്യാര്‍ഥികള്‍ അഭ്യാസ പ്രകടനം നടത്തിയെന്നും പവര്‍ ബൈക്കുകള്‍ ഉള്‍പ്പടെ ക്യാമ്പസിനുള്ളില്‍ കൊണ്ടുവന്ന് റേസിങ്ങും ആഭ്യാസങ്ങളും കാണിച്ചെന്നുമാണ് റിപ്പോര്‍ട്ട്. ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജില്‍ സെക്യൂരിറ്റിയെ വകവയ്ക്കാതെയാണ് ഈ കുട്ടികള്‍ വാഹനങ്ങളുമായി ക്യാമ്പസില്‍ കടന്നതെന്നാണ് പ്രിന്‍സിപ്പാള്‍ പറയുന്നത്. നിയമ വിരുദ്ധമായി ക്യാമ്പസില്‍ വാഹനം പ്രവേശിപ്പിച്ചതിനും അഭ്യാസപ്രകടനം നടത്തിയതിനും വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ. കെ വി സാബന്‍ പറയുന്നത്.
ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന വാഹന ആഭ്യാസങ്ങളില്‍ അപകടം ഏറിയതിനെ തുടര്‍ന്ന് 2015-ല്‍ ഹൈക്കോടതിയും സര്‍ക്കാരും കോളേജിനുനുള്ളില്‍ വാഹനം പ്രവേശിപ്പിക്കുന്നതിന് ശക്തമായ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും കൊണ്ടുവന്നിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം ബിഷപ്പ് ജെറോം എഞ്ചിനിയറിംഗ് കോളേജില്‍ മോട്ടോര്‍ എക്‌സ്‌പോയ്ക്കിടെ നടന്ന അഭ്യാസത്തില്‍ അപകടമുണ്ടായി.
കൂടാതെ തൃശ്ശൂര്‍ തേജസ് കോളേജിലെ മോട്ടോര്‍ എക്‌സോപോയില്‍ നടന്ന വാഹന ആഭ്യാസത്തിന് നിയമപരമായി അനുമതി ലഭിച്ചിരുന്നില്ല. ഇത്തരത്തില്‍ നിയമ വിരുദ്ധമായ കേരളത്തിലെ ക്യാമ്പസുകളില്‍ വിദ്യാര്‍ഥികളുടെ വാഹനപ്രകടനങ്ങള്‍ നടന്നുകൊണ്ടിരക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.