വീഡിയോ

കൊലപാതകങ്ങള്‍ക്ക് കുമ്പസാരവുമായി ഏറ്റമുട്ടല്‍ വിദഗ്ധനായ പൊലീസുകാരന്‍ (വീഡിയോ)

മേലുദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിക്കുകയായിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്ന വ്യവസ്ഥിതിയെ തുറന്നുകാട്ടാന്‍ വേണ്ടിയാണ് താന്‍ ഇത് പറയുന്നതെന്ന് ഹിരോജിത് പറഞ്ഞു.

2016 ജനുവരിയില്‍ പൊലീസ് കമാന്‍ഡോ ആയ തുനാവോജാം ഹിരോജിത്ത് ഇംഫാല്‍ ഫ്രീ പ്രസില്‍ ഒരു കുറ്റസമ്മതം നടത്തി. 2009ല്‍ മണിപ്പൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിരായുധനായ ഒരു യുവാവിനെ താന്‍ വെടിവച്ച് കൊന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അതേവര്‍ഷം ജൂലായില്‍ താന്‍ നൂറിലധികം പേരെ ഇത്തരത്തില്‍ കൊന്നിട്ടുണ്ടെന്ന് ഗാര്‍ഡിയന്‍ പത്രത്തോട് പറഞ്ഞു. മേലുദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിക്കുകയായിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്ന വ്യവസ്ഥിതിയെ തുറന്നുകാട്ടാന്‍ വേണ്ടിയാണ് താന്‍ ഇത് പറയുന്നതെന്ന് ഹിരോജിത് പറഞ്ഞു.

സൈന്യവും പൊലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളും നടത്തുന്ന വ്യാജ ഏറ്റമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് കുപ്രസിദ്ധമാണ് മണിപ്പൂര്‍. 2008-2009 കാലത്ത് വലിയ തോതില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്നു. ഇത്തരം വ്യാജ ഏറ്റുമുട്ടല്‍ നടന്നതായി സര്‍ക്കാര്‍ അംഗീകരിക്കാറില്ല. കൊലയാളികളായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും ചെയ്യും. ദ എക്‌സ്ട്രാ ജുഡീഷ്യല്‍ എക്‌സിക്യൂഷന്‍ വിക്ടിംസ് ഫാമിലീസ് അസോസിയേഷന്‍ ഓഫ് മണിപ്പൂര്‍ (EEVFAM) 1528 ഏറ്റുമുട്ടല്‍ കേസുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇത്തരം കേസുകളില്‍ ആരോപണവിധേയരായവര്‍ക്ക് എതിരെ ക്രിമിനല്‍ നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്ന് 2016 ജൂലായ് 11ന് സുപ്രീംകോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സൈന്യം കോര്‍ട്ട് മാര്‍ഷല്‍ ചെയ്യുന്നവര്‍ക്കും ഇത് ബാധകമാകും.

2017 ഫെബ്രുവരിയില്‍ സിബിഐ സംഘം ഇംഫാലിലെത്തി കേസില്‍ പുനരന്വേഷണം തുടങ്ങി. ഹിരോജിത്തിന്റെ വെളിപ്പെടുത്തല്‍ സിബിഐ പരിശോധിച്ചു. 2017 ജൂലായില്‍ മണിപ്പൂരിലെ 98 ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഡിസംബര്‍ 31നകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് സിബിഐയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ചലച്ചിത്ര സംവിധായകന്‍ വിക്രം സിംഗും ദ വയര്‍ (thewire.in) എഡിറ്റര്‍ അറ്റ് ലാര്‍ജ് രഘു കര്‍ണാഡും ഇംഫാലിലെത്തി ഹിരോജിത്തിനെ കാണുകയും അദ്ദേഹത്തിന് പറയാനുള്ളത് വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട യുവാവിന്റെ അമ്മയേയും മുന്‍ ഡിജിപിയും നിലവില്‍ ഉപമുഖ്യമന്ത്രിയുമായ യുംനം ജോയ് കുമാറിനേയും ഇവര്‍ കണ്ടു.

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍