മന്മോഹന് സിങ്ങിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതസംഭവങ്ങള്‍ പറഞ്ഞ പിഎം നരേന്ദ്ര മോദിക്കും ശേഷം ഇപ്പോള്‍ മറ്റൊരു ബയോപിക് കൂടെ ഒരുങ്ങുന്നു. കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജീവിതമാണ് വെള്ളിത്തിരയിൽ എത്തുന്നത്.
'മൈ നെയിം ഈസ് രാഗ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് റിലീസിനെത്തുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിന് മുൻപ് ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലായളിയായ രൂപേഷ് പോള്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ തിരിച്ചുവരവാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തുവിട്ടു. ഇന്ദിര ഗാന്ധിയും രാഹുലും തമ്മിലുള്ള അടുപ്പമാണ് ടീസറിന്റെ ആദ്യ ഭാഗങ്ങളില്‍ കാണാനാവുക. ഇന്ദിര വധവും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. 1984 മുതല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് വരെയുള്ള കാലഘട്ടമാണ് ചിത്രത്തിന്റെ പ്രമേയം.
പ്രശസ്ത നടന് അശ്വിനി കുമാറാണ് ചിത്രത്തില്‍ രാഹുല്‍ ഗാന്ധിയായി വേഷമിടുന്നത്. ഹിമന്ത കപാഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയായി വേഷമിടുന്നുണ്ട്. ആക്സിഡന്റല്‍ പ്രൈംമിനിസ്റ്ററില്‍ മന്മോഹന് സിംഗിനെ അവതരിപ്പിച്ച അനുപം ഖേറിന്റെ സഹോദരന് രാജു ഖേറാണ് മൈ നൈം ഈസ് രാഗയില്‍ മന്മോഹനായി അഭിനയിക്കുന്നത്.