എല്‍ജിബിടിക്യൂ സമൂഹത്തിന് വളരെ കുറച്ച് സാമൂഹിക അവകാശങ്ങള്‍ മാത്രം അനുവദിച്ച് നല്‍കപ്പെടുകയും വലിയ വിവേചനങ്ങള്‍ക്ക് അവര്‍ ഇരയാവുകയും ചെയ്യുന്ന ഒരു രാജ്യത്ത് അവരുടെ ജീവിതത്തിലെ ആഘോഷങ്ങള്‍ പകര്‍ത്തപ്പെടുകയും അവരുടെ പ്രണയം വിഷയമാവുകയും ചെയ്യുന്ന കലാസൃഷ്ടികളും വളരെ അപൂര്‍വമാണ്. പക്ഷെ അത്തരത്തിലുള്ള ഒരു ശ്രമമാണ് ലെസ്ബിയന്‍ ആന്തം എന്ന് പേരിട്ടിരിക്കുന്ന ഈ തമിഴ് സംഗീത വീഡിയോ പങ്കുവെക്കുന്നത്. ലേഡീസ് ആന്റ് ജെന്റില്‍ വിമണ്‍ എന്ന ഡോക്യുമെന്ററിയുടെ ഭാഗമായാണ് സംഗീത വീഡിയോ ചിത്രീകരിച്ചത്.
ലെസ്ബിയന്‍ ലൈംഗിക താല്‍പര്യങ്ങള്‍ ഉളളവരുടെ ജീവിതവും പ്രണയവും ആത്മഹത്യകളുമാണ് ഡോക്യുമെന്ററിയുടെ വിഷയം. എന്നാല്‍ ചിത്രത്തിന് ഒരു പ്രതീക്ഷാനിര്‍ഭരമായ അന്ത്യം വേണം എന്ന ചിന്തയാണ് സംഗീത വീഡിയോ ചിത്രീകരിക്കാന്‍ സംവിധായിക മാലിനി ജീവരത്‌നത്തെ പ്രേരിപ്പിച്ചത്. എല്‍ജിബിടിക്യൂ പ്രവര്‍ത്തകര്‍ സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനൊപ്പം ചേര്‍ന്നാണ് ലെസ്ബിയന്‍ പ്രണയത്തെ കുറിച്ച് പാട്ടുണ്ടാക്കിയത്. ഡോക്യുമെന്ററിക്ക് വേണ്ടി ഒരു ലെസ്ബിയന്‍ ഇണകളുടെ അഭിമുഖം നടത്തിയപ്പോള്‍ അവര്‍ക്ക് സിനിമ പാട്ടുകളുമായി താതാത്മ്യം പ്രാപിക്കാന്‍ സാധിക്കുന്നില്ലെന്ന് മാലിനി ജീവരത്‌നം തിരിച്ചറിഞ്ഞു. അങ്ങനെയാണ് അവര്‍ക്ക് മാത്രായുള്ള ഒരു പാട്ട് സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
ശാന്തമായ കടല്‍ത്തിരകളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന പാട്ടിന്റെ ആദ്യഭാഗത്തില്‍ ഒരു നഗരത്തിലെ ആധുനിക ലെസ്ബിയന്‍ ദമ്പതികളുടെ സന്തോഷത്തിന്റെ കുഞ്ഞുകുഞ്ഞ് മുഹൂര്‍ത്തങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. തെളിഞ്ഞ ഗ്രാമീണ അന്തരീക്ഷത്തിലാണ് പാട്ടിന്റെ രണ്ടാമത്തെ ഭാഗം ചിത്രീകരിച്ചിരിക്കുന്നത്. പ്രമുഖ തമിഴ് കവയിത്രി കുട്ടി രേവതിയാണ് പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. നോര്‍വെ തമിഴ് ചലച്ചിത്രോത്സവത്തിലും ചെന്നൈ റയിന്‍ബോ ചലച്ചിത്രോത്സവത്തിലും ലേഡീസ് ആന്റ് ജെന്റില്‍വിമണ്‍ മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. പൂനെ അന്താരാഷ്ട്ര ക്യൂര്‍ ചലച്ചിത്രോത്സവമായ ഔട്ട് ആന്റ് ലൗഡില്‍ ഒരു അവാര്‍ഡിനുള്ള നോമിനേഷന്‍ ലഭിക്കുകയും ചെയ്തു.
വീഡിയോ കാണാം: