സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നതും പിൻവലിക്കപെടുന്നതും എല്ലാം ഇന്ന് സാധാരണയായി മാറിയിരിക്കുകയാണ്. വാർത്തയുടെ സത്യമെന്തെന്നു മനസ്സിലാക്കാതെ വാട്ട്സാപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും ചിത്രങ്ങളും വാർത്തകളും പ്രചരിക്കുന്നു. ഇത്തരം വ്യാജ വാർത്തകൾ എത്തരത്തിലാണ് പിന്നീട് ആ വ്യക്തിയെ ബാധിക്കുന്നത് എന്നും ആരും ചിന്തിക്കാറില്ല.
സമൂഹമാധ്യമങ്ങൾ മൂര്‍ച്ചയേറിയ ഇരുതലവാൾ ആണെന്ന് പ്രേക്ഷകർക്ക് കാണിച്ചുതരുകയാണ് യുവേർസ് ഷെയിംഫുളി എന്ന തമിഴ് ഹ്രസ്വചിത്രം.
യാത്രക്കാരിയായി എത്തുന്ന പെൺകുട്ടിയുടെ വ്യാജപരാതിയെ തുടർന്ന് ജീവിതം നഷ്ടമാകുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രേക്ഷകർക്ക് ചിന്തിക്കാൻ കഴിയാത്ത കഥാഗതിയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. സൗന്ദര്യ ബാല നന്ദകുമാർ ആണ് പ്രധാനവേഷത്തിൽ എത്തുന്നത്. വിഘ്നേശ് കാർത്തിക്, മാധവി പി.കെ. എന്നിവരാണ് മറ്റുതാരങ്ങള്‍. വിഘ്നേശ് കാർത്തിക് തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും.
സമൂഹമാധ്യമങ്ങളിൽ വരുന്ന വ്യാജവാർത്തകളിലൂടെ ജീവിതം നഷ്ടപ്പെടുന്ന സാധാരണക്കാർക്ക് വേണ്ടിയാണ് ഈ ചിത്രം സമർപ്പിക്കുന്നത്. ഇന്നും ഇത്തരം സംഭവങ്ങള്‍ തുടർകഥ ആകുമ്പോൾ യുവേർസ് ഷെയിംഫുളി എന്ന ഹ്രസ്വചിത്രത്തിനു കാലിക പ്രസക്തിയേറുന്നു. സ്വന്തം തെറ്റുകൾ മറച്ചു പിടിച്ചു തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും അതിൽ അറിഞ്ഞോ അറിയാതെയോ പെട്ടുപോകുന്ന സോഷ്യൽമീഡിയയിലെ പ്രചാരകൻമാരും അതിന് ഇരയാകുന്ന യുവത്വത്തിന്റെ വിഷമകരമായ അവസ്ഥയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.