TopTop
Begin typing your search above and press return to search.

ഫ്രാന്‍സില്‍ മക്രോണിന്റെ ജയം: വലതു തീവ്രവാദികള്‍ക്ക് യൂറോപ്പ് തിരിച്ചടി നല്‍കുമ്പോള്‍

ഫ്രാന്‍സില്‍ മക്രോണിന്റെ ജയം: വലതു തീവ്രവാദികള്‍ക്ക് യൂറോപ്പ് തിരിച്ചടി നല്‍കുമ്പോള്‍

ഫ്രാന്‍സില്‍ പുതിയ പ്രസിഡന്റിനെ വോട്ടര്‍മാര്‍ തിരഞ്ഞെടുക്കുന്ന ഒരു പ്രക്രിയ എന്ന നിലയില്‍ മാത്രം ഇപ്പോള്‍ അവസാനിച്ച ഫ്രഞ്ച് തിരഞ്ഞെടുപ്പിനെ കാണാന്‍ സാധിക്കില്ല. അതിനൊക്കെ അപ്പുറം പ്രാധാന്യമുള്ള ഒന്നാണത്. യൂറോപ്പിനെ തകര്‍ത്തെറിയാന്‍ ശ്രമിക്കുന്ന തീവ്രവലതു ശക്തികള്‍ക്ക് യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയുന്നതിനുള്ള ഒന്നു കൂടിയായി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ ഫ്രഞ്ച് നേതാവ് മരീന ലെ പെന്നിന്റെ കനത്ത പരാജയം. ബ്രെക്‌സിറ്റിന്റെയും ഡൊണാള്‍ഡ് ട്രംപിന്റെയും വിജയങ്ങള്‍ക്ക് ശേഷവും അവര്‍ ദീര്‍ഘകാലം അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടാനാണ് സാധ്യത.

യുഎസ് പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ട ശേഷം പടിഞ്ഞാറന്‍ യൂറോപ്പിലാകെ കുടിയേറ്റവിരുദ്ധ ജനപ്രിയ തരംഗം ആഞ്ഞടിക്കുന്നുണ്ടെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ നവംബറിന് ശേഷം ഒന്നിന് പിറകെ ഒന്നായി അവസരങ്ങള്‍ നല്‍കിയിട്ടും മുഖ്യധാര സ്ഥാനാര്‍ത്ഥികളെ തന്നെയാണ് പടിഞ്ഞാറന്‍ യൂറോപ്പിലെ വോട്ടര്‍മാര്‍ അധികാരത്തിലെത്തിച്ചത്. ഓസ്ട്രിയ, നെതര്‍ലാന്‍ഡ്സ്, ഫ്രാന്‍സ് എന്നിവിടങ്ങളിലെ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ നിലംപരിശായി. സെപ്റ്റംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി സമീപകാലത്ത് നടന്ന അഭിപ്രായ സര്‍വെയില്‍ ജര്‍മ്മനിയിലെ തീവ്രവലതുപക്ഷ പാര്‍ട്ടി തകര്‍ന്നടിഞ്ഞു. പ്രതികാരശീലത്തില്‍ ഊന്നിയ തിരഞ്ഞെടുപ്പുകള്‍ വര്‍ഷങ്ങളായി അധികാരത്തിലേക്കുള്ള വളരെ കുറഞ്ഞ വഴികളേ വാഗ്ദാനം ചെയ്യുന്നുമുള്ളു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രകടിപ്പിക്കുന്നത് തന്നെ പാപമായി കരുതിയിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ അധികാരത്തില്‍ നിന്നും രാഷ്ട്രീയക്കാരെ അകറ്റിനിറുത്തുന്നതിനുള്ള വലിയ വിഷലിപ്തതയായി കണക്കാക്കപ്പെടുന്നില്ല എന്നതിന് വ്യക്തമായ തെളിവുകള്‍ നില്‍ക്കവേ തന്നെയാണ് തടസപ്പെട്ടിരുന്ന ഈ ചലനവേഗം സംഭവിക്കുന്നത്. 2002ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ലെ പെന്നിന്റെ അച്ഛന്‍ മത്സരിച്ചപ്പോള്‍, അദ്ദേഹവുമായി സംവാദത്തില്‍ ഏര്‍പ്പെടാന്‍ പോലും എതിരാളികള്‍ വിസമ്മതിച്ചിരുന്നു. മുഖ്യധാരയെ സംബന്ധിച്ചിടത്തോളം അത്രകണ്ട് അസ്വീകാര്യമായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍. ഇത്തവണ, തന്റെ എതിരാളിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് യൂറോപ്യന്‍ അനുകൂലിയായ മിതവാദി മക്രോണ്‍ മുന്നോട്ട് വച്ചതെങ്കിലും പെ പെന്നിനെയും ഇമ്മാനുവല്‍ മക്രോണിനെയും ഒരു പോലെ അവിശ്വസിക്കുന്ന ഒരു വിഭാഗം ഫ്രഞ്ച് പൗരന്മാര്‍ തിരഞ്ഞെടുപ്പ് പൂര്‍ണമായും ഉപേക്ഷിച്ചു. എന്നിരുന്നാലും ലെ പെന്‍ നേടിയ 34 ശതമാനം വോട്ട് അവരുടെ പാര്‍ട്ടിയ്ക്ക് ചരിത്ര നേട്ടമാണ്.

'ഫ്രഞ്ച് ജനത തുടര്‍ച്ചയ്ക്ക് വേണ്ടിയുള്ള സ്ഥാനാര്‍ത്ഥിയെയാണ് തിരഞ്ഞെടുത്തത്,' നിരാശയായി കാണപ്പെട്ട ലെ പെന്‍ തോല്‍വി സമ്മതിച്ചു കൊണ്ട് നടത്തിയ ഹ്രസ്വമായ പ്രസംഗത്തില്‍ പറഞ്ഞു. തന്റെ നാഷണല്‍ ഫ്രണ്ട് പാര്‍ട്ടിയുടെ പേര് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അവര്‍ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലിസി കൊട്ടാരം പിടിച്ചടക്കാമെന്ന പ്രതീക്ഷ ഒരാഴ്ച മുമ്പ് വരെ വച്ചു പുലര്‍ത്തിയിരുന്ന അനുയായികളെ അവരുടെ തോല്‍വി എത്രമാത്രം പിടിച്ചുലച്ചു എന്നതിന്റെ ഉദാഹരണം കൂടിയായി വേണം ഈ നീക്കത്തെ കാണാന്‍.

എന്നാല്‍, ഫ്രഞ്ച് തിരഞ്ഞെടുപ്പുകളുടെ ആദ്യ ഘട്ടത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ശേഷം ലെ പെന്നിന്റെ ജനപിന്തുണ ഇടിയുകയായിരുന്നു. ജനപിന്തുണ ഏറ്റവും താഴേക്ക് കൂപ്പുകുത്തിയ ഇപ്പോഴത്തെ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദിന്റെ അഞ്ചു വര്‍ഷക്കാലത്ത് തകര്‍ന്നടിഞ്ഞ, ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്ജല മെര്‍ക്കലുമായുള്ള ഫ്രാന്‍സിന്റെ ബന്ധങ്ങള്‍ ഊതിക്കത്തിക്കാന്‍ മക്രോണിന് സാധിക്കുമോ എന്നതിലാണ് യൂറോപ്പിന്റെ ഭാവിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ കുടികൊള്ളുന്നത്. ഫ്രാന്‍സ് നിശ്ചലാവസ്ഥയില്‍ തുടരുകയാണെങ്കില്‍, തീവ്രവലതുപക്ഷത്തെ സംബന്ധിച്ചിടത്തോളം പൂര്‍ണമായ തിരസ്‌കാരം എന്നതിനപ്പുറത്തേക്ക് അഞ്ച് വര്‍ഷത്തെ തിരിച്ചടി മാത്രമായി ഞായറാഴ്ചത്തെ മക്രോണിന്റെ വിജയം മാറും.

എന്നാല്‍, നവംബറില്‍ ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനക്കയറ്റം നേടിയതോടെ ജനപ്രിയ രാഷ്ട്രീയക്കാരുടെ ആഗോള തരംഗം പൊട്ടിപ്പുറപ്പെടും എന്ന പ്രതീക്ഷകള്‍ക്ക് കടകവിരുദ്ധമായ ഒന്നായിരുന്നു അധികാരത്തില്‍ എത്തുന്നതില്‍ തീവ്രവലതുപക്ഷത്തിന് സംഭവിച്ച പരാജയം. ട്രംപ് വിജയിച്ച അന്ന് രാത്രി തന്നെ അദ്ദേഹത്തെ അഭിനന്ദിക്കാന്‍ മുന്നോട്ട് വന്ന ലോക രാഷ്ട്രീയ നേതാക്കളില്‍ ആദ്യത്തെ ആളായിരുന്നു ലെ പെന്‍. ഡച്ച് തീവ്രവലതുപക്ഷ നേതാവ് ഗ്രീട്ട് വില്‍ഡേഴ്‌സ് പിറ്റെ ദിവസം ആഹ്ലാദം അറിയിച്ചു. യുഎസ് തിരഞ്ഞെടുപ്പ് നടന്ന് കഴിഞ്ഞുള്ള ആഴ്ചകളില്‍ ട്രംപിന്റെ ഉപദേശകരും യൂറോപ്പിലെ മറ്റ് വലതുപക്ഷ നേതാക്കളും അഭിനന്ദനങ്ങളുമായി മുന്നോട്ട് വന്നു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പുകളെല്ലാം പടിഞ്ഞാറന്‍ യൂറോപ്പിന്റെ പ്രണവത വ്യക്തമാക്കുന്നതായിരുന്നു: മുഖ്യധാര വോട്ടര്‍മാര്‍ക്ക് മടുക്കുകയും അവയുടെ നേതാക്കളെക്കൊണ്ട് അവര്‍ പൊറുതിമുട്ടുകയും ചെയ്തിരിക്കുന്നു. എന്നിരുന്നാലും തീവ്രവലതുപക്ഷത്തിന് അധികാരം കൈമാറാന്‍ അവര്‍ ഇപ്പോഴും തയ്യാറല്ല. ട്രംപ് അധികാരമേറ്റ ശേഷമുള്ള ആശയക്കുഴപ്പം നിറഞ്ഞ ആദ്യ മാസങ്ങള്‍ യൂറോപ്യന്‍ ജനപ്രിയ രാഷ്ട്രീയത്തെ സഹായിക്കുന്നതിന് പകരം ദ്രോഹിക്കുകയാണ് ചെയ്തത്.

'അഭയാര്‍ത്ഥി പ്രതിസന്ധി തലക്കെട്ടുകളില്‍ മേധാവിത്വം നേടുന്നത് അവസാനിക്കുകയും വലതുപക്ഷ ജനപ്രിയ നേതാക്കള്‍ സ്വയം തകര്‍ക്കുകയും ചെയ്യുമ്പോള്‍ ഇതാണ് സംഭവിക്കുക.' എന്ന് വിദേശബന്ധങ്ങള്‍ക്കുള്ള യൂറോപ്യന്‍ കൗണ്‍സിലിന്റെ ബര്‍ലിന്‍ ഓഫീസ് തലവന്‍ ജോസെഫ് ജാന്നിംഗ് ചൂണ്ടിക്കാട്ടുന്നു. 'ദേശീയതയുടെ പേരില്‍ യൂറോപ്പിനെ വിഭജിക്കുക എന്നത് വിചാരിക്കുന്നത് പോലെ അത്ര നിസാരമായ കാര്യമല്ല.' മധ്യയൂറോപ്പിലെ കാര്യമെടുത്താല്‍, പോളണ്ടിലും ഹംഗറിയിലും വലതുപക്ഷ ദേശീയവാദി നേതാക്കളാണ് അധികാരത്തില്‍. പക്ഷെ ഫ്രാന്‍സില്‍ ലെ പെന്‍ ഉയര്‍ത്തുന്നത് പോലെ യൂറോപ്യന്‍ യൂണിയന് ഒരു അസ്തിത്വപരമായ വെല്ലുവിളി സൃഷ്ടിക്കാനുള്ള കെല്‍പ് അവര്‍ക്കില്ല.

ഐക്യ യൂറോപ്പിനെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരായ ഒരു പോരാട്ട സഖ്യത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നതിനുള്ള ആദ്യപടിയായി മക്രോണിന്റെ വിജയത്തെ പുല്‍കിക്കൊണ്ട്, മുന്നണി കടന്നുപോയ ഒരു മോശ വര്‍ഷത്തിലെ മറ്റൊരു പുറം മറിയ്ക്കാന്‍ യൂറോപ്യന്‍ നേതാക്കള്‍ ഉത്സുകരായി. ലെ പെന്‍ വിജയിക്കുന്ന പക്ഷം ഒരു രാഷ്ട്രീയ നിരായൂധീകരണത്തിനുള്ള സാധ്യതയെ കുറിച്ച് മിക്ക മുഖ്യധാര നേതാക്കളും ഭയന്നിരുന്നു. ഞായറാഴ്ച വൈകിട്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്നെ പ്രിയപ്പെട്ട ഫുട്ബോള്‍ ടീം വിജയിച്ചാലുണ്ടാകുന്ന തരത്തിലുള്ള ആഹ്ലാദാരവങ്ങളാണ് യൂറോപ്യന്‍ യൂണിയന്റെ തലസ്ഥാനമായ ബ്രസല്‍സിലെ തെരുവുകളില്‍ മുഴങ്ങിയത്. 'പ്രതിഷേധങ്ങളും മാറ്റത്തിന് വേണ്ടിയുള്ള ആഗ്രഹങ്ങളും എപ്പോഴും വലതുപക്ഷ ജനപ്രിയതയെ വിജയത്തിലേക്ക് നയിക്കമെന്നില്ല എന്ന് ഫ്രഞ്ചുകാര്‍ വ്യക്തമാക്കി,' എന്ന് ഓസ്ട്രിയന്‍ വിദേശകാര്യമന്ത്രി സെബ്‌സ്റ്റിയന്‍ ക്രൂസ് ട്വിറ്ററില്‍ കുറിച്ചു.

തീവ്രവലതുപക്ഷത്തിന് ഏറ്റവും വലിയ വിജയപ്രതീക്ഷയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഓസ്ട്രിയ. അടുത്ത വര്‍ഷമെങ്കിലും നടത്തേണ്ട തിരഞ്ഞെടുപ്പില്‍ കുടിയേറ്റ വിരുദ്ധ ഫ്രീഡം പാര്‍ട്ടിക്ക് ഒരു മുന്നണി രൂപീകരിച്ച് അധികാരത്തില്‍ എത്താന്‍ കഴിയുമെന്നാണ് അഭിപ്രായ സര്‍വെകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വോട്ടെടുപ്പിന് മുമ്പ് നടന്ന അഭിപ്രായസര്‍വെകളെ തള്ളിക്കളഞ്ഞുകൊണ്ട് കഴിഞ്ഞ ഡിസംബറില്‍ നടന്ന ഒരു തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പരാജയം രുപിച്ചിരുന്നു.

ജര്‍മ്മനിയിലാകട്ടെ, ട്രംപിന്റെ വിജയാനന്തരം സമീപ മാസങ്ങളില്‍ നടന്ന ഒരു അഭിപ്രായസര്‍വെയില്‍ തീവ്ര വലതുകക്ഷിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി തകര്‍ന്ന് തരിപ്പണമായിരുന്നു. ഞായറാഴ്ചത്തെ ഫലത്തെ അനുസ്മരിപ്പിച്ചുകൊണ്ട് വടക്കന്‍ ജര്‍മ്മന്‍ സംസ്ഥാനമായ സ്ഷ്‌ലെസ്വിഗ്-ഹോള്‍സ്റ്റണില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചെറുതെങ്കിലും എണ്ണം പറഞ്ഞ ഒരു പരാജയം കൂടി നേരിട്ടിരുന്നു. വെറും ആറ് ശതമാനത്തില്‍ താഴെ വോട്ട് നേടാനേ അവര്‍ക്ക് കഴിഞ്ഞുള്ളു എന്നാണ് സൂചനകള്‍. കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നടത്തിയ ശക്തമായ പ്രകടനത്തില്‍ നിന്നുള്ള പിന്നോട്ടു പോക്കായിരുന്നു ഈ ഫലങ്ങള്‍. അഡോള്‍ഫ് ഹിറ്റ്‌ലറെ കുറിച്ചും ഹോളോകോസ്റ്റിനെ കുറിച്ചും പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാള്‍ നടത്തിയ വിവാദപരാമര്‍ശത്തെ തുടര്‍ന്ന് ജര്‍മ്മനിയില്‍ അവരുടെ പൊതുജന പിന്തുണ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.

മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാകട്ടെ സംസ്ഥാനത്ത് നിഷ്പ്രയാസം വിജയിച്ചു. അവര്‍ക്ക് 33 ശതമാനം വോട്ട് ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഞായറാഴ്ച രാത്രി മക്രോണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ മെര്‍ക്കല്‍, 'തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏകരൂപത്തിലുള്ളതും തുറന്നതുമായ ഒരു യൂറോപ്യന്‍ യൂണിയന് അദ്ദേഹം നല്‍കിയ പിന്തുണ തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ യൂറോപ്പിനോടുള്ള വ്യക്തമായ പ്രതിബദ്ധത ഉറപ്പിക്കുന്നതായിരുന്നു ഫ്രഞ്ച് വോട്ടര്‍മാരുടെ തീരുമാനം,' എന്ന് മെര്‍ക്കലിന്റെ വക്താവ് സ്‌റ്റെഫന്‍ സീബര്‍ട്ട് പറഞ്ഞു.

ആഹ്ലാദപ്രകടനങ്ങള്‍ക്കിടയിലും, യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ ശക്തികള്‍ ഫ്രാന്‍സില്‍ വളരുകയും ശക്തമായി തുടരുകയും ചെയ്യുന്നതിനാല്‍ മക്രോണ്‍ ഒരു താല്‍ക്കാലിക ആശ്വാസം മാത്രമായിരിക്കുമെന്ന് പരക്കെ അംഗീകരിക്കപ്പെടുന്നുണ്ട്. 2022ല്‍ നടക്കുന്ന അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് തന്റെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഫ്രഞ്ച് പ്രസിഡന്റ് പരാജയപ്പെടുന്നപക്ഷം, ലെ പെന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ നേതാവ് മുമ്പില്ലാത്ത ശക്തിയോടെ മടങ്ങിയെത്തും. യൂറോപ്പിന്റെ മറ്റൊരു ഭാഗത്ത്, തീവ്ര വലതുപക്ഷ കക്ഷിയല്ലെങ്കിലും യൂറോപ്യന്‍ യൂണിയനെ സംശയത്തോടെ വീക്ഷിക്കുന്ന ഫൈവ് സ്റ്റാര്‍ പ്രസ്ഥാനം 2018ലെ ശരത്കാലത്ത് നടക്കുന്ന ഇറ്റലിയിലെ പൊതുതിരഞ്ഞെടുപ്പില്‍ ഒന്നാമതെത്തുമെന്നാണ് അഭിപ്രായ സര്‍വെകള്‍ സൂചിപ്പിക്കുന്നത്.

സ്വന്തം രാജ്യത്ത് സമൂലമായ വാണിജ്യാനുകൂല നടപടികള്‍ നടപ്പിലാക്കിക്കൊണ്ട്, സാമ്പത്തിക ചിലവ് ചുരുക്കലില്‍ ജര്‍മ്മനി പുലര്‍ത്തുന്ന കര്‍ശനമായ ശാഠ്യം ലഘൂകരിക്കാന്‍ സാധിക്കുമെന്നാണ് മക്രോണ്‍ പ്രതീക്ഷിക്കുന്നത്. ഇതില്‍ വിജയിക്കുന്നപക്ഷം, ഭൂഖണ്ഡത്തിലെമ്പാടുമുള്ള യൂറോപ്യന്‍ വിരുദ്ധ ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ മക്രോണിന് സാധിക്കും. എന്നാല്‍ ഫ്രാന്‍സിന്റെയും അതുവഴി യൂറോപ്പിന്റെയും സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടാല്‍, പൗരന്മാരുടെ ജീവിതത്തെ യൂറോപ്യന്‍ യൂണിയന്‍ സഹായിക്കുകയാണോ വ്രണപ്പെടുത്തുകയാണോ ചെയ്യുന്നത് എന്ന ചോദ്യത്തിന് ഇന്ധനം പകരുകയാവും അദ്ദേഹം ചെയ്യുന്നത്. 'അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും ഫ്രാന്‍സിലെയും യൂറോപ്പിലെയും വികാരങ്ങള്‍ ഇപ്പോഴത്തെ പോലെ തുടരുകയാണെങ്കില്‍ അത് അസാധ്യമാകും,' എന്ന് മുന്‍ ഇറ്റാലിയന്‍ നയതന്ത്രപ്രതിനിധിയും ഇപ്പോള്‍ അത്‌ലാന്റിക് കൗണ്‍സില്‍ ഫെലോയുമായ സ്‌റ്റെഫാനോ സ്‌റ്റെഫാനീനി വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. 'യൂറോപ്പിലെ ഒരു ഭാഗം വളരുകയും മറുഭാഗത്ത് അത് സംഭവിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണത എക്കാലത്തും നിലനിറുത്താനാവില്ല.'

വലിയ ജനപിന്തുണ നേടിയെങ്കിലും മക്രോണ്‍ ഇപ്പോഴും വെളിപ്പെടാത്ത ചരക്കായി തുടരുകയാണ്: ഒരു തിരഞ്ഞെടുത്ത പദവിയിലേക്ക് അദ്ദേഹം എത്തുന്നത് ഇതാദ്യമാണെന്ന് മാത്രമല്ല, അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ല. തങ്ങളുടെ ഒരു ഫ്രഞ്ച് പതിപ്പായിരിക്കും മക്രോണ്‍ എന്നാണ് ജര്‍മ്മന്‍ നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. തന്റെ സാമ്പത്തിക പശ്ചാത്തലം ജര്‍മ്മന്‍ ശൈലിയിലുള്ള സാമ്പത്തിക മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മക്രോണിനെ സഹായിക്കും എന്നവര്‍ ആശിക്കുന്നു. എന്നാല്‍, കൂടുതല്‍ സര്‍ക്കാര്‍ ചിലവഴിക്കലുകളിലൂടെ ഫ്രാന്‍സിന്റെ സാമ്പത്തിക അനിശ്ചിതാവസ്ഥയ്ക്ക് ഉത്തരം കണ്ടെത്താന്‍ അദ്ദേഹം പ്രലോഭിതനായേക്കാം. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ യൂണിയനില്‍ എമ്പാടും സാമ്പത്തിക വളര്‍ച്ചയ്ക്കും ബജറ്റ് കമ്മിക്കും അടപ്പിടുന്ന ജര്‍മ്മന്‍ സാമ്പത്തിക യാഥാസ്ഥികത്വത്തിന് പുതിയതും എന്നാല്‍ പ്രബലവുമായ ഒരു വെല്ലുവിളി എന്ന യാഥാര്‍ത്ഥ്യം മെര്‍ക്കലിന് നേരിടേണ്ടി വരും.

പല കാര്യങ്ങളിലും വ്യക്തത വരാനുണ്ട്. പ്രത്യേകിച്ചും, തന്റെ കാഴ്ചപ്പാടുകള്‍ രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ മക്രോണിന് എത്രത്തോളം സാധിക്കും എന്ന കാര്യത്തില്‍. വരുന്ന ജൂണില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഫ്രഞ്ച് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടുന്നതില്‍ മക്രോണ്‍ പരാജയപ്പെട്ടാല്‍ അദ്ദേഹത്തിന്റെ അധികാരം തുലോം പരിമിതപ്പെടും. മെര്‍ക്കല്‍ സെപ്തംബറില്‍ തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്യുന്നു.


Next Story

Related Stories