UPDATES

വിദേശം

സുവെല്ല ഫെര്‍ണാണ്ടസ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തീവ്ര ബ്രെക്‌സിറ്റ് ഗ്രൂപ്പ് നേതാവ്‌

ബ്രെക്‌സിറ്റില്‍ ഏതെങ്കിലും തരത്തില്‍ വെള്ളം ചേര്‍ക്കാന്‍ തെരേസ മേ തയ്യാറായാല്‍ ഇആര്‍ജി മറ്റൊരു നേതാവിന്റെ പിന്നില്‍ അണിനിരക്കും എന്ന് വ്യക്തമാക്കുന്നതാണ് പുതിയ നീക്കം.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ടോറി പാര്‍ട്ടിയിലെ തീവ്ര ബ്രെക്‌സിറ്റ് അനുകൂല വിഭാഗത്തിന്റെ അദ്ധ്യക്ഷയായി സുവെല്ല ഫെര്‍ണാണ്ടസ് തിരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രിയെ പോലും മാറ്റാന്‍ ശക്തരാണ് യൂറോപ്യന്‍ റിസര്‍ച്ച് ഗ്രൂപ്പ് (ഇആര്‍ജി) എന്ന അറിയപ്പെടുന്ന ഭരണകക്ഷിയിലെ 80 എംപിമാര്‍ അനുകൂലിക്കുന്ന ഈ വിഭാഗം. ഈ വിഭാഗത്തിന്റെ അദ്ധ്യക്ഷനായിരുന്ന സ്റ്റീവ് ബേക്കര്‍ ബ്രക്‌സിറ്റ് വകുപ്പ് മന്ത്രിയായി നിയമതിനായതിനെ തുടര്‍ന്നാണ് ഫെയര്‍ഹമില്‍ നിന്നുള്ള എംപിയായ സുവെല്ല ഫെര്‍ണാണ്ടസ് പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. വാട്ട്‌സ്്ആപ്പ് സന്ദേശങ്ങളിലൂടെയാണ് സംഘം തങ്ങളുടെ തന്ത്രങ്ങള്‍ രൂപീകരിക്കുന്നത്.

വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണിന്റെ അടുത്ത ആളായാണ് സുവെല്ല അറിയപ്പെടുന്നത്. ഏകകമ്പോളം, കസ്റ്റംസ് യൂണിയന്‍, യൂറോപ്യന്‍ നീതിന്യായ കോടതിയുടെ പരിധിയില്‍ നിന്നുള്ള പിന്മാറല്‍ തുടങ്ങിയ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നയങ്ങളെ സംഘം അംഗീകരിക്കുന്നുണ്ട്. കഴിഞ്ഞ ജനുവരിയില്‍ തെരേസ മേ, ലങ്കാസ്റ്റര്‍ ഹൗസില്‍ നടത്തിയ പ്രസംഗങ്ങളില്‍ ഈ നിലപാടുകള്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ യാഥാസ്ഥിതിക പാര്‍ട്ടിയുടെ ഭൂരിപക്ഷം കുറഞ്ഞത് ബ്രെക്‌സിറ്റ് നീക്കങ്ങളില്‍ വെള്ളം ചേര്‍ക്കുമോ എന്ന സംശയം നിലനില്‍ക്കുമ്പോഴാണ് തീവ്ര ബ്രെക്‌സിറ്റ് അനുകൂലിയായ സുവെല്ല ഫെര്‍ണാണ്ടസ് ഇആര്‍ജിയുടെ തലപ്പത്തേക്ക് വരുന്നത്.

ബ്രെക്‌സിറ്റില്‍ ഏതെങ്കിലും തരത്തില്‍ വെള്ളം ചേര്‍ക്കാന്‍ തെരേസ മേ തയ്യാറായാല്‍ ഇആര്‍ജി മറ്റൊരു നേതാവിന്റെ പിന്നില്‍ അണിനിരക്കും എന്ന് വ്യക്തമാക്കുന്നതാണ് പുതിയ നീക്കം. യുകെയെ പൂര്‍ണ പരമാധികാര വാണിജ്യ രാജ്യമാക്കുന്നതില്‍ അടുത്ത രണ്ടുവര്‍ഷം നിര്‍ണായകമായിരിക്കുമെന്ന് തിരഞ്ഞെടുക്കപ്പെട്ട ശേഷം പുറപ്പെടുവിച്ച പ്രസ്താവനയില്‍ സുവെല്ല പറഞ്ഞു. താന്‍ ‘തീവ്ര ബ്രക്‌സിറ്റ്’ അനുകൂലിയോ ‘മൃദു ബ്രക്‌സിറ്റ്’ അനുകൂലിയോ അല്ലെന്നും വാണിജ്യസൗഹാര്‍ദപരവും തൊഴിലധിഷ്ടിതവുമായ ബ്രക്‌സിറ്റാണ് തന്റെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അത്തരത്തിലൂടെയുള്ള ഒരു ബ്രക്‌സിറ്റ് മാത്രമേ രാജ്യത്തെ സമ്പല്‍സമൃദ്ധിയിലേക്ക് നയിക്കാന്‍ സാധിക്കുവെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇതിനായി പ്രധാനമന്ത്രിയുടെ ലങ്കാസ്റ്റര്‍ ഹൗസ് പ്രസംഗത്തെയും യുറോപ്യന്‍ കസ്റ്റംസ് യൂണിയനില്‍ നിന്നും പിന്മാറാനുള്ള ധവള പത്രത്തെയും ഏക കമ്പോളത്തിലൂടെ യുകെയുടെ നിയമങ്ങളെയും സമ്പത്തിനെയും നിയന്ത്രിക്കാനുള്ള അധികാരം സ്വന്തമാക്കാനുള്ള നീക്കത്തെയും പിന്തുണയ്ക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു. അതുവഴി മാത്രമേ ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി പുതിയ വ്യാപാര കരാറുകള്‍ ഒപ്പിടാനുള്ള സ്വാതന്ത്ര്യം യുകെയ്ക്ക് ലഭിക്കുകയുള്ളു. സമൃദ്ധമായ ബ്രെക്‌സിറ്റ് യാഥാര്‍ത്ഥ്യമാക്കുന്നതിന് തെരേസ മേയ്ക്ക് ഇആര്‍ജിയുടെ പൂര്‍ണ പിന്തുണയുണ്ടാവുമെന്നും അവര്‍ അറിയിച്ചു. സുവെല്ലയുടെ തിരഞ്ഞെടുപ്പിനെ സംഘത്തിന്റെ വൈസ് ചെയര്‍മാന്‍ മൈക്കിള്‍ ടോംലിന്‍സണ്‍ ഉള്‍പ്പെടെയുള്ള ബ്രെക്‌സിറ്റ് അനുകൂലികള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ സുവെല്ല ഫെര്‍ണാണ്ടസിന്റെ ചരിത്രവും അവരുടെ നിലപാടുകളും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാണിക്കുന്നവരും കുറവല്ല. കുടിയേറ്റക്കാരുടെ മകളായി പിറന്ന സുവെല്ല ഇപ്പോള്‍ ബ്രെക്‌സിറ്റിനും കടുത്ത കുടിയേറ്റ നിയമങ്ങള്‍ക്കും വേണ്ടി വാദിക്കുന്നത് വിരോധാഭാസമാണെന്നാണ് അവരുടെ വാദം. കെനിയയില്‍ നിന്നും കുടിയേറിയ പിതാവിന്റെയും നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ നേഴ്‌സായി ജോലി ചെയ്യുന്നതിന് മൗറീഷ്യസില്‍ നിന്നും എത്തിയ അമ്മയുടെയും മകളാണ് സുവെല്ല ഫെര്‍ണാണ്ടസ്.

കുടിയേറ്റക്കാരേയും അഭയം തേടുന്നവരെയും സ്വീകരിച്ച പാരമ്പര്യമാണ് യുകെയ്ക്ക് ഉള്ളതെന്ന് ഹഫിംഗ്ടണ്‍ പോസ്റ്റിന് അനുവദിച്ച ഒരഭിമുഖത്തില്‍ സുവെല്ല വ്യക്തമാക്കി. എന്നാല്‍ ഇന്ന് രാജ്യത്തെ ചില പ്രദേശങ്ങളിലെ അവസ്ഥ സത്യസന്ധമായി മനസിലാക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇംഗ്ലീഷ് സംസാരിക്കാന്‍ പോലും അറിയാത്ത ആളുകള്‍ അധിവസിക്കുന്ന സ്ഥലങ്ങള്‍ രാജ്യത്ത് ഉണ്ടെന്നും ഇത് അനുവദിക്കാനാവില്ലെന്നും അവര്‍ പറയുന്നു. യുകെയിലെ ജനങ്ങളും ജീവിതസാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാന്‍ സാധിക്കുന്നവര്‍ മാത്രമേ ഈ രാജ്യത്തേക്ക് വരേണ്ടതുള്ളുവെന്നും അവര്‍ വ്യക്തമാക്കി. ഇത്തരം നിലപാടെടുക്കുന്നവരെ വംശീയവിദ്വേഷികള്‍ എന്ന് വിളിക്കുന്നുണ്ടെങ്കില്‍ തനിക്ക് ആ വിളിയില്‍ ഭയമില്ലെന്നും സുവെല്ല ഫെര്‍ണാണ്ടസ് കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍