TopTop

ഇസ്ലാമിക തീവ്രവാദത്തിനെതിരെ പോരാടാന്‍ മുസ്ലീം രാജ്യങ്ങളോട് ട്രംപ്

ഇസ്ലാമിക തീവ്രവാദത്തിനെതിരെ പോരാടാന്‍ മുസ്ലീം രാജ്യങ്ങളോട് ട്രംപ്
'ഇസ്ലാമിക തീവ്രവാദത്തിന്റെ പ്രതിസന്ധി' നേരിടുന്നതിന് മുസ്ലീം ലോകത്തെ ആഹ്വാനം ചെയതുകൊണ്ട് വളരെ ശക്തമായ ഒരു പ്രസംഗമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച നടത്തിയത്. ആഗോള ഭീകരതയെ ചെറുക്കുന്നതിനായി ഒരു സംയുക്ത സഖ്യം എന്ന ആശയവും അദ്ദേഹം മുന്നോട്ട് വച്ചു. ഇസ്ലാമിന്റെ ജന്മഭൂമിയായ സൗദി അറേബ്യയില്‍ നിന്നുകൊണ്ട്, മതത്തിന്റെ പേരില്‍ നിരപരാധികളായ മനുഷ്യരെ കൊല്ലുന്നതിനെതിരെ യുണൈറ്റഡ് സ്റ്റേറ്റ്‌സിനൊപ്പം അണിചേരാന്‍ മുസ്ലീം രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ച അദ്ദേഹം, ഇതിനെതിരെ ശക്തവും സംയുക്തവുമായ ഒരു നിലപാട് എടുക്കാന്‍ സാധിക്കാത്തതിനെ അപലപിക്കുകയും ചെയ്തു.

'ഇത് വ്യത്യസ്ത വിശ്വാസങ്ങളും വ്യത്യസ്ത മതഭേദങ്ങളും വ്യത്യസ്ത സംസ്‌കാരങ്ങളും തമ്മിലുള്ള ഒരു പോരാട്ടമല്ല,' എന്ന് ട്രംപ് പറഞ്ഞു. 'ഇത് മതത്തിന്റെ പേരില്‍ മനുഷ്യജീവിതത്തെയും മര്യാദക്കാരായ ജനങ്ങളെയും നശിപ്പിക്കാന്‍ ശ്രമിക്കുന്ന ക്രൂരന്മാരായ ക്രിമിനലുകളും തങ്ങളുടെ ജീവിതവും മതവും സംരക്ഷിക്കാനാഗ്രഹിക്കുന്ന ജനങ്ങളും തമ്മിലുള്ള പോരാട്ടമാണ്. ഇത് നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ്. 'ഭീരുത്വത്തിന്റെ പ്രത്യയശാസ്ത്രം' പ്രോത്സാഹിപ്പിക്കുകയും ഭീരകരവാദികള്‍ക്ക് ധനസഹായം നല്‍കുകയും ചെയ്യുന്ന ഇറാനെന്ന് അഭിപ്രായപ്പെട്ട ട്രംപ്, ഇറാനെ ഒറ്റപ്പെടുത്താന്‍ മുസ്ലീം രാജ്യങ്ങള്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.

ട്രംപിന്റെ സന്ദര്‍ശത്തിന് മുമ്പ് നടന്ന വിശകലനങ്ങളില്‍, അദ്ദേഹത്തിന്റെ സൗദി യാത്രയുടെ മുഖമുദ്രയായി മാറാവുന്ന രീതിയില്‍ 'മൗലിക ഇസ്ലാമിക ഭീകരവാദം' എന്ന പ്രയോഗം അദ്ദേഹം നടത്തുമോ എന്നതിനെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. ആ പ്രയോഗത്തിലൂടെ ഭീകരവാദ ഭീഷണിയെ വിശദീകരിക്കാന്‍ വിമുഖത കാണിക്കുന്നതിന് പ്രസിഡന്റ് ബറാക് ഒബാമയെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഭാഷ മൃദുലമാക്കാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് എച്ച്ആര്‍ മക്മാസ്റ്റര്‍ ഉള്‍പ്പെടുയുള്ള അദ്ദേഹത്തിന്റെ മുതിര്‍ന്ന സഹായികള്‍ ട്രംപിനോട് അപേക്ഷിച്ചിരുന്നു. മാത്രമല്ല, തങ്ങളുടെ വിശ്വാസത്തെ അടച്ചാക്ഷേപിക്കുന്നത് അവഹേളനപരമാണെന്ന് നിരവധി മുസ്ലീം നേതാക്കള്‍ കരുതുകയും ചെയ്തിരുന്നു.റിയാദ് അഭിസംബോധനയില്‍ 'ഇസ്ലാമിസ്റ്റ് തീവ്രവാദം' എന്ന ബദല്‍ പ്രയോഗം നടത്താനാണ് ട്രംപ് തീരുമാനിച്ചത്. എന്നാല്‍ വൈറ്റ് ഹൗസ് നേരത്തെ പുറത്തിറക്കിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങളില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് 'ഇസ്ലാമിസ്റ്റ്' എന്നതിന് പകരം 'ഇസ്ലാമികം' എന്ന് തന്നെ നിരവധി സ്ഥലങ്ങളില്‍ ട്രംപ് പ്രയോഗിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തെ വിശദീകരിച്ചുകൊണ്ട്, 'എല്ലാ തരത്തിലുമുള്ള ഇസ്ലാമിക ഭീകരതയുടെയും പ്രതിസന്ധിയെ സത്യസന്ധമായി നേരിടുന്നതിനെ' കുറിച്ച് ട്രംപ് സംസാരിച്ചു. മധ്യേഷ്യയിലെങ്ങുമുള്ള ഭീകരവാദത്തിന്റെ മഹാവിപത്തിനെ കുറിച്ച് വിലപിച്ചുകൊണ്ട്, 'അവരെ ആട്ടിയോടിക്കുക! ആരാധാനാലയങ്ങളില്‍ നിന്നും അവരെ ആട്ടിയോടിക്കുക. നിങ്ങളുടെ സമൂഹങ്ങളില്‍ നിന്നും അവരെ ആട്ടിയോടിക്കുക. നിങ്ങളുടെ പരിശുദ്ധ ഭൂമിയില്‍ നിന്നും അവരെ ആട്ടിയോടിക്കുക. പിന്നെ അവരെ ഭൂമിയില്‍ നിന്ന് തന്നെ അവരെ ആട്ടിയോടിക്കുക, എന്ന് ട്രംപ് ആഹ്വാനം ചെയ്തു.

അറബ് ഇസ്ലാമിക് അമേരിക്കന്‍ ഉച്ചകോടിയില്‍ അമ്പതോളും വരുന്ന മുസ്ലീം രാജ്യങ്ങളിലെ നേതാക്കളുടെ അപൂര്‍വ സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. ഇനി ഇസ്രായേലിലേക്കും പിന്നീട് യൂറോപ്പിലേക്കും നടക്കുന്ന അദ്ദേഹത്തിന്റെ ദീര്‍ഘമായ വിദേശയാത്രയുടെ രണ്ടാം ദിവസമായിരുന്നു അത്. 'അറബികളും ക്രിസ്ത്യാനികളും ജൂതന്മാരും സഹവര്‍ത്തിത്വത്തോടെ ദീര്‍ഘകാലമായി ജീവിക്കുന്ന' സ്ഥലമാണ് മധ്യേഷ്യയെന്നും 'വിശ്വാസത്തിന് അതീതമായി ഓരോ വ്യക്തിയുടേയും' സ്ഥലമായി ഇനിയും അവിടം മാറണമെന്നും അദ്ദേഹം പറഞ്ഞു.

'പൊതുമൂല്യങ്ങളിലും പങ്കുവെക്കപ്പെടുന്ന താല്‍പര്യങ്ങളിലും സാമാന്യബുദ്ധിയിലും വേരുറപ്പിച്ച തത്വദീക്ഷയുള്ള പ്രായോഗികതയാണ് നമ്മള്‍ സ്വീകരിക്കുന്നത്,' എന്ന് ഒബാമയുടെ അഭിലാഷപൂര്‍ണമായ ലക്ഷ്യങ്ങളെ പരോക്ഷമായി തള്ളിക്കളഞ്ഞുകൊണ്ട് ട്രംപ് പറഞ്ഞു. 'പ്രഭാഷണം നടത്താനല്ല നമ്മള്‍ ഇവിടെ വന്നിരിക്കുന്നത്,' ട്രംപ് പറഞ്ഞു. എങ്ങനെ ജീവിക്കണം, എന്ത് ചെയ്യണം, ആരാവണം അല്ലെങ്കില്‍ എങ്ങനെ പ്രാര്‍ത്ഥിക്കണം എന്ന് ജനങ്ങളോട് പറയാനല്ല നമ്മള്‍ ഇവിടെ വന്നിരിക്കുന്നത്. മറിച്ച്, പങ്കുവെക്കപ്പെടുന്ന താല്‍പര്യങ്ങളുടെയും മുല്യങ്ങളുടെയും അടിസ്ഥാനത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്യാനാണ് നമ്മള്‍ ഇവിടെ കൂടിയിരിക്കുന്നത്.'

സഹിഷ്ണുത പുലര്‍ത്താന്‍ ആഹ്വാനം ചെയ്യുകയും 'ലോകത്തിലെ വലിയ വിശ്വാസങ്ങളില്‍ ഒന്ന്' എന്ന് ഇസ്ലാമിനെ വിശേഷിപ്പിക്കുകയും ചെയ്തു കൊണ്ട് ഇസ്ലാമിനെ കുറിച്ചുള്ള തന്റെ മുന്‍ പ്രഖ്യാപിത കാഴ്ചപ്പാടില്‍ നിന്നും ട്രംപ് വ്യതിചലിച്ചു. ഇസ്ലാം വിരുദ്ധ വാചാടോപങ്ങളും നയങ്ങളുമായിരുുന്നു തിരഞ്ഞെടുപ്പ് കാലത്ത് ദേശീയതയില്‍ ഊന്നിയ അദ്ദേഹത്തിന്റെ പ്രചാരണത്തിന്റെ മുഖമുദ്ര; മുസ്ലീങ്ങള്‍ യുഎസില്‍ പ്രവേശിക്കുന്നത് നിരോധിക്കണം എന്ന് ആവശ്യപ്പെട്ട അദ്ദേഹം, 'മുസ്ലീങ്ങള്‍ നമ്മളെ വെറുക്കുന്നു എന്ന് ഞാന്‍ കരുതുന്നു,' എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.കിംഗ് അബ്ദുള്‍ അസീസ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററിലെ അത്യാഡംബരപൂര്‍ണമായ ഒരു ഹാളില്‍ നിന്നു കൊണ്ടാണ് ട്രംപ് തന്റെ അഭിസംബോധന നടത്തിയത്. അവിടെ. പകിട്ടേറിയ ബഹുശാഖ സ്ഫടിക ദീപങ്ങള്‍ തൂങ്ങിക്കിടക്കുകയും അതിഥികള്‍ കമ്പിളിത്തുണികള്‍ പൊതിഞ്ഞ കസേരകളില്‍ ഉപവിഷ്ടരാവുകയും ചെയ്തിരുന്നു. പ്രസംഗത്തിന് മുമ്പ്, മുറിയുടെ ഏറ്റവും മുന്നില്‍ അലങ്കരിച്ച ഒരു തടിമേശയ്ക്ക് പിന്നില്‍ ഉച്ചകോടിയ്ക്ക് ആതിഥ്യമരുളിയ സല്‍മാന്‍ രാജാവിനോടൊപ്പം പ്രസിഡന്റ് ഉപവിഷ്ടനായിരുന്നു.

പ്രസിഡന്റിന്റെ സന്ദേശത്തിന് പിന്തുണ നല്‍കിക്കൊണ്ട്, തന്റെ രാജ്യം 'എല്ലാ രൂപത്തിലുമുള്ള ഭീകരതയ്‌ക്കെതിരെ പോരാടുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന്' പറഞ്ഞ സല്‍മാന്‍ രാജാവ്, ഇസ്ലാമിന്റെ പേരില്‍ ആളുകളെ കൊല്ലുന്നതിനെ അപലപിക്കുകയും ചെയ്തു. 'ഇസ്ലാം ശരീയത്തിന്റെ അടിസ്ഥാന ലക്ഷ്യം ജീവനുകള്‍ സംരക്ഷിക്കുകയാണെന്നും കൊലപാതകം നടത്തുന്നതിലൂടെ ഒരു അംഗീകാരവും ലഭിക്കുന്നില്ലെന്നും എല്ലായിടത്തുമുള്ള നമ്മുടെ മുസ്ലീം സഹോരീസഹോദരന്മാരോട്, നമ്മുടെ ആണ്‍മക്കളോടും പെണ്‍മക്കളോടും ഞങ്ങള്‍ പറയുന്നു,' എന്ന് സല്‍മാന്‍ പ്രഖ്യാപിച്ചു. 'സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മതമാണ് ഇസ്ലാം. ഭീകരവാദത്തെ പിന്തുണയ്ക്കുന്നു എന്ന അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ പേരില്‍ തന്റെ കോപം മുഴുവന്‍ ഇറാനെതിരെ തിരിച്ചുവിടാന്‍ സല്‍മാന്‍ രാജാവ് മറന്നില്ല. 'വിദ്വേഷവും തീവ്രവാദവും ഭീകരവാദവും ആളിക്കത്തിക്കാനും മതപരവും വിഭാഗീയവുമായ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടാനുമുള്ള രാഷ്ട്രീയ ഉദ്ദേശങ്ങള്‍ക്ക് മറയായി ഇസ്ലാമിനെ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങളുടെ ഉല്‍പന്നമാണ് ഇത്തരം നീചപ്രവൃത്തികളെല്ലാം,' എന്ന് സല്‍മാന്‍ ചൂണ്ടിക്കാണിച്ചു.

ഷിയ ഭൂരിപക്ഷമുള്ള ഇറാന്‍ തങ്ങളുടെ പ്രാദേശിക മേധാവിത്വത്തിന് വെല്ലുവിളിയാകും എന്ന് വിശ്വസിക്കുന്ന സുന്നി ഭൂരിപക്ഷമുള്ള സൗദി അറേബ്യയെ പ്രകീര്‍ത്തിക്കുന്നതില്‍ ട്രംപ് ഒരു പിശുക്കും കാണിച്ചില്ല. തന്റെ സന്ദര്‍ശനകാലത്ത് സൗദിയുമായി ഒപ്പുവെച്ച 110 ബില്യണ്‍ ഡോളറിന്റെ ആയുധ കരാറിനെ കുറിച്ച് അഭിമാനത്തോടെ പ്രഖ്യാപിച്ച ട്രംപ്, തങ്ങളുടെ ലക്ഷ്യങ്ങള്‍ പങ്കുവെക്കുന്ന മറ്റ് രാജ്യങ്ങളുമായും ഇത്തരം സഹകരണത്തിന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സന്നദ്ധമാണെന്ന് അറിയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആഭ്യന്തര വീമ്പുപറച്ചിലുകളെ അനുസ്മരിപ്പിച്ചുകൊണ്ട്, അധികാരത്തിലേറി ഒരു മാസത്തിനുള്ളില്‍ ഒരു ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത് ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ തനിക്ക് കൈവരിക്കാന്‍ സാധിച്ചതായി ട്രംപ് അവകാശപ്പെടുകയും ചെയ്തു.

Next Story

Related Stories