TopTop
Begin typing your search above and press return to search.

വത്തിക്കാന്‍-മ്യാന്‍മര്‍ നയതന്ത്ര ബന്ധം ഇരുകൂട്ടര്‍ക്കും എന്തുകൊണ്ടാണ് വളരെ പ്രധാനമാകുന്നത്?

വത്തിക്കാന്‍-മ്യാന്‍മര്‍ നയതന്ത്ര ബന്ധം ഇരുകൂട്ടര്‍ക്കും എന്തുകൊണ്ടാണ് വളരെ പ്രധാനമാകുന്നത്?

മ്യാന്‍മറിനെ സംബന്ധിച്ചിടത്തോളം അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരത്തില്‍ നിര്‍ണായകമാണ് തങ്ങളുമായുള്ള നയതന്ത്ര ബന്ധം വത്തിക്കാന്‍ പൂര്‍ണമായി സ്ഥാപിച്ചത്. ഇങ്ങനെ ഒരു കാര്യത്തിലൂടെ മ്യാന്‍മറില്‍ ന്യൂനപക്ഷമായ ക്രിസ്ത്യന്‍ സമൂഹത്തിന് തുല്യപരിഗണനയും ജനങ്ങള്‍ക്കിടയില്‍ കത്തോലിക്ക സഭയ്ക്ക് കൂടുതല്‍ അംഗീകാരവും വത്തിക്കാന്‍ പ്രതീക്ഷിക്കുന്നുമുണ്ട്. തങ്ങളുടെ സ്ഥാനപതിയെ യംഗൂണില്‍ ഉടന്‍ നിയമിക്കുമെന്നും വത്തിക്കാന്‍ സിറ്റിയില്‍ മ്യാന്‍മര്‍ എംബസി തുറക്കുമെന്നും വത്തിക്കാന്‍ അറിയിച്ചു. പാപ്പല്‍ നുണ്‍സിയോ എന്നാണ് സ്ഥാനപതി അറിയപ്പെടുന്നത്. ഇത് സംബന്ധിച്ച് മാര്‍ച്ചില്‍ തന്നെ മ്യാന്‍മറുമായി ധാരണയിലെത്തിയിരുന്നു. മ്യാന്‍മറിന്റെ പ്രധാന നേതാവും നാഷണല്‍ ലീഗ് ഓഫ് ഡെമോക്രസി അധ്യക്ഷയുമായ ഓങ് സാന്‍ സൂചി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു തീരുമാനം.

വത്തിക്കാന്‍ സന്ദര്‍ശനത്തിന് ശേഷം സൂചി, ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ഏഞ്ചലീനോ അല്‍ഫാനോയുമായും യൂറോപ്യന്‍ യൂണിയന്റേയും ബെല്‍ജിയത്തിന്റേയും നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ബ്രിട്ടനും സൂചി സന്ദര്‍ശിക്കുന്നുണ്ട്. മ്യാന്‍മറിലെ ന്യൂനപക്ഷ വിഭാഗക്കാരായ റോഹിങ്ക്യ മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അന്വേഷിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കമ്മീഷന്‍ വസ്തുതാന്വേഷണ സമിതിയെ അയയ്ക്കാന്‍ തീരുമാനിച്ചതില്‍ സൂചി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ബെല്‍ജിയത്തിന്റേയും യൂറോപ്യന്‍ യൂണിയന്റേയും തലസ്ഥാനമായ ബ്രസല്‍സില്‍ വച്ചാണ് സൂചി ഇക്കാര്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ചത്.

രാഖിന്‍ പ്രവിശ്യയില്‍ റോഹിങ്ക്യ മുസ്ലീങ്ങള്‍ വ്യാപകമായി കൂട്ടക്കൊലയ്ക്കും ബലാത്സംഗങ്ങള്‍ക്കും നിരന്തര പീഡനങ്ങള്‍ക്കും ഇരയാകുന്നതായാണ് പരാതി. ബുദ്ധിസ്റ്റ് തീവ്രവാദി സംഘടനകളാണ് പ്രധാനമായും അതിക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. റോഹിങ്ക്യ മുസ്ലീങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനം സംബന്ധിച്ച് പോപ്പ് ഫ്രാന്‍സിസ് പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് നിശബ്ദത പാലിക്കുന്നതില്‍ ഏറെക്കാലമായി രൂക്ഷ വിമര്‍ശനം നേരിടുകയാണ് രണ്ട് പതിറ്റാണ്ട് കാലം മ്യാന്‍മറിലെ ജനാധിപത്യപ്രക്ഷോഭത്തെ നയിച്ച ഓങ് സാന്‍ സൂചി.

മ്യാന്‍മറില്‍ അഞ്ച് ലക്ഷത്തിനും എട്ട് ലക്ഷത്തിനും ഇടയില്‍ റോമന്‍ കത്തോലിക്കര്‍ ഉള്ളതായാണ് സിഐഎയുടെ കണക്ക്. അഞ്ച് കോടി എഴുപത് ലക്ഷത്തിലധികം മ്യാന്‍മര്‍ ജനസംഖ്യയുടെ ആറ് ശതമാനം ക്രിസ്ത്യാനികളാണ് എല്ലാ വിഭാഗങ്ങളിലുമായി ഉള്ളത്. റോഹിങ്ക്യകളെ പോലെ തങ്ങളും വലിയ പീഡനങ്ങള്‍ നേരിടുന്നതായി ക്രിസ്ത്യന്‍ സമൂഅതിനും പരാതിയുണ്ട്. 1990ല്‍ തന്നെ മ്യാന്‍മറുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ വത്തിക്കാന്‍ ശ്രമിച്ചിരുന്നു.

മ്യാന്‍മറില്‍ കത്തോലിക്കസഭ നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്ന് മതപഠനത്തിന്റെ അഭാവമാണ്. പള്ളി വക സ്‌കൂളുകളെല്ലാം 1962-ലെ പട്ടാള അട്ടിമറിക്ക് പിന്നാലെ 1965ല്‍ ദേശസാല്‍ക്കരിച്ചിരുന്നു. പിന്നീട് സ്‌കൂളുകളില്‍ നിക്ഷേപം നടത്തുന്നതിലൂടെയും മറ്റും പള്ളി പങ്ക് വഹിക്കാന്‍ തുടങ്ങിയെങ്കിലും സ്വകാര്യ വ്യക്തികളുടെ പേരിലല്ലാതെ സഭയ്ക്ക് നേരിട്ട് സ്‌കൂള്‍ നടത്താനുള്ള അനുമതി ഇപ്പോളും മ്യാന്‍മറിലില്ല. എല്ലാ സമുദായങ്ങള്‍ക്കുമെന്ന പോലെയുള്ള തുല്യ നീതി ക്രിസ്ത്യന്‍ സമൂഹവും പ്രതീക്ഷിക്കുന്നതായി യംഗൂണ്‍ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ബോ പറഞ്ഞിരുന്നു. മ്യാന്‍മറുമായി നയതന്ത്രബന്ധം സ്ഥാപിച്ചതോടെ ലോകത്തെ നാല് രാജ്യങ്ങളുമായി മാത്രമാണ് ഇപ്പോള്‍ വത്തിക്കാന് നയതന്ത്ര ബന്ധമില്ലാത്തത്. നാലും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളോ അല്ലെങ്കില്‍ അത്തരത്തില്‍ അവകാശപ്പെടുന്നവയോ ആയ ചൈന, ഉത്തരകൊറിയ, വിയറ്റ്നാം, ലാവോസ് എന്നിവയാണ്.


Next Story

Related Stories