TopTop
Begin typing your search above and press return to search.

വിദ്യാരംഭം: നടത്തുന്നവര്‍ക്ക് മാത്രം ലാഭം കിട്ടുന്ന കച്ചവടം- യു കലാനാഥന്‍ സംസാരിക്കുന്നു

വിദ്യാരംഭം: നടത്തുന്നവര്‍ക്ക് മാത്രം ലാഭം കിട്ടുന്ന കച്ചവടം- യു കലാനാഥന്‍ സംസാരിക്കുന്നു

വിദ്യാഭ്യാസം വ്യാപരവത്കരിക്കപ്പെടുന്നതിന്റെ ഉത്തമോദാഹരണമാണ് വിദ്യാരംഭം എന്ന ചടങ്ങ് ഇത്രമേല്‍ ആഘോഷമായി കൊണ്ടാടപ്പെടുന്നത്. മാധ്യമ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഈ ചടങ്ങ് വലിയൊരു ബിസിനസാക്കി മാറ്റിയിരിക്കുന്നു. സമൂഹത്തിലെ പ്രമുഖരെ ഇതിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാക്കുകയും ചെയ്യുന്നു. കേരളത്തിലെ ഹിന്ദു ജനവിഭാഗങ്ങള്‍ക്കിടയിലായിരുന്നു കഴിഞ്ഞ കുറച്ചുകാലം മുമ്പുവരെ വിദ്യാരംഭം അക്ഷരാഭ്യാസാരംഭത്തിന്റെ ഒരു പ്രധാനപദ്ധതിയായി കൊണ്ടാടപ്പെട്ടിരുന്നത്. ഇന്നിത് ഇതര സമുദായങ്ങളിലേക്കും പടര്‍ന്നിരിക്കുന്നു. അണികളെ ആകര്‍ഷിക്കാന്‍ മതങ്ങള്‍ നടത്തുന്ന സൂത്രപ്പണികളിലൊന്നായി ഇതിനേയും കാണാം. വിദ്യാരംഭ ചടങ്ങുകളുടെ പൊള്ളത്തരത്തെക്കുറിച്ച് പ്രമുഖ യുക്തിവാദി യു കലാനാഥന്‍ സംസാരിക്കുന്നു. (തയ്യാറാക്കിയത് രാകേഷ് നായര്‍)

വിദ്യ ആരംഭിക്കുന്ന ദിവസം ഓരോ വ്യക്തിക്കും വിശിഷ്ടമായതാണെങ്കിലും ഇതിന് മതപരമായൊരു പരിവേഷം നല്‍കുന്നിടത്താണ് പിഴവ്. പാത്രത്തില്‍ വച്ചിരിക്കുന്ന അരിയില്‍ ഗുരുനാഥന്‍മാര്‍ കൈപിടിച്ച് എഴുതിച്ചാല്‍ ആ കുട്ടിക്ക് എന്തെന്നില്ലാത്ത ഗുരുത്വം കിട്ടുമെന്നും അവന്‍/അവള്‍ മഹാപണ്ഡിതനായി/പണ്ഡിതയായി തീരുമെന്നുമുള്ള അന്ധവിശ്വാസം സമൂഹത്തിനുണ്ട്. അക്ഷരാഭ്യാസം ഏതര്‍ത്ഥത്തിലും നല്ലതാണ്. അക്ഷരാഭ്യാസമാണ് ജീവിതത്തിന് അര്‍ത്ഥം നല്‍കുന്ന പ്രധാന ഘടകം. എന്നാല്‍ അത് അടുക്കും ചിട്ടയോടും ശാസ്ത്രീയമായി പഠിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ ഏതെങ്കിലും മൂഢധാരണകളെ അവലംബമാക്കി അക്ഷരാഭ്യാസം അരംഭിച്ചാല്‍ അത് എന്തുതരം ഫലം കൊണ്ടുവരുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

വ്യാപരവല്‍ക്കരണം എന്ന പ്രക്രിയയ്ക്ക് വിധേയമാക്കി അക്ഷരാഭ്യാസത്തെ നമ്മുടെ വ്യാപാരികള്‍ ഇന്ന് വളരെ വിദഗ്ദ്ധമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഒരു മാര്‍ക്കറ്റിലെ സാധനങ്ങള്‍ വിറ്റഴിയുന്നതിന് എന്തെല്ലാം തന്ത്രങ്ങള്‍ പയറ്റണം എന്ന ചിന്ത ഇവിടെയും അവര്‍ പ്രയോജനപ്പെടുത്തുന്നു. സത്യത്തില്‍ ഈ വ്യാപാരവത്കരണം മതപരമായ എല്ലാ ആചാരങ്ങളുടെയും ഒരു പൊതുസ്വഭാവമാണ്. മതാചാരങ്ങളെ അടക്കം വില്‍പ്പനച്ചരക്കാക്കാന്‍ വേണ്ടി ആധുനിക ശാസ്ത്രീയ രൂപം വരെ കൊടുത്ത് ന്യായീകരിക്കുന്ന പ്രക്രിയ ആത്മീയപണ്ഡിതന്മാരിലും ആത്മീയവാദികളിലും ഇന്ന് സര്‍വ്വസാധാരണമായി കണ്ടുവരുന്നു. ഈയൊരു സ്ഥിതിവിശേഷം അക്ഷരാഭ്യാസത്തിന്റെ കാര്യത്തിലും നമുക്ക് പ്രകടമായി ദര്‍ശിക്കാം.

അരിയിലെഴുതിയാലോ കടലാസിലെഴുതിയാലോ അല്ല കുട്ടിയുടെ വിദ്യാഭ്യാസം വളരുക. ചെറിയ ക്ലാസ് മുതല്‍ പ്ലേ വേ മെത്തേഡില്‍ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി അവരെ അടുപ്പിച്ച് വിദ്യാഭ്യാസം നല്‍കുകയാണ് ശാസ്ത്രീയമായ വിദ്യാഭ്യാസത്തിന്റെ പ്രാരംഭം. കുട്ടികളെ നേരിട്ട് എഴുത്തും വായനയും പഠിപ്പിക്കുന്നതിന് പകരം പ്ലേ വേ മെത്തേഡില്‍ അണ് പഠിപ്പിച്ചു വരുന്നതെങ്കില്‍ അവര്‍ക്ക് ജീവിതത്തിന്റെ വിവിധ ഉപാധികളുമായുള്ള പരിചയം ഒരു ഭാഗത്ത് കിട്ടുകയും അത് പരിചയപ്പെടുത്തുന്ന പദങ്ങളും അതിന്റ ഭാഷാ ശുദ്ധിയും അവര്‍ക്ക് ലഭിക്കുകയും ചെയ്യും. അവരുടെ ഭാഷാനിലവാരം ഉയരുകയും സ്വാഭാവികമായി കൂടുതല്‍ അറിയാനും പഠിക്കാനുമുള്ള പ്രവണത കുട്ടിയില്‍ സ്വയം വളരുകയും ചെയ്യും. ഇതാണ് വിദ്യാഭ്യാസത്തിലെ പ്രധാന ഘടകം.

ഒരു അദ്ധ്യാപകന്‍ ക്ലാസ് എടുക്കുമ്പോള്‍ കുട്ടിക്ക് വീണ്ടും ആ ക്ലാസില്‍ വരണമെന്ന് തോന്നുന്നില്ലെങ്കില്‍ ആ അദ്ധ്യാപനം പരാജയമാണ്. നേരെ മറിച്ച് കേള്‍ക്കും തോറും കൂടുതല്‍ കൂടുതല്‍ കേള്‍ക്കാനും കൂടുതല്‍ അറിയാനുമുള്ള പ്രവണത എവിടുന്നാണോ വിദ്യാഭ്യാസരംഗത്ത് കടന്നുവരുന്നത് ആ വിദ്യാഭ്യാസം വളരുകയും കുട്ടിയടക്കം ഉദ്ദേശിക്കാത്ത രൂപത്തില്‍അവനെ/അവളെ വളര്‍ത്തിക്കൊണ്ടുവരുന്നതിന് നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെയ്യും. ഈ രീതിയിലേക്ക് വിദ്യാഭ്യാസ സംവിധാനത്തെ ശാസ്ത്രീയമായി പരിഷ്‌കരിക്കുന്നതിനുള്ള നിലപാട് നമ്മുടെ വിദ്യാഭ്യാസ മണ്ഡലം കണ്ടിട്ടേയില്ല. അത് നമ്മുടെ പ്രാഥമിക വിദ്യാലയങ്ങളിലും ഗുരുകുല വിദ്യാലയങ്ങളിലും; എവിടെ നോക്കിയാലും കാണാന്‍ സാധിക്കും.


ഉറക്കെ വാക്കുകള്‍ ഉച്ചരിപ്പിക്കുക,കാണാപ്പാഠം പഠിപ്പിക്കുക എന്നതൊക്കെയാണ് നമ്മുടെ അദ്ധ്യാപന രീതികള്‍. എത്രമാത്രം മനപാഠം ആക്കി പറയാന്‍ കഴിയും എത്ര അക്ഷരശ്ലോകം ചൊല്ലാന്‍ കഴിയും എന്നതിനെയൊക്കെ അടിസ്ഥാനമാക്കിയാണ് നമ്മുടെ കുട്ടികളുടെ ഓര്‍മ്മശക്തിപോലും അളക്കപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ ഇന്റലിജന്‍സുമായി ബന്ധപ്പെടുത്തി മെമ്മറിയെ വികസിപ്പിക്കാനുള്ള ഒരദ്ധ്യാപനശൈലി മനഃശാസ്ത്രപരമായി പ്രയോജനപ്പെടുത്താനുള്ള കഴിവ് അംഗനവാടിയിലെ അദ്ധ്യാപകന് മുതല്‍ കോളേജ് പ്രൊഫസര്‍മാര്‍ക്ക് വരെ നല്‍കുക എന്നത് വിദ്യാഭ്യാസത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അടുക്കും ചിട്ടയോടുമുള്ള നിലവാരം ഉയര്‍ത്തുക എന്ന ഭരണകൂടത്തിന്റെ ഉത്തരവാദിത്വം ആണ്.

നമ്മുടെ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 51-എ യില്‍ പൗരന്റെ കടമകളെക്കുറിച്ച് പറയുന്നുണ്ട്. ശാസ്ത്രീയമായ ധാരണകള്‍ പടര്‍ത്തുക, മാനവികത പടര്‍ത്തുക, പരിഷ്‌കരണക്ഷമത പടര്‍ത്തുക-തുടങ്ങിയവയെല്ലാം പൗരന്റെ കടമകളാണ്. ഈ കടമകള്‍ നിര്‍വഹിക്കപ്പെടേണ്ടത് ഏതെങ്കിലും പൊതുയോഗങ്ങളില്‍ നടത്തുന്ന പ്രസംഗങ്ങളിലൂടെയല്ല. നമ്മുടെ വിദ്യാലയങ്ങളില്‍ പ്രാഥമിക തലം മുതല്‍ക്ക് അദ്ധ്യാപകര്‍ നല്‍കുന്ന പാഠങ്ങളിലൂടെ ഒരു കുട്ടിക്ക് ഈ ജീവിത വീക്ഷണങ്ങള്‍ അവന്റെ സംസ്‌കാരമായി വികസിപ്പിച്ചെടുക്കാന്‍ കഴിയണം. അതിനുതകുന്ന വിദ്യാഭ്യാസം നല്‍കുക എന്നതാണ് സാക്ഷരതയിലൂടെ നാം ചെയ്യേണ്ട അടിയന്തരകാര്യം.

അരിയില്‍ കുറിക്കുന്ന ഹരിശ്രീക്ക് ഒരു കുട്ടിയുടെ സംസ്‌കാരത്തെയും ജീവിത വീക്ഷണത്തേയും വിദ്യാഭ്യാസ നിലവാരത്തേയും സ്വാധീനിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഈ കച്ചവടം കൊണ്ട് അതു നടത്തുന്നവര്‍ക്ക് മാത്രമാണ് ലാഭം.


Next Story

Related Stories