TopTop

മാണിക്കെതിരെ തെളിവു നല്‍കാനാളില്ല; ബാര്‍ കോഴക്കേസ് അവസാനിപ്പിക്കുന്നു

മാണിക്കെതിരെ തെളിവു നല്‍കാനാളില്ല; ബാര്‍ കോഴക്കേസ് അവസാനിപ്പിക്കുന്നു
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ധനമന്ത്രിയുമായ കെഎം മാണിക്കെതിരായ ബാര്‍ കോഴക്കേസ് അവസാനിപ്പിക്കാനൊരുങ്ങി വിജിലന്‍സ്. കുറ്റപത്രം സമര്‍പ്പിക്കാനാവശ്യമായ തെളിവുകള്‍ ഇനിയും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് അവസാനിപ്പിക്കാനുള്ള നീക്കം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്വേഷണവുമായി മുന്നോട്ട് പോകാനാവില്ലെന്ന നിലപടിലാണ് വിജിലന്‍സ്.

ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ കോടതിയില്‍ വിശദീകരണം നല്‍കി. കോടതിയുടെ ഇടപെടല്‍ കൂടിയായതോടെ അന്വേഷണം അനന്തമായി നീട്ടിക്കൊണ്ട് പോകാനാകില്ലെന്നും ഉറപ്പായിരിക്കുകയാണ്. കെഎം ഇടതുപക്ഷത്തിനൊപ്പം ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് പ്രതിപക്ഷത്തിരുന്നപ്പോള്‍ സിപിഎം ഏറ്റവും ശക്തമായ ആയുധമായി ഉപയോഗിച്ചിരുന്ന ബാര്‍ കോഴക്കേസ് എല്‍ഡിഎഫ് സര്‍ക്കാര്‍ അവസാനിപ്പിക്കാനൊരുങ്ങുന്നതെന്നത് ശ്രദ്ധേയമാണ്. തെളിവുനല്‍കേണ്ടവര്‍ അതിന് തയ്യാറാകാത്തതിനാലാണ് കേസ് എങ്ങുമെത്താതിരിക്കുന്നതെങ്കിലും ഒരുകാലത്ത് ബാര്‍കോഴക്കേസില്‍ മാണിക്കെതിരെ സമരപരമ്പരകള്‍ തന്നെ തീര്‍ക്കുകയും നിയമസഭയില്‍ പോലും നാണംകെട്ട സംഭവങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത എല്‍ഡിഎഫിന് ഇനി അദ്ദേഹത്തെ ഇരുകൈകളും നീട്ടി സ്വീകരിക്കാമെന്ന സാഹചര്യമാണ് വരുന്നത്.

മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ വേണ്ടത്ര തെളിവില്ലെന്ന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഭരണമാറ്റത്തിന് ശേഷം കേസ് ശക്തമാകുകയായിരുന്നു. ഇതിനിടെ മാണി എല്‍ഡിഎഫിനോടൊപ്പം ചേരുന്നുവെന്ന തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങളും നടന്നു. വിജിലന്‍സ് ഡയറക്ടറായി തോമസ് ജേക്കബ് രണ്ടാമതും വന്നതോടെ ബാര്‍ കോഴക്കേസില്‍ കൂടുതല്‍ തെളിവുകള്‍ പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല.

കഴിഞ്ഞ പതിനൊന്ന് മാസമായി അന്വേഷണം കടലാസില്‍ മാത്രമാണ് നടക്കുന്നത്. ബാര്‍ കോഴക്കേസില്‍ ആരോപണം ഉന്നയിച്ച ബാര്‍ ഉടമ ബിജു രമേശും അദ്ദേഹത്തിന്റെ ഡ്രൈവര്‍ അമ്പിളുയം ആദ്യം നല്‍കിയ വിവരങ്ങളല്ലാതെ കൂടുതലൊന്നും ശേഖരിക്കാന്‍ വിജിലന്‍സിന് സാധിച്ചിട്ടുമില്ല.

മാണിക്ക് പണമെത്തിച്ച് നല്‍കിയവരെന്ന് ബിജു പേരെടുത്ത് പറഞ്ഞവരെല്ലാം പിന്നീട് അത് നിഷേധിച്ചിരുന്നു. തെളിവില്ലെന്ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കിയ എസ്പി സുകേശനെ മാറ്റി പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ വയ്ക്കുകയും ചെയ്തു. മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും കേസ് അവസാനിപ്പിക്കാന്‍ ജോക്കബ് തോമസ് ഒരുക്കമായിരുന്നില്ല.

കെഎം മാണി നല്‍കിയ ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി പലവട്ടം അന്വേഷണ പുരോഗതി ചോദിച്ചതോടെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി അവധിയില്‍ പ്രവേശിക്കുകയും ചെയ്തു. ഒരുമാസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ വിജിലന്‍സ് തലപ്പത്തു നിന്നും ജേക്കബ് തോമസ് മാറി പുതിയ മേധാവി എത്തുകയും ചെയ്തു. ചുരുക്കത്തില്‍ ബാര്‍ കോഴക്കേസില്‍ കടുത്ത നിലപാടുകളുമായി മുന്നോട്ട് പോയ ജേക്കബ് തോമസിന്റെ മേല്‍നോട്ടമില്ലാതെയാകും ഇനി അന്തിമ റിപ്പോര്‍ട്ട് തയ്യാറാകുക. അതാകട്ടെ തെളിവില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകുകയും ചെയ്യും. അതോടെ മാണി ബാര്‍ കോഴക്കേസിന് വെളിയിലാകുകയും ചെയ്യും.

Next Story

Related Stories