TopTop

വിജയ്‌ മല്യ, നിരവ് മോദി, മെഹുല്‍ ചോക്സി; പണ തട്ടിപ്പുകാര്‍ക്ക് ഇന്ത്യ ഒരുക്കിയ പട്ടുപാതകള്‍

വിജയ്‌ മല്യ, നിരവ് മോദി, മെഹുല്‍ ചോക്സി; പണ തട്ടിപ്പുകാര്‍ക്ക് ഇന്ത്യ ഒരുക്കിയ പട്ടുപാതകള്‍
ലണ്ടനിലേയ്ക്ക് പോകും മുമ്പ് കേന്ദ്ര ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ട് പോകുന്ന കാര്യം അറിയിച്ചിരുന്നതായാണ്, 9000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി വിദേശത്തേയ്ക്ക് മുങ്ങിയ വിജയ് മല്യ ഇന്നലെ നടത്തിയ സ്‌ഫോടനാത്മക വെളിപ്പെടുത്തല്‍. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോയില്‍ പണ തട്ടിപ്പ് കേസില്‍ വിദേശത്തേയ്ക്ക് മുങ്ങിയ മറ്റൊരു ഇന്ത്യക്കാരനുണ്ടായിരുന്നു - നിരവ് മോദി. വിജയ്‌ മല്യ പണ തട്ടിപ്പ് നടത്തി, ധന മന്ത്രി ജയ്റ്റ്ലിയോട് കാര്യം പറഞ്ഞ് രാജ്യത്ത് നിന്ന് മുങ്ങുന്നു. നിരവ് മോദി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് ശേഷം മുങ്ങുന്നു. ഇവരുടെ കൂടിക്കാഴ്ചയില്‍ എന്താണ് സംസാരിച്ചത് എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട് എന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഇന്നലെ ആവശ്യപ്പെട്ടത്. ജയ്‌റ്റ്ലി മന്ത്രി സ്ഥാനം രാജി വക്കണമെന്നും അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നു.

21ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ജയില്‍ പരിഷ്‌കാരത്തിലേയ്ക്ക് നയിച്ച വ്യക്തിയായിട്ടായിരിക്കും വിജയ് മല്യയെ ചരിത്രം രേഖപ്പെടുത്തുക എന്ന നര്‍മ്മഭാവനയാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസിലെ കാര്‍ട്ടൂണിലൂടെ ഇപി ഉണ്ണി പങ്കുവയ്ക്കുന്നത്. മല്യയെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ എക്‌സ്ട്രാഡിഷന്‍ അപേക്ഷ ബ്രിട്ടീഷ് കോടതിയുടെ പരിഗണനയിലാണ്. ഇന്ത്യയിലെ ജയിലുകള്‍ അങ്ങേയറ്റം വൃത്തിഹീനവും തടവുകാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നവയുമാണ് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എക്‌സ്ട്രാഡിഷന്‍ ആവശ്യപ്പെട്ട ഇന്ത്യന്‍ അധികൃതരോട് വിജയ് മല്യയെ പാര്‍പ്പിക്കാനുദ്ദേശിക്കുന്ന ജയിലിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. മുംബയ് ആര്‍തര്‍ റോഡ്‌ ജയിലിലാണ് മല്യയെ പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്. മറ്റ് സാധാരണ തടവുകാര്‍ ഏതൊക്കെ തരത്തില്‍ പീഡിപ്പിക്കപ്പെട്ടാലും അവരുടെ അവകാശങ്ങള്‍ എത്രത്തോളം ലംഘിക്കപ്പെട്ടാലും മല്യയെ പോലുള്ള വിശിഷ്ടാതിഥികളെ ജയിലില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ പാര്‍പ്പിക്കാനും അധികൃതര്‍ക്ക് മടിയുണ്ടാകില്ല എന്നാണ് അവരുടെ പ്രതികരണം വ്യക്തമാക്കുന്നത്. ഞാന്‍ അരുണ്‍ ജയ്‌റ്റ്ലിയോടും കര്‍ണാടക ഹൈക്കോടതിയോടും പണം നല്‍കി ബാങ്കുകളുമായുള്ള പ്രശ്നം 'സെറ്റില്‍' ചെയ്യാം എന്ന് വ്യക്തമാക്കിയിരുന്നതായി മല്യ വളരെ ലാഘവത്തോടെ പറയുന്നു. എത്ര നിസാരമായാണ് വിജയ്‌ മല്യ അടക്കമുള്ള പണ തട്ടിപ്പ് കേസ് പ്രതികള്‍ ഈ പ്രശ്നങ്ങളെ സെറ്റില്‍ ചെയ്യുന്നത്.

ജ്വല്ലറി വ്യാപാരിയും നിരവ് മോദിയുടെ അമ്മാവനും പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട പണം തട്ടിപ്പ് കേസിലെ മറ്റൊരു പ്രധാന പ്രതിയുമായ മെഹുല്‍ ചോക്‌സി, വിദേശത്തേയ്ക്ക് മുങ്ങുന്നത് സംബന്ധിച്ച് സര്‍ക്കാരിനും സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്കും വ്യക്തമായ അറിവുണ്ടായിരുന്നു. ചോക്‌സി യുഎസില്‍ ഉണ്ടായിരുന്നത് സംബന്ധിച്ച് യുഎസ് ഇന്റലിജന്‍സ് കൃത്യമായ വിവരം കൈമാറിയിട്ടും ഇന്ത്യന്‍ ഏജന്‍സികള്‍ അനങ്ങിയില്ല. കരീബിയന്‍ രാജ്യമായ ആന്റിഗ്വയിലേയ്ക്ക് കടക്കാനും പൗരത്വം നേടാനും ചോക്‌സി ശ്രമിക്കുന്ന കാര്യവും ഇന്ത്യക്ക് അറിയാമായിരുന്നു. എന്നാല്‍ ചോക്‌സി ആന്റിഗ്വയിലേയ്ക്ക് കടന്ന ശേഷമാണ് ഇന്ത്യ എക്‌സ്‌ട്രേഡിഷന്‍ അപേക്ഷ നല്‍കിയത്.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊതുമേഖല ബാങ്കുകള്‍ വഴിയടക്കമുള്ള കോടികളുടെ വായ്പാ തട്ടിപ്പുകള്‍ വലിയ തോതില്‍ പുറത്തുവന്നു. നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) സംബന്ധിച്ച കൃത്യമായ കണക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറിയിരുന്നതായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പറയുന്നു. ഇതില്‍ മെഹുല്‍ ചോക്‌സിയുടെ പേരും ഉണ്ടായിരുന്നതായി ദ വയര്‍ പറയുന്നു. ബിജെപി എംപി മുരളിനോഹര്‍ ജോഷി അധ്യക്ഷനായ, പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ് കമ്മിറ്റിക്ക് 17 പേജുള്ള കുറിപ്പാണ് രഘുറാം രാജന്‍ നല്‍കിയത്. ഈ വിവരങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനോട് (പിഎംഒ) താന്‍ ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ ഇതിന്റെ എന്തെങ്കിലും തുടര്‍നടപടി ഉണ്ടായോ എന്ന് അറിയില്ലെന്നും രാജന്‍ പറയുന്നു.

മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനും ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ദ വയര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം നിഷ്ക്രിയ ആസ്തിയായി മാറിയ ഈ വായ്പകള്‍ നല്കപ്പെട്ടിരിക്കുന്നത് യുപിഎ 1,2 സര്‍ക്കാരുകളുടെ കാലത്താണ്. പ്രത്യേകിച്ച് 2006-08 കാലത്ത്. ബാങ്കുകള്‍ പിന്നാലെ നടന്ന് ബിസിനസുകാര്‍ക്ക് വായ്പ കൊടുക്കുകയായിരുന്നു എന്നാണ് രഘുറാം രാജന്‍ പറയുന്നത്. എന്നാല്‍ വലിയ തോതില്‍ നിഷ്ക്രിയ ആസ്തികളിലേക്കും ബാങ്കിംഗ് പ്രതിസന്ധിയിലേക്കും നയിച്ച ഇത്തരമൊരു സാഹചര്യമുള്ളപ്പോളും കുറ്റക്കാര്‍ അനായാസമായി രാജ്യത്തെ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെട്ട് വിദേശത്തേയ്ക്ക് കടക്കുന്നു എന്നതാണ് നിലവിലെ യാഥാര്‍ത്ഥ്യം. അതില്‍ നിലവില്‍ അധികാരത്തിലുള്ള സര്‍ക്കാരിന്‍റെ നിലപാടും സമീപനങ്ങളും എന്താണ് എന്നതാണ് പരിശോധിക്കപ്പെടേണ്ടതും.

https://www.azhimukham.com/business-vijaymallya-and-banking-scam-writes-mohanguruswamy/

https://www.azhimukham.com/india-kingfisher-owner-vijay-mallyas-life/

https://www.azhimukham.com/india-nirav-modi-and-indian-plutocracy-pnb-scam/

Next Story

Related Stories