TopTop
Begin typing your search above and press return to search.

സുല്‍ത്താന്‍ സല്‍മാനല്ല വിജേന്ദര്‍ സിംഗാണ്

സുല്‍ത്താന്‍ സല്‍മാനല്ല വിജേന്ദര്‍ സിംഗാണ്

ബിബിന്‍ ബാബു

കളിക്കാനായി മനസ്സ് വെമ്പുന്ന കാലത്ത് ഹരിയാനയിലെ കുട്ടികള്‍ മണ്ണിലേക്കിറങ്ങും. കൃഷിക്കായി മാത്രമല്ല. ഇടിയുടെ ബാലപാഠങ്ങള്‍ സ്വായത്തമാക്കുന്നത് അവിടെ നിന്നുമാണ്. പൂഴി മണ്ണ് കൈയ്യില്‍ വാരി തോളില്‍ തേച്ചാണ് എതിരാളികളെ നേരിടാനായി ഗോദയിലേക്കിറങ്ങുന്നത്. ഹരിയാനക്കാര്‍ക്ക് മാത്രം സുപചരിതമായ ലോകം കടം കൊണ്ട പല നീക്കങ്ങളുടെയും പിറവി ആ ഗോദകളിലാണ്.

ബോക്‌സിംഗും റസ്ലിംഗും അവിടെ വെറും വിനോദമല്ല മറിച്ച് ജീവവായുവാണ്. ഗോദയിലിറങ്ങിയ എല്ലാവര്‍ക്കും ഒരു സ്വപ്‌നം മാത്രം, ഒളിമ്പിക്‌സില്‍ ഒരു മെഡല്‍. സുശീല്‍ കുമാര്‍, യോഗേശ്വര്‍ ദത്ത്, വിജേന്ദര്‍ സിങ് എന്നിങ്ങനെ ഇടിക്കൂട്ടില്‍ നിന്നും മെഡലുകള്‍ വാരിക്കൂട്ടിയ മിക്കവരും ഹരിയാനക്കാര്‍.

ലോകത്തിനു മുമ്പില്‍ രാജ്യത്തിന്റെ യശ്ശസുണര്‍ത്തി മെഡല്‍ നേടുന്നവര്‍ ആരാധക വൃന്ദത്തിന്റെ നടുവില്‍ ഉയര്‍ത്തപ്പെടും. വിജയങ്ങള്‍ പാണന്റെ പാട്ടു പോലെ പ്രചരിക്കും. എന്നാല്‍ തോല്‍വിയേറ്റു വാങ്ങുന്നതോടെ പ്രൗഡിയുടെ വെള്ളി വെളിച്ചത്തില്‍ നിന്നും പുറത്താകുന്നു. കായിക രംഗത്തെ സ്ഥിരം കാഴ്ചകളാണ് ഇതൊക്കെയും.

ഇന്ത്യക്കായി മെഡല്‍ നേടിയ വിജേന്ദര്‍ സിംഗ് എന്തിന് അമച്വര്‍ ബോക്‌സിങ് ഉപേക്ഷിച്ച് പ്രൊഫഷണല്‍ ബോക്‌സിങ് രംഗത്തേക്ക് വന്നു? രാജ്യത്തെ ആകമാനം ഞെട്ടിച്ച ആ തീരുമാനം എന്തിനായിരുന്നു? 2016ല്‍ റിയോയിലും മെഡല്‍ സാധ്യത നിലനില്‍ക്കുമ്പോള്‍ വിജേന്ദര്‍ മാറി ചിന്തിച്ചത് എന്തിന്? യഥാര്‍ത്ഥത്തില്‍ സ്വരം നന്നായിരുന്നപ്പോള്‍ പാട്ടു നിര്‍ത്തുകയാണോ വിജേന്ദര്‍ ചെയ്തത്? കാരണം തേടിയുള്ള ചോദ്യങ്ങള്‍ക്ക് വിജേന്ദര്‍ നല്‍കിയ മറുപടികളും ഇത് സാധൂകരിക്കുന്നതാണ്. ജയങ്ങള്‍ വാഴ്ത്തിപ്പടിയവര്‍ തന്നെ തോല്‍വികളില്‍ ക്രൂശിക്കുന്നു. ഇതൊരു പക്ഷേ വിജേന്ദറിനെ പ്രൊഫഷണല്‍ ബോക്‌സിംഗിലേക്ക് അടുപ്പിക്കുന്ന കാരണമായിരുന്നിരിക്കാം.

എന്നാല്‍ വിജേന്ദറിന്റെ ചുവടു മാറ്റത്തിലൂടെ മറ്റു ചില വിപ്ലവങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഹരിയാനയുടെ താളത്തില്‍ പഞ്ചുകള്‍ക്ക് ഒപ്പം പാശ്ചാത്യ ഇടി ശൈലികള്‍ സമം ചേര്‍ത്ത് വിജേന്ദര്‍ സിങ് കെറി ഹോപ്പിനെ തകര്‍ത്ത് ഏഷ്യ പസഫിക്ക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് കിരീടം നേടിയപ്പോള്‍ രാജ്യത്ത് പുതിയ ഒരു കായിക സംസ്‌കാരത്തിനു കൂടിയാണ് തുടക്കമായിരിക്കുന്നത്.ഹരിയാനയുടെ സുല്‍ത്താന്‍ തുടങ്ങി വച്ചിരിക്കുന്ന ഈ പുതിയ സംസ്‌കാരത്തിലേക്ക് ഇനി ആരൊക്കെ ചേക്കേറുമെന്ന് ഇടി പ്രേമികള്‍ ഉറ്റു നോക്കുകയാണ്. ക്രിക്കറ്റില്‍ ഐപിഎല്‍ എങ്ങനെയാണോ അത് തന്നെയാണ് അമച്വര്‍ ബോക്‌സിംഗും പ്രഫഷണല്‍ ബോക്‌സിംഗും തമ്മിലുള്ള വ്യത്യാസം. പണക്കിലുക്കവും അത് പോലെ തന്നെ. ഇന്ത്യ എന്ന വലിയ മാര്‍ക്കറ്റില്‍ പുതിയ ഉല്‍പ്പന്നമായി പ്രഫഷണല്‍ ബോക്‌സിങ് അവതരിച്ചു കഴിഞ്ഞു. വിജേന്ദര്‍- ഹോപ്പ് പോരാട്ടം ന്യൂഡല്‍ഹിയില്‍ നടത്തിയതിന്റെ പുറകിലുള്ള താത്പര്യവും അത് തന്നയാണ്. ദേശീയത എന്ന വികാരം അത് കൃത്യമായി ഉപയോഗിച്ചു. ഒരു ഇന്ത്യക്കാരന്‍ മത്സര രംഗത്തില്ലായിരുന്നെങ്കില്‍ പ്രൊഫഷണല്‍ ബോക്‌സിംഗിന്റെ ഒരു മത്സരം പോലും ഇന്ത്യയിലേക്ക് എത്തില്ലായിരുന്നു.

അമച്വര്‍ ബോക്‌സിംഗും പ്രൊഫഷണല്‍ ബോക്‌സിംഗും താരതമ്യം ചെയ്യുമ്പോള്‍ അല്പം ചൂടും ചൂരും പ്രൊഫഷണലിനു തന്നെയാണ്. ഒരുപാടു നിയമങ്ങളും ബോക്‌സര്‍ക്കു അപകടം പറ്റാതെയിരിക്കാനുള്ള മുന്‍കരുതലുകളും അമച്വര്‍ ബോക്‌സിംഗില്‍ സ്വീകരിക്കും. എന്നാല്‍ പ്രൊഫഷണല്‍ രീതിയില്‍ മത്സരമെന്നതിലുപരി വിനോദത്തിനാണ് പ്രാധാന്യം. അമച്വര്‍ ബോക്‌സിംഗില്‍ ഫൗളുകളായ പല നീക്കങ്ങളും പ്രൊഫഷണലില്‍ വരുമ്പോള്‍ അതല്ലാതെയാകുന്നു.

എങ്കിലും ഇന്നലത്തെ പോരാട്ടത്തിലൂടെ സിംഗ് ഈസ് കിംഗ് എന്ന് വിജേന്ദര്‍ ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ്. വെറും ആറു മത്സരങ്ങളുടെ പരിചയം മാത്രമുള്ള വിജേന്ദര്‍ റാങ്കിങ്ങില്‍ ആദ്യ പതിനഞ്ചിലേക്കത്തിയത് അത്ഭുതപ്പെടുത്തുന്ന നേട്ടം തന്നെയാണ്. ഇതോടെ പ്രൊഫഷണല്‍ ബോക്‌സിംഗിന്റെ മുന്‍ നിരയിലേക്ക് വിജേന്ദര്‍ എത്തി കഴിഞ്ഞിരിക്കുന്നു.

മത്സരത്തിനു മുമ്പ് വാക്കുകളിലൂടെ തന്നെ പ്രകോപിപിച്ച എതിരാളിയെ നിഷ്പ്രഭനാക്കിയ പ്രകടനം തന്നെയാണ് ഇന്നലെ ത്യാഗരാജ സ്റ്റേഡിയത്തില്‍ വിജേന്ദര്‍ നടത്തിയത്. ഹോപ്പിന്റെ അനുഭവ സമ്പത്തിനെ ആത്മവിശ്വാസം കൊണ്ടു കീഴടക്കി തന്റെ ആദ്യ കിരീടവും വിജേന്ദര്‍ സ്വന്തമാക്കി. 98-92, 98-92, 100-90 എന്നിങ്ങനെയാണ് 3 റഫറിമാരുടെയും വിലയിരുത്തല്‍. ഹോപ്പിനെതിരെയുള്ള വിജേന്ദറിന്റെ ഓരോ പഞ്ചുകളെയും ഗാലറി ആര്‍പ്പു വിളികളോടെയാണ് കണ്ടിരുന്നത്. സിംഗ് ഈസ് കിംഗ് എന്നവര്‍ ഉദ്‌ഘോഷിച്ചു കൊണ്ടേയിരുന്നു. അതെ ഹരിയാനയുടെ സുല്‍ത്താന്‍ വിജേന്ദര്‍ തന്നെയാണ്.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് ലേഖകന്‍)


Next Story

Related Stories