TopTop
Begin typing your search above and press return to search.

വിജു ഭാസ്‌കര്‍ വാഗമണില്‍ മരിച്ചു കിടന്നു

വിജു ഭാസ്‌കര്‍ വാഗമണില്‍ മരിച്ചു കിടന്നു

വിജു ഭാസ്‌ക്കര്‍ എന്ന ചെറുപ്പക്കാരന്റെ മൃതദേഹം ദിവസങ്ങള്‍ക്കു മുമ്പു വാഗമണ്ണില്‍ നിന്നും കണ്ടെടുത്തു. നാലുദിവസം പഴക്കമുള്ള ആ ശരീരത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിരുന്നു.

ആരാണ് വിജു ഭാസ്‌ക്കര്‍? എന്തിനാണ് ഭാര്യയും ഒരു ചെറിയ മകളുമുള്ള ആ ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്തത്?

ഈ ചോദ്യങ്ങള്‍ക്കുത്തരം തേടുമ്പോള്‍ നമ്മുടെ സമൂഹത്തിന്റെ വളര്‍ച്ച നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് ആണെന്ന് പറയേണ്ടിവരും. കാരണം ഈ മരണത്തിന് ഉത്തരവാദികള്‍ പത്രക്കാരും രാഷ്ട്രീയക്കാരും പാതിവ്രത്യക്കാരും ഉള്‍പ്പെടുന്ന നമ്മുടെ സിവില്‍ സമൂഹമാണ്.

ചേര്‍ത്തല സ്വദേശിയായ വിജു ഇടുക്കി ജില്ലയിലെ മുട്ടത്ത് എത്തുന്നത് കോടതി അറ്റന്‍ഡര്‍ ആയിട്ടാണ്. ഭാര്യയും കുട്ടിയും അടങ്ങുന്നതായിരുന്നു വിജുവിന്റെ കുടുംബം. സ്വതവേ ഉള്‍വലിഞ്ഞ സ്വഭാവമുള്ള വിജു വില്ലനായി മാറുന്നത് ഒരുമാസം മുന്‍പാണ്. കോടതിസമുച്ചയത്തിലെ ടോയ്‌ലറ്റില്‍ ഒളി ക്യാമറ വെച്ചു എന്ന നിസാരമല്ലാത്ത കുറ്റത്തിന് വിജു പിടിക്കപ്പെടുന്നു. പിടിക്കപ്പെടുന്നു എന്ന് പറഞ്ഞാല്‍ പോലീസ് കസ്റ്റഡിയില്‍ എന്നല്ല. വിജുവാണ് ഇത്തരത്തില്‍ ഒരു കൃത്യം ചെയ്തത് എന്ന് ആളുകള്‍ക്ക് മനസിലായപ്പോള്‍ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. നവംബര്‍ മാസം 15-ആം തീയതിയിലാണ് കേസിന് ആസ്പദമായ സംഭവം കോടതിയില്‍ ഉണ്ടായത്. ശേഷം നടന്ന പോലീസിന്റെ അന്വേഷണത്തില്‍ ലക്ഷങ്ങള്‍ വിലയുള്ള, ഒരു മൗസിന്റെ വലിപ്പമുള്ള ക്യാമറ ടോയ്‌ലറ്റില്‍ നിന്നും വിജുവിന്റെ ലാപ്പിലേക്ക് കണക്റ്റ് ചെയ്തതായും ലൈവ് വീഡിയോകള്‍ അതില്‍ സേവ് ചെയ്തിട്ടുള്ളതായും കണ്ടെത്തി. ഇത്തരത്തില്‍ ശേഖരിക്കപ്പെട്ട വീഡിയോകള്‍ മറ്റ് സോഷ്യല്‍ മീഡിയകളിലേക്ക് കടത്തി വിട്ടിട്ടില്ല എന്നും വ്യക്തമായി.

പോലീസിന്റെ അന്വേഷണത്തിലെ പോരായ്മകളാണ് വിജു പിടിയിലാകാന്‍ താമസം എന്ന തരത്തില്‍ പത്രങ്ങളില്‍ വാര്‍ത്ത വന്നു. എന്നാല്‍, ഇതുവരെ ആരെക്കൊണ്ടും മോശമായി ഒന്നും പറയിപ്പിക്കാത്ത ഇയാള്‍ എന്തുകൊണ്ട് ഇത്തരം പ്രവൃത്തി ചെയ്തു എന്ന് അന്വേഷിക്കാനോ അത്തരത്തില്‍ ഈ വിഷയം കണക്കാക്കാനോ മാധ്യമങ്ങള്‍ ശ്രമിച്ചില്ല. അങ്ങനെ മാധ്യമങ്ങള്‍ക്ക് ചെയ്യേണ്ട ആവശ്യമില്ല എന്ന് വാദിക്കാം. ശരിയാണ്. വേണമെങ്കില്‍ ചെയ്യാതിരിക്കാം. അങ്ങനെ ചെയ്യാതിരുന്നതിന്റെ ഫലമായാണ് ഒരു ജീവന്‍ ഇല്ലാതായതും, ഒരു പെണ്‍കുഞ്ഞിന് അതിന്റെ അച്ഛന്‍ നഷ്ടപെടുന്നതും.

പോലീസ് നടപടികളിലെ വീഴ്ച

നവംബര്‍ പതിനഞ്ചിന് നടന്ന സംഭവത്തിലെ പ്രതിയെ ഒരുമാസത്തിനുള്ളില്‍ പോലും പിടികൂടാന്‍ കഴിയാതിരുന്നത് പോലീസിന്റെ വീഴ്ചയായി കണക്കാക്കണം. ഒടുവില്‍ കോടതിക്ക് നേരിട്ട് ഇടപെടേണ്ടി വന്നത് തന്നെ ഇതിന് തെളിവാണ്. കോടതി ജീവനക്കാരന്‍ ഗുരുതരമായ സ്വഭാവദൂഷ്യത്തിനു കാരണക്കാരനായപ്പോള്‍ ആയാളെ ഒളിവില്‍ പോകുവാന്‍ എല്ലാവിധ ഒത്താശയും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായി എന്നുവേണം കരുതാന്‍. അവസാനം പ്രതിപക്ഷ യൂണിയന്‍കാരുടെ പ്രതിഷേധത്തിനു ശേഷവും പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ജില്ലാ ജഡ്ജി അന്വേഷണ ഉദ്യോഗസ്ഥനെ നേരില്‍ വിളിച്ച് അന്വേഷണ പുരോഗതി ആരാഞ്ഞതിനുശേഷമാണ് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പ്രതിയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു എങ്കില്‍ വിജുവിന് ഇത്തരത്തിലുളള ഒരു അന്ത്യം ഉണ്ടാകില്ലായിരുന്നു. ഒരാളുടെ അറസ്റ്റ് എന്നത് നിയമത്തിനു വിധേയയാകാനുളള ഒരു ഉപാധി മാത്രമല്ല, മറിച്ച് അയാളുടെ ജീവന് സംരക്ഷണം കൂടി നല്‍ക്കുന്നുണ്ട്. അത് ഒരുപക്ഷേ എതിരാളികളില്‍ നിന്നാകാം അല്ലെങ്കില്‍ സ്വയം രക്ഷാമാര്‍ഗ്ഗമായി തന്നെ വിവക്ഷിക്കാം. ഒളിവു കാലത്ത് പ്രതിയുടെ മാനസിക മാറ്റം ആരും തന്നെ ശ്രദ്ധിക്കാറില്ല. കുറ്റകൃത്യത്തിനു ശേഷം പ്രതിക്ക് കുറ്റത്തിന്റെ ഗൗരവം മനസിലാക്കുകയും പിന്നീട് സമൂഹത്തെയും കുടുംബത്തേയും എങ്ങനെ അഭിമുഖീകരിക്കും എന്നുളള ചിന്തയില്‍ നിന്നാണ് മരണം എന്ന മാര്‍ഗത്തെ കുറിച്ച് ആലോചിക്കുന്നത്. ഇവിടെയാണ് ഉടന്‍ അറസ്റ്റും ജയിലില്‍ പാര്‍പ്പിക്കുന്നതിന്റെ പ്രസക്തിയും ഉണ്ടാകുന്നത്. എന്നാല്‍ പ്രധാനപ്പെട്ട ഒരു ചോദ്യം ഉയരാം, ഈ സാഹചര്യങ്ങള്‍ക്ക് ശേഷവും ആത്മഹത്യയ്ക്ക് വിധേയനായികൂടെ എന്ന്.

viju

എന്നാല്‍ ഒളിവില്‍ നിന്ന് പ്രതിയെ അറസ്റ്റു ചെയ്ത് സമൂഹമധ്യത്തില്‍ കൊണ്ടുവരുമ്പോഴും പത്രത്തില്‍ വാര്‍ത്തയും പടവും വരുമ്പോഴും പ്രതിക്ക് സമൂഹത്തെ അഭിമുഖികറിക്കാന്‍ മനസ്സിന് കരുത്ത് കിട്ടുകയാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടാകുന്നത്. ഇതിന് വഴി ഒരുക്കാത്ത പോലീസ് പ്രതിയുടെ ജീവനു സംരക്ഷണം നല്‍കിയില്ല എന്ന് മാത്രമല്ല ഒരു കുടുംബത്തിനുണ്ടായ നഷ്ടത്തിനുകൂടി ഉത്തരവാദിത്തം പറയാന്‍ കടപ്പെട്ടിരിക്കുന്നു. ഇവിടെയാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതിക്ക് സംരക്ഷണം നല്‍കിയപ്പോള്‍ ഉണ്ടായ ദുരന്തം. വിജുവിന്റെ ലഭ്യമായ ഒരു ഫോട്ടോയില്‍ സിപിഎം എന്ന് എഴുതിയിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് അയാളെ പാര്‍ട്ടിക്കാരനായി ചിത്രീകരിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയും മത്സരിച്ചു. വിജു തങ്ങളുടെ പ്രവര്‍ത്തകനല്ല എന്ന് വരുത്തിത്തീര്‍ക്കേണ്ടത് സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ബാധ്യതയായി. വിഷയത്തിന്റെ രാഷ്ട്രീയം മനസിലാക്കിയ സംഘടനകള്‍ വിജുവിനെതിരെ പ്രദേശത്തെ സ്ത്രീകളെ തന്നെ അണിനിരത്തി പ്രതിരോധം തീര്‍ത്തു. ചുരുക്കിപ്പറഞ്ഞാല്‍ വീട്ടിലോ നാട്ടിലോ മുഖം കാണിക്കാന്‍ വയ്യാതായ വിജു ഒളിവില്‍ പോയി. പോലീസില്‍ കീഴടങ്ങാന്‍ വരാന്‍ പോലും സമൂഹം അയാളെ അനുവദിച്ചില്ല എന്ന് പറയുന്നതാകും ശരി. നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയില്‍ കഠിന ശിക്ഷ തന്നെ അര്‍ഹിക്കുന്ന വിജുവിനെ ഒരു നിയമത്തിനും വിട്ടുകൊടുക്കാതെ പത്രങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് വിചാരണ നടത്തി കൊലചെയ്തു എന്ന് തന്നെ പറയാം.

വിജുവിന് എന്താണ് സംഭവിച്ചത്?

ക്രിമിനല്‍ / കുറ്റകൃത്യ പശ്ചാത്തലം ഒന്നുമില്ലാതിരുന്ന വിജു ഭാസ്‌ക്കര്‍ ഇത്തരത്തില്‍ ഒരു പ്രവൃത്തി ചെയ്യുമെന്ന് വിജുവിനെ അറിയുന്നവര്‍ വിശ്വസിക്കില്ല. എങ്കില്‍ അതൊരു മാനസികപ്രശ്‌നമായിരിക്കാം. സ്ത്രീകളുടെ നഗ്‌നത പകര്‍ത്തുന്നത് മാനസിക പ്രശ്‌നമാണ് എന്ന് പറയുമ്പോള്‍ സ്വാഭാവികമായി തോന്നുന്നത്, കുറ്റം ചെയ്ത ആളിനെ രക്ഷിക്കാന്‍ കള്ളമായി പറയുന്നതല്ലേ എന്നാകും. ഈ ചെറുപ്പക്കാരനെ നേരിട്ടറിയുന്നവര്‍ക്ക് പക്ഷെ കാര്യങ്ങള്‍ മനസിലാകാം. തികച്ചും മന:ശാസ്ത്രപരമായി സമീപിക്കേണ്ട ചില കുറ്റവാസനകളും മനുഷ്യരിലുണ്ട്. മാനസിക രോഗമുള്ളവര്‍ ചികിത്സയര്‍ഹിക്കുന്ന ആളാണെന്ന തിരിച്ചറിവാണ് സമൂഹത്തിന് ആദ്യം വേണ്ടത്.

ലൈംഗികത ഏതൊരു ജീവിയുടെയും ജീവിതത്തിന്റെ ഭാഗമാണ്. ചിലരിലെങ്കിലും അമിത ലൈംഗികത കണ്ടുവരാറുണ്ട്. ഇത് മാനസിക രോഗമാണെന്ന് മനശ്ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. വിജുവിന് ഉണ്ടായ അവസ്ഥയെ ഹൈപ്പര്‍ സെക്ഷ്വല്‍ ഡിസോഡര്‍ എന്ന് വിശേഷിപ്പിക്കാമെന്ന് തോന്നുന്നു. ഈ മാനസികരോഗത്തെ പറ്റി വിശദമായി പഠനം നടത്തിയ ലോസാഞ്ചലസിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഒരു സംഘം മന:ശാസ്ത്രജ്ഞര്‍ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് പരിശോധനയ്ക്ക് വിധേയരായ രോഗികള്‍ക്കെല്ലാം തന്നെ ലൈംഗികവികാരം നിയന്ത്രിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് എല്ലാം തന്നെ മറ്റ് മനോരോഗ ലക്ഷണങ്ങളായ വിഷാദവും ഉത്കണ്ഠയും ഉണ്ടായിരുന്നു. ഇത്തരം രോഗികളാണ് സൈബര്‍ സെക്‌സ്, പോര്‍ണോഗ്രാഫി, വേശ്യകളുമായുള്ള ലൈംഗികബന്ധം, ഒപ്പം യാതൊരു പരിചയവുമില്ലാത്തവരുമായി ലൈംഗികബന്ധം തുടങ്ങിയ കാര്യങ്ങളിലേക്ക് പോകുന്നതെന്നും കണ്ടെത്തി. ഇത്തരത്തില്‍ കണക്കാക്കിയാല്‍ വിജുവിനെ സമീപിക്കേണ്ടത് മാനസികപരമായ രീതിയില്‍ ആയിരുന്നു എന്ന് പറയേണ്ടിവരും.

വിജു കുറ്റവാളിയല്ലേ?

തീര്‍ച്ചയായും വിജു കുറ്റവാളിയാണ്. ഒരുതരത്തിലും മാപ്പര്‍ഹിക്കാത്ത കാര്യമാണ് അയാള്‍ ചെയ്തതും. പക്ഷെ അയാളോട് സമൂഹം സ്വീകരിച്ച മനോഭാവമാണ് തെറ്റായിപ്പോയത്. വിജുവിനെ നിയമത്തിന് വിട്ടുകൊടുക്കുകയും അയാളുടെ രോഗത്തിന് ചികിത്സ ലഭ്യമാക്കാന്‍ വേണ്ട കാര്യങ്ങളുമായിരുന്നു മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും സമൂഹവും ചെയ്യേണ്ടിയിരുന്നത്. വീട്ടിലും നാട്ടിലും പ്രവേശനം നിഷേധിച്ചവര്‍ ആ ചെറുപ്പക്കാരനെ വാഗമണ്ണിലെ മലയിലേക്ക് കല്ലെറിഞ്ഞ് ഓടിക്കുകയും കൊല്ലുകയുമായിരുന്നു. ഇതുപോലുള്ള ഏത് കുറ്റകൃത്യങ്ങളുടെ പേരിലായാലും ജനകീയ വിചാരണകള്‍ സമൂഹത്തില്‍ അനുവദിച്ചുകൊടുത്താല്‍ നാളെ നാടിനെ അരാജകത്വത്തിലേക്കായിരിക്കും അത് നയിക്കുക.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍ )

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories