TopTop
Begin typing your search above and press return to search.

വിഴിഞ്ഞത്തിന്റെ ഭാവി എല്‍ ഡി എഫിന്റെ കയ്യില്‍; കോവളം എം എല്‍ എ എം വിന്‍സന്‍റ്/അഭിമുഖം

വിഴിഞ്ഞത്തിന്റെ ഭാവി എല്‍ ഡി എഫിന്റെ കയ്യില്‍; കോവളം എം എല്‍ എ എം വിന്‍സന്‍റ്/അഭിമുഖം

പതിനാലാം കേരള നിയമസഭയില്‍ ഇത്തവണ പുതുമുഖങ്ങള്‍ ഏറെയുണ്ട്. അവരില്‍ ഏറെ പ്രതീക്ഷകളാണ് സംസ്ഥാനത്തിനുള്ളത്. സഭയിലെ കന്നിയംഗങ്ങളായവര്‍ തങ്ങളുടെ ഓദ്യോഗികജീവിതം ആരംഭിക്കുന്നത് ഒട്ടേറെ ലക്ഷ്യങ്ങളുമായാണ്. ഓരോരുത്തരും അവരുടെ മണ്ഡലത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വികസന പദ്ധതികളും ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും പങ്കുവയ്ക്കുകയാണ് ഈ പരമ്പരയിലൂടെ.

കോവളം നിയോജക മണ്ഡലത്തില്‍ ശക്തയായ ജമീല പ്രകാശത്തിനെ തോല്‍പ്പിച്ചു നിയമസഭയിലെത്തിയ എം വിന്‍സെന്‍റ് എംഎല്‍എ അഴിമുഖം പ്രതിനിധി വിഷ്ണു എസ് വിജയനുമായി സംസാരിക്കുന്നു.

വിഷ്ണു എസ് വിജയാണ്: സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ആദ്യ നിയമസഭ തെരഞ്ഞെടുപ്പു ആയിരുന്നല്ലോ... അതിനെക്കുറിച്ച്..?

എം വിന്‍സെന്‍റ് : ഇരുപതു വര്‍ഷം മുന്‍പ് ബ്ലോക്ക്‌ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച മുന്‍പരിചയം ഉണ്ട്. ഏറെ നാളായി നിരവധി തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയ്ക്ക് വേണ്ടി പ്രധാനപ്പെട്ട ചുമതലകള്‍ വഹിച്ചു പ്രവര്‍ത്തിക്കുവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. പ്രതേകിച്ചു നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്, അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഇവ രണ്ടിലും പഞ്ചായത്ത് ചുമതല വഹിച്ചിരുന്നവരില്‍ ഒരാള്‍ കൂടിയായിരുന്നു. അതിന്റെയൊക്കെ പരിചയത്തിന്റെ പുറത്താണ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ ഇറങ്ങിയത്. പിന്നെ നാട്ടുകാരന്‍ എന്ന പരിഗണനയും എല്ലാ വിഷയങ്ങളിലും നാട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്നതുമൊക്കെ ജയിക്കാന്‍ കാരണമായി.

വി: യുഡിഎഫിന് സമീപകാലത്തെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട തെരഞ്ഞെടുപ്പ് ആയിരുന്നു ഇത്. നാലു മന്ത്രിമാരും സ്പീക്കറും, ഡെപ്യുട്ടി സ്പീക്കറും തോറ്റ തെരഞ്ഞെടുപ്പ്. അവിടെയാണ് കോണ്‍ഗ്രസ്സില്‍ നിങ്ങളടക്കമുള്ള യുവ നിര വിജയിച്ചു കയറിയത്..

എം വി: യുഡിഎഫിന്റെ തിരിച്ചടി എന്ന് പറയുമ്പോള്‍ ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പു മാനെജ്മെന്റില്‍ നേരിട്ട അപാകതകള്‍ ആണ്. സമുദായ ഗ്രൂപ്പുകളെ അവസാന സമയം മുന്നണിയോടു അടുപ്പിച്ചു നിര്‍ത്തുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. ഇടതുപക്ഷം വര്‍ഗ്ഗീയതയില്‍ അധിഷ്ഠിതമായ പ്രചരണമാണ് അവസാന നിമിഷം അഴിച്ചു വിട്ടത്. ഉദാഹരണമായി ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുവാന്‍ തങ്ങള്‍ക്കെ കഴിയു എന്നും മറ്റുമുള്ള പ്രചാരണങ്ങള്‍. ഓരോ വിഭാഗത്തിനെയും ഇത്തരത്തില്‍ കയ്യിലെടുക്കാം എന്ന രീതിയിലാണ് അവര്‍ മുന്നോട്ടുപോയത്.പക്ഷെ ഞങ്ങള്‍ അതിനു ശ്രമിച്ചില്ല. ഞങ്ങള്‍ സത്യസന്ധമായി തെരഞ്ഞെടുപ്പിനെ സമീപിച്ചു. പക്ഷെ ജനങ്ങള്‍ മറിച്ചു ചിന്തിച്ചു. യുവാക്കള്‍ ജയിച്ചു എന്ന് പറയുമ്പോള്‍ ഞങ്ങളുടെ മുതിര്‍ന്ന നേതാക്കളും ജയിച്ചല്ലോ. വലിയ തിരിച്ചടി കിട്ടി എന്ന് വിശ്വസിക്കുന്നില്ല.

വി: സംസ്ഥാനതലത്തില്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള ഒരു അഴിച്ചുപണി നേതൃസ്ഥാനത്ത് നടത്തേണ്ട സമയമായി ഇതിനെ കരുതാമോ?

എം വി: യുവാക്കള്‍ക്കും പഴയ തലമുറയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കണം. ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. അതൊന്നുമല്ലല്ലോ ഇവിടെ പ്രശ്നം. എണ്‍പതുകളുടെ അവസാനത്തില്‍ എത്തി നില്‍ക്കുന്ന ഒ രാജഗോപാല്‍ ആണ് ബിജെപിയുടെ സഭയുടെ ആദ്യ അംഗം, തൊണ്ണൂറ്റിനാലില്‍ നില്‍ക്കുന്ന വി എസ് മത്സരിച്ചു ജയിച്ചില്ലേ? അപ്പോള്‍ പ്രായമല്ല പ്രശ്നം. നേതൃനിരയില്‍ ഇരിക്കാന്‍ കഴിവുള്ളവര്‍ ഇരിക്കട്ടെ.

വി: കേന്ദ്രത്തില്‍ പോലും നേതൃസ്ഥാനം യുവനിരയിലേക്ക് മാറുകയാണ്, അപ്പോള്‍ കേരളത്തിലും അങ്ങനെയൊരു മാറ്റം ആവശ്യമല്ലേ?

എം വി: കേന്ദ്രത്തില്‍ നടക്കുന്നതും കേരളത്തില്‍ നടക്കുന്നതും തമ്മില്‍ എന്തിനാണ് താരതമ്യം ചെയ്യുന്നത്? കേരളത്തില്‍ ഉണ്ടായ പരാജയകാരണങ്ങളെ കുറിച്ചു കോണ്ഗ്രസ് പാര്‍ടി രണ്ടു ദിവസം ചര്‍ച്ച നടത്തി ചില നിഗമനങ്ങളിലും തീരുമാനങ്ങളിലും എത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പുതിയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും. അല്ലാതെ നേതൃസ്ഥാനം മാറണം എന്നൊന്നും ഈ അവസരത്തില്‍ പറയുവാന്‍ സാധിക്കുകയില്ല. അതൊക്കെ കാര്യമായി ആലോചിച്ചു എടുക്കേണ്ട തീരുമാനങ്ങള്‍ ആണ്.വി: ഒ രാജഗോപാലിന്റെ കാര്യം പറഞ്ഞപ്പോള്‍ ബിജെപി കേരളത്തില്‍ ആദ്യമായി അക്കൗണ്ട്‌ തുറന്നിരിക്കുന്നു, എഴിടത്ത് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ആശങ്കപ്പെടെണ്ടതല്ലേ ഈ വളര്‍ച്ച?

എം വി: രാജ്യത്ത് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന ഒരു ദേശിയ പാര്‍ട്ടി കേരളത്തില്‍ ഒരു സീറ്റിലെ വിജയിച്ചുള്ളൂ, എഴിടത്തേ രണ്ടാമത് വന്നുള്ളൂ. അതില്‍ എന്ത് വലിയ കാര്യമാണുള്ളത്?

വി: ഇതുവരെ ബിജെപി കേരളത്തില്‍ ഇല്ലായിരുന്നു എന്നതുകൂടി ചിന്തിക്കണം...

എം വി: ഇതുവരെ ഇല്ലായിരുന്നു; നോക്കു അസമില്‍, ഹരിയാനയിലുമെല്ലാം അവര്‍ നേരെ അധികാരത്തില്‍ എത്തുകയാണ് ചെയ്തത്.എന്നാല്‍ ഇവിടെ അത് വല്ലതും നടന്നോ? മാത്രവുമല്ല ബിഡിജെഎസ് കൂടി ചേര്‍ന്നിട്ടാണ്‌ അവര്‍ക്ക് ഒരു അക്കൌണ്ട് തുറക്കാന്‍ സാധിച്ചത്. അങ്ങനെ നോക്കുമ്പോള്‍ ഇവിടെ ഒന്നും നേടാന്‍ സാധിച്ചില്ല.

വി: കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പു തകര്‍ച്ച ദേശിയ തലത്തില്‍ കോണ്‍ഗ്രനെതിരെ വന്‍ പ്രചരണ ആയുധമാക്കി മാറ്റുകയാണ് ബിജെപി..

എം വി: എന്ത് തകര്‍ച്ചയാണ് കേരളത്തില്‍ സംഭവിച്ചത്? ഇത് ഇവിടെ കാലാകാലങ്ങളില്‍ നടന്നു വരുന്ന പ്രതിഭാസം അല്ലെ? അഞ്ചുവര്‍ഷം ഇടതെങ്കില്‍ അടുത്ത അഞ്ചുവര്‍ഷം വലത്. അങ്ങനെയല്ലേ കേരള ജനത വിധിയെഴുതിക്കൊണ്ടിരുന്നത്? എല്ലാക്കാലത്തും ജനാധിപത്യ രാജ്യത്ത് ഒരു പാര്‍ട്ടിക്ക് അധികാരത്തില്‍ ഇരിക്കുവാന്‍ സാധിക്കുമോ? ഞാന്‍ ചോദിക്കട്ടെ ബിജെപി ഉത്തര്‍പ്രദേശില്‍ ഒരു തവണ അധികാരത്തില്‍ വന്നു. പിന്നീട് ഒരുതവണ പോലും അവര്‍ക്ക് അധികാരം തിരിച്ചുകിട്ടിയില്ലല്ലോ?

വി: നടപ്പിലാക്കാന്‍ പോകുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണ്?

എം വി: ഏറ്റവും പ്രാധാന്യം നല്‍കുന്നത് കുടിവെള്ള പ്രശ്നത്തിനു തന്നെയായിരിക്കും. പിന്നെ വിഴിഞ്ഞം പദ്ധതി മുന്നോട്ടുകൊണ്ടുപോകുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കും. ഇടതുപക്ഷമാണ് പദ്ധതിയെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിട്ടുള്ളത്. അവരുടെ നിലപാടുകള്‍ അനുസരിച്ചിരിക്കും വിഴിഞ്ഞത്തിന്റെ ഭാവി.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു)


Next Story

Related Stories