TopTop

വിനോദ് ഖന്ന അന്തരിച്ചു

വിനോദ് ഖന്ന അന്തരിച്ചു
നടനും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന അന്തരിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ നിന്നുള്ള ലോക്‌സഭ എംപിയാണ് വിനോദ് ഖന്ന. എഴുപത് വയസ്സായിരുന്നു.

ഒരുകാലത്ത് ബോളിവുഡ് സിനിമയിലെ അവിഭാജ്യഘടകമായിരുന്ന വിനോദ് ഖന്ന നിരവധി സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തു. ആദ്യ ഭാര്യ ഗീതാഞ്ജലിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം കവിതയെ വിവാഹം കഴിഞ്ഞു. ബോളിവുഡ് നടന്മാരായ രാഹുല്‍ ഖന്ന, അക്ഷയ് ഖന്ന എന്നിവരും സാക്ഷി ഖന്ന, ശ്രദ്ധ ഖന്ന എന്നിവരും മക്കളാണ്.

മേരെ അപ്‌നേ, മേരെ ഗാവന്‍ മേരേ ദേശ്, ഗദ്ദാര്‍, ജെയില്‍ യാത്ര, ഇമിതിഹാന്‍, ഇങ്കാര്‍, കുച്ചേ ധാകേ, അമര്‍ അക്ബര്‍ ആന്റണി, രജ്പുത്, ഖുര്‍ബാനി, കുദ്രത്, ദയവാന്‍, കാര്‍ണമ, സൂര്യ; ആന്‍ എവേക്കനിംഗ്, ജര്‍മ് എന്നവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങള്‍. സുനില്‍ ദത്ത് നായകനായ മന്‍ കാ മീത് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ വിനോദ് ഖന്ന ആദ്യകാലങ്ങളില്‍ ഉപനായക വേഷങ്ങളും വില്ലന്‍ വേഷങ്ങളുമാണ് കൈകാര്യം ചെയ്തിരുന്നത്. മേരേ അപ്‌നെയിലെ ക്ഷോഭിക്കുന്ന യുവത്വവും മേരേ ഗാവോന്‍ മേരേ ദേശ് എന്ന ചിത്രത്തിലെ വില്ലന്‍ വേഷവും അചാനക് എന്ന ചിത്രത്തിലെ അഭിനയവും സിനിമ നിരൂപകരുടെയും പ്രശംസ നേടുകയും ആരാധകരെ സഷ്ടിക്കുകയും ചെയ്തു.

അഭയാര്‍ത്ഥിയായി തീരുന്ന ഒരു സൈനിക ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു ഇതില്‍ അചാനകിലേത്. 1982ല്‍ തന്റെ അഭിനയ ജീവിതത്തിന്റെ ഏറ്റവും ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോള്‍ ആത്മീയഗുരു രജനീഷ് ഓഷോയുടെ ശിഷ്യത്വം നേടി സിനിമയില്‍ നിന്നും വിട്ടു നിന്നു. അഞ്ച് വര്‍ഷത്തിന് ശേഷം ഇന്‍സാഫ്, സത്യമേവ ജയതേ എന്ന ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു. ബോളീവുഡിലെ എക്കാലത്തെയും സുന്ദരനായ നായകനെന്നാണ് വിനോദ് ഖന്ന അറിയപ്പെടുന്നത്. ധര്‍മ്മേന്ദ്ര, രാജേഷ് ഖന്ന, ഷമ്മി കപൂര്‍ എന്നിവരാണ് ഈ ശ്രേണിയില്‍ കണക്കാക്കപ്പെടുന്ന മറ്റുള്ളവര്‍.

1946 ഒക്ടോബര്‍ ആറിന് ഒരു പഞ്ചാബിലെ പെഷവാറില്‍ ബിസിനസുകാരനായ കിഷന്‍ചന്ദ് ഖന്നയുടെയും കമലയുടെയും മകനായി ജനിച്ചു. മുംബൈയിലെ സെന്റ് മേരീസ് സ്‌കൂള്‍, സെന്റ് സേവ്യേഴ്‌സ് ഹൈസ്‌കൂള്‍, ഡല്‍ഹിയിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍, മുംബൈയിലെ തന്നെ ബര്‍ണെസ് സ്‌കൂള്‍ എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഖന്ന സ്‌കൂള്‍ കാലത്ത് തന്നെ സിനിമയില്‍ ആകൃഷ്ടനായി. മുംബൈയിലെ സിദെന്‍ഹാം കോളേജില്‍ നിന്നും കൊമേഴ്‌സില്‍ ബിരുദം നേടി.

1997ല്‍ ബിജെപിയില്‍ ചേര്‍ന്ന വിനോദ് ഖന്ന 1998ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ മണ്ഡലത്തില്‍ മത്സരിച്ച് ജയിക്കുകയും പാര്‍ലമെന്റംഗം ആകുകയും ചെയ്തു. ജനകീയനായ നേതാവെന്ന് പേരെടുക്കാനും ഖന്നയ്ക്ക് വളരെ പെട്ടെന്ന് സാധിച്ചു. 99ല്‍ നടന്ന തെരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചു. 2002ല്‍ കേന്ദ്ര ടൂറിസം മന്ത്രിയായി. ആറ് മാസത്തിന് ശേഷം വിദേശകാര്യ സഹമന്ത്രിയായും ചുമതലയേറ്റു. 2004ലും ഗുര്‍ഗാസ്പുരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2009ല്‍ ഖന്ന ഇതേ മണ്ഡലത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പ് പരാജയം രുചിച്ചു. 2014ലെ ലോകസ്ഭ തെരഞ്ഞെടുപ്പിലും ഇവിടെ വീണ്ടും മത്സരിച്ച ഖന്ന ഒരിക്കല്‍ കൂടി വിജയിച്ചു.

ബോളിവുഡിലെ മിന്നുംതാരമായിരിക്കെ ഓഷോയില്‍ ആകൃഷ്ടനായ ഖന്ന അമേരിക്കയിലെ രജനീഷ്പുരത്തെ അന്തേവാസിയാകുകയും സിനിമാ ജീവിതം താല്‍ക്കാലികമായെങ്കിലും ഉപേക്ഷിക്കുകയും ചെയ്തു. ഓഷോയുടെ ആശ്രമത്തില്‍ പാത്രങ്ങള്‍ കഴുകുന്ന ജോലിയും തോട്ടക്കാരന്റെ ജോലിയുമാണ് ഖന്ന നിര്‍വഹിച്ചിരുന്നത്. അതേസമയം ഖന്നയുടെ ആശ്രമ ജീവിതം കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുയും രാഹുല്‍ ഖന്നയുടെയും അക്ഷയ് ഖന്നയുടെയും അമ്മ കൂടിയായ ഗീതാഞ്ജലിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തുകയും ചെയ്തു. 1990ല്‍ വിവാഹം കഴിച്ച കവിതയിലാണ് സാക്ഷി, ശ്രദ്ധ എന്നീ മക്കളുള്ളത്. ഏറെ നാളായി ക്യാന്‍സര്‍ രോഗിയായ ഇദ്ദേഹത്തെ കടുത്ത നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് ഏപ്രില്‍ രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

2015ല്‍ പുറത്തിറങ്ങിയ ദില്‍വാലെയാണ് വിനോദ് ഖന്ന അഭിനയിച്ച അവസാന ചിത്രം.

Next Story

Related Stories