TopTop
Begin typing your search above and press return to search.

22,000 രൂപയ്ക്ക് ബൈക്ക് വിറ്റ് 25,000 രൂപയുടെ കുതിരയെ വാങ്ങിയ മുംബയിലെ പാണ്ഡുരംഗയുടെ മാത്തമറ്റിക്സ്സ് അഥവാ എണ്ണകമ്പനികള്‍ പോക്കറ്റടിച്ച ഒരു സാധാരണക്കാരന്റെ ജീവിതം

22,000 രൂപയ്ക്ക് ബൈക്ക് വിറ്റ് 25,000 രൂപയുടെ കുതിരയെ വാങ്ങിയ മുംബയിലെ പാണ്ഡുരംഗയുടെ മാത്തമറ്റിക്സ്സ് അഥവാ എണ്ണകമ്പനികള്‍ പോക്കറ്റടിച്ച ഒരു സാധാരണക്കാരന്റെ ജീവിതം

തുടര്‍ച്ചയായി പതിനൊന്നാം ദിവസവും ഇന്ധന വില കൂടി. ഇനിയും കക്കൂസുകള്‍ ഒരുപാട് പണിയാനുള്ളതുകൊണ്ട് ഇന്ധന വിലവര്‍ധനവില്‍ ഇടപെടാന്‍ കഴിയില്ല എന്നു കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കി.

സാമാന്യ ജനത്തിന് ഒരു സംശയം അപ്പോഴും മാറുന്നില്ല. ഗുജറാത്ത്, കര്‍ണ്ണാടക തിരഞ്ഞെടുപ്പ് കാലത്തെങ്ങനെയാണ് മോദിജി എണ്ണ വില പിടിച്ചുനിര്‍ത്തിയത്? ആ കാലത്ത് ആഗോള വിപണിയില്‍ ഇന്ധന വില ഉയര്‍ന്നില്ലേ? കര്‍ണ്ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞ പിറ്റേ ദിവസം മുതല്‍ എണ്ണ വില കൂടുന്നത് കണ്ട നാട്ടുകാര്‍ക്ക് എന്തായാലും ഒരു കാര്യം മനസിലായി. ബിജെപിയുടെ രാഷ്ട്രീയ തീരുമാനം നടപ്പിലാക്കാന്‍ എണ്ണ കമ്പനികള്‍ക്ക് യാതൊരു തടസ്സവുമില്ല. മടിയുമില്ല.

അനുദിനം കൂടുന്ന എണ്ണ വില നിയന്ത്രിക്കാന്‍ ദീര്‍ഘകലാടിസ്ഥാനത്തില്‍ നടപടിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പറഞ്ഞത്. “വിലയിലുണ്ടാകുന്ന അസ്ഥിരതയില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്” കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്നലെ മന്ത്രിസഭാ യോഗത്തിന് ശേഷം പറഞ്ഞു. ഇന്ധന നികുതി രാജ്യത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. “റോഡ്, സാങ്കേതിക മേഖല, വൈദ്യുതീകരണം,ആശുപത്രികള്‍, വിദ്യാഭ്യാസ മേഖല തുടങ്ങിയവയുടെ വികസനത്തിനാണ് നികുതി ഉപയോഗിക്കുന്നത്” മന്ത്രി പറഞ്ഞതായി മാതൃഭൂമി റിപ്പോര്ട്ട് ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസമാണ് എല്ലാ ദിവസവും എണ്ണ വില വര്‍ദ്ധിപ്പിക്കുന്ന സംവിധാനത്തിന് ബിജെപി ഗവണ്‍മെന്‍റ് തുടക്കമിട്ടത്. എന്നാല്‍ “കര്‍ണ്ണാടക തിരഞ്ഞെടുപ്പ് പ്രമാണിച്ചു 19 ദിവസം വില പരിഷ്ക്കരണം ഉണ്ടായില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ പെട്രോളിന് ലിറ്ററൊന്നിന് 2.54 രൂപയും ഡീസലിന് 2.41 രൂപയും കൂട്ടുകയും ചെയ്തു.”

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് 25 രൂപ വരെ കുറക്കാന്‍ സാധിക്കുമെന്നാണ് മുന്‍ ധനമന്ത്രി പി ചിദംബരം ഇന്നലെ ട്വീറ്റ് ചെയ്തത്. “അസംസ്കൃത എണ്ണയുടെ വിലയില്‍ ഉണ്ടായ ഇടിവു മൂലം ലിറ്ററൊന്നിന് 15 രൂപ വീതം കേന്ദ്രത്തിന് ലാഭമുണ്ട്. ലിറ്ററിന് 10 രൂപയാണ് അധിക നികുതി ഈടാക്കുന്നത്. എന്നിട്ട് ഒരു രൂപയും രണ്ടു രൂപയും കുറച്ചു കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. സാധാരണക്കാരന് അവകാശപ്പെട്ട പണമാണ് കേന്ദ്രം കയ്യടക്കുന്നത്.”

എന്തായാലും അങ്ങനെയൊരു സാധാരണക്കാരന്റെ കഥ ഇന്നത്തെ മാതൃഭൂമിയിലുണ്ട്. മുംബയില്‍ പാല്‍ കച്ചവടം നടത്തുന്ന പാണ്ഡുരംഗ വിഷേയാണ് ആള്‍. നേരത്തെ മോട്ടോര്‍ ബൈക്കില്‍ പാല്‍ വിതരണം നടത്തിയിരുന്ന പാണ്ഡുരംഗ ഇപ്പോള്‍ കുതിരപ്പുറത്ത് യാത്ര ചെയ്താണ് പാല്‍ വിതരണം നടത്തുന്നത്. പെട്രോള്‍ വില കുത്തനെ കൂടിയപ്പോള്‍ പാല്‍ വിതരണം നഷ്ടത്തിലായ ഇയാള്‍ ഇപ്പോള്‍ 7 കിലോമീറ്റര്‍ ദൂരം കുതിരപ്പുറത്ത് സഞ്ചരിക്കുകയാണ്. “ഒരാഴ്ച 84 രൂപ പെട്രോളിന് നീക്കി വെക്കേണ്ടി വന്നപ്പോള്‍ ബൈക്ക് 22000 രൂപയ്ക്ക് വിറ്റു. 25,000 രൂപ മുടക്കിയാണ് കുതിരയെ വാങ്ങിയത്.”

ഇന്നത്തെ മലയാള മനോരമ തങ്ങളുടെ ഒന്നാം പേജ് ലീഡ് വാര്‍ത്തയില്‍ പറയുന്നതു ഇന്ധന വിലയുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒളിച്ചുകളിക്കുന്നു എന്നാണ്. “പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് കേരളം.” മഹാരാഷ്ട്രയും പഞ്ചാബുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. കേരളത്തില്‍ പെട്രോളിന് 19.22 രൂപയും ഡീസലിന് 15.35 രൂപയുമാണ് ഈടാക്കുന്നത് എന്നു മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് പെട്രോളിനും ഡീസലിനും യഥാര്‍ത്ഥ വില യഥാക്രമം 41.62, 42.46 എന്നിങ്ങനെ ആയിരിക്കുമ്പോഴാണ് ഈ പിടിച്ചുപറി.

എന്തായാലും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം വില വര്‍ധനവിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി ഒഴിവാക്കും എന്ന ധനമന്ത്രി ടി എം തോമസ് ഐസകിന്റെ വാഗ്ദാനം ആശ്വാസകരമാണ്.

ഇതെഴുതുമ്പോള്‍ തിരുവനന്തപുരത്തെ ഇന്ധന വില ഇങ്ങനെ - പെട്രോള്‍: 81.32 ഡീസല്‍: 74.36

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

https://www.azhimukham.com/news-wrap-fuel-price-highest-hike-in-three-years-sajukomban/

http://www.azhimukham.com/india-oil-price-analysis-harikurup/


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories