വൈറല്‍

ദുരിതാശ്വാസ നിധിയില്‍ ഒരു ദിവസം 25000ത്തില്‍ കൂടുതല്‍ നേരിട്ട് നിക്ഷേപിക്കാനായില്ല; എഫ് ബി ലൈവിട്ടപ്പോള്‍ പ്രശ്നം പരിഹരിച്ചെന്നറിയിച്ച് എസ് ബി ഐ

കാലടി സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിയായ അസ്ലഫ് പാറേക്കാടൻ ആണ് ഈ വിഷയം പൊതുജന ശ്രദ്ധയിൽ കൊണ്ടുവന്നത്

കേരളം പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുമ്പോൾ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നാണ് സഹായധനം ഒഴുകിയെത്തുന്നത്. ദുരിതം അനുഭവിക്കുന്നവർക്ക് നേരിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴിയുമാണ് ഈ സഹായങ്ങൾ അർഹതപ്പെട്ടവരിൽ എത്തിച്ചേരുന്നത്. എന്നാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കർക്കശമായ ഒരു നിബന്ധന മൂലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിച്ചേരേണ്ട ലക്ഷക്കണക്കിന് രൂപ നഷ്ടമായെന്നാണ് ഇപ്പോൾ ആരോപണം ഉയരുന്നത്.

എസ് ബി ഐയിൽ അക്കൗണ്ട് ഉള്ള ബ്രാഞ്ചിൽ അല്ലാതെയുള്ള ബ്രാഞ്ചുകളിൽ നിന്നും (നോൺ ഹോം ബ്രാഞ്ച്) ഒരു ദിവസം ആകെ 25000 രൂപയിൽ കൂടുതൽ നിക്ഷേപിക്കാനാകില്ല എന്ന നിബന്ധനയാണ് പ്രശ്നത്തിന് കാരണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് തിരുവനന്തപുരം സിറ്റി ബ്രാഞ്ചിലാണ്. ഇവിടെയല്ലാതെ ഏത് ബ്രാഞ്ചിൽ നിന്നും തുക നിക്ഷേപിച്ചാലും ഈ അക്കൗണ്ടിൽ ഒരു ദിവസം ആകെ 25000 രൂപ മാത്രമേ സ്വീകരിക്കാനാകൂ. പ്രളയ ബാധിതർക്ക് സഹായമായി ഒട്ടനവധി പേരാണ് ചെറുതും വലുതുമായ തുക നിക്ഷേപിക്കുന്നത്. ചിലർ ഓൺ ലൈൻ വഴിയും ചിലർ നേരിട്ടും തുക നിക്ഷേപിക്കുന്നുണ്ട്. ഇതിൽ നേരിട്ട് നിക്ഷേപിക്കുന്നവർക്കാണ് ബുദ്ധിമുട്ട് നേരിട്ടത്. ലിമിറ്റ് കഴിഞ്ഞതിനാൽ പലരും പണം നിക്ഷേപിക്കാതെ മടങ്ങി. ചിലർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനുള്ള പദ്ധതി തന്നെ ഉപേക്ഷിച്ചു.

കാലടി സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിയായ അസ്ലഫ് പാറേക്കാടൻ ആണ് ഈ വിഷയം പൊതുജന ശ്രദ്ധയിൽ കൊണ്ടുവന്നത്. തന്റെ ഓണറേറിയത്തിൽ നിന്നും 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനായിരുന്നു ഇയാളുടെ തീരുമാനം. ഇതിനായി അസ്ലഫ് എസ് ബി ഐ കാലടി ശാഖയിലെത്തുകയും ചെയ്തു. എന്നാൽ അക്കൗണ്ട് ലിമിറ്റ് കഴിഞ്ഞതിനാൽ തുക സ്വീകരിക്കാനാകില്ലെന്നായിരുന്നു ബാങ്ക് ഉദ്യോഗസ്ഥരുടെ മറുപടി. ഈ പ്രത്യേക അവസരത്തിൽ ഈ അക്കൗണ്ടിനെങ്കിലും ഈ നിബന്ധന ഒഴിവാക്കേണ്ടതല്ലേയെന്ന് ചോദിച്ചെങ്കിലും ബാങ്ക് അധികൃതർ ഇതിനെ നിസാരവൽക്കരിക്കാനാണ് ശ്രമിച്ചതെന്ന് അസ്ലഫ് ആരോപിക്കുന്നു.

കൂടാതെ ഓൺലൈൻ ആയോ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിൽ നേരിട്ടോ നിക്ഷേപിക്കാനും ഇവർ നിർദ്ദേശിച്ചു. ബാങ്കിൽ നിന്നും പുറത്തിറങ്ങിയ അസ്ലഫ് ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ ലൈവ് വീഡിയോ ഇട്ടു. ഇത് വൈറലായതോടെ ബാങ്ക് അധികൃതർ അസ്ലഫിനെ തേടിയെത്തി ബാങ്കിനെ നാണം കെടുത്തരുതെന്നും വീഡിയോ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

അസ്ലഫ് ഇതിന് തയ്യാറാകാതെ വന്നതോടെ വൈകിട്ട് 6 മണിയോടെ ബാങ്ക് ഈ നിബന്ധന നീക്കം ചെയ്യുകയായിരുന്നു. ഒരു ദിവസം ഒരു അക്കൗണ്ടിലേക്ക് നോൺ ഹോം ബ്രാഞ്ചിൽ നിന്നും 25000 രൂപയിൽ കൂടുതൽ നേരിട്ട് നിക്ഷേപിക്കാനാകില്ല എന്ന നിബന്ധന ഈ അക്കൗണ്ടിന്റെ കാര്യത്തിൽ നീക്കം ചെയ്തതായി എസ് ബി ഐ അധികൃതർ അഴിമുഖത്തെ അറിയിച്ചു.

അതേസമയം ഓൺലൈൻ ബാങ്കിംഗ് സൗകര്യം ഇല്ലാത്തതിനാലും തിരുവനന്തപുരത്ത് താമസിക്കാത്തവർക്കും പണമടയ്ക്കാൻ സാധിക്കാതെ വന്നതിന് എന്ത് പരിഹാരം കാണുമെന്ന് അധികൃതർ പറയുന്നില്ല. കഴിഞ്ഞ ഒരാഴ്ചക്കാലം ബാങ്കിന്റെ കർശന നിബന്ധന അല്ലങ്കിൽ കടുംപിടുത്തം മൂലം എത്രമാത്രം ആളുകളായിരിക്കും മടങ്ങിയിരിക്കുകയെന്നും അസ്ലഫ് ചോദിക്കുന്നു.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍