Top

ഏതാണ് കഥ, ഏതാണ് ജീവിതം? മെക്സിക്കന്‍ അതിര്‍ത്തിയിലെ ഷൂട്ടിംഗ് വിശേഷങ്ങളുമായി CIA ടീം (വീഡിയോ)

ഏതാണ് കഥ, ഏതാണ് ജീവിതം? മെക്സിക്കന്‍ അതിര്‍ത്തിയിലെ ഷൂട്ടിംഗ് വിശേഷങ്ങളുമായി CIA ടീം (വീഡിയോ)
അതിര്‍ത്തികളിലെ സംഘര്‍ഷവും മനുഷ്യരുടെ പലായനവും ഒക്കെ നിരവധി സിനിമകളില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ലോകത്തിലെ തന്നെ വലുതും, എന്നാല്‍ നിരന്തരവുമായ അഭയാര്‍ഥി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ഒരിടമാണ് അമേരിക്ക-മെക്സിക്കോ അതിര്‍ത്തി. മെക്സിക്കൊയില്‍ നിന്നുള്ള അഭയാര്‍ഥികളെ തടയാന്‍ അതിര്‍ത്തിയില്‍ മുഴുവന്‍ വേലി കെട്ടും എന്നതായിരുന്നു പ്രസിഡന്റ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഡൊണാള്‍ഡ് ട്രംപ്‌ മുന്നോട്ടുവച്ച പ്രധാന കാര്യങ്ങളിലൊന്നും. ഇത്രയും സംഘര്‍ഷഭരിതമായ ജീവിതങ്ങളും സംഭവങ്ങളുമുള്ള ഒരതിര്‍ത്തിയിലാണ് കോമ്രേഡ് ഇന്‍ അമേരിക്ക (CIA) എന്ന സിനിമയുടെ വലിയൊരു ഭാഗം ചിത്രീകരിക്കാന്‍ സംവിധായകന്‍ അമല്‍ നീരദ് തീരുമാനിക്കുന്നത്. അവിടെ ചിത്രീകരണത്തിനിടയില്‍ കണ്ട കാഴ്ചകള്‍, അതിര്‍ത്തികള്‍, അഭയാര്‍ഥികള്‍ തുടങ്ങിയവ വിശദീകരിച്ച് CIA ടീം ഒരുക്കിയ ചെറിയ ഡോക്യുമെന്റെറിയാണ് താഴെ. ചിത്രീകരണ സംഘത്തില്‍ ഒപ്പം ഉണ്ടായിരുന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ ഒരാളും മാധ്യമപ്രവര്‍ത്തകനും കൂടിയായ
ശ്രീജിത് ദിവാകരന്‍
ഫേസ്ബുക്കില്‍ കുറിച്ച നോട്ടാണ് ഇതിനൊപ്പം.

ശ്രീജിത്തിന്റെ കുറിപ്പ്  

എത്രയും ബഹുമാനത്തോടെ ഈ ചെറു ഡോക്യു ഷെയര്‍ ചെയ്യുന്നു. രണ്ട് മാസത്തിലധികം നീണ്ട ഞങ്ങളുടെ അമേരിക്ക-സൗത്ത് അമേരിക്ക ഷൂട്ടിങ്ങിന്റെ ചെറു വിശദീകരണമാണ്.

16 തലത്തിലുള്ള ചെക്കിങ് പ്രോസസ് എങ്ങനെ മനുഷ്യര്‍ മറികടക്കുന്നു? എളുപ്പത്തില്‍ മെക്‌സിക്കന്‍-അമേരിക്കല്‍ അതിര്‍ത്തി കടക്കുന്നതായാണ് കാണിക്കുന്നത് തുടങ്ങിയ ചില സദുദ്ദേശ ചോദ്യങ്ങള്‍ കണ്ടിരുന്നു!
:-)
കഥയ്ക്കും ചിത്രീകരണത്തിനുമൊപ്പം എല്ലാ സമയത്തും ഉണ്ടായിട്ടും സിനിമ കണ്ടിട്ടും സിനിമയില്‍ യാത്ര ചെയ്യുന്ന ഒരാള്‍ പോലും പിടിക്കപ്പെടാതെ അതിര്‍ത്തി കടന്നതായി മനസിലായില്ല. ഭേദിക്കാന്‍ പറ്റാത്ത വിധം, അഭയാര്‍ത്ഥികളെ അകറ്റിനിര്‍ത്താന്‍ കഠിനമാക്കി നിര്‍ത്തുന്ന അതിര്‍ത്തികളേ കണ്ടിട്ടുള്ളൂ. ചിത്രീകരണത്തിന്റെ ഓരോ ദിവസവും ഹെലികോപ്റ്ററിന്റെ രൂപത്തിലും ബോര്‍ഡര്‍ പെട്രോള്‍ സേനയുടെ രൂപത്തിലും വിജിലന്റായി ഞങ്ങളെ പൊതിയുന്ന ഉദ്യേഗസ്ഥരേയെ കണ്ടിട്ടുള്ളൂ. ഒരോ പെര്‍മിഷനും സമയമേറെയെടുത്തു. അതിര്‍ത്തി നിയമവിരുദ്ധമായി കടക്കുന്നരുടെ കഥയാണ്, ആ അതിര്‍ത്തികളും ആ ടെറൈനും ആ തടസങ്ങളും വേണം, എന്നിട്ടും കടക്കുന്ന മനുഷ്യരെ വേണം സിനിമയില്‍ എന്ന സംവിധായകന്റെ ഡിറ്റര്‍മിനേഷനാണ് സിനിമയില്‍ കാണുന്നത്.

അതിര്‍ത്തികളെ ഭേദിക്കാന്‍ പ്രയാസമാണ്. പക്ഷേ ഏത് അതിര്‍ത്തിയും ഭേദിക്കാനുള്ള ദൃഢനിശ്ചയം കൈക്കൊള്ളാന്‍ വിധത്തില്‍ ജീവിതത്തിന്റെ ക്രൂരതങ്ങള്‍ സ്വയമനുഭവിച്ച മനുഷ്യരുണ്ട്, ആ മനുഷ്യരുടെ സാന്നിധ്യത്തിലായിരുന്നു ഞങ്ങളുടെ ചിത്രീകരണമേറെയും. അതിര്‍ത്തികള്‍ കടന്നവര്‍. അമേരിക്കയില്‍ ഇല്ലീഗല്‍ റ്റു ലീഗല്‍ ജീവിതം തെരുപ്പിടിപ്പാന്‍ ശ്രമിക്കുന്നര്‍. നിങ്ങള്‍ സിനിമയില്‍ അവിടെ കാണുന്ന എക്‌സ്ട്രാ ആര്‍ട്ടിസ്റ്റുകളേറെയും അങ്ങനെയുള്ളവരാണ്. അവരാണ് സാക്ഷ്യം, മറികടക്കാന്‍ പറ്റാത്ത ഒരതിര്‍ത്തിയുമില്ല. ട്രംപിന്റെ മതിലുകളെയെല്ലാം മറികടന്ന് മനുഷ്യര്‍ കടന്നുവരും. അല്ലെങ്കിലും അവര്‍ കടന്നുവരുന്ന ടെക്‌സാസ്, മെക്‌സിക്കോയുടെ സ്വന്തമായിരുന്ന പ്രദേശമാണ്. ടെക്‌സസിന്റെ ആദ്യ ഗവര്‍ണര്‍ സാം ഹൂസ്റ്റണും പുള്ളിയുടെ ഹൂളിഗന്‍ ഫ്രണ്ട്സും ചേര്‍ന്ന് പിടിച്ചെടുത്തുവെന്ന് കരുതുന്ന ദേശം. അവിടെയ്ക്ക് കടക്കുന്നവര്‍ സ്വന്തം ദേശത്തേയ്ക്ക്, കുറച്ചു കൂടി സമ്പന്നമായ, ചെയ്യുന്ന ജോലികള്‍ക്ക് കുറച്ചു കൂടി മെച്ചപ്പെട്ട വേതനം കിട്ടുന്ന ഒരിടത്തേയ്ക്ക് കടക്കുന്നുവെന്നേയുള്ളൂ. അവര്‍ കടന്നിരിക്കും. ജീവിതം ഹോമിച്ചാണെങ്കിലും ആ അതിര്‍ത്തി കടക്കാന്‍ പ്രേരിപ്പിക്കുന്ന കഠിനതകളിലൂടെയാണ് അവര്‍ കടന്നുപോകുന്നത്.

ഇത്തരത്തില്‍ അതിര്‍ത്തികള്‍ കടക്കുന്നരെ പിടിക്കാന്‍ നില്‍ക്കുന്ന പോലീസ് ആകട്ടെ, അവരുടെ സഹായികള്‍ ആകട്ടെ, ഇത്തരത്തില്‍ അതിര്‍ത്തി കടന്നവരോ കടന്നവരുടെ പിന്‍തലമുറക്കാരോ ആണ്. ഇന്ത്യാക്കാരടക്കം അമേരിക്കയില്‍ ഭാഗ്യമന്വേഷിച്ചെത്തിയ ഒരുപാട് പേര്‍ കടന്ന അതിര്‍ത്തിയിലായിരുന്നു ഞങ്ങളുടെ ഷൂട്ടിങ്. ചിത്രത്തില്‍ നായകനേയും മകളെ കാണാന്‍ ലോകത്തെന്തും മറികടക്കുമെന്ന് ദൃഢനിശ്ചയമെടുത്ത പാകിസ്താന്‍കാരനും പോലീസിന്റെ പിടിയില്‍ പെടുന്നത് ചിത്രീകരിക്കുന്നതിനിടയില്‍ 300 മീറ്ററപ്പുറത്താണ് എഴുപതോളം വരുന്ന അഭയാര്‍ത്ഥി സംഘം (അമേരിക്കന്‍ ഭാഷയില്‍ ഇല്ലീഗല്‍ ഇമിഗ്രന്റസ്) പിടിയിലാകുന്നത്. ഏതാണ് ജീവിതം ഏതാണ് കഥയെന്ന് നമ്മള്‍ സംശയിച്ച് പോകുന്ന സമയം.

അഥവാ, സംഘര്‍ഷഭരിതമായ അതേ അതിര്‍ത്തിയിലാണ് ഞങ്ങള്‍ ഉണ്ടായിരുന്നത്. ഡ്രഗ് കാര്‍ട്ടലുകളും ദിനംപ്രതിയോളം അതിര്‍ത്തി കടക്കുന്ന ആയിരക്കണക്കിന് മനുഷ്യ മനുഷ്യരും യഥാര്‍ത്ഥ്യമായ ദേശത്ത്. മെക്‌സിക്കല്‍ ഒര്‍ജിന്‍ തന്നെയുള്ള, ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും കഠിന സമയം റിയോഗ്രാന്‍ഡേ നദിയില്‍ ഫ്ലോട്ടേഴ്‌സ് എന്ന് വിളിക്കപ്പെടുന്ന മൃതദേഹങ്ങള്‍ കരയ്ക്കടിയുമ്പോള്‍ അത് ഡീല്‍ ചെയ്യുന്നതാണെന്ന് പറയുന്ന പോലീസ് ഓഫീസേഴ്‌സ് ഉള്ള ദേശം. ഈ ഓഫീസേഴ്‌സിനറിയാം അവരുടെ പിന്‍ഗാമികളാണ്, അവരുടെ ബന്ധുക്കളൊ പരിചയക്കാരോ ആണ് രാത്രിയില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുമ്പോള്‍ ഒഴുക്കിന്റെ സ്വഭാവം മനസിലാകാതെ പുഴയിലിറങ്ങി പെട്ടുപോയത് എന്ന്.

ചെറുതാണ് ഡോക്യുമെന്ററി. വലുതാണ് അതിന് പിന്നിലുള്ള കഥകള്‍.


Next Story

Related Stories