TopTop
Begin typing your search above and press return to search.

മോദിയെ അഭിനന്ദിച്ച് ദേശാഭിമാനിയില്‍ ഒന്നാം പേജ് പരസ്യം; കൂട്ടിന് കോണ്‍ഗ്രസിന്റെ വീക്ഷണവും; പരിഹാസവുമായി സോഷ്യല്‍ മീഡിയ

മോദിയെ അഭിനന്ദിച്ച് ദേശാഭിമാനിയില്‍ ഒന്നാം പേജ് പരസ്യം; കൂട്ടിന് കോണ്‍ഗ്രസിന്റെ വീക്ഷണവും; പരിഹാസവുമായി സോഷ്യല്‍ മീഡിയ

2013ലോ 14ലോ ആണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ വലിയ ചിത്രമുള്ള സര്‍ക്കാരിന്റെ പരസ്യം ദേശാഭിമാനിയുടെ ഉള്‍പേജില്‍ പ്രത്യക്ഷപ്പെട്ടത് വിവാദമായിരുന്നു. എന്നാല്‍ രാജ്യത്തെ ഒരു സംസ്ഥാന സര്‍ക്കാരിന്റെ പരസ്യമെന്ന നിലയില്‍ ഇതില്‍ യാതൊരു തെറ്റുമില്ലെന്ന വാദമുയര്‍ന്നു. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി തന്നെ പുകഴ്ത്തുന്ന ചിത്രമാണ് ദേശാഭിമാനി ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. "ഇന്ത്യ അഭിനന്ദിക്കുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എന്നാണ് തലക്കെട്ട്‌". ഡല്‍ഹിയിലെ കര്‍ഷക സമരം പ്രധാന വാര്‍ത്തയായി മാതൃഭൂമി, മാധ്യമം അടക്കമുള്ള പ്രമുഖ പത്രങ്ങള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചപ്പോഴാണ് ദേശാഭിമാനി മോദിയുടെ ചിത്രവുമായി ഇറങ്ങിയത് എന്നതാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനം.

യുഎന്നിന്‍റെ ചാമ്പ്യന്‍സ് ഓഫ് എര്‍ത്ത് പരിസ്ഥിതി പുരസ്കാരം നേടുകയും, യുഎന്‍ മോദിയെ ആദരിക്കുകയും ചെയ്യുന്നതിനെ പറ്റിയാണ് വിവിധ മന്ത്രാലയങ്ങളുടെ പരസ്യം പറയുന്നത്. പോളിസി ലീഡര്‍ഷിപ്‌ വിഭാഗത്തില്‍ പ്രധാനമന്ത്രി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ മാതൃകാപരമായ നേതൃത്വം പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥ വ്യതിയാനം പരിഹരിക്കുന്നതിനും പങ്ക് വഹിച്ചതായും പരസ്യം അവകാശപ്പെടുന്നു. ഒന്നാം പേജ് മറിച്ച് രണ്ടാം പേജിലേക്ക് പോകുമ്പോള്‍ ലീഡ് വാര്‍ത്തയായി കാണുന്നത് ത്രിപുരയില്‍ ബിജെപി സര്‍ക്കാരിന്‍റെ പ്രതികാര നടപടി, ഇടതുപത്രം പൂട്ടിച്ചു എന്നാണ്. ഏതായാലും ദേശാഭിമാനിക്ക് ഇന്ന് സോഷ്യല്‍ മീഡിയയില്‍ രാവിലെ മുതല്‍ ട്രോള്‍ മഴയാണ്.

"വയോവൃദ്ധരും സ്ത്രീകളും ഉള്‍പ്പെടുന്ന എഴുപതിനായിരത്തോളം പേരെ അണിനിരത്തി കിസാന്‍ സഭ നടത്തിയ സമരത്തിന് നേരെ ഡല്‍ഹിയില്‍ നരേന്ദ്ര മോഡി സര്‍ക്കാരിന്‍റെ പോലീസ് തലങ്ങും വിലങ്ങും ആക്രമണഴിച്ചുവിട്ട വാര്‍ത്ത കഴിഞ്ഞ ദിവസം നമ്മളെല്ലാവരും കണ്ടതാണ്. ഇന്ന് ഒരു വിധം പത്രങ്ങളിലെല്ലാം ഒന്നാം പേജില്‍ തന്നെ ഭരണകൂടത്തിന്‍റെ ഈ ആക്രമണം വാര്‍ത്തയായിട്ടുണ്ട്. എന്നാല്‍ ഇന്നത്തേ ദേശാഭിമാനി പത്രത്തിന്‍റെ ഒന്നാം പേജ് ഇങ്ങനെയായിരുന്നു." എന്നാണ് ജസീല്‍ എസ് എം കല്ലാച്ചി പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം ഇത് ഇന്ത്യാ ഗവണ്‍മെന്റിന്റെ പരസ്യമാണെന്നും ബിജെപിയുടെ പരസ്യമല്ലെന്നും പറഞ്ഞു ദേശാഭിമാനിയെ പ്രതിരോധിക്കാനും ആളുകള്‍ രംഗത്തുണ്ട്.

ദേശാഭിമാനിക്ക് പുറമെ കാന്തപുരം എപി അബൂബക്കര്‍ മുസ്ലീയാരുടെ ഉടമസ്ഥതയിലുള്ള സിറാജ്, മംഗളം, വീക്ഷണം, ജന്മഭൂമി എന്നീ പത്രങ്ങളാണ് ഒന്നാം പേജില്‍ പരസ്യം നല്കിയിരിക്കുന്നത്. മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, മാധ്യമം, ചന്ദ്രിക തുടങ്ങിയ പത്രങ്ങള്‍ അകത്തേ പേജിലാണ് പരസ്യം കൊടുത്തിരിക്കുന്നത്.

അതേസമയം കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന് നേരെ ട്രോള്‍ ആക്രമണമില്ല. വിമര്‍ശനം മുഴുവന്‍ ദേശാഭിമാനിയുടെ നേരെയാണ് .


Next Story

Related Stories