TopTop
Begin typing your search above and press return to search.

എനിക്ക് ഭഗശിശ്‌നികയില്ലെന്നറിയുന്നത് ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ്: പെണ്‍സുന്നത്തിന് ഇരയായ പെണ്‍കുട്ടി

എനിക്ക് ഭഗശിശ്‌നികയില്ലെന്നറിയുന്നത് ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ്: പെണ്‍സുന്നത്തിന് ഇരയായ പെണ്‍കുട്ടി

തനിക്ക് ക്ലിറ്റോറിസ് (ഭഗശിശ്‌നിക/യോനീച്ഛദം) ഇല്ലെന്നറിയുന്നത് ഇരുപത്തിരണ്ടാമത്തെ വയസ്സിലാണെന്നും താന്‍ പെണ്‍സുന്നത്തിന്റെ ഇരയാണെന്നും വെളിപ്പെടുത്തി ഗവേഷക വിദ്യാര്‍ഥിനിയുടെ കുറിപ്പ്. മാതൃഭൂമി ദിന പത്രത്തിലൂടെയായിരുന്നു ഗവേഷക വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍. മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷക വിദ്യാര്‍ഥിനിയായ എസ്.എസ് ഷാനിയാണ് കുറിപ്പെഴുതിയിരിക്കുന്നത്. ഷാനിയുടെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍-

'യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ ഉമ്മയുടെ പതിനാറാം വയസ്സില്‍. 1988 ഓക്ടോബര്‍ പന്ത്രണ്ടിനായിരുന്നു ജനനം. തിരുവനന്തപുരത്തെ ലയോള കോളേജില്‍ എം.എസ്.ഡബ്ല്യു. പഠിക്കാന്‍ ചേര്‍ന്നപ്പോഴാണ് എനിക്ക് പല തിരിച്ചറിവുകളും ഉണ്ടായത്.

ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയം പഠിപ്പിക്കാന്‍ ഒരു ഡോക്ടര്‍ കോളേജില്‍ വന്നു. ആണ്‍ശരീരത്തെക്കുറിച്ചും പെണ്‍ശരീരത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സ്ത്രീയ്ക്ക് രതിസുഖം കൂടുതല്‍ കൊടുക്കുന്ന അവയവം ക്ലിറ്റോറിസിന്റെ ചിത്രവും കാണിച്ചു. ഇങ്ങനെയൊരു ഭാഗം എന്റെ ശരീരത്തിലുമുണ്ടോ? ഞാന്‍ ഇതുവരെ ശ്രദ്ധിച്ചില്ലല്ലോ? നാലുമാസം കഴിഞ്ഞ് കോളേജില്‍ ഒരു സംഘടനയുടെ ക്ലാസ് നടന്നു. അവര്‍ ചേലാകര്‍മത്തെക്കുറിച്ച് പറഞ്ഞു. ഉത്തരേന്ത്യയിലെ പ്രാകൃതമായ രീതിയാണിതെന്നും പറഞ്ഞു. ഞാന്‍ വീണ്ടും എനിക്കില്ലാത്ത അവയവത്തെക്കുറിച്ച് ഓര്‍ത്തു. എന്റെ വീട്ടുകാര്‍ എന്നെയും പ്രാകൃതരീതിയില്‍ കൈകാര്യം ചെയ്‌തോ? ഒരിക്കലുമില്ല. അവര്‍ അത്ര കാടത്തമുള്ളവരല്ല. പിന്നെ ഇതൊക്കെ ഉത്തരേന്ത്യയില്‍ മാത്രം നടക്കുന്ന കാര്യമല്ലേ?

വായനയ്ക്കിടെ കിട്ടിയ അറിവുകള്‍ പങ്കുവെച്ചപ്പോള്‍ വാപ്പയുടെ അനിയന്റെ ഭാര്യ പറഞ്ഞു: നമ്മുടെ നാട്ടിലോ വീട്ടിലോ പെണ്‍കുട്ടികള്‍ക്കു സുന്നത്ത് കല്യാണം നടത്താറില്ല. ഞാന്‍ ആദ്യമായിട്ടാ ഇങ്ങനെ കേള്‍ക്കുന്നത്. ഇതുകേട്ട് വാപ്പയുടെ ഉമ്മയുടെ മറുപടി: സുന്നത്തു കല്യാണം നടത്താത്ത സ്ത്രീകള്‍ മുസ്ലിങ്ങളല്ല. മുസ്ലിങ്ങളാവണമെങ്കില്‍ സുന്നത്ത് കല്യാണം നടത്തണം. അപ്പോഴാണ് ഞാന്‍ വീണ്ടും എന്റെ അവസ്ഥയെക്കുറിച്ച് ചിന്തിച്ചത്. എന്റെ അവയവം എങ്ങനെയാണ് എന്നെ വിട്ടുപോയതെന്ന് എനിക്കു മനസ്സിലായി. ഞാനും ചേലാകര്‍മത്തിനു വിധേയയാക്കപ്പെട്ടു എന്ന തിരിച്ചറിവ് എന്നെ വിഷമിപ്പിച്ചു.

ഇതൊക്കെ എന്റെ ലൈംഗികജീവിതത്തെ സാരമായി ബാധിച്ചു. ലൈംഗികത വിവാഹജീവിതത്തിന്റെ ഒരുഭാഗം മാത്രമാണ്. അതിനുവേണ്ടിയല്ല ഞാന്‍ നിന്നെ കെട്ടിയത് എന്ന്. സമാധാനിപ്പിച്ച എന്റ ജീവിതപങ്കാളി തന്ന ധൈര്യം ചെറുതല്ല. വിവാഹശേഷം ഞാന്‍ എന്റെ ഉമ്മയോട് ചേലാകര്‍മത്തെക്കുറിച്ചു സംസാരിച്ചു. എന്തിനാണിത് ചെയ്യുന്നത് എന്നു ചോദിച്ചപ്പോള്‍ ഉമ്മ പറഞ്ഞതിങ്ങനെയാണ്: പണ്ടുള്ള വിവരമുള്ള ആള്‍ക്കാര്‍ ചെയ്യുന്നതുപോലെ നമ്മളും ചെയ്യുന്നു. ഉമ്മയ്ക്ക് ഇതേക്കുറിച്ച് ഒരു ക്ലാസ് തന്നെ ഞാന്‍ കൊടുത്തു. അതിനുള്ള മറുപടി ഇതായിരുന്നു: അത് ഉണ്ടെങ്കിലല്ലേ അതുള്ളപ്പോഴാണോ ഇല്ലാത്തപ്പോഴാണോ കൂടുതല്‍ ആനന്ദം എന്ന് അറിയാന്‍ പറ്റൂ. അതിപ്പോ ഇല്ലല്ലോ. പിന്നെ വെച്ചുപിടിപ്പിക്കാനും പറ്റില്ലല്ലോ. എന്തയാലും ഞാന്‍ നാലുപെറ്റു. കുട്ടികളെ ഉണ്ടാക്കാനല്ലേ ഈ പ്രക്രിയയൊക്കെ.

ഒരു സായാഹ്നത്തില്‍ ജീവിതത്തില്‍ ആദ്യമായി എന്റെ ജീവിത പങ്കാളിയോടല്ലാതെ ഇക്കാര്യം ചില സൃഹൃത്തുക്കളോട് ഞാന്‍ പങ്കുവെച്ചു. ഞെട്ടലോടെയാണ് അവരതു കേട്ടത്. നീ ഇതേക്കുറിച്ചു എഴുതണമെന്ന് അന്നുമുതല്‍ അവര്‍ പറയുന്നു. പുറത്തുപറയാനുള്ള മടികൊണ്ടോ, പേടികൊണ്ടോ ഞാന്‍ ഒന്നും എഴുതിയില്ല.

പലരും പലതവണ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോഴും ഞാന്‍ മിണ്ടിയില്ല. കേരളത്തിലെ പല മുസ്ലിം സുഹൃത്തുക്കളോടും ഇതേക്കുറിച്ചു ചോദിച്ചു. ആരും കേട്ടിട്ടു പോലുമില്ല. അതില്‍ അദ്ഭുതമൊന്നുമില്ല. ഞാന്‍ തന്നെ എനിക്ക് ക്ലിേറ്റാറിസില്ല എന്നറിയുന്നത് എന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ്. എന്റെ വീട്ടുകാര്‍ പോലും എന്നോട് തുറന്നു പറയുന്നില്ല. പിന്നെങ്ങനെ മറ്റുള്ളവര്‍ പറയും.

പലരും പ്രസംഗിക്കുന്നതും തര്‍ക്കിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. നമ്മുടെ നാട്ടില്‍ ഇത്രയും പ്രാകൃതമായ സംഭവം നടക്കുന്നില്ല എന്ന്. അപ്പോഴും ഞാന്‍ മൗനം പാലിച്ചു. ചിലപ്പോള്‍ എന്റെ കുടുംബത്തില്‍ മാത്രം നടക്കുന്ന കാര്യമാണെങ്കിലോ. പക്ഷേ, ഞായറാഴ്ചത്തെ മാതൃഭൂമി പത്രം കണ്ടപ്പോള്‍, കേരളത്തില്‍ ഇപ്പോഴും ഇത് നടക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ സത്യത്തില്‍ ഞെട്ടലൊന്നും തോന്നിയില്ല.'

ഷാനി ഈ കുറിപ്പ് അവസാനിപ്പിക്കുന്നത് 'ഈ കുറിപ്പ് ഞാന്‍ ജനിച്ചുവളര്‍ന്ന എന്റെ മതത്തെ അവഹേളിക്കാനോ എന്റെ കുടുംബത്തെ താഴ്ത്തിക്കെട്ടാനോ ഉപയോഗിക്കരുത്' എന്ന അഭ്യര്‍ഥനയോടെയാണ്.

ഷാനിയുടെ കുറിപ്പ് വിശദമായി വായിക്കുവാന്‍ മാതൃഭൂമി ന്യൂസിന്റെ ലിങ്ക്- https://goo.gl/64EA3E


Next Story

Related Stories