UPDATES

വൈറല്‍

കത്വ വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്; മഹാരാജാസ് വിദ്യാർത്ഥിനിക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

വിഷു ദിനത്തിൽ ഇട്ട ഈ പോസ്റ്റ് ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് ജനം ടിവിയുടേയും ഹിന്ദു ഐക്യവേദിയുടേയും കണ്ണിൽ പെട്ടിരിക്കുന്നത്

കത്വ വിഷയത്തില്‍ പ്രതിഷേധ സൂചകമായി പോസ്റ്റിട്ടതിന് വിദ്യാര്‍ത്ഥിനിക്ക് നേരെ സംഘപരിവാര്‍ വിദ്വേഷ പ്രചരണം. കാശ്മീരിൽ ക്ഷേത്രത്തിനകത്ത് വെച്ച് ബാലികയെ ബലാല്‍സംഗം ചെയ്ത് കൊന്നതുമായി ബന്ധപ്പെട്ടുള്ള ഒരു ഫോട്ടോ സമൂഹ മാധ്യമത്തിൽ പങ്കു വെച്ചതിനാണ് മെഹ്റു ആര്യ ഫിറോസ് എന്ന മഹാരാജാസ് കോളേജ് വിദ്യാർത്ഥിനിയെ സംഘപരിവാര്‍ ലക്ഷ്യം വെച്ചിരിക്കുന്നത്.

ശ്രീകൃഷണൻ ക്ഷേത്രത്തിനു സമീപം തൂങ്ങി മരിച്ചിരിക്കുന്നതായും, ക്ഷേത്രത്തിനകത്ത് നിന്ന് കത്വ പെൺകുട്ടിയുടെ പർപ്പിൾ നിറത്തിലുള്ള ഉടുപ്പ് പറന്ന് പോകുന്നതായും വരച്ച ചിത്രം മെഹ്റു തൻറെ ഫേസ്ബുക്കിൽ ഇട്ടിരുന്നു. വിഷു ദിനത്തിൽ ഇട്ട ഈ പോസ്റ്റ് ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് ജനം ടിവിയുടേയും ഹിന്ദു ഐക്യവേദിയുടേയും കണ്ണിൽ പെട്ടിരിക്കുന്നത്.

ഹൈന്ദവ ദൈവിക രൂപങ്ങളെ അധിക്ഷേപിക്കുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം നടത്തിയതിന് നടപടി സ്വീകരിക്കണമെന്ന് ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടതായാണ് ജനം ടിവി പറയുന്നത്. മെഹ്റുവിനെതിരെ പോലീസിൽ പരാതി നൽകാനും ഹിന്ദു ഐക്യവേദി തൊടുപുഴ താലൂക്ക് കമ്മിറ്റി ഒരുങ്ങുന്നതായും വാർത്തയിലുണ്ട്.

‘എം.എഫ് ഹുസൈനെ പോലും കടത്തിവെട്ടുന്ന രീതിയില്‍ ഒരു ശ്രീകോവിലിന് സമീപമുള്ള മരത്തിൽ പീലിത്തിരുമുടി ചൂടിയ ശ്രീകൃഷണൻ കയറിൽ തൂങ്ങിനിൽക്കുന്നതായ ചിത്രമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശ്രീകൃഷണ ഭഗവാനെ ആരാധിക്കുന്ന മുഴുവന്‍ ഹൈന്ദവ വിശ്വാസകളേയും വ്രണപ്പെടുത്തുന്ന പ്രവൃത്തിയാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായത്. ഇത് പിൻവലിച്ച് മാപ്പ് പറയണം’, ഒരു ഹിന്ദു ഐക്യവേദി നേതാവ് ജനം ടിവി വാർത്തയിൽ പ്രതികരിച്ചതിങ്ങനെയാണ്.

ഏപ്രില്‍ പതിന്നാലിനിട്ട പോസ്റ്റുമായി ബന്ധപ്പെട്ട് ഏറെ ദിവസത്തിന് ശേഷമാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് മെഹ്റു പറയുന്നു. “കത്വ വിഷയത്തിൽ സംഘപരിവാറിനെ വിമർശിച്ച് ഒരു postinu താഴെ കമന്‍റിട്ടിരുന്നു. അന്ന് രാത്രിയാണ് ഒരു പരിചയവുമില്ലാത്ത കുറേ പേർ അക്കൗണ്ട് തേടിപ്പിടിച്ച് വന്ന് പോസ്റ്റിന് താഴെ തെറി പറയാൻ തുടങ്ങിയത്. അപ്പോഴേക്കും ആ ചിത്രം പോസ്റ്റ് ചെയ്ത് ആറേഴു ദിവസം കഴിഞ്ഞിരുന്നു. ഒരു പാട് പേർ ഷെയർ ചെയ്ത ചിത്രമാണ് അതെങ്കിലും മറ്റ് പല കാര്യങ്ങളും നോക്കിയിട്ടാകണം എന്നെ ആക്രമിക്കുന്നത്.”

മന്ത്രി ടിപി രാമകൃഷ്ണന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ടിപി ഫിറോസിന്‍റെ മകളാണ് മെഹ്റു എന്നത് വിഷയത്തിന്റെ വ്യാപ്തി ഉയർത്തുന്നു എന്ന തരത്തിലാണ് ജനം ടിവി പ്രചരിപ്പിക്കുന്നത്. ക്ഷേത്രത്തിനകത്ത് വെച്ച് പെൺകുട്ടിയെ ആക്രമിക്കപ്പെട്ട് കൊന്നതിന്‍റെ പ്രതിഷേധ സൂചകമായി സമൂഹ മാധ്യമങ്ങളിൽ നൂറുകണക്കിന് പേർ പങ്കു വെച്ച ഈ ചിത്രത്തിൽ മതനിന്ദ ആരോപിക്കുന്ന ജനം ടിവിയുടെ വാർത്ത വാട്സാപ്പിലും ഫേസ്ബുക്കിലും അതിവേഗം പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

അതിനിടെ, രൂക്ഷമായ തെറിവിളികളും ഭീഷണികളും മെഹ്റുവിനു നേരെ ഉയരുന്നുണ്ട്. ഇന്നു ലഭിച്ച രണ്ടു ഭീഷണികളുടെ സ്ക്രീന്‍ ഷോട്ടാണ് ചുവടെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍