TopTop
Begin typing your search above and press return to search.

പഴയ വീഞ്ഞു തന്നെ; ഇത്തിരി ന്യു ജനറേഷനാണെന്ന് മാത്രം

പഴയ വീഞ്ഞു തന്നെ; ഇത്തിരി ന്യു ജനറേഷനാണെന്ന് മാത്രം

ദേശീയ അവാർഡ് ജേതാവ് തെലുങ്ക് സംവിധായകൻ ചന്ദ്രശേഖർ യെലെത്തിയുടെ മോഹൻലാൽ ചിത്രമാണ് മനമന്ത. നമുതു എന്ന പേരിൽ തമിഴിലേക്കും വിസ്മയം എന്ന പേരിൽ മലയാളത്തിലേക്കും ഈ സിനിമ മൊഴിമാറ്റം ചെയ്യപ്പെട്ടു. ഒരു ഫാമിലി ത്രില്ലർ ആയതുകൊണ്ട് തന്നെ മോഹൻലാലിലെ നടനെ കാണാം എന്ന പ്രതീക്ഷ വിസ്മയത്തെ കേരളത്തിൽ കുറച്ചൊക്കെ പ്രതീക്ഷ ഉള്ള സിനിമയാക്കി മാറ്റി.

ഹൈദരാബാദ് നഗര പ്രാന്തത്തിൽ ജീവിക്കുന്ന നാലുപേരുടെ കുറച്ചു ദിവസങ്ങൾ പറയുകയാണ് വിസ്മയത്തിന്റെ ആദ്യ പകുതിയില്‍. നഗരത്തിലെ സൂപ്പർ മാർക്കറ്റ് ഉദ്യോഗസ്ഥനായ സായിറാം (മോഹൻലാൽ) ആണ് അവരിൽ ഒരാൾ. മധ്യവയസ്കനായ ഒരുപാട് പ്രാരാബ്ധങ്ങൾ ഉള്ള അയാൾ പ്രമോഷന് വേണ്ടി സഹപ്രവർത്തകയോട് മത്സരിക്കുന്നു. മഹിത (നൈന റാവു) എന്ന ഏഴാം ക്ലാസ് കാരിയുടെ ജീവിതമാണ് വിസ്മയത്തിലെ മറ്റൊരു ഭാഗം. സ്കൂളിന് സമീപത്തെ ചേരിയിലെ നാല് വയസുകാരുമായുള്ള അവളുടെ സാഹോദര്യത്തിന്റെ കഥ ഈ ഭാഗത്തു പറയുന്നു. വിസ്മയത്തിലെ മറ്റൊരു ജീവിതം അതെ നഗരത്തിലെ വീട്ടമ്മ ആയ ഗായത്രിയുടേതാണ് (ഗൗതമി) ഭർത്താവിനും കുട്ടികൾക്കും വേണ്ടി സമർപ്പിതമായ അനേകം ഇന്ത്യൻ സ്ത്രീ ജീവിതങ്ങളിൽ ഒന്നാണ് ഗായത്രിയുടേത്. അവരുടെ ഭൂതകാല സമൃദ്ധികൾ ത്യാഗം ചെയ്ത് കുടുംബ സംബന്ധി ആയ ആഗ്രഹങ്ങളിലും ഭ്രമങ്ങളിലും മാത്രമായി ജീവിക്കുന്നു. അഭിരാം (വിശ്വന്ത്) എന്ന മിടുക്കനായ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയുടെ ജീവിതമാണ് മറ്റൊരു ഭാഗം. പഠനത്തിൽ നിന്നും പ്രണയത്തിലേക്ക് വഴുതിയ അവന്റെ ജീവിതത്തിലൂടെയും വിസ്‌മയം സഞ്ചരിക്കുന്നു.

2010 നു ശേഷം ഇന്ത്യൻ മുഖ്യധാരാ സിനിമകളിൽ ഇത്തരം പല അടരുകൾ കൂട്ടി യോജിപ്പിക്കുന്ന സിനിമകൾ നിരവധി ഉണ്ടായി (അതിനു മുൻപും വിരളമായി വന്നിരുന്നു). ഈ ശൈലിയില്‍ എടുക്കപ്പെട്ട ചിത്രങ്ങളെയാണ് ന്യൂ ജെനറേഷൻ സിനിമകൾ എന്ന് മലയാള സിനിമാസ്വാദകർ വിളിച്ചത്. ഒരു ട്രെൻഡ് ആയി മാറുകയും പിന്നീട് എപ്പോഴോ അത്തരം പ്രവണത അവസാനിക്കുകയും ചെയ്തു. വിസ്മയം കൃത്യമായും ആ മാതൃക പിന്തുടരുന്ന സിനിമ ആണ്.മനുഷ്യരുടെ പലതരം വികാരങ്ങളെ ആണ് സിനിമയിലെ പല കഥാപാത്രങ്ങളും പ്രതിനിധാനം ചെയ്യുന്നത് എന്ന് പറയാം. സ്നേഹം, സ്വാർത്ഥത, നന്മ, നിസ്സഹായത തുടങ്ങി പല അവസ്ഥകളും വികാരങ്ങളും മാറി വരുന്ന ചെറിയ ജീവിതങ്ങളെ വരച്ചിടുന്നു. ഒന്ന് ഒന്നിന്റെ തുടർച്ച ആണെന്നുള്ള വിശ്വാസ പ്രമാണത്തിൽ ഊന്നിയാണ് കഥാപാത്ര സൃഷ്ടികളിൽ അധികവും. മഹിത എന്ന കുട്ടി അവളുടെ അച്ഛന്റെ ബാല്യകാല നന്മകളുടെ തുടർച്ചയാണ്. അഭിരാം അവന്റെ അമ്മയുടെ നഷ്ട സിദ്ധികളുടെയും. ഇന്ത്യൻ മിഡിൽ ക്ലാസ് ജീവിതങ്ങളിൽ നിന്നും കൃത്യമായി നിർമിച്ച കഥാപാത്രങ്ങൾ ആണ് സായിറാമും ഗായത്രിയും.

മലയാളത്തിലും തമിഴിലും കൊണ്ടാടപ്പെട്ട ചില 'ന്യൂ ജെനറേഷൻ' സിനിമകൾ കുടുംബ സിനിമകൾ തന്നെ ആണ്. ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് പഴമയെ ഊട്ടിഉറപ്പിക്കുന്നവ. വിസ്മയവും അത്തരത്തിൽ ഒന്നാണ്. സ്വർണ മെഡൽ നേടിയ മിടുക്കി ആയ വിദ്യാർത്ഥിനി ഏറ്റവും വലിയ ആനന്ദം അനുഭവിക്കേണ്ടത് ഭർത്താവിന്റെയും മക്കളുടെയും പരിചരണത്തിൽ ആവണം എന്ന് സംവിധായകനും തിരക്കഥാകൃത്തിനും നിർബന്ധം ആയിരുന്നു. ''വീടിനു പൊന്മണി വിളക്ക് നീ'' എന്ന് പാടി കാഴ്ചകളെ അവസാനിപ്പിക്കുന്നു. മഹിതയുടേത് ഒഴിച്ചുള്ള സ്ത്രീ കഥാപാത്ര നിർമിതി കുടുംബം എന്ന അച്ചിൽ കോർത്ത് മാത്രമാണ്.വിസ്വന്തും നൈനയും സ്വന്തം റോളുകൾ വളരെ നന്നാക്കി. 90കളിലെ സിനിമകളിലും ഈയടുത്ത് പാപനാസത്തിലും ചെയ്ത കഥാപാത്രങ്ങളുടെ തുടർച്ച തന്നെ ആണ് ഗൗതമിക്കു ഈ സിനിമയിൽ അവതരിപ്പിക്കാൻ ഉള്ളത്. സായിറാം മോഹൻലാലിൽ നിന്നും ഭൂരിഭാഗം മലയാളി പ്രേക്ഷകരും ആഗ്രഹിക്കുന്ന വേഷമാണ്. പല രംഗങ്ങളിലും മോഹൻലാലിലെ നടനെ കാണാൻ പറ്റി. ഇഞ്ചി ഇടുപ്പഴകിക്കു ശേഷം ഉർവശി വീണ്ടും സ്വന്തം അഭിനയ ശൈലിയുടെ സ്വാഭാവികതയിലേക്കു പോയി പ്രതീക്ഷ നൽകുന്നു. എസ് പി ബാലസുബ്രഹ്മണ്യത്തിനു പകരം ജോയ് മാത്യുവിനെ മലയാളത്തിൽ കൂട്ടിച്ചേർത്തിരിക്കുന്നു. മലയാളികൾക്ക് വേണ്ടി പി. ബാലചന്ദ്രനും തമിഴ് പ്രേക്ഷകർക്ക് വേണ്ടി നാസറും സിനിമയിൽ ഉണ്ട്. ഡബ്ബിങ് സിനിമയിലെ സംഭാഷണങ്ങൾക്ക് സാധാരണ ഉണ്ടാവാറുള്ള കൃത്രിമത്വം വിസ്മയത്തിൽ പല രംഗത്തും ഇല്ല. സുപരിചിതരായ അഭിനേതാക്കളുടെ നിരയും ഇത്തരം ഒരു അന്തരീക്ഷം ഉണ്ടാക്കുന്നതിനു കാരണമായി.

ബോറടിപ്പിക്കാത്ത മേക്കിങ് രീതി ആണ് വിസ്മയത്തിന്റേത്. ആർട്ട് എന്ന പേരില്‍ മുഖ്യധാരാ ഇന്ത്യൻ സിനിമകൾ പിന്തുടരുന്ന സൗന്ദര്യ ശാസ്ത്ര പാഠങ്ങൾ തന്നെയാണ് ഈ സിനിമയും പിന്തുടരുന്നത്. ആദിമധ്യാന്ത പൊരുത്തമുണ്ട്. സസ്പെൻസ് ഉണ്ട്. സിനിമ ഉത്പാദിപ്പിക്കുന്ന മൂല്യങ്ങൾ നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം. അത്തരം അസ്വസ്ഥതകൾ ഇല്ലാത്ത വിനോദോപാധി ആണ് ലക്ഷ്യമെങ്കിൽ കുടുംബ സിനിമകൾ തൃപ്തി ഉണ്ടാക്കുമെങ്കിൽ വിസ്മയത്തിനു കയറാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories