UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അദാനിക്കും ആഴക്കടലിനും ഇടയില്‍ മത്സ്യത്തൊഴിലാളി ജീവിതം

Avatar

പ്രിയന്‍ അലക്‌സ്

പ്രിയപ്പെട്ട വായനക്കാരാ, നിങ്ങള്‍ മാര്‍ക്കറ്റില്‍ പോയി മീന്‍ വാങ്ങുന്നയാളാണോ? എങ്കില്‍ നിങ്ങള്‍ തിരുവനന്തപുരത്തുകാരനാണോ എന്ന ഉപചോദ്യം കൂടി ചോദിക്കട്ടെ. തിരുവനന്തപുരത്ത്, എന്‍ എസ് മാധവന്റെ ഭാഷയില്‍ പറഞ്ഞാല്‍ കേരളത്തിലെ ഭൂമിശാസ്ത്രവും ചരിത്രവും ഒന്നായതില്‍പ്പിന്നെ, വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും, ഒരു നല്ല മീന്‍ മാര്‍ക്കറ്റ് ഉണ്ടോ? തലസ്ഥാനനഗരത്തിലെ സ്വപ്നപദ്ധതിക്കാരുടെ സ്വപ്നങ്ങളിലൊന്നും ഈ അടിസ്ഥാനവര്‍ഗം ഉള്‍പ്പെട്ടിട്ടില്ല. ചീഞ്ഞുനാറാതെ പേട്ടമാര്‍ക്കറ്റില്‍ ഒന്നു നില്‍ക്കാന്‍ പോലും കഴിയില്ല. മീന്‍ വില്‍ക്കുന്നത് ഏറെയും പെണ്ണുങ്ങളാണ്. അവരില്‍ നാല്‍പ്പത്തഞ്ചു മുതല്‍ എണ്‍പതു വയസുവരെയുള്ള സ്ത്രീകളുണ്ട്. ഒന്നു മൂത്രമൊഴിക്കാനുള്ള സൗകര്യം പോലുമില്ല. ബസ് ജീവനക്കാരുടെയും യാത്രക്കാരില്‍ പലരുടെയും ചീത്തവിളികേള്‍ക്കാതെ അവര്‍ക്ക് ബസില്‍ മീനുമായി പോകാനാവുന്നില്ല. പറഞ്ഞുവരുമ്പോള്‍ ഓര്‍മ്മിക്കുക, വിഴിഞ്ഞം മദര്‍പോര്‍ട്ട് ഒരു സ്വപ്നപദ്ധതിയാണല്ലോ. ഇവിടെ സ്വപ്നം എന്നത് കണ്ടുകഴിഞ്ഞാല്‍പ്പിന്നെ നമുക്കുറക്കം നഷ്ടപ്പെടുന്ന, ദുര്‍വ്വഹമായ കഠോരതയുള്ള വാക്കായി മാറുന്നു. ഈ മദര്‍പോര്‍ട്ട് നമ്മുടെ മത്സ്യത്തൊഴിലാളി അമ്മമാര്‍ക്ക് എന്താണ് നല്‍കുന്നത്? അവരും പ്രതീക്ഷയിലാണ്. എങ്കിലും പതിവുപോലെ നിരാശയിലുമാണ്. ഒടുവില്‍ പ്രതീക്ഷയും നിരാശയുമില്ലാതെയാണ്. രണ്ട് ലോകങ്ങളില്‍ ഒരേ സമയം ജീവിക്കുകയാണ്.

പദ്ധതി വന്നതോടെ ജീവനോപാധി നഷ്ടപെട്ട മത്സ്യത്തൊഴിലാളി ഗ്രാമങ്ങളാണ് വിഴിഞ്ഞം, കോട്ടപ്പുറം, തോട്ടം, നെല്ലിക്കുന്ന്, മുല്ലൂര്‍, പുളിങ്കുടി, അഴിമല, ചപ്പാത്ത്, ചൊവ്വര, അടിമലത്തുറ, കരിങ്കുളം പഞ്ചായത്ത്, കോട്ടുകാല്‍ പഞ്ചായത്ത്, കാഞ്ഞിരംകുളം പഞ്ചായത്ത് എന്നിവ. മത്സ്യബന്ധനമല്ലാതെ മറ്റൊരു പണിയും അറിയാത്ത ബഹുഭൂരിപക്ഷം ഇവിടെയുണ്ട്. അതില്‍ എഴുപതുവയസു പിന്നിട്ടവരും പ്രാഥമിക വിദ്യാഭ്യാസമില്ലാത്തവരുമുണ്ട്. ഇവിടെ സ്ത്രീകള്‍ ഉണക്കമീന്‍ തയ്യാറാക്കുകയോ, സ്വയം സഹായസംഘങ്ങള്‍ വഴി ലോണെടുത്ത് മത്സ്യബന്ധന അനുബന്ധപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയോ ചെയ്യുന്നു. മീന്‍ വില്‍ക്കാന്‍ പോകുന്ന സ്ത്രീകള്‍ പോലും അത് ചെയ്യുന്നത് ശരാശരി പതിനയ്യായിരം രൂപ ലോണെടുത്താണ്. ബാലരാമപുരത്തോ, കഴക്കൂട്ടത്തോ, പേട്ടയിലോ, വിഴിഞ്ഞത്തോ, മാര്‍ക്കറ്റുകളിലോ വീടുവീടാന്തരമോ മീന്‍ കച്ചവടത്തിനുപോവുന്ന സ്ത്രീകളും അനവധിയുണ്ട്. പഠിച്ച് തൊഴിലില്ലാതെ വിഴിഞ്ഞം പദ്ധതി വരുന്നതും നോക്കി നില്‍ക്കുന്ന ചെറുപ്പക്കാര്‍ അധികമില്ല. പദ്ധതി മുഖാന്തരം ജോലി നല്‍കുമെന്ന് ഒരുറപ്പുമില്ല. എഞ്ചിനിയറിങ്ങ് പാസായവര്‍ ഒരു ശതമാനം പോലുമില്ല. അദാനിയെ നോക്കി കടപ്പുറത്തുനിന്ന് ജോലി തരൂ എന്നു വിളിച്ചു പറയുകയും അദാനി തമ്പ്‌സ് അപ്പ് കാട്ടുകയും ചെയ്തതും മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളുടെ വലിയ മനസ്സിന് നന്ദി പറയുന്നതും മാത്രമേ തല്‍ക്കാലം നടന്നിട്ടുള്ളൂ.

സംഭവിക്കുന്നത് ഇതാണ്. വിഴിഞ്ഞത്തെ സ്വപ്നപദ്ധതി വരുന്നതോടെ ഇവിടുത്തെ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധി നഷ്ടപ്പെടുകയാണ്. പാരിസ്ഥിതിക സാമൂഹികാഘാതപഠനം നടത്തിയ L&T കമ്പനി പറയുന്നത് വെറും എട്ടുകോടി രൂപ ആകെയുള്ള സാമൂഹികാഘാതം ലഘൂകരിക്കുന്നതിനുവേണ്ടി ചെലവഴിക്കണമെന്നാണ്. കേരളസര്‍ക്കാര്‍ ഇതുപ്രകാരം ആര്‍ ഡി ഒ അധ്യക്ഷനായ ഒരു അഞ്ചംഗ ഉദ്യോഗസ്ഥകമ്മിറ്റിയുണ്ടാക്കി. ഒരു മാസത്തിനുള്ളില്‍ സാമൂഹികാഘാതം പഠിച്ച് റിപ്പോര്‍ട്ടുണ്ടാക്കി. പരാതികള്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ ജില്ല കളക്ടറുടെ നേതൃത്വത്തിലുള്ള മറ്റൊരു ഉദ്യോഗസ്ഥസമിതിയുടെ അപ്പീല്‍ കമ്മിറ്റിക്ക് നല്‍കണമെന്ന് നിര്‍ദേശിച്ചു. കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് സ്ഥലത്തെ പഞ്ചായത്ത് മെമ്പര്‍മാരെയോ, കൗണ്‍സിലര്‍മാരെയോ, മറ്റു ജനപ്രതിനിധികളേയോ, തൊഴിലാളി സംഘടനാനേതാക്കളെയോ അറിയിച്ചിട്ടേയില്ല. തൊട്ടടുത്ത ആഴ്ച്ച തന്നെ , അതായത് സെപ്റ്റംബര്‍ അവസാന ആഴ്ച്ച അപ്പീല്‍ക്കമ്മിറ്റി എല്ലാം തീര്‍പ്പാക്കി. പാക്കേജ് സംബന്ധിച്ച് ഏതെങ്കിലും മത്സ്യബന്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, പദ്ധതിപ്രദേശത്ത് താമസിക്കുന്നവര്‍ എന്നിവര്‍ക്കുമാത്രമേ ആക്ഷേപം ഉന്നയിക്കാന്‍ അവസരമുണ്ടായിരുന്നുള്ളൂ. എം എല്‍ എയുടെ പരാതികള്‍പോലും അപ്പീല്‍ കമ്മിറ്റി അവഗണിച്ചു.

പദ്ധതിയുടെ പാരിസ്ഥിതികസാമൂഹികാഘാതപഠനം നടത്തിയ L&T കമ്പനി പറയുന്നത് പദ്ധതിമൂലം സ്ഥലം നഷ്ടപ്പെട്ടവര്‍, ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ടെന്നാണ്. എന്നാല്‍ ആര്‍ ഡി ഒയുടെ കമ്മിറ്റി അതിന്റെ ആദ്യയോഗത്തില്‍ത്തന്നെ ചിലത് തീരുമാനിച്ചു. 

1. ഗുണഭോക്താക്കള്‍ പദ്ധതിപ്രദേശത്ത് സ്ഥിരതാമസം ഉള്ളവരും പദ്ധതിനടത്തിപ്പുമൂലം ജീവനോപാധി നഷ്ടം സംഭവിക്കുന്നവരും ആയിരിക്കണം(അതായത് L & T റിപ്പോര്‍ട്ടില്‍ രണ്ടായിരുന്നത് ഇവിടെ ഒന്നായി. സ്ഥിരതാമസക്കാരായ ജീവനോപാധി നഷ്ടം സംഭവിച്ചവര്‍ മാത്രമേ പരിഗണിക്കപ്പെട്ടുള്ളൂ. അതായത് കാഞ്ഞിരംകുളം, കരുംകുളം, പുതിയതുറ, കൊച്ചുതുറ, പള്ളം, ചപ്പാത്ത്, പുളിങ്കുടി, അമ്പലത്തുമൂല, തെക്കേകോണം (കോട്ടുകാല്‍ പഞ്ചായത്ത്) എന്നിവിടങ്ങളില്‍നിന്നുള്ള പരമ്പരാഗതമത്സ്യത്തൊഴിലാളികളെ പാക്കേജില്‍നിന്ന് ഒഴിവാക്കുകയും, തമിഴ്‌നാട്ടില്‍നിന്നുള്ള മൂവായിരത്തോളം തൊഴിലാളികളെ പരിഗണിക്കാതിരിക്കയും സംഭവിച്ചു. തമിഴ് മലയാളം സങ്കരഭാഷ സംസാരിക്കുന്ന അനേകര്‍ ഇവിടെയുണ്ട്).

2. മത്സ്യമേഖലയിലെ ഗുണഭോക്താക്കള്‍ (എന്തുഗുണം കിട്ടുന്നു ഈ ഗുണഭോക്താക്കള്‍ക്ക് എന്ന് ചോദിക്കരുത്) മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ് അംഗങ്ങള്‍ ആയിരിക്കണം. അംഗങ്ങളല്ലാത്തവര്‍ പാടെ ഒഴിവാക്കപ്പെട്ടു. എഴുത്തും വായനയും നിശ്ചയമില്ലാത്ത, പട്ടയമില്ലാത്ത (പട്ടയമില്ലാത്ത 470 പേര്‍ കോട്ടപ്പുറം മേഖലയില്‍ മാത്രമുണ്ട്, 1500 പേര്‍ വീടില്ലത്തവരായി ഇവിടെയുണ്ട്.) മത്സ്യത്തൊഴിലാളികള്‍ ഏറെയുള്ളതിനാല്‍ ഇത്തരം നിധികളില്‍ അംഗത്വം വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നതില്‍ എന്തു യുക്തിയാണുള്ളത്?

3. മത്സ്യബന്ധന ഉപകരണങ്ങള്‍ ഫിഷറീസ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തതായിരിക്കണം.  

ഇപ്രകാരം തെളിവെടുത്ത് മുന്നേറിയ ആര്‍ ഡി ഒയുടെ കമ്മിറ്റി ഒരു സാധൂകരണവുമില്ലാത്ത ചില്ലറത്തുട്ടുകളാണ് നഷ്ടപരിഹാരമായി എറിഞ്ഞുകൊടുക്കുന്നത്. എന്നാലോ ഭൂരിഭാഗം തൊഴിലാളികളെയും ഇതില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു.

നിലവില്‍ നഷ്ടപരിഹാര പാക്കേജുമൂലം 249 ചിപ്പി/ലോബ്സ്റ്റര്‍ തൊഴിലാളികള്‍ക്ക് (മുല്ലൂര്‍ പ്രദേശത്തെ മാത്രം തൊഴിലാളികളെയേ പരിഗണിച്ചിട്ടുള്ളൂ) മൂന്നുവര്‍ഷത്തേക്ക് പദ്ധതിനടത്തിപ്പുമൂലം (എന്നെന്നേക്കുമായി എന്നു കൂട്ടിവായിക്കാനപേക്ഷ) മത്സ്യത്തടം നഷ്ടമാകും എന്നതിനാല്‍ ആകെ ഒറ്റത്തവണയായി 1,23,660 രൂപ നല്‍കും. 

കോട്ടപ്പുറം, അടിമലത്തുറ ഭാഗത്തെ കരമടി തൊഴിലാളികള്‍ക്ക് മാത്രമേ സഹായം നല്‍കുന്നുള്ളൂ. 325 കരമടി തൊഴിലാളികള്‍ക്ക് 3 വര്‍ഷത്തേക്ക് ഒറ്റത്തവണയായി 1,23,660 രൂപ നല്‍കും. ഇവര്‍ക്ക് വടക്കോട്ടൊ തെക്കോട്ടോ പോയി ജോലി ചെയ്‌തോളാനാണ് കമ്മിറ്റി നിര്‍ദേശം. കടലില്‍ കുഴിക്കലും മാന്തലും നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടക്കുന്നതിനാല്‍ കരമടി വഴി മീനൊന്നും കിട്ടാനിടയില്ലെന്നും മറ്റിടത്തേക്ക് നീങ്ങുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവാനാണ് സാധ്യതയെന്നും പരിഗണിച്ചിട്ടില്ല. അതുമാത്രമല്ല, കരയിലെ വ്യത്യാസം പരിഗണിക്കാതെ എല്ലാ കരമടി തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം നല്‍കുകയാണ് വേണ്ടത്. കരമടി സമ്പ്രദായത്തില്‍ വള്ളത്തില്‍ പോയി കടലില്‍ വലയിട്ടതിനുശേഷം കരയില്‍ നിന്ന് രണ്ടറ്റവും വലിച്ചുകയറ്റുന്നതാണ് രീതി. ധാരാളം തീരം ഇതിനാവശ്യമാണ്. വയസന്മാര്‍ക്കടക്കം ഇതില്‍ പങ്കു ചേരാം. അത്തരമൊരു കരമടി, അഥവാ കമ്പവലിയില്‍ 3040 പേരെങ്കിലും ഉണ്ടാവും . കടലിലെ ഒരു 1520 കിലോമീറ്റര്‍ ദൂരത്ത് നടക്കുന്ന എല്ലാ മത്സ്യബന്ധനങ്ങളിലും മീന്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളി ജില്ലാ സെക്രട്ടറി ( ആര്‍ എസ് പി) ലോറന്‍സ് ചൂണ്ടിക്കാട്ടുന്നു. അതുപോലെ കമ്മിറ്റി പരിഗണിക്കാത്ത തട്ടുമടി, കൊച്ചുവല, നത്തോലിവല, ചാളവല, അയിലവല, താഴ്ത്തുവല എന്നിവയെല്ലാം തന്നെ കടലില്‍ കരയില്‍നിന്ന് 1520 കിലോമീറ്ററില്‍ ഉള്ളതാണ്. ഇവര്‍ക്കൊന്നും മീന്‍ കിട്ടാതാവും. ഇവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കേണ്ടതാണ്. തട്ടുമടി രീതില്‍ കടലില്‍ പോയി വലയിടുകയും അത് കടലില്‍ വെച്ചുതന്നെ വട്ടത്തില്‍ വിരിച്ച വല വലിച്ചുകയറ്റുകയുമാണ്. തട്ടുമടിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടില്ല. 

കോട്ടപ്പുറം, അടിമലത്തുറ ഭാഗത്തെ രജിസ്റ്റര്‍ ചെയ്ത മോട്ടോര്‍ ഘടിപ്പിക്കാത്ത 121 കട്ടമരം ഉടമകള്‍ക്ക് നഷ്ടപരിഹാരമായി ഒറ്റത്തവണയായി 82440 രൂപ നല്‍കും. കട്ടമരത്തില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു സഹായവും പ്രഖ്യാപിച്ചിട്ടില്ല. തുറമുഖപ്രദേശം വിട്ട് തെക്കോട്ടോ വടക്കോട്ടൊ മാറി പണിയെടുക്കാന്‍ നിര്‍ദേശിക്കുന്നു. ഇവിടെയും സംഘര്‍ഷസാധ്യതയുണ്ട്. ഹാര്‍ബറില്ലാത്തതിനാല്‍ മീന്‍ കൈകാര്യം ചെയ്യാന്‍ വിഷമമാകും. അതുപോലെ മീന്‍ ലഭ്യതയും കുറയും.

വിഴിഞ്ഞം സൗത്ത്, വിഴിഞ്ഞം നോര്‍ത്ത്, അടിമലത്തുറ ഭാഗങ്ങളിലെ രജിസ്റ്റര്‍ ചെയ്ത് മോട്ടോര്‍ ഘടിപ്പിച്ച യാന ഉടമകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് ഒറ്റത്തവണയായി 54720 രൂപ നല്‍കും. ഓരോ യാനത്തിലും 810 തൊഴിലാളികളുണ്ട്. അവര്‍ക്ക് നഷ്ടപരിഹാരമില്ല.

കോട്ടപ്പുറത്തും, വിഴിഞ്ഞത്തുമുള്ള വനിതാസ്വയം സഹായസംഘങ്ങളിലെ 753 സ്ത്രീകള്‍ക്ക് 5000 രൂപ വീതം ഒറ്റത്തവണസഹായം. മറ്റിടങ്ങളിലെ സ്ത്രീകളെ പരിഗണിക്കാത്തതും, പദ്ധതി നേരിട്ടു ബാധിക്കുന്ന അടിമലത്തുറയെ ഒഴിവാക്കിയത് നീതികേടാണെന്നും, ഇത്ര ചെറിയ തുക സഹായം പ്രഖ്യാപിച്ചത് അപമാനിക്കലാണെന്നും കോട്ടുകാല്‍ പഞ്ചായത്ത് മെമ്പറും, മുന്‍ സി ഡി എസ് ചെയര്‍പേഴ്‌സണുമായ കൊച്ചുത്രേസ്യ രോഷം കൊള്ളുന്നു.

പ്രതിദിനതൊഴില്‍ നഷ്ടപരിഹാരത്തുകയായി കണക്കാക്കിയിരിക്കുന്നത് മഹാത്മാഗാന്ധി ദേശീയതൊഴിലുറപ്പുപദ്ധതിയില്‍ പ്രതിദിനം നിശ്ചയിച്ചിരിക്കുന്ന 229 രൂപയാണ്. വാര്‍ഷിക തൊഴില്‍ദിനങ്ങള്‍ 180 ദിവസം അഥവാ 6 മാസമായി കണക്കാക്കിയിരിക്കുന്നു. യന്ത്രവല്‍ക്കൃതയാനങ്ങള്‍ക്ക് ഇത് 240 ദിനങ്ങളായി കമ്മിറ്റി കണക്കാക്കിയിരിക്കുന്നു. ഇവിടെത്തന്നെ പിശകുണ്ടെന്ന് മത്സ്യത്തൊഴിലാളി അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അഡ്വ. ആന്റോ മാര്‍സിലിന്‍ (മുന്‍ പൂവാര്‍ പഞ്ചായത്ത് പ്രസിഡന്റ്)പറയുന്നു. മത്സ്യത്തൊഴിലാളികള്‍ ജീവന്‍ പണയം വെച്ച് ചെയ്യുന്ന കടല്‍പ്പണിക്ക് തൊഴിലുറപ്പുവേതനം വാഗ്ദാനം ചെയ്യുന്നത് ശുദ്ധ അസംബന്ധമാണ്, മഹാനെറികേടാണ്. ആദിവാസികള്‍ക്ക് കാടിന്റെ മേലുള്ള അവകാശം പോലെതന്നെയാണ് മത്സ്യത്തൊഴിലാളിക്ക് കടലിന്റെ മേലെയുള്ള അവകാശവുമെന്നത് മറന്നുപോവുന്നു.

ഇപ്രകാരമുള്ള നഷ്ടപരിഹാര പാക്കേജില്‍ മത്സ്യത്തൊഴിലാളികളെ പാടേ അവഗണിച്ചിരിക്കുകയാണ്. പദ്ധതിബാധിതമായ മുഴുവന്‍ തീരമേഖലയേയും ഒന്നായിക്കണ്ടുകൊണ്ടുള്ള നഷ്ടപരിഹാര പാക്കേജ് ആവിഷ്‌കരിക്കാന്‍ കഴിഞ്ഞിട്ടില്ല. കട്ടമരം ഉടമകള്‍ക്കും, യാനം ഉടമകള്‍ക്കും, മാത്രം ധനസഹായം നല്‍കുകയും, തൊഴിലാളികളെ വിസ്മരിക്കുകയും ചെയ്തിരിക്കുന്നു. നല്‍കുന്ന സഹായം വളരെ തുച്ഛമാണ്. തൊഴിലുറപ്പ് വേതനം വാഗ്ദാനം ചെയ്തത് അപമാനിക്കലാണ്. റിപ്പോര്‍ട്ട് സംബന്ധിച്ച് പരസ്യപ്പെടുത്തല്‍ നടത്തിയത് വില്ലേജ് ഓഫീസിലും, മത്സ്യഭവന്‍ ഓഫീസിലും, കളക്ടറേറ്റിലും, വിഴിഞ്ഞം കമ്പനി വെബ്‌സൈറ്റിലും, കമ്പനി ഓഫീസിലും മാത്രമാണ്. നഷ്ടപരിഹാര പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടതിനുപകരം കമ്പനി ഓഫീസില്‍നിന്നാണ് അറിയിപ്പുണ്ടാവുന്നത്. സര്‍ക്കാരും കമ്പനിയും ഒന്നാവുന്ന ഭീകരപ്രവര്‍ത്തനമാണിത്. (ഈസ്റ്റിന്ത്യാകമ്പനിയെ ഓര്‍മ്മിക്കാം) തുറമുഖപ്പണി പുരോഗമിക്കുമ്പോള്‍ തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളെ എല്ലാവരെയും ബാധിക്കുമെന്നതിനാല്‍ അതു പരിഗണിച്ച് പുതിയ പാക്കേജാണാവശ്യം.

ഇപ്പോള്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന നഷ്ടപരിഹാരപ്പാക്കേജില്‍ സ്ത്രീതൊഴിലാളികളെ പാടേ അവഗണിച്ചിരിക്കുന്നു. ആര്‍ ഡി ഓയുടെ കമ്മിറ്റി, അതായത് ഉപജീവനാഘാതനിര്‍ണയസമിതിയുടെ റിപ്പോര്‍ട്ടിന്മേലുള്ള അന്തിമ ഹിയറിങ്ങും സെപ്റ്റംബറില്‍ത്തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കുന്ന ഒരു കാറ്റഗറിയായും മത്സ്യത്തൊഴിലാളി ഉള്‍പ്പെട്ടിട്ടില്ല. മത്സ്യവില്‍പ്പനയ്ക്കുപോകുന്ന സ്ത്രീകളോ, മത്സ്യത്തൊഴിലാളിസ്ത്രീകളോ ഉള്‍പ്പെട്ടിട്ടില്ല. മീന്‍ വില്‍ക്കാന്‍ പോകുന്നവര്‍ ഈ തീരത്തെ ആശ്രയിച്ചു ജീവിക്കുന്നവരും, മത്സ്യത്തൊഴിലാളികളുടെ ഭാര്യമാരോ, അവരുടെ കുടുംബത്തിലെ അംഗങ്ങളോ , വിധവകളോ ആണ്. അവരുടെ തൊഴില്‍ നഷ്ടം കമ്പനി പരിഗണിച്ചിട്ടില്ല. വിഴിഞ്ഞത്തെ ആശ്രയിച്ച് മീന്‍ വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഉണ്ടാവുന്ന തൊഴില്‍ നഷ്ടം പരിഗണിച്ച് അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് SEWA ആവശ്യപ്പെട്ടിരുന്നു. കേന്ദ്രപരിസ്ഥിതിമന്ത്രാലയത്തിന്റെ EAC ക്ക് മുമ്പാതെ കത്തായി ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഒന്നും തന്നെ കമ്പനിയുടെ പാക്കേജില്‍ ഇല്ല.

ഓരോ മോട്ടോര്‍ യാനത്തിലും കട്ടമരത്തിലും 810 തൊഴിലാളികളുണ്ടാവും. ആകെ 1805 യാന ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് കമ്മിറ്റി പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ആകെ 18050 തൊഴിലാളികളുണ്ട് കമ്മിറ്റിയുടെ കണക്കില്‍ത്തന്നെ. ഇത് പൂര്‍ണ്ണമല്ല. ആഴക്കടലിനും അദാനിക്കുമിടയില്‍ എന്ന് ആ പഴയ ചൊല്ല് മാറ്റിപ്പറയേണ്ടിവരുമോ? ചിപ്പിത്തൊഴിലാളികളായി ആകെ 249 പേരെയാണ് കണ്ടെത്തിയിരിക്കുന്നത്. അവര്‍ക്കും തൊഴിലുറപ്പുവേതനം നല്‍കി അപമാനിക്കുന്നതുകൂടാതെ MPEDA യുടെ ഒരു പരീക്ഷണപദ്ധതിക്കായി 20കോടിരൂപ പാക്കേജില്‍നിന്ന് മോഷ്ടിച്ചു നല്‍കിയിരിക്കുന്നു. തീരദേശത്തെ ആകെ ഭൂമി ഉടമസ്ഥത ശരാശരി 2 സെന്റ് ആണ്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവനപദ്ധതിയില്‍ അപേക്ഷ കുന്നുകൂടിക്കിടക്കുകയാണെന്ന് മത്സ്യത്തൊഴിലാളി ജില്ലാപ്രസിഡന്റും, കോട്ടപ്പുറം തീരദേശത്തെ സ്ഥിരവാസിയുമായ ജോണ്‍ റോബര്‍ട്ട് പറയുന്നു. അതുപോലെ മത്സ്യത്തൊഴിലാളി വിധവകള്‍ക്കും മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കും നക്കാപ്പിച്ചയല്ലാതെ സമഗ്രമായ പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുന്നു. പാക്കേജ് സംബന്ധിച്ച് പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാഞ്ഞതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു. യഥാര്‍ത്ഥ മത്സ്യത്തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെടുന്ന അവസ്ഥ ആവര്‍ത്തിക്കുകയാണ്. സ്വന്തമായി കിടപ്പാടമില്ലാത്ത അനേകരുണ്ട്. പോര്‍ട്ടില്‍ കിടന്നുറങ്ങുന്ന തൊഴിലാളികളുണ്ട്. സംഘടിതരാണെങ്കിലും അസംഘടിതരാണ് തൊഴിലാളികള്‍. അറിവുനേടാനോ സംഘടനാപ്രവര്‍ത്തനം ശക്തിപ്പെടുത്താനോ ഉള്ള സാഹചര്യമില്ല. മത്സ്യലേലത്തൊഴിലാളി യൂണിയന്‍ സമ്പൂര്‍ണമായി ഇല്ലാതാവുകയാണ്. അവരെയും പാക്കേജില്‍ ഉള്‍പ്പെടുത്തണം. അതുപോലെതന്നെ തമിഴ്‌നാട്ടില്‍നിന്നുള്ള അനേകതൊഴിലാളികളുണ്ട്. അവരെയും പരിഗണിക്കണം.

എങ്കിലും എന്തുകൊണ്ടൊരു സമരമില്ല എന്നു ഞാന്‍ ചോദിച്ചു. പെറ്റീഷനും പ്രാര്‍ത്ഥനയും കൊണ്ട് ഫലം കാണുന്നില്ലല്ലോ. അതിനുകാരണമുണ്ട്. ആളുകള്‍ പലതട്ടിലാണ്. വികസനം വേണം എന്ന് വെറുതെ ആവര്‍ത്തിക്കാന്‍ ഇവിടെയും ആളുകളുണ്ട്. ആളുകള്‍ രാഷ്ട്രീയമായി വിഘടിച്ചുനില്‍ക്കുന്നു. നഷ്ടപരിഹാരം വേണമെന്ന വര്‍ഗബോധം പോലും ശക്തമല്ല. പദ്ധതിയുടെ ആഘാതസാധ്യത മനസിലാക്കിയവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ തയ്യാറാവുന്നില്ല. ഹാര്‍ബര്‍ വന്നാല്‍ അന്തോണിയടിമയ്ക്കും പനിയപ്പനും എന്തു കിട്ടുമെന്നാണ്? എല്ലാവര്‍ക്കും തൊഴില്‍ തരുമെന്ന് കമ്പനി ഉറപ്പൊന്നും തരുന്നില്ലല്ലോ. അഞ്ഞൂറ് പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് പരിസ്ഥിതിമന്ത്രാലയത്തില്‍ നല്‍കിയിരിക്കുന്ന കടലാസില്‍ പറയുന്നത്. വിഴിഞ്ഞം ഓഡിറ്റോറിയത്തില്‍ നടന്ന പബ്ലിക് ഹിയറിങ്ങില്‍ എതിരഭിപ്രായം പറയുന്നവരെ കയ്യേറ്റം ചെയ്യാനും കൂക്കൂവിളിക്കാനും ഗുണ്ടകളെ നിര്‍ത്തി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. അടിമലത്തുറ നിവാസിയായ ജോയി സോളമന്‍ പറയുന്നു: ‘ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ വംശനാശത്തിലേക്ക് തള്ളിവിടുകയാണ്. അടിമലത്തുറയ്ക്കുനിന്ന് തെക്കോട്ട് മീന്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദര്‍ പറഞ്ഞിട്ടും L & T റിപ്പോര്‍ട്ട് സ്വീകരിക്കുകയാണുണ്ടായത്. കടലാമയില്ലെന്ന് പാരിസ്ഥിതികാഘാതകമ്മിറ്റി റിപ്പോര്‍ട്ട് പറയുമ്പോള്‍ മാതൃഭൂമി പത്രം എന്തിനാണ് ആമയുണ്ടെന്ന് പറഞ്ഞ് സ്‌ക്കൂള്‍ കുട്ടികളുടെ കടലാമയ്‌ക്കൊരു കളിത്തൊട്ടില്‍ പരിപാടി ഇവിടെ നടത്തിയത്. പാരിസ്ഥിതികാഘാതം ഒരു സത്യമാണ്. ഇത് കണക്കാക്കിമുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്.’

എങ്കിലും വെറുമൊരാശ്വാസത്തിനുവേണ്ടി പുതിയ ഹാര്‍ബര്‍ വരുമ്പോള്‍ എല്ലാം പഴയപോലെയാവും എന്നാശിക്കുന്നവരുമുണ്ട്. പരമ്പരാഗത മത്സ്യബന്ധരീതികള്‍ ഇല്ലാതായേക്കും. ഇത് മുന്‍ കൂട്ടിക്കണ്ട് ആഴക്കടല്‍ മത്സ്യബന്ധനത്തിന് പരമ്പരാഗതമത്സ്യത്തൊളിലാളികള്‍ക്ക് പരിശീലനം നല്‍കാന്‍ നടപടികളുണ്ടാവണം. വിഴിഞ്ഞം പദ്ധതി ബാധിത പഞ്ചായത്തുകളിലെ ജനപ്രതിനിധികളെ അകറ്റിനിര്‍ത്തുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ല. പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് അഭിപ്രായമില്ലാത്തതും മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിഷേധം നിലനില്‍ക്കുന്നതും കാണാന്‍ കഴിഞ്ഞു. പുതിയ സീഫുഡ് എക്‌സ്‌പോര്‍ട്ടിങ്ങ്, പ്രോസസിങ്ങ്, കേന്ദ്രങ്ങള്‍ തൊഴിലാളികള്‍ക്ക് കൈമാറി അവരുടെ ഉടമസ്ഥതയില്‍ നടത്തുകയാണ് വേണ്ടത്. തുറമുഖനിര്‍മ്മാണത്തിന്റെ ഒന്നാം ഘട്ടത്തില്‍ തന്നെ ഫിഷിങ്ങ് ഹാര്‍ബറും ഹാന്‍ഡ്‌ലിങ്ങ് യൂണിറ്റും സ്ഥാപിക്കണം. മൂന്നു കിലോമീറ്റര്‍ നീളമുള്ള ബ്രേക്ക് വാട്ടര്‍ ( പുലിമുട്ട്), ഡ്രെഡ്ജിങ്ങ് എന്നിവമൂലമുണ്ടായേക്കാവുന്ന പാരിസ്ഥിതികപ്രശ്‌നങ്ങളോ, ആവാസവ്യവസ്ഥയിലെ പ്രശ്‌നങ്ങളോ പരിഹരിക്കാന്‍ കോര്‍പസ് ഫണ്ട് നീക്കിവെക്കണം. ആവശ്യങ്ങള്‍ നിരവധിയാണ്. അത് കേള്‍ക്കാന്‍ ചെവിയുണ്ടാകണം. പോര്‍ട്ടിനുവേണ്ടി ത്യാഗം സഹിക്കുന്ന തൊഴിലാളികളാണ് യഥാര്‍ത്ഥ ലാന്റ് ലോഡുകള്‍. അവര്‍ക്ക് മെച്ചപ്പെട്ട ജീവിതസൌകര്യങ്ങള്‍ വേണം. നല്ല ആശുപത്രികളും, സ്‌ക്കൂളുകളും, വീടുകളും, ലൈബ്രറരികളും, വൈദ്യുതികണക്ഷനും, കുടിവെള്ളവും, ഡ്രെയിനേജ് സൗകര്യങ്ങളും വേണം.

മറുവശത്ത് കണ്മുന്നില്‍ വെച്ച് ചരിത്രവും ഭൂമിശാസ്ത്രവും ഇല്ലാതാവുന്നതിന്റെ ഭീതിയുണ്ട്. വൈരുദ്ധ്യങ്ങള്‍ പെരുകുകയാണ്. സ്ഥലമുള്ളവര്‍ പോര്‍ട്ടിന്റെ പേരില്‍ റിയല്‍ എസ്‌റ്റേറ്റ് കച്ചവടം കൊഴുപ്പിക്കുകയാണ്. ഇത്രനാളും റിസോര്‍ട്ട് ടൂറിസം മാഫിയകള്‍ക്കെതിരെ പൊരുതിക്കൊണ്ടിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പുതിയ പോര്‍മുഖം തുറന്നുകിട്ടുകയാണ്. പോര്‍ട്ട് സ്വന്തമാക്കുന്നത് ഇത്രനാളും മത്സ്യത്തൊഴിലാളിയുടേതായിരുന്ന കടലാണ്. വലകളെടുത്ത് കട്ടമരങ്ങളേറി പോവുന്ന രാജാക്കന്മാരെന്ന് വിളിക്കപ്പെട്ടവര്‍ ഇന്ന് തൊഴിലുറപ്പിന്റെ വേതനം കൈപ്പറ്റി, കടലില്‍നിന്നു കുടിയൊഴിക്കപ്പെടുകയാണ്. അതിനു നിര്‍ബന്ധിതരാവുകയാണ്. അതും, ഏറേപ്പേരും എണ്ണത്തില്‍പ്പെടാത്തവര്‍. പരാതിനല്‍കേണ്ട അവസാനദിനം കഴിഞ്ഞിട്ടും, അതൊന്നുമറിയാത്തവര്‍, എങ്ങനെയെങ്കിലും ആ നഷ്ടപരിഹാരത്തിന്റെ ലിസ്റ്റില്‍ ഒന്നുള്‍പ്പെടുത്തിത്തരുമോ എന്നു കേഴുന്നവര്‍. കിട്ടുന്ന തുക തീരെപ്പോരെന്നു പരാതിപറയാന്‍ പോലും മിനക്കെടാതെ, എന്തെങ്കിലും തന്നാല്‍മതിയെന്നു കേഴുന്നവര്‍. അവരുടെ കുട്ടികള്‍ സ്വതന്ത്രമായി ഓടിക്കളിച്ചിരുന്ന കടല്‍ത്തീരത്തിന് ഇനി പട്ടാളം കാവല്‍ നില്‍ക്കും. പുലിമുട്ടില്‍പ്പോയി ഒന്നു ചൂണ്ടയിടാന്‍ പോലും സാധിച്ചേക്കില്ല. മധുരപ്പനും, പനിയമ്മയ്ക്കും, അന്തോണിയടിമയ്ക്കും ഇനി കടലില്‍നിന്ന് മീന്‍ പിടിക്കാന്‍ തെക്കോട്ടോ വടക്കോട്ടോ പൊയ്‌ക്കൊള്ളാനാണ് കമ്പനി പറയുന്നത്. രാഷ്ട്രീയനേതൃത്വവും ഇവരെ വഞ്ചിച്ചിരിക്കുന്നു. വിഴിഞ്ഞത്തിനുവേണ്ടി സമരം ചെയ്ത കടകം പള്ളി സുരേന്ദ്രന്‍ ഒരിക്കല്‍പ്പോലും മത്സ്യത്തൊഴിലാളിക്ക് വേണ്ടി സംസാരിച്ചില്ല. പൂവാര്‍, പുല്ലുവിള, വിഴിഞ്ഞം, പുതിയതുറ, കരിങ്കുളം, പൂന്തുറ എന്നിവിടങ്ങളിലെ വോട്ടെണ്ണിയപ്പോഴാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ ലീഡിലെത്തിയത്. അതിനുമുമ്പ് രാജഗോപാല്‍ ജയിച്ചെന്ന് കരുതി ബിജെപി മധുരം വിളമ്പിയതാണ്. എന്നിട്ടും വെയിലുകൊണ്ടാല്‍ വിയര്‍ക്കുമെന്നതിനാലാണോ, മേക്കപ്പിളകുമെന്നതിനാലാണോ മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങള്‍ മനസിലാക്കാന്‍ എം പി വരാത്തത്? പാവങ്ങളുടെ കണ്ണീരൊപ്പുന്ന മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളോട് കാട്ടുന്ന വിശ്വാസവഞ്ചന എന്നവസാനിപ്പിക്കും. ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല.

പ്രിയപ്പെട്ട വായനക്കാരാ, എത്ര നിഷ്‌കളങ്കമായി, അവരുടെ വേദനയെ, അതിന്റെ പൊള്ളലിനെ സ്വന്തം ത്വക്കില്‍ നിങ്ങളറിയും? സ്വപ്നപദ്ധതി ആരുടെ സ്വപ്നങ്ങള്‍ തകര്‍ക്കുന്നുവെന്നറിയും? റോഡ് ടാര്‍ ചെയ്യാനായി ടാര്‍ വീപ്പകള്‍ നിരക്കുമ്പോള്‍ അത് കോരിയെടുത്ത് കളിക്കുന്ന കുട്ടികളെപ്പോലെ , ടാര്‍ ചൂടാവുകയും പരക്കുകയും റോഡ് റോളര്‍ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോള്‍ മിനുസപ്പെടുകയും ചെയ്യുന്ന റോഡ് എന്ന എക്കാലത്തെയും ആദ്യത്തെ വികസനം കുട്ടികളുടെ കണ്ണാല്‍ കണ്ടുനില്‍ക്കയും അത്ഭുതപ്പെടുകയും ചെയ്യുന്ന പാവങ്ങള്‍, പുലിമുട്ട് നീളുകയും, കടല്‍കുഴിച്ച് മണല്‍ ചീറ്റുകയും, തുറമുഖത്ത് ചരക്കിറങ്ങുകയും ചെയ്യുമ്പോള്‍ അവര്‍ കണ്ടുനില്‍ക്കും. നഷ്ടമായ തൊഴിലിന്റെ പൊള്ളുന്ന നോവ് അവരെ ഉറക്കാതിരിക്കും. അവര്‍ക്ക് കാണാന്‍ സ്വപ്നമെവിടെ? അവര്‍ക്ക് ഉറക്കത്തിലും നൊന്തുനീറുമല്ലോ? മദര്‍ പോര്‍ട്ട് നമ്മുടെ മത്സ്യത്തൊഴിലാളി അമ്മമാരോട് എന്താണ് ചെയ്യുന്നത്? അതുകൊണ്ട് പാക്കേജിന്റെ പേരില്‍ അവരെ പറ്റിക്കാതിരിക്കൂ.

(പയ്യന്നൂര്‍ സ്വദേശിയായ പ്രിയന്‍ അലക്‌സ് വെറ്ററിനറി സര്‍ജനായി ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍