TopTop
Begin typing your search above and press return to search.

വിഴിഞ്ഞം പദ്ധതി; ഉമ്മന്‍ ചാണ്ടി നടപ്പക്കാന്‍ പോകുന്നത് ഒരു ഭ്രാന്തന്‍ സ്വപ്‌നം

വിഴിഞ്ഞം പദ്ധതി; ഉമ്മന്‍ ചാണ്ടി നടപ്പക്കാന്‍ പോകുന്നത് ഒരു ഭ്രാന്തന്‍ സ്വപ്‌നം


അഡ്വ. ഹരീഷ് വാസുദേവന്‍

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കുറിച്ച് ഞാന്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് പതിനഞ്ചു വര്‍ഷമെങ്കിലും ആയിട്ടുണ്ട്. 2003 മുതല്‍ ഈ പദ്ധതിയെ കുറിച്ച് പറഞ്ഞുകേട്ട കാര്യങ്ങള്‍ ശരിയാണെന്നു വിശ്വസിച്ച് ഈ പദ്ധതി പ്രാവര്‍ത്തികമാാകണമെന്ന ഉദ്ദേശവുമായി രംഗത്തിറങ്ങിയ ഒരാള്‍ കൂടിയാണ് ഞാന്‍. അന്താരാഷ്ട്ര കപ്പല്‍ ചാനലില്‍ നിന്ന് വളരെ കുറഞ്ഞദൂരം, സ്വാഭാവികമായ ആഴം; ഇതുരണ്ടുമായിരുന്നു വിഴിഞ്ഞത്തിന്റെ പ്രധാന നേട്ടങ്ങളായി ഉയര്‍ത്തി കാട്ടിയിരന്നത്. ഞാന്‍ ചെയര്‍മാന്‍ ആയിരുന്ന സമയത്ത് ജനപക്ഷം എന്ന സംഘടന ഈ വിഷയം ഏറ്റെടുക്കുകയും തിരുവനന്തപുരത്ത് പോയി ഇതിന്റെ ആളുകളുമായി ബന്ധപ്പെടുകയും ഈ പ്രൊജകട് വരുന്നതിനെ പറ്റി അനുകൂലമായി സംസാരിക്കുകയും ഇതിന്റെ ഗുണഗണങ്ങള്‍ യേശുദാസ് , സുരേഷ് ഗോപി അടക്കമുള്ളവരെ ധരിപ്പിക്കുകയും ഇവരെ വിഴിഞ്ഞിത്ത് എത്തിക്കുകയും ചെയ്തു. പദ്ധതിയെ കുറിച്ച് പുറത്തു നിന്നുകിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഞങ്ങളിതൊക്കെ ചെയ്തത്. ഇതിനുശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രൊജക്ടിനെ കുറിച്ച് പഠിക്കാന്‍ വേള്‍ഡ് ബാങ്ക് ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ കമ്മീഷന്‍( ഐ എഫ് സി) എന്ന സ്ഥാപനത്തെ ഏല്‍പ്പിക്കുന്നതും, അവര്‍ നടത്തിയ പഠനത്തില്‍ വിഴിഞ്ഞത്തെ സംബന്ധിച്ച് ചില ഗൗരവമായ കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നതും.

ഐ എഫ് സിയുടെ പഠനത്തില്‍ പറയുന്ന പ്രധാനകാര്യം,' നമ്മള്‍ പ്രത്യക്ഷത്തില്‍ കരുതുന്നതുപോലെ അന്താരാഷ്ട്ര കപ്പല്‍ ചാനല്‍ അടുത്തായതുകൊണ്ടോ, ആഴമുള്ളതുകൊണ്ടോ ഒരു പോര്‍ട്ട് രക്ഷപ്പെടണമെന്നില്ല' എന്നതായിരുന്നു.

ഇപ്പോള്‍ വിഴിഞ്ഞത്തിന്റെ പേരില്‍ നടക്കുന്നതുപോലെ മറ്റൊരു കാമ്പയിന്‍ ഉണ്ടായത് 2007-2008 കാലത്ത് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിനു വേണ്ടിയായിരുന്നു. പതിനാല് മീറ്റര്‍ ആഴമുള്ള തുറമുഖമായാണ് വല്ലാര്‍ പാടവും നമ്മള്‍ നിര്‍മിച്ചത്. കേരളത്തിലെയും ഇന്ത്യയിലെയും ഒരൊറ്റ കമ്പനികളും ഇത് ഓപ്പറേറ്റ് ചെയ്യാന്‍ തയ്യാറാകില്ലെന്നു കണ്ട് ലോകത്തിലെ തന്നെ രണ്ടാമത്തെ പോര്‍ട്ട് ഓപ്പറേറ്റിംഗ് കമ്പനിയായി ഡി പി ഒ വിനെ ഈ പ്രൊജക്ട് ഏല്‍പ്പിക്കുകയായിരുന്നു. അന്ന് കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുണ്ടായിരുന്ന അഞ്ചോ ആറോ മന്ത്രിമാരെ കൊണ്ട് സമ്മര്‍ദ്ദം ചെലത്തിച്ച് 1500 കോടി വല്ലാര്‍പാടം പദ്ധതിക്കായി കേന്ദ്രസഹായം നേടിയെടുക്കുകയും ചെയ്തു. പ്രധാനമന്ത്രിയെ കൊണ്ടുവന്നു കല്ലിടല്‍ നടത്തി. വലിയ വികസനം വരുന്നു, തെക്കേ ഇന്ത്യയെന്നാല്‍ ഇനി വല്ലാര്‍ പാടമാണ് എന്നൊക്കെ വന്‍തോതിലുള്ള പ്രചാരണങ്ങളും പിന്നാലെ ആരംഭിച്ചു. എന്തുസംഭവിച്ചു? വല്ലാര്‍പാടം രാജീവ് ഗാന്ധി കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പൂട്ടിയിടുകയും ഉള്ള ആളുകള്‍ക്ക് കൂടി തൊഴില്‍ നഷ്ടമാവുകയും ചെയ്തൂ എന്നുമാത്രം.

കബോട്ടാഷ് നിയമത്തില്‍ ഇളവ് കൊടുത്തിട്ടുപോലും വല്ലാര്‍പാടം ലാഭകരമായി വന്നില്ല. അന്താരാഷ്ട്ര കപ്പല്‍ ചാനല്‍ കടന്ന് പോകുന്ന കപ്പലുകള്‍ക്ക് ഒരു ദിവസംപോലും യാത്ര ചെയ്യാതെ വല്ലാര്‍പാടത്ത് എത്താമെന്നിരിക്കെ, കപ്പലുകളെ ആകര്‍ഷിക്കാന്‍ നമുക്കൊന്നും ചെയ്യാന്‍ പറ്റിയില്ല. 14 മീറ്റര്‍ ആഴമുള്ള കപ്പലുകളെപോലും ഇവിടേക്ക് കൊണ്ടുവരാന്‍ സാധിച്ചില്ല.

ഈ സാഹചര്യങ്ങളൊക്കെ മുന്നില്‍ നില്‍ക്കുമ്പോഴാണ് വിഴിഞ്ഞത്തിന്റെ സാമ്പത്തികലാഭ സാധ്യത പരിശോധിച്ച ഐ എഫ് സി ഇതൊരു നഷ്ടകച്ചവടം ആയിരിക്കുമന്ന് അവരുടെ പഠനത്തിലൂടെ പറഞ്ഞിരിക്കുന്നത്.

വിഴിഞ്ഞം ഒരു നാച്വറല്‍ പോര്‍ട്ട് അല്ല. കൊച്ചിയിലേതുപോലെ കപ്പലുകള്‍ക്ക് അകത്തേക്ക് കയറിവരാനുള്ള സ്വാഭാവിക പാതകളിവിടെ ഇല്ല. വിഴിഞ്ഞത്ത് കൃത്രിമമായ ഒരു ബര്‍ത്ത് ഉണ്ടാക്കി, അല്ലെങ്കില്‍ പുലിമുട്ട് നിര്‍മിച്ച് ഒരു തുറമുഖം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇന്‍ഫ്രാസ്‌ട്രെക്ചറിന്റെ ഇനീഷ്യല്‍ കോസറ്റ് തന്നെ വളരെ കൂടുതലായിരിക്കും.

വിഴിഞ്ഞം പദ്ധതിയുടെ എക്കോളിജിക്കല്‍-സോഷ്യല്‍ ഇംപാക്ട് എന്തായിരിക്കുമെന്ന് പരിസ്ഥിതി ആഘാതപഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനകരമായി സ്ഥാപിച്ച രണ്ടു പുലിമുട്ടുകള്‍ ഇപ്പോള്‍ അവിടെയുണ്ട്. അതുപയോഗിച്ചുള്ള ഒരുഹാര്‍ബര്‍ ആണ് നിലവില്‍ അവിടെ പ്രവര്‍ത്തിക്കുന്നത്. ഈ ഹാര്‍ബറിനായി 400 മീറ്റര്‍ ബ്രേക് വാട്ടര്‍ നിര്‍മിച്ചപ്പോള്‍ വടക്കുഭാഗത്തായി മൂന്നരമീറ്ററോളം മണല്‍ കടലെടുത്തുപോവുകയും തെക്കുഭാഗത്തായി മണല്‍ വന്ന് അടിയുകയും ചെയ്തു. പടിഞ്ഞാറന്‍ തീരത്തു നടക്കുന്നൊരു പ്രതിഭാസമാണ് ഇത്. പ്രകൃതിദത്തമായി സംഭവിക്കുന്ന ഒന്ന്.വിഴിഞ്ഞത്ത് നടന്ന പബ്ലിക് ഹിയറിംഗുകള്‍ക്ക് മുന്നില്‍വച്ച ഡോക്യുമെന്റുകള്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായത് കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി മന്ത്രാലയം വിഴിഞ്ഞം പോര്‍ട്ടിനുവേണ്ടി രണ്ടുതവണ പരിസ്ഥിതി ആഘാത പഠനത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടും തള്ളിക്കളഞ്ഞുവെന്നാണ്. ഇന്ത്യയിലെ തീരദശ പരിപാലന നിയമം അനുസരിച്ച് മണ്ണൊലിപ്പ് കൂടതലുള്ള തീരത്ത് ഒരിക്കലും തുറമുഖങ്ങള്‍ നിര്‍മിക്കാന്‍ അനുവാദമില്ല. വലിയ രീതിയില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള തീരമാണ് വിഴിഞ്ഞം. നിലവിലുള്ള ഹാര്‍ബര്‍ പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ അവരുടെ ജീവിതോപാധിയായി ഉപയോഗിക്കുന്നുണ്ട്. പുതിയ പോര്‍ട്ട് വരികയാണെങ്കില്‍ ഈ മത്സ്യത്തൊഴിലാളികളെ അത് സാരമായി ബാധിക്കും. ജനനിബിഢമായൊരു പ്രദശമാണ് വിഴിഞ്ഞം, ഈ കാരണങ്ങളൊക്കെ ചൂണ്ടിക്കാണിച്ചാണ് മന്ത്രാലയം അനുമതി നിഷേധിച്ചത്. മറ്റൊരു സൈറ്റ് കണ്ടുപിടിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ വേറൊരു സൈറ്റും കാണാതെ ഇതേ പ്രൊജക്ടുമായി തന്നെ വീണ്ടും പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പഠനം നടത്തിക്കോളൂ എന്നാല്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് തെളിഞ്ഞാല്‍ അനുമതി പദ്ധതിക്ക് അനുമതി തരില്ലെന്നുമുള്ള നിബന്ധന മന്ത്രാലയം മുന്നോട്ടുവച്ചൂ.

എന്നാല്‍ പബ്ലിക് ഹിയറിംഗില്‍, കേരളത്തില്‍ ഏറ്റവും കൂടുതല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള തീരുമാണ് വിഴിഞ്ഞമെന്നും പാറക്കല്ലുകള്‍ വര്‍ഷാവര്‍ഷം ഇവിടടെ കൊണ്ടുവന്നിട്ട് കൃത്രിമമായി തീരദേശസംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതുകൊണ്ടാണ് തീരവും ജനങ്ങളും കടലെടുത്തുപോവാതിരിക്കുന്നതെന്നും അഭിപ്രായമുയര്‍ന്നിരുന്നു. പക്ഷെ ഈ വിഷയങ്ങള്‍ നീക്കം ചെയ്താണ് പഠനം നടത്തിയ കമ്പിനി പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൊടുത്തത്. എന്നാല്‍ ആദ്യം അനുമതി കൊടുക്കില്ലെന്നു പറഞ്ഞ മന്ത്രാലയം ഈ പദ്ധതി നടപ്പാക്കുന്നതിന് വലിയ ബഹുജനസമ്മര്‍ദ്ധം ഉണ്ടെന്ന പ്രചരണത്തെ തുടര്‍ന്ന് അനുമതി നല്‍കി. ഇതിനെതിരെ ചെന്നൈ ഹരിത ട്രിബ്യൂണലിലും ഡല്‍ഹി ബഞ്ചിലും ഹര്‍ജി കൊടുത്തിരിക്കുന്ന ഒരു അഭിഭാഷകനാണ് ഞാന്‍. പടിഞ്ഞാറന്‍ തീരത്ത് വിനോദസഞ്ചാര മേഖലയായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന മേഖലയില്‍ യാതൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്താന്‍ പാടില്ലെന്നാണ് നിയമം. അത്തരത്തില്‍ നോട്ടിഫൈഡ് ആയിട്ടുള്ള തീരമാണ് വിഴിഞ്ഞവും. ഈ നിയമത്തില്‍ ഇളവു വരുത്തിയാണ് പോര്‍ട് നിര്‍മാണത്തിന് അനുമതി കൊടുത്തത്. ഇതുചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഡല്‍ഹി ബഞ്ച് വിഴിഞ്ഞം പദ്ധതി സ്റ്റേ ചെയ്യാനുള്ള തീരുമാനത്തില്‍ എത്തുകയും ചെയ്തു. ഇതു ചോദ്യം ചെയ്ത് സംസ്ഥാനസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ എത്തുകയും കോടതി ഈ പ്രൊസസുകളെല്ലാം മൊത്തമായി സ്റ്റേ ചെയ്യുകയും ചെയ്തു.അന്ന് സര്‍ക്കാര്‍ ഹരിത ട്രിബ്യൂണലില്‍ കൊടുത്ത ഉറപ്പ് ഈ പദ്ധതിയുമായി ഇനി മുന്നോട്ടു പോവില്ല എന്നായിരുന്നു.

ആ വാക്ക് പാലിക്കാതിരിക്കുകയും സംസ്ഥാനം പദ്ധതിയുടെ ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്തു. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞം പദ്ധതി ലാന്‍ഡ് ലോഡ് മോഡലില്‍( ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയിലും നടത്തിപ്പ് സ്വകാര്യ കമ്പനിക്കും) ആയിരുന്നു വിഭാവനം ചെയ്തത്. എന്നാല്‍ ആ പ്രൊജക്ട് നടക്കാതെ വരികയും പിന്നീട് നടന്ന സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ മാത്രം പദ്ധതി നടപ്പാക്കിയാല്‍ മതിയെന്ന് തീരുമാനിക്കുകയും ചെയ്തൂ. പിന്നീടുവന്ന പല ടെന്‍ഡറുകളും ഓരോ നൂലാമാലയില്‍ കുടുങ്ങിപ്പോവുകയും ആയിരുന്നു. വിഴിഞ്ഞം അതിഭയങ്കരമായ ലാഭം ഉണ്ടാക്കുമെന്ന പ്രചാരണം ഉണ്ടാക്കിയിട്ടും ഒരു കമ്പനിക്കും പദ്ധതി ഏറ്റെടുക്കാന്‍ തോന്നിയില്ല. കാരണം അവരുടെയെല്ലാം കണക്കുകൂട്ടല്‍ ഐ എഫ് സി പറഞ്ഞതുപോലെ ഇതൊരു നഷ്ട കച്ചവടം ആയിരിക്കുമെന്നതായിരുന്നു.

ഇതിനിടയില്‍ ടൂറിസം ലോബി ഐ എഫ് സി യെ സ്വാധീനിച്ചൂവെന്ന ആക്ഷേപം വന്നപ്പോള്‍ സര്‍ക്കാര്‍ ഐ എഫ് സി മറ്റി പകരം മറ്റൊരു കമ്പനിയെ ഇതിന്റെ സാമ്പത്തിക പഠന ചുമതല ഏല്‍പ്പിച്ചു. അവരും പറഞ്ഞത് ഇതൊരു ലാഭകരമായ പ്രൊജകട് ആയിരിക്കില്ലെന്നും, ഒരു റിസ്‌കി ഇന്‍വെസ്റ്റ്‌മെന്റ് ആയിരിക്കുമെന്നുമാണ്.

നാലായിരം കോടിയോളം രൂപയാണ് ആദ്യം പദ്ധതിക്ക് ചെലവു പ്രതീക്ഷിച്ചിരുന്നത്. ഇതില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് വൈബലിറ്റി ഗ്യാപ് ഫണ്ട് ഇനത്തില്‍ 800 കോടയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 800 കോടിയും ഉള്‍പ്പെടെ 1600 കോടി പദ്ധതിക്കായി കൊടുക്കാനുമായിരുന്നു തീരുമാനം. ഈ തുകയ്ക്കായി കേന്ദ്രത്തെ സമീപിച്ചപ്പോള്‍ അവര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് വിട്ടുകൊടുക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

മൂന്നുപേരാണ് വിഴിഞ്ഞെ പ്രൊജകടിന്റെ ബിഡ് വാങ്ങുന്നതിനായി രംഗത്തുണ്ടായിരുന്നത്. എസ് ആര്‍ പോര്‍ട് ലാന്‍ഡ്, ശ്രേയ ഗ്രൂപ്പ്, അദാനി പോര്‍ട്‌സ് ലിമിറ്റഡ് എന്നിവര്‍. 2015 മാര്‍ച്ച് 5 ന് ഇറങ്ങിയ പത്രങ്ങളില്‍ എസ് ആര്‍ പോര്‍ട്ടിനെ അദാനി വാങ്ങിയതായി വാര്‍ത്തയുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള ഡീലുകള്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടന്നുവരികയുമായിരുന്നു. അതായത് ബിഡ് സമര്‍പ്പിക്കുമ്പോള്‍ സാങ്കേതിയമായി അല്ലെങ്കില്‍പോലും എസ് ആര്‍ പോര്‍ട് അദാനിയുടെ തന്നെ കമ്പനിയായിരുന്നു. ശ്രേയഗ്രൂപ്പിനാകട്ടെ പോര്‍ട് രംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്തവര്‍. അതിനാല്‍ തന്നെ അവര്‍ എത്ര കുറഞ്ഞ ബിഡ് സമര്‍പ്പിച്ചാലും അംഗീകരിക്കണമെന്നില്ല. ഫലത്തില്‍ അവിടെ രംഗത്തുണ്ടായിരുന്നത് അദാനി മാത്രം. മിനിമം മൂന്നുപേരെങ്കിലും ഉണ്ടെങ്കില്‍ മാത്രമെ ബിഡിന് നിലനില്‍ക്കൂ എന്നുള്ളതുകൊണ്ടു മാത്രമാണ് രണ്ടു കമ്പനികളുടെ പേര് കൂടി വന്നതെന്നുമാത്രം. ഈ ബിഡ് ഫോമുമായാണ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ ചെന്ന് ഭൂമി അദാനിക്ക് കൊടുക്കണമെന്ന് ആവശ്യപ്പെടുന്നത്. ആദ്യം ഇത് സാധിക്കില്ല എന്നാണ് കേന്ദ്രം പറയുന്നത്. പിന്നീട് അദാനിയുടെ കൈയില്‍ നിന്ന് 2500 കോടിയും സംസ്ഥാന 5000 കോടിയും( ഇതില്‍ 800 കോടി ലാഭം കിട്ടുമ്പോള്‍ തിരിച്ചടയ്ക്കാം എന്ന വ്യവസ്ഥയില്‍ കേന്ദ്രത്തില്‍ നിന്ന് ലോണ്‍ വ്യവസ്ഥയില്‍ വാങ്ങിയത്) മുടക്കി പദ്ധതിക്ക് രൂപരേഖ തയ്യാറാക്കിയത്. ഇവിടെ നടന്ന മറ്റൊരു പ്രചാരണം കേരളത്തിനു വേണ്ടെങ്കില്‍ പദ്ധതി കുളച്ചലിന് നല്‍കുമെന്നായിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായിട്ടും ഇതുവരെ പരിസ്ഥിതി ആഘാത പഠനത്തിനുപോലും അനുമതി കിട്ടാത്ത ഒന്നാണ് കുളച്ചല്‍ പോര്‍ട് പ്രൊജകട് എന്നോര്‍ക്കണം.രണ്ടാമത്തെ ടെന്‍ഡര്‍ വിളിച്ചശേഷമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലെത്തി കെ വി തോമസ് എം പിയുടെ വീട്ടില്‍വച്ച് അദാനിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. ഇതിന്റെ മിനിട്‌സോ ഒന്നും ഉമ്മന്‍ ചാണ്ടി ഇതുവരെ പുറത്തുവിട്ടിട്ടില്ല. സൗഹൃദസംഭാഷണം എന്നാണ് നല്‍കുന്ന ഭാഷ്യം. അദാനിയുടെ എന്തൊക്കെ ഡിമാന്‍ഡുകളാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതെന്ന് വ്യക്തമല്ല. ഇന്ത്യയിലെ എല്ലാ പോര്‍ട്ടുകളും 30 വര്‍ഷത്തേക്കാണ് സ്വകാര്യകമ്പനികള്‍ക്ക് കൈമാറിയിരിക്കുന്നത്. എന്നാല്‍ വിഴിഞ്ഞം അദാനിക്ക് നല്‍കിയിരിക്കുന്നത് 40 വര്‍ഷത്തേക്ക്. മാത്രമല്ല, ഈ കരാര്‍ 60 വര്‍ഷത്തേക്ക് നീട്ടുകയും ചെയ്യാം. ചെന്നൈയ്ക്ക് അടുത്തുള്ള അന്നൂര്‍ പോര്‍ട് അദാനി കോട്ട് ചെയ്തിരിക്കുന്നത് 35 ശതമാനം ലാഭം സര്‍ക്കാരിന് നല്‍കാം എന്നാണ്. അതേസമയം വിഴിഞ്ഞത്ത് ഇത് ഒരു ശതമാനമാണ്. അതും പതിനഞ്ച് വര്‍ഷം കഴിഞ്ഞ്. തുടര്‍ന്ന് ഓരോ വര്‍ഷവും ഒരു ശതമാനം വച്ച് കൂട്ടിത്തരാമെന്നും. ഇന്ത്യയില്‍ തന്നെ സര്‍ക്കാരിന്ന ഏറ്റവും കുറഞ്ഞ ലാഭവിഹിതം കിട്ടുന്ന പോര്‍ട്ട് ആയിരിക്കും വിഴിഞ്ഞം. മൂന്നില്‍ ഒന്നുമാത്രം മുതല്‍ മുടക്ക് ഇറക്കിയിട്ടും എന്തുകൊണ്ട് ലാഭവിഹിതം ഇത്ര കുറച്ചുനല്‍കാന്‍ അദാനി ശ്രമിക്കുന്നു? ഒട്ടും ലാഭകരമാകില്ല ഈ പോര്‍ട് എന്ന് അവര്‍ മനസ്സിലാക്കിയിരിക്കുന്നു.

അദാനിയുടെ ബിഡ് സംസ്ഥാനം അംഗീകരിച്ചാലുണ്ടാകുന്ന പ്രതിഫലനങ്ങള്‍ എന്തെല്ലാമായിരിക്കും എന്നതിനെ കുറിച്ച് പഠിക്കാന്‍ ഏണസ്റ്റ് ആന്‍ഡ് യംഗ് എന്ന വിദേശ കമ്പനിയെയും ഹേമന്ദ് ഗ്രൂപ്പ് എന്ന അഡ്വക്കേറ്റ് ഗ്രൂപ്പിനെയും ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവരുടെ റിപ്പോര്‍ട്ട് എന്തായിരുന്നുവെന്ന് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള ഒരു കമ്മിറ്റിയില്‍വെച്ച് ഇതിനെ കുറിച്ച് വിശദമായ ചര്‍ച്ച നടന്നിട്ടുണ്ട്. ആ യോഗത്തിന്റെ മിനിട്‌സും പുറത്തു നല്‍കിയിട്ടില്ല.

ഇരുപത്തിമൂന്നാമത് കേന്ദ്ര ധനകാര്യ കമ്മിഷന്‍ ഉന്നതാധികാര സമിതിയോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍, അവരുടെ നോട്ട് അനുസരിച്ച്, ആദ്യം 800 കോടിയോളം ചെലവു പറയുകയും പിന്നീട് 900 കോടിയാവുകയും ചെയ്ക ബ്രേക് വാട്ടര്‍ നിര്‍മാണത്തിന് 1450 കോടി രൂപയായി ചെലവ് വര്‍ദ്ധനവ് ഉണ്ടായതായി പറയുന്നതിന്റെ മിനിട്‌സ് റിപ്പോര്‍ട്ട് ഉണ്ട്. ഈ വര്‍ദ്ധനവ് എങ്ങനെ വന്നൂ എന്നതിന് സര്‍ക്കാര്‍ ഇതുവരെ ഒരു ന്യായീകരണവും പറയുന്നില്ല.അദാനി ഇവിടെ എന്താണ് ചെയ്യാന്‍ പോകുന്നതെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഒന്നാമതായി അദാനി ഇതില്‍ മുടക്കുന്നത് അദ്ദേഹത്തിന്റെ ഷെയര്‍ ഏതെങ്കിലും കേന്ദ്രസര്‍ക്കാര്‍ ബാങ്കില്‍വെച്ച് എടുക്കുന്ന 2500 കോടിയുടെ ലോണായിരിക്കും. അതായത് ജനങ്ങളുടെ തന്നെ കാശ്. ഈ പ്രൊജക്ടില്‍ നഷ്ടം വന്നാല്‍ തന്നെ കിംഗ് ഫിഷറിനും മറ്റും നല്‍കിയതുപോലുള്ള ആനുകൂല്യങ്ങള്‍ അദ്ദേഹത്തിനും കിട്ടും. സര്‍ക്കാര്‍ മുടക്കുന്നതും ജനങ്ങളുടെ കാശ്. അങ്ങനെ നോക്കുമ്പോള്‍ ഈ പദ്ധതി പൂര്‍ണമായും ജനങ്ങളുടെ കാശുകൊണ്ടുമാത്രമാണ് നടത്താന്‍ പോകുന്നത്. മറ്റൊന്ന് ശ്രദ്ധിക്കേണ്ടത്, അദാനി ഒരു ഇന്റര്‍നാഷണല്‍ പോര്‍ട് ഓപ്പറേറ്റര്‍ അല്ലെന്നതാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് മത്സരബുദ്ധിയോടെ കപ്പലുകളെ ഇവിടേക്ക് കൊണ്ടുവരാന്‍ സാധിക്കണമെന്നില്ല. മുഖ്യമന്ത്രി പറയുന്നതും പദ്ധതി വന്നാല്‍ എങ്ങനെയാണെങ്കിലും കപ്പലുകളെ ഇവിടെ കൊണ്ടുവരുമെന്നാണ്. കപ്പലുകള്‍ ഏത് പോര്‍ട്ടില്‍ വരണമെന്ന് നിശ്ചയിക്കുന്നത് കമ്പനികളാണ്, അല്ലാതെ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അല്ല. അവര്‍ ഗുജറാത്തില്‍ ഒരു പോര്‍ട് ലാഭകരമായി നടത്തുന്നുണ്ടെന്നു പറയുന്നു, അവിടെ നല്ല സാമ്പത്തിക പിന്തുണ സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്ക് കൊടുക്കുന്നുണ്ട്.

തീരദേശ പരിപാല നിയമത്തില്‍ നിന്നും ഇളവ് കിട്ടിയിട്ടുള്ള റിയല്‍ എസ്റ്റേറ്റ് കമ്പോണന്റിലാണ് അദാനിയുടെ ഈ പ്രൊജക്ടിലുള്ള കണ്ണ്. അതില്‍ നിന്നുമാത്രമായിരിക്കും അദാനി ലാഭം ഉണ്ടാക്കാന്‍ പോകുന്നതും.

ഈ പ്രൊജക്ട് ലാഭകരമാണ് എന്ന് തീര്‍ച്ചപ്പെടുത്താത്ത, അങ്ങനെ ഒരു പഠനവും ഇതുവരെ പറയാത്ത ഒരു പദ്ധതിക്കായാണ് കേരളം അതിന്റെ അമ്പതുവര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപം നടത്താന്‍ പോകുന്നത്. ഇവിടുത്തെ പല അത്യാവാശ്യങ്ങളും മാറ്റിവച്ചാണ് ഈ തുക കണ്ടെത്തിയിരിക്കുന്നതും. ഇതേ കഥകള്‍ പറഞ്ഞു ഉണ്ടാക്കി വല്ലാര്‍പാടം പദ്ധതി ലാഭകരമായി കൊണ്ടുവരാനുള്ള ഒരു നടപടിയും എടുക്കാത്ത സര്‍ക്കാരാണ് ജനങ്ങളുടെ പണമെടുത്ത് അടുത്ത പദ്ധതിക്കായി ഇറങ്ങി തിരിച്ചിരിക്കുന്നതും. തൊഴില്‍ കിട്ടുമെന്നാണ് സര്‍ക്കാര്‍ പറയുന്ന മറ്റൊരു വാദം. കമ്പനി തന്നെ പറയുന്നത് വിഴിഞ്ഞത്ത് ആകെ ഉണ്ടായേക്കാവുന്ന തൊഴിലവസരങ്ങള്‍ ഏറിയാല്‍ രണ്ടായിരത്തോളമെന്നാണ്. പക്ഷെ സര്‍ക്കാര്‍ ആ കണക്ക് പല ഇരട്ടി വലുതാക്കിയാണ് പ്രചരിപ്പിക്കുന്നത്. എന്തു തന്നെയായാലും വല്ലാര്‍ പാടത്തെ കാര്യം നമുക്കറിയാവുന്നതാണ്.

കേരളത്തിന്റെ സ്വപ്‌നപദ്ധതിയെന്നാണ് സര്‍ക്കാര്‍ വിഴിഞ്ഞത്തെക്കുറിച്ച് പറയുന്നത്. ഈ പദ്ധതിയുടെ പിറകിലെ യതാര്‍ത്ഥവശങ്ങള്‍ മനസ്സിലാക്കുന്ന ആരും ഇതൊരു ഭ്രാന്തന്‍ സ്വപ്‌നം എന്നുമാത്രമെ പറയൂ, തര്‍ക്കമില്ല.

(പ്രമുഖ അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories