TopTop
Begin typing your search above and press return to search.

വിഴിഞ്ഞം പദ്ധതി പൊതുമഖലയില്‍ നിലനിര്‍ത്തണം

വിഎസ് അച്യുതാനന്ദന്‍

വിഴിഞ്ഞം തുറമുഖം അദാനിക്ക് തീറെഴുതിക്കൊടുക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തു കഴിഞ്ഞു. ഇനി, തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി മാത്രം മതി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. വാസ്തവത്തില്‍, അദാനി എന്ന കുത്തക മുതലാളിക്ക് വേണ്ടി കേന്ദ്ര സര്‍ക്കാരുും കേരള സര്‍ക്കാരും തമ്മില്‍ ഒത്തുകളിക്കുകയായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. അദാനിയും നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധം പകല്‍പോലെ വ്യക്തവുമാണ്.

വളരെയേറെ പ്രത്യേകതകളും അതിേേലറെ ദേശീയപ്രാധാന്യവുമുള്ള ഒരു തുറമുഖ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. ഒരു നൂറ്റാണ്ടുകാലമായി, വിഴിഞ്ഞം തുറമുഖം എന്ന പ്രതീക്ഷയും അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ട്.

എന്തുകൊണ്ട് വിഴിഞ്ഞം
7500 കിലോമീറ്ററിലധികം തീരപ്രദേശമുള്ള, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉപദ്വീപുകളിലൊന്നുമായ ഇന്ത്യയില്‍ 13 പ്രധാന തുറമുഖങ്ങളും ഇരുന്നൂറോളം ചെറുകിട തുറമുഖങ്ങളുമുണ്ട്. പ്രധാന തുറമുഖങ്ങളുടെ ഭരണം കേന്ദ്രസര്‍ക്കാരിനാണ്. ചെറുകിട തുറമുഖങ്ങളാകട്ടെ, ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുമാണ്. ഇതില്‍ ഏറ്റവും വലുതും ഏറ്റവുമധികം ചരക്ക് കൈകാര്യം ചെയ്യുന്നതുമായ തുറമുഖം ഗുജറാത്തിലെ കാണ്ട്‌ല തുറമുഖമാണ്. അതിനു കാരണവുമുണ്ട്. കാണ്ടല തുറമുഖത്തെ ചരക്കുനീക്കത്തിന്റെ മുക്കാല്‍ പങ്കും ഗുജറാത്തിലെ റിഫൈനറികള്‍ക്കുള്ള എണ്ണയാണ്. ഗോവയും കൊച്ചിയുമാണ് ചരക്കുഗതാഗതത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍. കൊച്ചി പിന്നിലായിപ്പോയതിന്റെ കാരണം കേരളത്തില്‍ ചരക്ക് ഇല്ലാത്തതല്ല.സ്വന്തമായി ചരക്കുള്ള ഒരു രാജ്യമാണ് ഇന്ത്യ. നമ്മുടെ ചരക്ക് ഇറക്കാന്‍ വേണ്ടി ആഴം അഥവ ഡ്രാഫ്റ്റ് കൂടുതല്‍ ഉള്ള മദര്‍ ഷിപ്പുകള്‍ അടുക്കാവുന്ന ഒരു ഹബ്ബ് തുറമുഖം നമുക്കില്ല. സിംഗപ്പൂര്‍, ദുബൈ, കൊളംബോ, ഹമ്പന്‍ടോട്ട എന്നിങ്ങനെയുള്ള വിദേശ ഹബ്ബ് തുറമുഖങ്ങളെയാണ് നാം ഇന്നീ ആവശ്യത്തിനായി ആശ്രയിക്കുന്നത്. ഇന്ന് ഈയിനത്തില്‍ വാര്‍ഷികമായി നമുക്ക് വരുന്ന ചെലവ് ഏതാണ്ട് അയ്യായിരം കോടി രൂപയാണ്. ശ്രീലങ്കന്‍(ഹമ്പന്‍ ടോട്ട) തുറമുഖത്തെ ഇന്ത്യന്‍ ചരക്ക് പ്രതീക്ഷിക്കുന്നു എന്നാണ് ശ്രീലങ്കന്‍ പ്രസിഡന്റ് പ്രസ്താവിച്ചത്. ഒരു റിപ്പബ്ലിക് എന്ന നിലയില്‍ സ്വന്തമായി വികസനപാത തുറക്കാനായി, സാമ്രാജ്യത്വ ശക്തികേന്ദ്രങ്ങളുടെ വെല്ലുവിളികളെല്ലാം തന്നെ ഇച്ഛാശക്തിയോടെ മറികടന്നുകൊണ്ട്, ഭിലായ്, റൂര്‍ഖേല എന്നീ ആധുനീക ഉരുക്ക് നിര്‍മാണ ശാലകളും കൊച്ചിന്‍ ഷിപ്പ് യാഡ്, വിശാഖ പട്ടണം ഷിപ്പയാഡ് എന്നീ കപ്പല്‍ ശാലകളും ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് പോലുള്ള കാതലായ ഘനവ്യവസായങ്ങളും പടുത്തുയര്‍ത്തിയ നമുക്ക് ശ്രീലങ്കന്‍ പ്രസിഡന്റിന്റെ മേല്‍പ്പറഞ്ഞ പ്രസ്താവന ചുരുങ്ങിയ പക്ഷം ഒരു നാണക്കേടെങ്കിലുമാണ്.

മലാക്ക മുതല്‍ ഇന്ത്യാ സമുദ്രം കടന്ന് അറബിക്കടലിലൂടെ ഹോര്‍മൂസ് കടലിടുക്കുവഴിയുള്ള അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ നിന്നും കേവലം പത്തു നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ് വിഴിഞ്ഞം. വിഴിഞ്ഞം തുറമുഖത്തിന്റെ ആഴവും പ്രധാനമാണ്. 25 മീറ്ററിലധികം ആഴമുള്ള ഇന്ത്യയിലെ ഏക തുറമുഖം വിഴിഞ്ഞമായിരിക്കും. അതിനാല്‍ മലാക്ക മാക്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഭീമന്‍ ചരക്കുകപ്പലുകള്‍ക്കുപോലും വിഴിഞ്ഞത്ത് നങ്കൂരമിടാന്‍ കഴിയും.ഇന്ത്യയില്‍ വിഴിഞ്ഞത്തുമാത്രമെ കഴിയൂ എന്നതാണ് വാസ്തവം. ഇത്തരം തുറമുഖങ്ങള്‍ ലോകത്തു തന്നെ വളരെ കുറവാണ്. തടസ്സങ്ങളില്ലാതെ തുറന്ന കടലിനോടുള്ള സാമിപ്യവും ഇതര സമുദ്രശാസ്ത്ര, ഭൂമിശാസ്ത്രാനുകൂല്യങ്ങളും നിമിത്തം ആഴക്കടല്‍ തുറമുഖം വികസിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഭാവിയില്‍ സിംഗപ്പൂര്‍ തുറമുഖത്തുപോലും അടുക്കാത്ത കപ്പലുകള്‍ക്ക് വിഴിഞ്ഞത്ത് യഥേഷ്ടം കടന്നുവരാന്‍ കഴിയും എന്ന തുറമുഖ നിര്‍മാണത്തില്‍ വൈദഗ്ദ്യമുള്ളവര്‍ അഭിപ്രായപ്പെടുകയും ചെയതിട്ടുണ്ട്. കടലിന്റെ അടിത്തട്ട് ഉറപ്പുള്ളതാകയാല്‍ മണ്ണ് മാന്തേണ്ടിവരുന്നില്ല. മാത്രമല്ല, വേലിയേറ്റവും വേലിയിറക്കവും മൂലം സമുദ്രനിരപ്പില്‍ വരുന്ന മാറ്റം അര മീറ്ററില്‍ കൂടില്ല എന്നതിനാല്‍ കപ്പലടുപ്പിക്കാന്‍ വേലിയേറ്റത്തെ കാക്കേണ്ടതില്ല. അതിനാല്‍, കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ വികസന ഭൂപടത്തില്‍ വിഴിഞ്ഞം അവശ്യമായ ഒരു നാഴികക്കല്ലായിരിക്കും.

ഭൂമിശാസ്ത്രപരമായി, ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തെ ഇന്ത്യാ സമുദ്രത്തിലേക്കുള്ള നാവിക കവാടമാണ് വിഴിഞ്ഞം. അതുകൊണ്ടോ? ഭാവിയില്‍, സാര്‍വ്വദേശീയമായി വലിയ മാനങ്ങളുള്ള ഒരു നാവികസേനാ കേന്ദ്രമായിക്കൂടി വിഴിഞ്ഞം തുറമുഖം പ്രയോജനപ്പെടാന്‍ സാദ്ധ്യത.

ഇപ്രകാരം വിവിധ മാനങ്ങളില്‍ പ്രാമുഖ്യമുള്ള വിഴിഞ്ഞം തുറമുഖ പദ്ധതിയാണ് ഒരു ന്യായീകരണവുമില്ലാതെ അദാനിക്ക് തീറെഴുതിക്കൊടുക്കാന്‍ പെട്ടെന്നൊരു തീരുമാനമുണ്ടാവുന്നത്. 2013 ജനുവരിയില്‍, സ്വന്തം മന്ത്രിസഭയെപ്പോലും അറിയിക്കാതെ, തീര്‍ത്തും രഹസ്യമായി, പദ്ധതി പിപിപി മോഡലിലേത്ത് മാറ്റാന്‍ ഉമ്മന്‍ ചാണ്ടി കേന്ദ്ര പ്ലാനിങ് കമ്മീഷന്‍ വൈസ് ചെയര്‍മാന് കത്തയച്ചതും മറ്റും ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. പിന്നീട് കാര്യങ്ങളെല്ലാം പരമ രഹസ്യമായിട്ടാണ് മുന്നോട്ടുപോയത്. അദാനിയുമായി മുഖ്യമന്ത്രി നടത്തിയ രഹസ്യ കൂടിക്കാഴ്ച്ചകളിലൂടെയും പിന്നാമ്പുറ ഇടപെടലുകളിലൂടെയും വിഴിഞ്ഞം തുറമുഖം അദാനിക്ക് കൊടുക്കാന്‍ ഒടുവില്‍ മന്ത്രിസഭ തീരുമാനമെടുത്തിരിക്കുകയാണ്. അദാനി മാത്രമല്ല, വിവിധ പദ്ധതികളില്‍ മുതല്‍ മുടക്കാന്‍ വരുന്ന പലരും മുഖ്യമന്ത്രിയെ കണ്ട് താല്‍പര്യമറിയിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. എന്നാല്‍ ഇവിടെ സംഭവിച്ചത് അതൊന്നുമല്ല. മൂന്നാമതൊരാളുടെ സ്ഥലത്തുവെച്ച് കൂടിക്കാഴ്ച്ച തീരുമാനിച്ച മുഖ്യമന്ത്രി അങ്ങോട്ടുപോയി കാണുകയാണുണ്ടായത്. എല്ലാ ഉദ്യോഗസ്ഥരോടമൊപ്പമുള്ള ഔദ്യോഗിക ചര്‍ച്ചയായിരുന്നു അത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അത് വിശ്വസിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷെ ആ ഔദ്യോഗിക യോഗത്തിന്റെ മിനിറ്റ്‌സ് കാണിക്കണം എന്നുമാത്രം. ഔദ്യോഗിക യോഗമാണെങ്കില്‍ അതിന് മുന്നോടിയായി ഫയലുണ്ടാവണം, ഉദ്യോഗസ്ഥരുടെ യാത്ര രേഖകളുണ്ടാവണം, വിവിധ അനുമതികളുണ്ടാവണം, യോഗത്തിന് മിനിറ്റ്‌സ് ഉണ്ടാവണം... ഇതൊന്നുമില്ലെങ്കില്‍ അത്തരം കൂടിക്കാഴ്ച്ച ദുരൂഹമാണ്. ഔദ്യോഗിക കൂടിക്കാഴ്ച്ച രഹസ്യമായി നടത്തുന്നത് ഡീല്‍ ഉറപ്പിക്കാനല്ലെങ്കില്‍ പിന്നെ മറ്റെന്തിനാണ്? കെവി തോമസ് ഈ യോഗത്തില്‍ ഏത് ഔദ്യോഗിക തലത്തിലാണ് വരുന്നത് എന്നറിയില്ല. ഞാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇപ്പറഞ്ഞ അദാനി എന്നെയും സന്ദര്‍ശിച്ചിരുന്നു. ഈ പദ്ധതിയില്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് എന്നെ അറിയിക്കുകയും ചെയ്തതാണ്. എന്നാല്‍ കഴിഞ്ഞ ഗവര്‍മെന്റിന്റെ നിലപാട് ഈ പദ്ധതി പൊതുമേഖലയില്‍ നടപ്പാക്കുക എന്നതായിരുന്നു. അതിന് സര്‍വ്വ കക്ഷിയോഗത്തിന്റെ അംഗീകാരവുമുണ്ടായിരുന്നു. പോര്‍ട്ട് ഓപ്പറേഷനൊഴികെ മറ്റെല്ലാം പൊതുമേഖലയില്‍ നിര്‍ത്തിക്കൊണ്ടുള്ള ലാന്‍ഡ് ലോര്‍ഡ് മോഡല്‍ എന്നതായിരുന്നു രാഷട്രീയ കേരളം വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ എടുത്ത നിലപാട്. അതല്ലാതെ ,മന്ത്രി ബാബു പറയുന്നതുപോല ലാന്‍കോ കൊണ്ടപ്പളിക്ക് പൂര്‍ണമായ പിപിപി മോഡലില്‍ വിഴിഞ്ഞം തീറെഴുതാനായിരുന്നില്ല. അന്ന് ജനസമക്ഷം കൈകൊണ്ട നിലപാടിനും തീരുമാനത്തിനും കടകവിരുദ്ധമായി ഇന്ന് അദാനി എന്ന കുത്തക മുതലാളിക്കുവേണ്ടി നിലപാടെടുത്ത ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ ജനങ്ങളോട് സമാധാനം പറയേണ്ടിവരും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുറമുഖ പദ്ധതിയില്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ ഇങ്ങോട്ടുവന്നു കണ്ട അദാനിയെ യുഡിഎഫിന്റെ കാലത്ത് അങ്ങോട്ട് ചെന്ന് കണ്ട് കാലുപിടിക്കുകയായിരുന്നു എന്നാണോ നിക്ഷേപ സൗഹൃദ മുഖ്യമന്ത്രിയും തുറമുഖ മന്ത്രിയും പറയുന്നത്.?

ബിജെപി നേതാക്കളുടെ, വിശിഷ്യ, നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ടവനായ അദാനിക്ക് വേണ്ടി കേന്ദ്ര മന്ത്രിമാരും അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നു. നിതിന്‍ ഗഡ്കരി ഒരു ഘട്ടത്തില്‍ വിഴിഞ്ഞമെടുത്ത് കുളച്ചലില്‍ കൊടുക്കുമെന്ന് പരസ്യമായി കേരളത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വികസനത്തിന്റെ അവസാന ബസ്സുകളിലാണ് ഇത്തരം ഡീലുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പിക്കാറുള്ളത്. ഇവിടെ അതുതന്നെ സംഭവിച്ചു. കുളച്ചല്‍ വല്ലാര്‍പാടംപോലെ മറ്റൊരു തുറമുഖമാക്കി വികസിപ്പിക്കാവുന്നതേയുള്ളൂ. പക്ഷെ,വിഴിഞ്ഞത്തിന്റെ തുറന്ന കടല്‍ സാമിപ്യമുള്‍പ്പെടെയുള്ള സാമുദ്രിക ഭൂമിശാസ്ത്ര സവിശേഷാനുകൂല്യങ്ങള്‍ കുളച്ചലിന് ഇല്ല. ഇക്കാരണം കൊണ്ടുതന്നെയാണ് അദാനി കാക്കക്കണ്ണുമായി വന്നത് എന്ന കാര്യം മനസ്സിലാക്കുന്നതോടെ ഗഡ്കരിയുടെ ഭീഷണി വെറും ഇമ്പാച്ചി മാത്രമാണെന്ന് തിരിച്ചറിയാനാവും.

തുറമുഖം പൂര്‍ണമായും സ്വകാര്യവത്കരിക്കുന്നതിന്റെ അപകടം
1996 ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതിക്കുവേണ്ടിയുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. പിന്നീട് സര്‍ക്കാരുകളും വിഴിഞ്ഞം പദ്ധതി നടപ്പാക്കാനായി പല രീതിയില്‍ പരിശ്രമിച്ചെങ്കിലും പ്രാവര്‍ത്തികമാക്കാനായില്ല. ഒടുവില്‍ സൂം കണ്‍സോര്‍ഷ്യം ടെണ്ടറില്‍ പങ്കെടുത്തുവെങ്കിലും സുരക്ഷാ കാരണം പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ അത് നിരസിച്ചു.2006 ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇതുമായി ബന്ധപ്പെട്ട് ഒരു സര്‍വകക്ഷി പ്രതിനിധി സംഘംം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ സന്ദര്‍ശിച്ച് വിലക്ക് നീക്കം ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ വിഴിഞ്ഞത്തിന്റെ സൈനിക പ്രാധാന്യം മുന്‍നിര്‍ത്തി സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥന നിരസിക്കുയായിരുന്നു, പ്രധാനമന്ത്രി.

തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന പ്രവര്‍ത്തനങ്ങളും യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ കൈകൊണ്ടിട്ടുള്ള തീരുമാനവും സംബന്ധിച്ച് സിപി ഐ എം സ്ംസ്ഥാന സെക്രട്ടറി സഖാവ് കോടിയേരി ബാലകൃഷ്ണന്‍ വിശദമായി ഒരു വിലയിരുത്തല്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്. ആ കാര്യങ്ങളെല്ലാം വീണ്ടും ആവര്‍ത്തിക്കണമെന്ന് തോന്നുന്നില്ല. പക്ഷെ, വന്‍ അഴിമതിയിലൂടെ ഉമ്മന്‍ ചാണ്ടിയും ഗഡ്കരിയും മോദിയുമെല്ലാം അദാനിക്ക് കൈമാറുന്നത് വിഴിഞ്ഞമെന്ന പൊന്‍മുട്ടയിടുന്ന ഒരു താറാവിനെ മാത്രമല്ല. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയുടെ താക്കോല്‍കൂടിയാണ്.

മാറിയ ലോക സാഹചര്യങ്ങളില്‍ ചില പ്രത്യേക ഭൂവിഭാഗങ്ങള്‍ പെട്ടെന്ന് തന്ത്രപ്രധാനവും ദീഗോഗാര്‍ഷ്യ യുദ്ധതന്ത്രപ്രധാനമായതുപോലെ, കൊളംബോ തുറമുഖവും തന്ത്രപ്രധാനമാണെന്ന് നമുക്ക് ബോധ്യപ്പെട്ടത് 2012 ല്‍ ഒരു ചൈനീസ് അന്തര്‍വാഹിനിക്കപ്പല്‍ അവിടെ എത്തിയപ്പോഴാണ്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ്, ടെണ്ടര്‍ നല്‍കിയ സൂം ഡെവലപ്പേഴ്‌സിനെ കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചത് എന്നതും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കണം. അതായത് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ചില രാഷ്ട്ര സുരക്ഷാ വിഷയങ്ങള്‍ ഉണ്ട് എന്ന് കേന്ദ്ര സര്‍ക്കാരിന് ബോധ്യമുണ്ടായിരുന്നു. ഇപ്പോള്‍ ആ ബോധ്യം കൂടുതല്‍ ദൃഢപ്പെട്ടിരിക്കാനാണ് സാധ്യത. കാരണം, 2011 ല്‍ ഇന്ത്യ ഒരു ആണവ അന്തര്‍വാഹിനി സ്വന്തമാക്കിയിരിക്കുന്നു. നാമിപ്പോള്‍ ആണവ നാവിക ശക്തിയാണെന്നര്‍ത്ഥം.

അറ്റ്‌ലാന്റിക് സമുദ്രത്തെയും ശാന്ത സമുദ്രത്തെയും ബന്ധിപ്പിക്കുന്ന സമുദ്രമാകയാല്‍ ഇന്ത്യ സമുദ്രമാണ് പ്രധാന കപ്പല്‍പ്പാത എന്നുപറയാം. അതുകൊണ്ടാണ് ദീഗോഗാര്‍ഷ്യയില്‍ അമേരിക്ക താവളം ഉണ്ടാക്കാന്‍ തുനിഞ്ഞത്. നിര്‍ണായ നാവിക മേധാവിത്വം തന്നെയായിരുന്നു അവരുടെ ലക്ഷ്യം. ദീഗോഗാര്‍ഷ്യയുടെ വടക്കുവശത്തെ,ശ്രീലങ്കയുടെ വടക്കുവശത്തെ, അന്താരാഷ്ടട്ര കപ്പല്‍ ചാലിനോട് ചേര്‍ന്ന് ഒരു ഹബ്ബ് തുറമുഖം വരുമ്പോള്‍ രാഷ്ട്രത്തിന്റെ സാമ്പത്തിക ഭൂപടത്തില്‍ അതിനൊരു സുവര്‍ണ സ്ഥാനമുണ്ടാവും.ഒപ്പം തന്നെ, രാഷ്ട്രത്തിന്റെ തന്ത്രപ്രധാനമായ മുനമ്പില്‍ നിര്‍മ്മിക്കപ്പെടുന്ന തുറമുഖത്തിന്റെ നിയന്ത്രണം ആര്‍ക്കാണെന്നതും പ്രധാനമാണ്. ആ പ്രാധാന്യത്തിന്റെ പേരിലാണ് പണ്ട് ചൈനീസ് ബന്ധമാരോപിച്ച് സൂം ഡവലപ്പേഴ്‌സിനെ കേന്ദ്ര സര്‍ക്കാര്‍ തുറമുഖ നിര്‍മാണ പങ്കാളിത്തത്തില്‍ നിന്ന് വിലക്കിയത്. ഇപ്പോള്‍ ആ പ്രധാന്യം കുറയുകയല്ല, കൂടുകയാണുണ്ടായിട്ടുള്ളത്. ചൈനയെയാണ് ഭയക്കേണ്ടതെന്ന പ്രചരണത്തിലൂടെ അമേരിക്കന്‍ സൈനിക സാന്നിദ്ധ്യത്തിന് പച്ചക്കൊടി കാട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് നാം തിരിച്ചറിയണം. ആണവ നാവിക ശക്തിയായി മാറിയതോടെ, നാറ്റോ സഖ്യത്തിന്റെ നോട്ടപ്പുള്ളിയായിക്കഴിഞ്ഞിരിക്കുന്നു ഇന്ത്യ. ഇന്ത്യന്‍ തുറമുഖങ്ങളില്‍ സ്വകാര്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും പൊതുമേഖലയുടെ പങ്ക് ഇല്ലാതാക്കാനും സാമ്രാജ്യത്വം നടത്തുന്ന ശ്രമങ്ങള്‍ വ്യക്തമാണ്. നാറ്റോയ്ക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിലെ പാത പ്രധാനമാണ്. അതുകൊണ്ടാണ് ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടിലിലും അമേരിക്കന്‍ നാവിക സേനയുടെ നേതൃത്വത്തില്‍ സംയുക്ത സൈനികാഭ്യാസം നടത്തിയത്. അമേരിക്കയുമായി ചേര്‍ന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങളും സൈനിക സഖ്യങ്ങളുമെല്ലാം 'പൊതു ശത്രു' ആരാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ്. ഒരു ദ്വിമുഖ തന്ത്രമാണ് അമേരിക്ക പയറ്റുന്നത്. ഒന്ന്, നാറ്റോ സഖ്യവുമായി നമ്മുടെ സൈനിക സംരഭങ്ങളെ അടുപ്പിക്കാന്‍ നോക്കുക. രണ്ട്, സൈനിക പ്രധാന്യമുള്ള തുറമുഖങ്ങളില്‍ പൊതു പങ്കാളിത്തം ഇല്ലാതാക്കാനും നുഴഞ്ഞുകയറാനും നോക്കുക. അതെ, നമ്മുടെ തുറമുഖങ്ങള്‍ അപകടത്തിലാണ് എന്നുവേണം അനുമാനിക്കാന്‍. പാര്‍ലമെന്ററി ഉപസമിതിയില്‍ സഖാവ് സീതാറാം യെച്ചൂരി ഉന്നയിച്ചതും ഇതുതന്നെയാണ്. തുറമുഖങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള പ്രവണത അപകടരമാണ്.അതിനാല്‍ ഇനിയുണ്ടാക്കുന്ന തുറമുഖങ്ങളെല്ലാം പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ ശ്രമിക്കണം. എല്‍ഡിഎഫ് തീരുമാനിച്ചതും സര്‍വകക്ഷിയോഗങ്ങളെല്ലാം തീരുമാനിച്ചതും അതുതന്നെയാണ്; ഉമ്മന്‍ ചാണ്ടിയും നിതിന്‍ ഗഡ്കരിയും മറിച്ച് ധാരണയായെങ്കിലും.

പോട്ടെ, ഇനി ചൈനയുടെ ഭീഷണിയാണ് പ്രശ്‌നമെങ്കില്‍ പോലും 2012 ല്‍ കൊളംബോ തുറമുഖത്ത് തലപൊക്കിയ ചൈനീസ് അന്തര്‍വാഹിനി ഉയര്‍ത്തിവിട്ട ആശങ്കകള്‍ ചില്ലറയായിരുന്നില്ല. ഇന്ത്യ ആണവ അന്തര്‍വാഹിനി സ്വന്തമാക്കിയതിനു തൊട്ടുപിന്നാലെ ഇന്ത്യയുടെ മൂക്കിന് ഏതാനും കിലോമീറ്റര്‍ അകലെ പൊങ്ങിയ ചൈനീസ് അന്തര്‍വാഹിനി ഇന്ത്യയുടെ തെക്കേ മുനമ്പ് ഇന്ത്യന്‍ നാവികസേനയുടെ തലവേദനയായിക്കി മാറ്റി. ആ ഘട്ടത്തിലാണ് നിര്‍ദ്ദിഷ്ട വിഴിഞ്ഞം തുറമുഖത്ത് തങ്ങള്‍ക്ക് 500 മീറ്റര്‍ ബര്‍ത്ത് അനുവദിക്കണമെന്ന് ഇന്ത്യന്‍ നേവി ആവശ്യമുന്നയിച്ചിരിക്കുന്നത്. അന്ന് എന്റെ സബ്മിഷന് മറുപടിയായി മന്ത്രി ബാബു പറഞ്ഞത് അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട എന്നായിരുന്നെങ്കില്‍ കഴിഞ്ഞ ആഴ്ച്ച ഇതേ ചോദ്യത്തിന് ബാബുവിന്റെ മറുപടി അവരൊന്നും ഇപ്പോള്‍ ചിത്രത്തിലില്ല എന്നായിരുന്നു. അതായത് ഇന്ത്യന്‍ നേവിപോലും തങ്ങള്‍ക്ക് അല്‍പ്പം സ്ഥലം വേണം എന്നഭ്യര്‍ത്ഥിച്ച് കാത്തുകിടക്കേണ്ട അവസ്ഥ.

ഇതിലെല്ലാം വിചിത്രം, ചില സംസ്ഥാനങ്ങളുടെ താല്‍പര്യമാണ് തുറമുഖ നിര്‍മാണം എന്ന ധാരണയില്‍ കാര്യങ്ങള്‍ നീക്കുന്നു എന്നതാണ്. നമ്മുടെ ഘനവ്യവസായങ്ങളും അണക്കെട്ടുകളും തുറമുഖങ്ങളും ഖനികളുമെല്ലാം അതതിന് അനുയോജ്യമായ സ്ഥലങ്ങളിലാണ് നിര്‍മ്മിക്കപ്പെട്ടത്. അതെല്ലാം പ്ലാന്‍ ചെയ്യാന്‍ പ്ലാനിങ് കമ്മിഷനുണ്ടായിരുന്നു. ആസൂത്രണത്തിന് പഞ്ചവത്സര പദ്ധതികളുടെ ചട്ടക്കൂടുണ്ടായിരുന്നു. ആഗോളവത്കരണത്തിന്റെ ആസുരനാളുകളില്‍ ആഭ്യന്തര ആസൂത്രണത്തിന്റെ തലകള്‍ കൊയ്യപ്പെട്ടു. പ്ലാനിങ്ങ് കമ്മിഷന്‍ ഇല്ലാതായി. പൊതുമേഖല രാഷ്ട്രത്തിന്‌റെ ബാദ്ധ്യതയായി കണക്കാക്കാന്‍ തുടങ്ങി. രാഷ്ട്ര വികസനത്തിന്റെ നാഴികക്കല്ലുകളായി കണക്കാക്കിയ വന്‍കിട വികസനപദ്ധതികള്‍ക്കുപകരം വിദേശമൂലധന നിക്ഷേപത്തിന്റെ പേരില്‍ കോര്‍പ്പറേറ്റുകളും ഇന്ത്യന്‍ കുത്തകകകളും നമ്മുടെ വികസന അജണ്ട തീരുമാനിക്കുകയാണ്.

ദേശസ്‌നേഹത്തിന്റെ വായ്ത്താരിയുമായി വന്ന ബിജെപി ഇന്ത്യയെ മൂലധനശക്തികള്‍ക്ക് തീറെഴുതിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ നിന്ന കയ്യിട്ടുവാരാവുന്നത് വാരിയെടുക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വവും. ഇതിനിടയിലും ഉറക്കം തുടരുന്ന ആന്റണിയും അഴിമതിയുുടെ കാര്യത്തില്‍ ഉറക്കമിളച്ച് ജോലി ചെയ്യുന്ന ഉമ്മന്‍ ചാണ്ടിയും ഓര്‍ക്കുക; രാഷ്ട്രവികസനത്തിനുള്ള നിര്‍ണായക പദ്ധതിയെ അദാനിക്ക് കാഴ്ച്ചവച്ചതിന്റെ പേരില്‍ മാത്രമല്ല, ഇന്ത്യന്‍ പ്രതിരോധത്തിന്റെ ദുര്‍ബലബിന്ദുവായ ഈ തെക്കന്‍ മുനമ്പ് ഇന്ത്യന്‍ സേനയ്ക്ക് അന്യമാക്കിയതിനും നിങ്ങള്‍ മറുപടി പറഞ്ഞേ തീരൂ. അരുവിക്കരയിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമായാണ് നിങ്ങള്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയെ അവതരിപ്പിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ വസ്തുത മനസ്സിലാക്കുന്നവരാണ്.അവര്‍ നിങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കുക തന്നെ ചെയ്യും.

തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം നടത്തിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. ഭൂമി ഏറ്റെടുത്തതും റോഡ് നിര്‍മാണം മുന്നോട്ടു കൊണ്ടുപോയതുമെല്ലാം എല്‍ഡിഎഫ് സര്‍ക്കാരാണ്.ഇതെല്ലാം ചെയ്യുമ്പോള്‍, വിഴിഞ്ഞം തുറമുഖം പൊതുമേഖലാ സ്ഥാപനമായി നിര്‍മിച്ച് പ്രവര്‍ത്തിപ്പിക്കണം എന്നതായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാഴ്ച്ചപ്പാട്. എന്നാല്‍ അതിനായുള്ള വന്‍ നിക്ഷേപം ഒറ്റയക്കു നടത്തുവാന്‍ കേരള സര്‍ക്കാരിന് ആകുമായിരുന്നില്ല. അന്നത്തെ പ്രധാന മന്ത്രി കോണ്‍ഗ്രസ് നേതാവ് മന്‍ മോഹന്‍ സിങ് ആകട്ടെ രാജ്യത്തെ കാതലായ വികാസത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ കഴിയുന്ന വിഴിഞ്ഞം തുറമുഖത്തിന് യാതൊരു ദേശീയ പ്രധാന്യവും കാണാന്‍ തയ്യാറുണ്ടായിരുന്നില്ല. പോട്ടെ, പ്രതിരോധമന്ത്രി എ കെ ആന്റണിയോടൊപ്പം, ലോകസഭയില്‍ തിരുവനന്തപുരത്തെ പ്രതിനിധീകരിക്കുന്ന ശശി തരൂര്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് അഞ്ച് മന്ത്രി പുംഗവന്മാര്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന അന്നത്തെ യുപിഎ സര്‍ക്കാരില്‍ ഇരുന്ന് ഉറക്കം തൂങ്ങുന്നുണ്ടായിരുന്നല്ലോ. വിഴിഞ്ഞം തുറമുഖത്തിന് എന്തെങ്കിലും ദേശീയ പ്രാധാന്യമുണ്ടെന്നോ, അത് പ്രാവര്‍ത്തികമാക്കണമെന്നോ അവര്‍ക്കും തോന്നിയില്ല. അങ്ങനെ കേന്ദ്രപൊതുമേഖലൈ സ്ഥാപനം എന്ന നിലയില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് മാതൃകയില്‍ ഈ നിര്‍ണായക അന്താരാഷ്ട്ര ട്രാന്‍ഷിപ്‌മെന്റ് തുറമുഖം നിര്‍മിക്കാനുള്ള എല്‍ ഡിഎഫ് സര്‍ക്കാരിന്റെ ആഗ്രഹവും അപേക്ഷയും അന്ന് കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് നിഷ്‌കരുണം തള്ളിക്കളഞ്ഞു. അന്നത്തെ കേരള പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടി ആകട്ടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഈ കാഴ്ച്ചപ്പാടിനെ 'അപ്രായോഗികം' എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍, ്അതേകാലത്താണ് നമ്മുടെ രാജ്യത്തിനും ശ്രീലങ്കയ്ക്കും ഇടയ്ക്കുള്ള പാക് കടലിടുക്കിലൂടെ കപ്പല്‍ ചാല്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചുള്ള സേതുസമുദ്രം പദ്ധതിക്ക് തൂത്തുക്കുടി തുറമുഖം പദ്ധതിക്കും വേണ്ടി അനേകം കോടി രൂപ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ നല്‍കിയത്. 'ഇടതുപക്ഷം വികസന വിരുദ്ധര്‍' 'മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കാഴ്ച്ചപ്പാട് ഇരുപത്തിയഞ്ച് കൊല്ലം പുറകിലുള്ള കാഴ്ച്ചപ്പാട്' എന്ന് അരുവിക്കരയില്‍ വന്ന് വിളിച്ചുകൂവിയ എ കെ ആന്റണിയുടെ പങ്കാളിത്തത്തോടെയാണ് ഈ ചിറ്റമനയം അന്നത്തെ യുപിഎ മന്ത്രിസഭ തീരുമാനിച്ചത് എന്നകാര്യം കൂടി ഓര്‍ക്കുമ്പോഴാണ്, തങ്ങള്‍ നടത്തിയ വഞ്ചന മറുവച്ച് ജനങ്ങളെ പറ്റിക്കാന്‍ എത്ര കല്ലുവച്ച നുണയാണ് കോണ്‍ഗ്രസ് നേതാക്കന്മാരായ ഈ വിദ്വാന്മാര്‍ തട്ടിവിടുന്നത് എന്നകാര്യം മനസ്സിലാവുക.

ഇതുതന്നെയാണ് മന്ത്രി ബാബുവും ഇപ്പോള്‍ ചെയ്യുന്നത്. സങ്കല്‍പ്പ കഥകള്‍ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ നോക്കുകയാണദ്ദേഹം. ഇടതുപക്ഷം വിഴിഞ്ഞം പദ്ധതി പുറകോട്ടടുപ്പിക്കാന്‍ നോക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ഇക്കാര്യം ഞാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. എന്ത് വിലകൊടുത്തും വിഴിഞ്ഞം പദ്ധതി പൊതുമേഖലയില്‍ നിലനിര്‍ത്തി യാഥാര്‍ത്ഥ്യമാക്കണമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെടുന്നത്. എല്‍ഡിഎഫ് ഭരണകാലത്ത് യുഡിഎഫിന്റെകൂടി നിര്‍ദേശത്തോടെ നടപ്പാക്കാന്‍ തുനിഞ്ഞ ലാന്‍ഡ്‌ലോര്‍ഡ് പദ്ധതിക്ക് എന്തെങ്കിലും കുഴപ്പമുള്ളതായി അന്നൊന്നും ബാബുവിന് തോന്നിയില്ല. പെട്ടെന്നൊരു സുപ്രഭാതത്തില്‍ മന്ത്രിസഭപോലും അറിയാതെ വിഴിഞ്ഞം പദ്ധതി സ്വകാര്യ ഉടമസ്ഥതയിലേക്ക് മാറ്റാന്‍ അനുമതി ചോദിച്ചുകൊണ്ട് ഉമ്മന്‍ ചാണ്ടി പ്ലാനിങ് കമ്മിഷനെ കത്തയച്ച കാര്യം അദ്ദേഹം സൗകര്യപൂര്‍വം മറക്കുകയും ചെയ്യുന്നു. ഭൂമി ഏറ്റെടുത്തതും പാരിസ്ഥിതിക അനുമതി തേടിയതും റോഡ് റെയില്‍ ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കാല്‍ നോട്ടിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയതുമെല്ലാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. അത് പൂര്‍ത്തിയായപ്പോഴാണ് യുഡിഎഫ് അധികാരത്തില്‍ വന്നു എന്നത് ശരി. എന്നുവച്ച്,' അതിന്റെ ആള് ഞമ്മളാണ്' എന്ന എട്ടുകാലി മമ്മൂഞ്ഞിന്റെ ന്യായം ഒരു സംസ്ഥാന മന്ത്രി പറയാമോ?

കുത്തക മൂലധനത്തിന്റെ ലാഭതാല്‍പര്യത്തിനായി ഒത്തു കളിക്കുകയും രാജ്യത്തിനും സംസ്ഥാനത്തിനും വന്‍ നഷ്ടം വരുത്തുകയും ആര്‍ത്തിയും ദുരയും മൂത്ത അഴിമതി പകല്‍കൊള്ളയായി നടത്തുകയും രാജ്യസുരക്ഷയെ തന്നെ കാറ്റില്‍ പറത്തുകയും ചെയ്തിരിക്കുന്ന ബിജെപിയും കോണ്‍ഗ്രസും ഇന്നൊരു അഴമതി കണ്‍സോര്‍ഷ്യമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. വിഴിഞ്ഞത്തിന്റെ കാര്യത്തില്‍, ഇപ്പോഴും ബ്രേക് വാട്ടര്‍ നിര്‍മാണത്തിന്റെ ടെണ്ടര്‍ പരിഗണിച്ചിട്ടില്ല. തുറമുഖ നിര്‍മാണത്തിലെ വലിയ കരാര്‍ ബ്രേക് വാട്ടര്‍ നിര്‍മാണത്തിനുള്ളതാണ്. അദാനിക്ക് തുറമുഖം നല്‍കിയശേഷമെ ഈ ടെണ്ടര്‍ തുറക്കൂ എ്ന്നതിന്റെ അര്‍ത്ഥം ആ കരാറും അദാനിക്ക് വേണ്ടി എന്നാണ്. തങ്ങള്‍ വികസനവീരന്മാരാണെന്നും, ഇടതുപക്ഷം വികസന വിരുദ്ധരാണെന്നും പേപിടിച്ച പ്രചാരണത്തിലൂടെ പുകമറയുയര്‍ത്തി ഈ വമ്പന്‍ അഴിമതിക്ക് പൊതുസമ്മിതി നേടിയെടുക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായി പൊരുതി ഈ പകല്‍ക്കള്ളന്മാരെ ജനജാഗ്രതയുടെ കോടതിയില്‍ തുറന്നുകാട്ടേണ്ടത് കേരളക്കരയേയും രാജ്യത്തേയും സ്‌നേഹിക്കുന്ന മുഴുവന്‍പേരുടെയും കടമയാണ്. അതു നിര്‍വഹിക്കാനുള്ള പോരാട്ടത്തിന്റെ മുന്നണിശക്തിയായാണ് ഇടതുപക്ഷജനാധിപത്യ മുന്നണി ഇന്ന് നിലകൊള്ളുന്നതും പ്രവര്‍ത്തിക്കുന്നതും. അല്ലാതെ കേവലം ദോഷൈകദൃക്കായ പ്രതിപക്ഷമായല്ല. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ജനങ്ങള്‍ അത് തിരിച്ചറിയുമെന്നും ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുമെന്നും ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.


Next Story

Related Stories