TopTop
Begin typing your search above and press return to search.

സമ്പന്നനായി ജനിച്ചയാളല്ല ഞാന്‍; പാര്‍ട്ടി ഒരാശയമാണ്: വികെസി മമ്മദ് കോയ/അഭിമുഖം

സമ്പന്നനായി ജനിച്ചയാളല്ല ഞാന്‍; പാര്‍ട്ടി ഒരാശയമാണ്: വികെസി മമ്മദ് കോയ/അഭിമുഖം

വികെസി മമ്മദ് കോയ/ എം കെ രാമദാസ്

കോഴിക്കോട് നഗരത്തിലെ കായികോപകരണ വില്‍പ്പന ശാലയില്‍വെച്ചാണ് ഈയിടെ പ്രമുഖ മലയാള മാധ്യമസ്ഥാപനത്തിലെ ഉന്നതനെ കണ്ടുമുട്ടിയത്. കുട്ടികള്‍ക്ക് അവധിക്കാല കളിക്കുള്ള കോപ്പുകള്‍ വാങ്ങുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. കുശലാന്വേഷണത്തിനു ശേഷം നേരെ കടന്നത് തെരഞ്ഞെടുപ്പ് വിശേഷങ്ങളിലേക്കാണ്. ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിക്കപ്പെട്ട രേഖകളില്‍ സമ്പന്നനായ സ്ഥാനാര്‍ഥി കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറായി നിയോഗിക്കപ്പെട്ട വി.കെ.സി മമ്മദ്കോയയായിരുന്നു എന്ന വിവരം ഞങ്ങളുടെ സംഭാഷണത്തിലേക്ക് വന്നു. വി.കെ.സിയുടെ സമ്പന്നതയുടെ ഉറവിടമായി വര്‍ത്തമാന വിഷയം.

'നമ്മള്‍ ഉദ്ദേശിക്കുന്നതിലും ഉയരത്തിലാണ് വി കെ സി യുടെ സ്ഥാനം. ഒരു രഹസ്യം പറയാം, തമിഴ്‌നാട്ടില്‍ രണ്ട് ജില്ലകളിലെ വി കെ സി ഉല്‍പ്പന്നങ്ങളുടെ മൊത്തവിതരണാവകാശം സംഘടിപ്പിച്ച് നല്‍കാനായി 50 ലക്ഷം രൂപ പ്രതിഫലവാഗ്ദാനം ലഭിച്ചു. അത്രയ്ക്കുണ്ട് വി കെ സിയുടെ മഹിമ, ഇക്കാര്യം അദ്ദേഹത്തോട് നേരിട്ട് പറയുകയും ചെയ്തു''. ബേപ്പൂരിലെ ഇടതു സ്ഥാനാര്‍ത്ഥി വി കെ സി മമ്മദ്കോയയുടെ പ്രൗഡിയാണ് സുഹൃത്ത് വെളിപ്പെടുത്തിയത്.

കോര്‍പ്പറേഷന്‍ മേയറായിരിക്കെ ഈ മൂന്നക്ഷരക്കാരനെ ബേപ്പൂരില്‍ മത്സരിക്കാന്‍ നിയോഗിച്ചതിന് പിന്നിലെ സിപിഐ-എം ചേതോവികാരവും മേല്‍പ്പറഞ്ഞതുതന്നെ. ആളു ചില്ലറക്കാരനല്ലെന്നു ചുരുക്കം. വിപ്ലവ പാര്‍ട്ടികള്‍ പൊതുവെ നേരിടുന്ന ഒരാരോപണം നേതാക്കളുടെ തെളിയാത്ത മുഖമാണ്. തുറന്ന ചിരി പഥ്യമല്ല അവര്‍ക്ക്. മനംമയക്കുന്ന ചിരി കൈമുതലായുള്ള നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ വലിയ സ്ഥാനമുണ്ട്. ഇതാണ് വി കെ സിക്ക് അനുകൂലമായതും എളമരം കരീമിന്റെ പിന്‍ഗാമിയായി ബേപ്പൂരില്‍ മത്സരിക്കുന്നതിന് കാരണമായതും. പരാജയം ഉറപ്പായ സീറ്റുകളില്‍ പോലും മേല്‍വിലാസമുള്ള മുന്നണികളുടെയോ പാര്‍ട്ടികളുടെയോ കൊടിയേന്താന്‍ തയ്യാറായവരുടെ നീണ്ട നിര ഇന്നാട്ടിലുണ്ട്. കേഡര്‍ പാര്‍ട്ടിയായ സി.പി.ഐ-എമ്മില്‍ പോലും .

വി കെ സി ഉത്പന്ന മഹത്വത്തോടൊപ്പം വി കെ സി എന്ന രാഷ്ട്രീയക്കാരന്റെ വളര്‍ച്ചയെക്കുറിച്ച് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് വേളയില്‍ അഴിമുഖം വിശദമായി എഴുതിയിരുന്നു (വിശ്വസ്തതയാണ് കൈമുതല്‍; കോഴിക്കോട് മേയര്‍ വികെസി മമ്മദ് കോയ നയം വ്യക്തമാക്കുന്നു). മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന ബേപ്പൂരിലെ നിയമസഭ അങ്കത്തിനിടെ വി കെ സിയോട് വീണ്ടും സംസാരിച്ചു. ഹൃദ്യമായിരുന്നു പെരുമാറ്റം തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ വിഷയങ്ങള്‍, വികസന കാഴ്ച്ചപ്പാട്, ദരിദ്രരുടെ പാര്‍ട്ടിയിലെ സമ്പന്നരുടെ ഇടം, വ്യവസായം എന്നിവയെക്കുറിച്ചെല്ലാം സൗമ്യനായി വി കെ സി പ്രതികരിച്ചു.


രാമദാസ്: ബേപ്പൂരിലെ സ്ഥാനാര്‍ത്ഥിത്വം?

വികെസി: പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും മേയറാവാനും നിര്‍ദ്ദേശിച്ചത് പാര്‍ട്ടി. പാര്‍ട്ടി പറഞ്ഞു, അനുസരിച്ചു. എന്തിനാണ് എന്നെ ഇതിനായി നിയോഗിച്ചതെന്ന് ചോദിച്ചിട്ടില്ല. നമ്മുടെ കരീംക്ക (ഇളമരം കരീം) എവിടെ മത്സരിക്കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. അദ്ദേഹം മന്ത്രി ആയ കാലത്ത് ഒരുപാട് കാര്യങ്ങള്‍ ചെയ്തു. മന്ത്രിസഭയിലെ പ്രമുഖനായിരുന്നു അദ്ദേഹം. കേരളത്തിലാകെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഇവിടെയും പലതും ചെയ്തു. അതുകൊണ്ട് തന്നെ അദ്ദേഹം ഇവിടെ മത്സരിക്കണമെന്നായിരുന്നു ഞങ്ങളുടെയൊക്കെ ആഗ്രഹം. പാര്‍ട്ടി സെന്ററില്‍ അദ്ദേഹത്തിന്റെ സേവനം വേണമെന്നായിരുന്നു തീരുമാനം. അങ്ങനെയൊരു തീരുമാനം വന്നപ്പോഴാണ് പ്രാദേശികബന്ധങ്ങളുള്ള എന്നെ നിര്‍ദ്ദേശിക്കുന്നത്. മണ്ഡലവുമായി അടുത്ത് ബന്ധമുള്ള ഒരാള്‍. നേരത്തെ ഒരു തവണ ബേപ്പൂരിനെ പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടി എന്നിലൊരു മികവ് കണ്ടെത്തിയിട്ടുണ്ടാകും.രാ: സി പി.ഐ(എം) സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രാദേശിക അസ്വാരസ്യങ്ങള്‍ ഉണ്ടായി. സ്ഥാനാര്‍ത്ഥികള്‍ പോരെന്ന് അഭിപ്രായമുയര്‍ന്നു. എന്നാല്‍ താങ്കള്‍ അങ്ങനെയല്ല. നല്ല സ്വീകാര്യതയാണ് ലഭിച്ചത്. ജനങ്ങളുമായുള്ള ബന്ധമാണ് പാര്‍ട്ടി പരിഗണിച്ചതെന്ന് കരുതുന്നുണ്ടോ?

വി: ഇവിടെ കുറെക്കാലമായി പ്രവര്‍ത്തിച്ചുള്ള പരിചയമുണ്ട്. ജനങ്ങളുമായി അടുത്ത ബന്ധമാണ്. പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, എം.എല്‍.എ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങളുടെ തലപ്പത്തുവന്നിട്ടുണ്ട്. പാര്‍ട്ടി താത്പര്യമനുസരിച്ചും, ജനാഭിപ്രായം മാനിച്ചും പ്രവര്‍ത്തിക്കാനായി. ഒരിക്കലും പാര്‍ട്ടിക്ക് ദോഷമുണ്ടാക്കിയിട്ടില്ല. അതൊരു മേന്മയായി പാര്‍ട്ടി കരുതിയിട്ടുണ്ടാവും.

രാ: പാര്‍ട്ടിയെ സംമ്പന്ധിച്ചിടത്തോളം പൊതുവില്‍ ഉയരുന്ന പരാതി നേതാക്കളുടെ ജനകീയ ബന്ധത്തിന്റെ അഭാവമാണ്. ആളുകളോട് ചിരിക്കുന്നില്ലായെന്നും കുറ്റപ്പെടുത്തലുണ്ട്?

വി: അങ്ങനെ വരാറുണ്ട്, കാരണം നമ്മുടെ ജനപ്രതിനിധികളാകുന്നവര്‍ക്കെല്ലാം പാര്‍ട്ടിയുടെ ഉത്തരവാദിത്വവും ഉണ്ടാകും. പാര്‍ട്ടിപ്രവര്‍ത്തനത്തിനും പ്രാധാന്യമുണ്ട്. ചിലപ്പോഴെല്ലാം പൊതുപ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സമയം ലഭിച്ചില്ലെന്നും വരാം. മറ്റുള്ളവര്‍ക്ക് അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. അവര്‍ അവിടെ തന്നെയുണ്ടാകും. അവര്‍ക്ക് ധാരാളം സമയവും അവിടെ ചിലവഴിക്കാം. ജനകീയാവശ്യങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് ശ്രമിക്കുക, ജനങ്ങളെ സംഘടിപ്പ് സമരം നയിക്കുക തുടങ്ങിയവയൊക്കെ ചെയ്യുന്നത് നമ്മുടെ ആള്‍ക്കാരാണല്ലോ. അവരക്ക് അതിനും സമയം മാറ്റിവെയ്‌ക്കെണ്ടിവരും. ഒരുപാട് പാര്‍ട്ടി ഉത്തരവാദിത്വങ്ങളുള്ള കരീമിനെ ഇവിടെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടി ആലോചിച്ചിരുന്നു. അത് മാറിയതാണല്ലോ.

രാ: ബേപ്പൂര്‍ നേരത്തെയും ശ്രദ്ധേയമായിട്ടുണ്ട്. കോ-ലീ-ബി സഖ്യം ഇവിടെയുണ്ടായി. ബേപ്പൂരിലെ ജനങ്ങള്‍ ഈ സഖ്യത്തെ പിന്തുണച്ചില്ല. ഇടതുമനസ്സാണ് ബേപ്പൂരിന്റെത്. ഇവിടെയാണ് മാറാട് കലാപം നടന്നത്. രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയുടെയും വര്‍ഗ്ഗീയതയുടെയും തുടക്കമായിരുന്നു മാറാട്. ഇവിടെ പാര്‍ട്ടിക്ക് ആ വിഷയത്തില്‍ ഇടപെടാനായോ?

വി: കലാപം ഉണ്ടാക്കുന്നവരുടെ ലക്ഷ്യം നമ്മുടെ പ്രസ്ഥാനത്തെ തകര്‍ക്കുക കൂടിയാണ്. സമാധാനം തകര്‍ത്താലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മറന്ന് ജാതിയുടെയും മതത്തിന്റെയും പിന്നാലെ പോവാന്‍ ആളുകളെ കിട്ടൂ എന്ന് അവര്‍ക്കറിയാം. ജനങ്ങള്‍ ഒന്നിച്ച് നിന്ന് പോരാട്ടം നടത്തുന്ന പ്രസ്ഥാനമാണ് ഞങ്ങളുടെത്. മറ്റുള്ളവര്‍ക്ക് വീടും കുടിവെള്ളവും ഒന്നും ആവശ്യമില്ല. ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മാത്രമാണ് പാര്‍ട്ടിക്ക് അവിടെ പരാജയം സംഭവിച്ചത്.രാ: താങ്കള്‍ വിജയിച്ച ഒരു വ്യാപാരിയാണ്. ആയിരക്കണക്കിന് തൊഴിലാളികള്‍ കൂടെയുണ്ട്. പൊതുപ്രവര്‍ത്തനം വ്യാപാരത്തെ ബാധിക്കുമോ?

വി: ഇക്കാലത്ത് ധാരാളം സംവിധാനങ്ങളുണ്ട്. നേരത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവില്‍ വ്യാപാരത്തെ ചെറിയ തോതില്‍ ഇപ്പണി ബാധിച്ചിരുന്നു. വിദഗ്ദരായ ഒരു ടീം ഇപ്പോള്‍ പിന്നിലുണ്ട്. അതുകൊണ്ട് തന്നെ എന്റെ സമയം അവിടെ ചിലവഴിക്കേണ്ടിവരുന്നില്ല.

രാ: ദരിദ്രരുടെ പാര്‍ട്ടിയാണ് താങ്കളുടെത്. ധനികത്വം പ്രശ്‌നമുണ്ടാക്കുന്നുണ്ടോ?

വി: സമ്പന്നനായി ജനിച്ചുവളര്‍ന്ന ആളല്ല ഞാന്‍. സ്വപ്രയത്‌നത്തിലൂടെ വളര്‍ന്ന് വന്നതാണ്. ഇന്നുള്ള എല്ലാ നിയമങ്ങളും അനുസരിക്കുന്നുണ്ട്. നിലവില്‍ വ്യവസായം നടത്താന്‍ ആവശ്യമുള്ള നിയമങ്ങള്‍ പാലിച്ചാണ് മുന്നോട്ട് പോകുന്നത്. വിദഗ്ദരായ 32 ഡയറക്ടര്‍മാര്‍ സ്ഥാപനത്തിനുണ്ട്. പാര്‍ട്ടിയെന്നത് ആശയപരമായ കാഴ്ചപ്പാടാണ്. പണം ഉണ്ടായിയെന്നതോ ദരിദ്രനാണ് എന്നതോ ഇക്കാര്യത്തില്‍ വിഷയമല്ല.

(അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്ററാണ് രാമദാസ്)


Next Story

Related Stories