TopTop
Begin typing your search above and press return to search.

സുധീരന്റെ പൂഴിക്കടകന്‍ തുടങ്ങിയിട്ടേയുള്ളു

സുധീരന്റെ പൂഴിക്കടകന്‍ തുടങ്ങിയിട്ടേയുള്ളു

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിനു ക്ഷീണമുണ്ടാക്കി. ആ ക്ഷീണമാണ് സുധീരന്റെ ശക്തി. നേതൃമാറ്റത്തെ കുറിച്ചാണ് വരും നാളുകളില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച. എല്ലാ പ്രവര്‍ത്തകരും നേതാക്കളാകാനും എല്ലാ നേതാക്കളും ജനപ്രതിനിധികളാകാനും എല്ലാ ജനപ്രതിനിധികളും മന്ത്രിമാരാകാനും എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയാകാനും ആഗ്രഹിക്കുകയും അതിനുവേണ്ട കരുക്കള്‍ നീക്കുകയും ചെയ്യുകയും ഒക്കെ ചെയ്യുന്ന കുറേ മനുഷ്യരുടെ കൂട്ടായ്മയാണ് കോണ്‍ഗ്രസ് പാര്‍ട്ടി.

കോണ്‍ഗ്രസിന് രാഷ്ട്രീയമായ കാഴ്ച്ചപ്പാടില്ല; സാമ്പത്തികനയമില്ല; അടിസ്ഥാന പ്രമാണങ്ങളില്ല; വ്യക്തമായ സംഘടനാ രൂപമില്ല; രാഷ്ട്രീയ മര്യാദയില്ല; ജനാധിപത്യം തീരെയില്ല. അതുകൊണ്ടുതന്നെ ആരേയും നേതാവായി അവരോധിക്കാം. ആരുമായും സഖ്യമാകാം.

ആകെയുള്ളത് ഒരു ഹൈക്കമാന്‍ഡാണ്. അതാണെങ്കില്‍ എന്താണെന്നോ ആരാണെന്നോ ആര്‍ക്കും അറിയില്ല. എന്നാല്‍, ഇന്നലെ പാര്‍ട്ടിയില്‍ ചേര്‍ന്ന അംഗം മുതല്‍ ജീവിതത്തില്‍ നിന്നും അടുത്തൂണ്‍ പറ്റേണ്ട ആള്‍ക്കാര്‍ വരെ ഹൈക്കമാന്‍ഡിനെ കുറിച്ച് പറയും. സമീപകാലം വരെ സോണിയാഗാന്ധിയുടെ അടുക്കളയില്‍ കൂടിയിരുന്ന് സൊറ പറഞ്ഞ ചിലരായിരുന്നു ഹൈക്കമാന്‍ഡ്. അവര്‍ക്ക് രാഷ്ട്രീയമായ അടിത്തറ വേണമെന്നുപോലും നിര്‍ബന്ധമില്ല. (രാഷ്ട്രീയമായ അടിത്തറ ഒരു കോണ്‍ഗ്രസ് നേതാവിനും ആവശ്യമില്ല. പത്തുകൊല്ലം പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗിനു പോലും ഇന്ത്യയിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ രാഷ്ട്രിയ അടിത്തറയില്ലായിരുന്നു.)

അങ്ങനെ മഹത്തായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേരളത്തിലെ മഹാനായ നേതാവാണ് സുധീരന്‍. സാധാരണ കോണ്‍ഗ്രസ് പാരമ്പര്യമനുസരിച്ച് ഹൈക്കമാന്‍ഡ് നിയമിച്ചയാള്‍. സംഘടനാ തെരഞ്ഞെടുപ്പ്, ജനാധിപത്യരീതിയില്‍ താഴേത്തട്ടു മുതല്‍ വേണമെന്ന് വളരെ ജനാധിപത്യരീതിയില്‍ പറയുന്ന സുധീരന്‍ അത്തരമൊരു ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പ് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് നടത്തണമോ എന്ന് ചോദിച്ചാല്‍ ''എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയാന്‍ കഴിയില്ലല്ലോ'' എന്ന ജനാധിപത്യ രീതിയിലുള്ള, അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്റെ ശബ്ദത്തിലുള്ള, മറുപടിയായിരിക്കും നല്‍കുക. അപ്പോള്‍ പിന്നെ, ''താങ്കള്‍ കെ.കരുണാകരനെതിരെ ആഴ്ചയില്‍ ഒന്നെന്ന കണക്കിന് പത്രക്കുറിപ്പുകള്‍ ഇറക്കിയിരുന്നല്ലോ'' എന്നു ചോദിച്ചാല്‍, ''പഴയ കാര്യങ്ങള്‍ നിങ്ങള്‍ കുത്തിക്കുത്തി ചോദിച്ചതുകൊണ്ടു മാത്രം, ഞാന്‍ മറുപടി പറയണമെന്നില്ലല്ലോ'' എന്ന് ചിരിച്ചുകൊണ്ട് ജനാധിപത്യരീതിയില്‍ മറുപടി പറയും.സുധീരനെ ഉമ്മന്‍ ചാണ്ടിക്ക് നല്ലവണ്ണം അറിയാം. കരുണാകരന് ഉമ്മന്‍ചാണ്ടിയെ അറിയാമായിരുന്ന പോലെ. ചെന്നിത്തലയോ ആന്റണിയോ തനിയ്ക്ക് പോന്ന എതിരാളിയല്ല എന്നും ചാണ്ടിക്കറിയാം. ചെന്നിത്തല പയ്യന്‍. ഒറ്റയ്ക്ക് മലര്‍ത്തിയടിക്കാം. ആന്റണിയ്ക്ക് ചില നിലവിട്ട് പെരുമാറാനോ പറയാനോ കഴിയില്ല. ചാണ്ടിക്കാണെങ്കില്‍ നിലയോ നിലവാരമോ ഇല്ല. ഇന്നലെ രാജിവച്ചതും ആന്റണി ഉള്‍പ്പെടെ പലരേയും രാജിവയ്പ്പിച്ചതും രാഷ്ട്രീയ ധാര്‍മ്മികത നിലനിര്‍ത്താന്‍. ഇന്ന് രാജിവയ്ക്കാതിരിക്കുന്നതും മാണിയോട് രാജി ആവശ്യപ്പെടാതിരിക്കുന്നതും രാഷ്ട്രീയ ധാര്‍മ്മികതയുടെ പേരില്‍. ''ഞാന്‍ ചെയ്യാത്ത കാര്യം മറ്റൊരാള്‍ ചെയ്യണമെന്ന് ഞാന്‍ പറയുന്നത് ധാര്‍മ്മികതയാണോ?'' എന്ന ഉഗ്രന്‍ ചോദ്യമായിരിക്കും മറുപടി.

പക്ഷെ, സുധീരന്‍ അതല്ല ആള്‍. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിക്കൊണ്ടുതന്നെ അച്ചടക്കത്തിന്റെ വാള്‍ മറ്റെല്ലാപേര്‍ക്കും നേരെ ഓങ്ങും. രാഷ്ട്രീയ മോഹങ്ങള്‍ ഇല്ല എന്ന് പ്രഖ്യാപിക്കുമ്പോഴും രാഷ്ട്രീയ എതിരാളിയുടെ (സ്വന്തം പാര്‍ട്ടിയിലെ എതിരാളി) കാല്‍ക്കീഴിലെ മണ്ണ് മാന്തും.

അങ്ങനത്തെ ഒരു മണ്ണുമാന്തലായിരുന്നു നിലവാരമില്ലാത്ത ബാറുകള്‍ അടയ്ക്കണമെന്ന ആദര്‍ശ നിലപാട്. പക്ഷെ, ചാണ്ടി മുന്നണിയുടെ തന്നെ മൂക്കുമുറിച്ച് സുധീരന്റെ ശകുനം മുടക്കി. കേരള രാഷ്ട്രീയത്തിലെ ഏറ്റവും മലീമസമായ ഒരു വര്‍ഷമായിരുന്നു 2014 ഒക്‌ടോബര്‍ മുതല്‍. ആ മലീമസമായ രാഷ്ട്രീയാന്തരീക്ഷം പോലും, താരതമ്യേന, ഭോദമായിരുന്നു എന്ന തോന്നലാണ് ബാര്‍ കോഴക്കേസില്‍ മാണിയുടെ രാഷ്ട്രീയ ധാര്‍മ്മികത ഉണ്ടാക്കിയത്. നാണം കെട്ടവന്റെ ആസനത്തില്‍ മുളച്ച ആല്‍മരം തണലായി കാണുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍, ആ മരം പോലും വിറ്റുകാശാക്കി, ആസനത്തില്‍ മാത്രമല്ല നവദ്വാരങ്ങളിലും ആല്‍മരത്തിന്റെ തൈ നട്ടുമുളപ്പിച്ച് അതു വളര്‍ന്നശേഷം വെട്ടിവിറ്റു കാശാക്കാന്‍ കൊതിയോടെയിരിക്കുന്ന ഒരാളാണ് 50 വര്‍ഷത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള, പാലായിലെ മുത്ത് എന്ന് കേരളം തിരിച്ചറിഞ്ഞതും ഈ കഴിഞ്ഞ ഒരു വര്‍ഷത്തിലാണ്.

മാണി മഹാനാണെന്നു കരുതുന്ന രണ്ടു വിഭാഗമേയുള്ളു. ഒന്ന്, പാലായിലെ, മാണിയുടെ സൗജന്യം നേടി കൊഴുത്ത ജനങ്ങള്‍. രണ്ട്, സുധീരന്‍. ബാര്‍ കോഴക്കേസിന്റെ അന്വേഷണം തുടങ്ങുന്നതിനു മുമ്പുതന്നെ മാണി മഹാനാണെന്ന ക്ലീന്‍ചിറ്റ് സുധീരന്‍ മാണിക്ക് കൊടുത്തു.2014 പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടി ഉണ്ടാകുമെന്നും അതോടെ പണ്ട് ആന്റണിക്കെതിരെ ഉമ്മന്‍ചാണ്ടി ഉയര്‍ത്തിയ രാജി ആവശ്യം തന്റെ ആള്‍ക്കാരെക്കൊണ്ട് തനിക്ക് ഉന്നയിക്കാമെന്നും, അങ്ങനെ ആന്റണിയെ പുകച്ചു പുറത്തുചാടിച്ച അതേ രീതി ഉപയോഗിച്ച് ചാണ്ടിയെ പുറത്തുചാടിയ്ക്കാമെന്നും, ഹൈക്കമാന്‍ഡിന്റെ ആശിര്‍വാദത്തോടെ മുഖ്യമന്ത്രിയാകാമെന്നും സുധീരന്‍ വല്ലാതെ മോഹിച്ചു പോയി. (അതു നടക്കാതെ പോയത് ചാണ്ടിയുടെ ദുര്‍ഭരണത്തേക്കാള്‍ അസഹനീയമായിരുന്നു ഇടതുമുന്നണിയിലെ ചക്കളത്തിപ്പോര് എന്നതുകൊണ്ടായിരുന്നു.)

മുഖ്യമന്ത്രിയായാല്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവിനും അവകാശപ്പെടാന്‍ കഴിയാത്ത ഒരു റെക്കോര്‍ഡിനുടമയാകും സുധീരന്‍. കെ.എസ്.യു. മുതല്‍ കെ.പി.സി.സി. വരെ താന്‍ പ്രവര്‍ത്തിച്ച എല്ലാ മേഖലകളിലേയും നേതൃസ്ഥാനം, എം.എല്‍.എ., എം.പി., സ്പീക്കര്‍. ഇനി ആകെയുള്ളത് മുഖ്യമന്ത്രിസ്ഥാനവും പ്രതിപക്ഷ നേതൃത്വസ്ഥാനവും മാത്രം. ചാണ്ടിയെ വലിച്ചിട്ട് മുഖ്യമന്ത്രിയായാല്‍ അടുത്ത തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പ്രതിപക്ഷ നേതാവുമാകാം. ഒരു സമ്പൂര്‍ണ്ണ കോണ്‍ഗ്രസ് നേതാവ്.

ചാണ്ടിയോട് നേരിട്ട് യുദ്ധം ജയിക്കുക എന്നത് ബുദ്ധിമുട്ടാണ്. ചാണ്ടി വേണമെങ്കില്‍ ചെളിയില്‍ പുതഞ്ഞു കിടക്കും. അതുകൊണ്ടാണ് തനിയ്‌ക്കെതിരെയുള്ള ചാണ്ടി - ചെന്നിത്തല അച്ചുതണ്ട് പൊട്ടിക്കാന്‍ സുധീരന്‍ കണ്‍സ്യൂമര്‍ ഫെഡ് അഴിമതി ഉയര്‍ത്തിക്കൊണ്ടുവന്നത്. ചെയര്‍മാന്‍ ചെന്നിത്തല ഗ്രൂപ്പാണ്. ചെയര്‍മാനെതിരെ നടപടി വേണമെന്നതാണ് സുധീരന്റെ ആവശ്യം. നടപടി എടുക്കേണ്ടത് ഉമ്മന്‍ചാണ്ടി. അതോടെ, അച്ചുതണ്ട് പൊട്ടും. പിന്നെ എളുപ്പമാണ്. എന്നാല്‍, ചാണ്ടിയുടെ വക്രബുദ്ധിയോ ചെന്നിത്തലയുടെ കുബുദ്ധിയോ എന്നറിഞ്ഞുകൂടാ, ഇരുവരും ഒന്നുചേര്‍ന്ന് സുധീരന്റെ മോഹത്തെ ഗര്‍ഭത്തില്‍ വച്ചുതന്നെ അലസിപ്പിച്ചു.

മാണിക്ക് ക്ലീന്‍ ചിറ്റു കൊടുത്ത സുധീരനെന്തിനാണ് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്റെ അഴിമതി ഭരണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടത്? കെ.പി.സി.സി. പ്രസിഡന്റ് കൊടുത്ത, വാര്‍ത്താ പ്രാധാന്യം നേടിയ, നിര്‍ദ്ദേശം ചാണ്ടി തള്ളിക്കളഞ്ഞതിന്റെ ചളിപ്പൊന്നും സുധീരന്‍ പുറത്തുകാട്ടിയില്ല. എന്നാല്‍, അച്ചുതണ്ടു ബലപ്പെട്ടതായി തിരിച്ചറിയുകയും ചെയ്തു.

അതുകൊണ്ടാണ്, തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ്, അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും ഉമ്മന്‍ചാണ്ടിയായിരിക്കും യു.ഡി.എഫിനെ നയിക്കുക എന്ന - ആത്മഹത്യാപരമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ക്ക് പോലും തോന്നിയ - പ്രസ്താവന സുധീരന്‍ നടത്തിയത്. സുധീരന്‍ ഉന്നം വച്ചയിടത്തു തന്നെ ഉണ്ട കൊണ്ടു. പ്രസ്താവനയ്‌ക്കെതിരെ ചെന്നിത്തല പ്രത്യക്ഷമായി തന്നെ രംഗത്തുവന്നു. ഒടുവില്‍ 'എ' ഗ്രൂപ്പുകാരനായ സുധീരന്‍ 'എ' ഗ്രൂപ്പുകാരനായ ചാണ്ടിയ്ക്കുവേണ്ടി വാദിക്കുന്നു എന്നതാണ് അടുത്ത മുഖ്യമന്ത്രിയായി കേരളത്തെ സേവിക്കാന്‍ വെമ്പുന്ന ചെന്നിത്തല മനസ്സിലാക്കിയത്. (രണ്ടു വര്‍ഷം മുമ്പു വരെ കേരളത്തിലെ ആഭ്യന്തര മന്ത്രിയായി കേരളത്തെ സേവിക്കാനുള്ള വ്യഗ്രതയില്‍ പാവം എന്തൊക്കെ ത്യാഗങ്ങളും അപമാനങ്ങളുമാണ് അനുഭവിച്ചത്. അത് വീണ്ടും ആവര്‍ത്തിക്കാനും എല്ലാ ശരങ്ങളും ഏറ്റുവാങ്ങി കേരളത്തിനു വേണ്ടി മുഖ്യമന്ത്രിപദമെന്ന മുള്‍ക്കിരീടം അണിയാനും അദ്ദേഹം തയ്യാറാണ്.) ഏതായാലും, അതോടെ അതുവരെ അടഞ്ഞുകിടന്ന നേതൃമാറ്റം ചര്‍ച്ച സജീവമായി. തെരഞ്ഞെടുപ്പിനേറ്റ തിരിച്ചടിക്ക് തൊലിപ്പുറത്തെ ചികിത്സ പോര എന്നും ചെന്നിത്തല പറഞ്ഞുകഴിഞ്ഞു. ചെന്നിത്തലയുടെ വാലില്‍ പിടിച്ചുകൊണ്ട് മുരളീധരന്‍ പതിവുശൈലിയില്‍ ആകാശത്തേയ്ക്ക് വെടിവച്ചതും അതിനു മറുപടിയായി ചാണ്ടിയുടെ കൂട്ടുകച്ചവടക്കാരനായ തിരുവഞ്ചൂര്‍ തിരിച്ചടിച്ചതും എല്ലാം നൊടിയിടനേരം കൊണ്ടാണ്. അതായത്, ആര് എന്തു പറയണമെന്ന് ഇരു ഗ്രൂപ്പുകാരും തയ്യാറാക്കി വച്ചിരിക്കുന്നു. ഇതാണ് സുധീരന്‍ ആഗ്രഹിച്ചിരുന്നത്.

കളരിപ്പയറ്റില്‍ അടവുകള്‍ ഫലിക്കാതെ വരുമ്പോഴുള്ളതാണ് പൂഴിക്കടകന്‍. കാലുകൊണ്ടും ഉറുമികൊണ്ടും താഴെക്കിടക്കുന്ന മണ്ണുയര്‍ത്തും. പൊടുന്നനവെ ഉണ്ടാകുന്ന മണ്ണുവലയ്ക്കുള്ളില്‍ എതിരാളി വീഴുമ്പോള്‍ ഉറുമി അയാളുടെ കഴുത്തിനു ചുറ്റുമുണ്ടാകും. അതിനിടയ്ക്കുള്ള നൊടിയിട നേരത്തില്‍ ആര്‍ക്കും ഒന്നും മനസ്സിലാകില്ല; പൂഴിക്കടകന്‍ പ്രയോഗിക്കുന്നയാള്‍ക്കൊഴിച്ച്. മണ്ണ് ഉയര്‍ന്നു പൊങ്ങിത്താഴുന്ന നേരം വരെ മണ്ണ് സ്വന്തം കണ്ണില്‍ വീഴാതെയും ശത്രുവിന്റെ കഴുത്തുനോക്കിക്കാണാനും പൂഴിക്കടകന്‍ പ്രയോഗിക്കുന്നയാള്‍ പരീശിലനം നേടിയിരിക്കും. അല്ലെങ്കില്‍ മണ്ണ് സ്വന്തം കണ്ണില്‍ത്തന്നെ വീഴും. ഉറുമി സ്വന്തം കഴുത്തുതന്നെ അരിയും.

സുധീരന്‍ രണ്ടു യോദ്ധാക്കളുമായി ഒരേ സമയം അങ്കം വെട്ടുന്ന അസാമാന്യ മെയ് വഴക്കവും പരിശീലനവും സിദ്ധിച്ച പയറ്റുകാരനാണ്. ഒരേ സമയം രണ്ടു ശത്രുക്കളെ നേരിടാനും അവരെ പരസ്പരം ശത്രുക്കളാക്കാനുമൊക്കെ സിദ്ധി നേടിയ മഹായോദ്ധാവ്!

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ഉമ്മന്‍ചാണ്ടി നയിക്കാനുള്ള സാധ്യത കുറവാണ്. കാരണം, അതിനു മുമ്പുതന്നെ സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് വരും. മാന-അപമാന ബോധമുള്ള ഓരോ മലയാളിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ആ റിപ്പോര്‍ട്ടാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ മേലായിരിക്കും കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ആഘാതം. അതുകൊണ്ടാണ്, മുന്നേക്കൂട്ടി നേതൃമാറ്റം വേണ്ടിവന്നേക്കും എന്ന സൂചന നല്‍കിക്കൊണ്ടുള്ള ചെന്നിത്തലയുടെ പ്രസ്താവന.എന്നാല്‍, ഉമ്മന്‍ചാണ്ടിയ്ക്കു പകരം ചെന്നിത്തല എന്നത് ഹൈക്കമാന്‍ഡിനും കേരളത്തിനും ചിന്തിക്കാന്‍ പോലും കഴിയാത്ത ദുഃസ്വപ്നമാണ്. വറച്ചട്ടിയില്‍ നിന്ന് എരിതീയിലേയ്‌ക്കോക്കോ?

ഇവിടെയാണ് സുധീരന്റെ പ്രസക്തി. ആദര്‍ശധീരന്‍. കഞ്ഞികുടിക്കുന്നവന്‍. കഞ്ഞിയില്‍ ഉപ്പുപോലും വേണമെന്ന് ശഠിക്കാത്തവന്‍. ത്യാഗനിര്‍ഭരന്‍. (ഇത്രയൊക്കെ വിശേഷണങ്ങളെ എനിക്കറിയാവൂ. കൂടുതല്‍ വിശേഷണങ്ങള്‍ അറിയണമെങ്കില്‍ ലതികാ സുഭാഷ് രചിച്ച 'സുധീരഗീതം' വായിക്കണം).

മുഖ്യമന്ത്രിയാകാന്‍ ഹൈക്കമാന്റിന്റെ മാത്രം തീരുമാനം പോര. കെ.പി.സി.സി. പ്രസിഡന്റ് ആകുന്നതുപോലെയുള്ള എളുപ്പപണിയല്ലത്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ച് വേണ്ട എന്നു പറഞ്ഞിട്ടും ഹൈക്കമാന്‍ഡ് സുധീരനെ പ്രസിഡന്റാക്കിയതുപോലെത്തെ കളിയല്ലിത്. പ്രത്യേകിച്ചും, മുസ്‌ലിം ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും തിട്ടൂരങ്ങള്‍ ഉമ്മന്‍ചാണ്ടിയെപ്പോലെ ഇനി വരാന്‍ പോകുന്ന മുഖ്യമന്ത്രിമാരും അനുസരിക്കണമെന്നിരിക്കെ.

ഇതു മുന്നില്‍ കണ്ടുകൊണ്ടാണ്, സുധീരന്‍ മാണിക്ക് ക്ലീന്‍ചിറ്റു കൊടുക്കുന്നതും നവംബറായിട്ടും സ്‌കൂളുകളില്‍ പാഠപുസ്തമെത്താത്തതിനെക്കുറിച്ച് ഉരിയാടാത്തതും. മാണിയുടെ സഹായം ചെന്നിത്തലയ്ക്കുണ്ടാകില്ല. കാരണം, ബാര്‍കോഴ കേസ് ഇത്രവരെയാക്കിയതില്‍ ചെന്നിത്തലയ്ക്കു പങ്കുണ്ടെന്നും അത് മാണിയും ചാണ്ടിയും തമ്മിലുള്ള ഇക്വേഷന്‍ തകര്‍ക്കാന്‍ വേണ്ടി ചെയ്തതാണെന്നും ഇരുവര്‍ക്കും അറിയാം. അതുകൊണ്ട്, മാറി നില്‍ക്കേണ്ടിവന്നാലും ചാണ്ടി പിന്താങ്ങുന്നത് സുധീരനെയായിരിക്കും. തന്റെ കാലുവാരിയ ആളോടുപോലും താന്‍ ക്ഷമിച്ചു എന്ന് ചാണ്ടിയ്ക്ക് പിന്നീട് അവകാശപ്പെടാം.

അതുകൊണ്ട്, സുധീരന്‍ ചിരിക്കുകയാണ്. മാണിയെപ്പോലെ ലഡു വിതരണം ചെയ്യുന്നില്ലയെന്നേയുള്ളു. സുധീരന്റെ പൂഴിക്കടകന്‍ തുടങ്ങിയിട്ടേയുള്ളു. പൊടി അടങ്ങുമ്പോഴേ ചിത്രം വ്യക്തമാകൂ. ഉറുമി ആരുടെ കഴുത്തിലാണ് ചുറ്റിയിരിക്കുന്നതെന്നറിയാന്‍. ചാണ്ടിയുടെ കഴുത്തിലോ? ചെന്നിത്തലയുടെ കഴുത്തിലോ? ഇരുവരുടെയും കഴുത്തില്‍ ഒരുമിച്ചോ? അതോ വേണ്ട പരിശീലനം നടത്താത്തതുകൊണ്ട് സ്വന്തം കഴുത്തില്‍ തന്നെയോ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories