TopTop
Begin typing your search above and press return to search.

ബഹുമാനപ്പെട്ട വി എം സുധീരന്‍, ഉമ്മന്‍ ചാണ്ടിക്കും ഒരു തുറന്ന കത്തെഴുതാമോ?

ബഹുമാനപ്പെട്ട വി എം സുധീരന്‍, ഉമ്മന്‍ ചാണ്ടിക്കും ഒരു തുറന്ന കത്തെഴുതാമോ?

ടീം അഴിമുഖം

ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍,

സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് താങ്കള്‍ അയച്ച തുറന്ന് കത്ത് വായിച്ചു. കത്തില്‍ പറഞ്ഞ കാര്യങ്ങളോടെല്ലാം പൊതുജനം എന്ന നിലയില്‍ ഞങ്ങളും യോജിക്കുന്നു. എന്നാല്‍ പൂര്‍ണമായിട്ടല്ല. ചില സംശയങ്ങള്‍ സ്വാഭാവികമായും ചില കാര്യങ്ങളില്‍ തോന്നുന്നുണ്ട്.

ഇതുമൊരു തുറന്നകത്തായി കണ്ട് ഞങ്ങള്‍ക്കുണ്ടായിരിക്കുന്ന സംശയങ്ങള്‍ക്ക് ആദര്‍ശാലംകൃതമായ രാഷ്ട്രീയജീവിതം നയിക്കുന്ന താങ്കള്‍ മറുപടി പറയുമെന്ന് വിശ്വസിക്കുന്നു.

ശ്രീ പിണറായിയോട് അങ്ങ് നല്ലഭാഷയില്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു പ്രധാനകാര്യം ഇതാണ്;

ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ജനനേതാക്കള്‍ തയ്യാറകണം. അത് ജനാധിപത്യക്രമത്തിന്റെ ഭംഗിയാണ്.

ലളിതമായ രണ്ടു വാചകത്തില്‍ അങ്ങ് ഉയര്‍ത്തിയിരിക്കുന്ന ഈ വാദം എന്തുകൊണ്ടും രാഷ്ട്രീയ നേതാക്കള്‍ക്കുള്ള താക്കീതാണ്.

പക്ഷേ സംശയം ഇതാണ് സാര്‍, ഈ താക്കീത് അങ്ങ് പിണറായി വിജയനില്‍ മാത്രം ഒതുക്കുകയാണോ?

ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് ജനാധിപത്യക്രമത്തിന്റെ ഭംഗിയാണെങ്കില്‍, അങ്ങയുടെ പാര്‍ട്ടി നയിക്കുന്ന സംസ്ഥാന ഭരണകൂടം ഈ ക്രമത്തെ എത്രനാളായി തകിടം മറിച്ചുകൊണ്ടിരിക്കുകയാണ്? സ്വന്തം ഭാഗത്തു നിന്നുണ്ടാകുന്ന അഭംഗി അങ്ങ് തിരിച്ചറിയുന്നില്ലെന്നാണോ?57 മുതല്‍ ഇങ്ങോട്ടുള്ള കേരള സംസ്ഥാന ഭരണത്തിന്റെ ചരിത്രത്തില്‍ ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ വരുത്തിവച്ചിരിക്കുന്നയത്ര മ്ലേച്ഛത മറ്റാരാലെങ്കിലും സംഭവിച്ചിട്ടുണ്ടോ?

ബാര്‍കോഴ, ലൈംഗികാരോപണം, ഭൂമിതട്ടിപ്പ് തുടങ്ങി ശ്രീമാന്‍ ഉമ്മന്‍ ചാണ്ടി നയിക്കുന്ന സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ ചില്ലറയല്ല.

യുഡിഎഫ് സര്‍ക്കാരിലെ മുഖ്യമന്ത്രിയടക്കം അഞ്ച് മന്ത്രിമാര്‍ക്ക് ബാര്‍ മുതലാളിമാര്‍ കോഴ നല്‍കിയെന്ന ആരോപണങ്ങളില്‍ അങ്ങയുടെ ഭാഗത്തു നിന്നും തൃപ്തികരമായ മറുപടി എന്തുകൊണ്ട് ഉണ്ടായില്ല?

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന ആരോപണങ്ങളിലും അങ്ങ് മൗനം പാലിക്കുന്നത് എന്തുകൊണ്ട്?

മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ക്കെല്ലാം എതിരായി ഉയര്‍ന്ന ലൈംഗികാരോപണങ്ങളെ കുറിച്ച് അങ്ങേയ്ക്ക് എന്ത് മറുപടിയാണ് പറയാനുള്ളത്?

ആദിവാസി പ്രശ്‌നങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്ക് അങ്ങേയ്ക്ക് പറയാന്‍ എന്തെങ്കിലും ഉത്തരമുണ്ടോ?

എന്‍ഡോസള്‍ഫാന്‍ ഇരകളെ തുടര്‍ച്ചയായി വഞ്ചിക്കുകയും ആ പാവങ്ങളെ ഇപ്പോള്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ പട്ടിണിസമരത്തിലേക്ക് വലിച്ചിഴച്ചതിനും അങ്ങ് എന്തെങ്കിലും ചെയ്യുമോ? (പ്രസ്താവനകള്‍ കാണാറുണ്ട്)

കോടതികളില്‍ നിന്നും തുടര്‍ച്ചയായി സര്‍ക്കാരിനെതിരെയും മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശനങ്ങളും വിധികളും വരുന്ന സാഹചര്യത്തെക്കുറിച്ച് എന്തു പറയും?

നെല്‍വയലുകള്‍ നികത്തുന്നതിനും ക്വാറികള്‍ക്ക് അനധികൃതമായി പ്രവര്‍ത്തിക്കുന്നതിനും അനുമതി നല്‍കുന്ന സര്‍ക്കാര്‍ നടപടികളെക്കുറിച്ചും അങ്ങ് എന്ത് പറയുന്നു?

ഞങ്ങള്‍ക്ക് ഇതുവരെ തൃപ്തികരമായ മറുപടി കിട്ടാത്ത ഒത്തിരി സംശയങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കിടയില്‍ അങ്ങയുടെ പാര്‍ട്ടിക്കാരും സര്‍ക്കാരും ചേര്‍ന്ന് ഉണ്ടാക്കിയിട്ടുണ്ട്. ജനങ്ങളുടെ വിശ്വാസം അല്‍പ്പമെങ്കിലും ബാക്കി നില്‍ക്കുന്ന അപൂര്‍വം ചില നേതാക്കന്മാരില്‍ ഒരാളായ അങ്ങയില്‍ നിന്നും ജനാധിപത്യക്രമത്തിന് അനുഗുണമായ പ്രവര്‍ത്തികള്‍ ഉണ്ടാകുമെന്ന വിശ്വസിക്കുന്നത് തെറ്റിപ്പോകുമോ സാര്‍.

അങ്ങിപ്പോള്‍ ഒരു ജാഥ നടത്തുകയാണെന്നു അറിയാം. അതിന്റെ തിരക്കിനിടയിലും പിണറായി വിജയനെ ജനാധിപത്യക്രമത്തെക്കുറിച്ച് ഓര്‍മിപ്പിക്കാന്‍ ഒരു കത്തെഴുതാന്‍ അങ്ങേയ്ക്ക് സമയം ഉണ്ടായി. വളരെ നല്ലകാര്യം. പക്ഷേ ഈ നാടിന്റെ ഭരണയന്ത്രം തിരിക്കുന്നവരെക്കുറിച്ച് കേള്‍ക്കുന്ന നാറിയകഥകള്‍ക്ക് അങ്ങേയ്ക്ക് എന്താണ് പറയാനുള്ളതെന്ന് ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കുന്നതിന്റെ മനശാസ്ത്രം എന്താണ്? കാസര്‍ഗോഡ് നിന്നും ഇങ്ങ് തിരുവനന്തപുരത്ത് എത്താറായിട്ടും അങ്ങ് നടത്തിയ വാര്‍ത്താസമ്മേളനങ്ങളുടെ എണ്ണം എത്രയാണ്. അങ്ങയുടെ യാത്രയ്ക്കിടയില്‍ കേരളം കേട്ടുകേള്‍വിയില്ലാത്തവിധമുള്ള ആരോപണങ്ങളും കോടതിനടപടികളുമെല്ലാം കേട്ടു, കണ്ടു. പക്ഷേ ഇതിനൊന്നും അങ്ങേയ്ക്ക് മറുപടിയില്ലാതെ പോയി. മാധ്യമപ്രവര്‍ത്തരെ കാണാന്‍ സമയമില്ലാതെ പോയി. എന്തെങ്കിലും ചോദിച്ചാല്‍, ഞങ്ങളുടെ അജണ്ട ഞങ്ങള്‍ സെറ്റ് ചെയ്‌തോളം, നിങ്ങള്‍ അജണ്ട തയ്യാറാക്കേണ്ടെന്ന് മാധ്യമപ്രവര്‍ത്തകരോട് കയര്‍ക്കുന്നതിലെ ധാര്‍മികത എന്താണ്? ഇതൊക്കെ ജനാധിപത്യ ക്രമത്തിന്റെ ഭംഗികൂട്ടുന്നതാണോ?

ജനങ്ങളെയും ജനാധിപത്യത്തെയും വഞ്ചിച്ച് ജനപ്രതിനിധികളായവര്‍ കോടികള്‍ കോഴവാങ്ങുമ്പോള്‍, ഒരു പെണ്ണിന്റെ ലൈംഗിക-സാമ്പത്തിക ആരോപണങ്ങള്‍ മന്ത്രിമാരുടെയടക്കം തൊലിയുരിക്കുമ്പോള്‍ ഒന്നും ശബ്ദം ഇല്ലാതെ പോകുന്ന അങ്ങ് പിണറായി വിജയന്‍ കാണിക്കുന്ന ജനാധിപത്യ ശരികേടുകളെക്കുറിച്ച് വാചാലനാകുമ്പോള്‍, അത് സ്വന്തം പല്ലിടകുത്തി മണപ്പിക്കുന്നതുപോലെയല്ലേ!അതല്ല, അങ്ങയില്‍ അങ്ങ് തന്നെ ആരോപിക്കുന്ന ആദര്‍ശം കണികയായിട്ടെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഇതുപോലൊരു തുറന്ന കത്ത് ഉമ്മന്‍ ചാണ്ടിക്ക് എഴുതുമോ?

വളരെ ദീര്‍ഘമായിട്ടൊന്നും വേണ്ട, പിണറായിക്ക് എഴുതിയതില്‍ നിന്നും രണ്ടു വരിയെടുത്താല്‍ മതി. അതായാത്;

ജനങ്ങളോട് മറുപടി പറയാന്‍ ജനനേതാക്കള്‍ തയ്യാറാകണം. അതുവഴി ജനാധിപത്യ ക്രമത്തിന്റെ ഭംഗി നിലനിര്‍ത്തണം.

ഇതു രണ്ടിനും നമ്മുടെ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നത് ഞങ്ങള്‍ ജനങ്ങളുടെ പരാതിയാണ്.

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ല എന്നു പറയുന്നതല്ലാതെ നിയമത്തിന്റെ വഴിയില്‍ നേരിടാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാണോ എന്ന് ചോദിക്കണം.

നിയമം നിയമത്തിന്റെ വഴിയെ പോകുമെന്ന മന്ത്രം ഉരുവിടുന്ന മുഖ്യമന്ത്രി തനിക്കെതിരെ കീഴ്‌ക്കോടതി നടപടിയുണ്ടായാല്‍ രായ്ക്കുരാമാനം മേല്‍ക്കോടതിയില്‍ സ്വകാര്യ അപ്പീല്‍ പോകുന്നതെന്ന് എന്തിനാണെന്നു ചോദിക്കണം.

അന്വേഷണം നേരിട്ട് തന്റെ പരിശുദ്ധി തെളിയിക്കാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് ചോദിക്കണം.

ഇത്തരത്തില്‍ ചോദിക്കാനാണെങ്കില്‍ ഒത്തിരികാണും സാര്‍, എഴുതി ചോദിക്കു സാര്‍...

അതുകൊണ്ട് അങ്ങിപ്പോള്‍ കാണുന്ന സ്വപ്നങ്ങള്‍ക്ക് ഗുണമേ ഉണ്ടാകൂ. ഒന്നുമില്ലെങ്കിലും ഇത്രയും നാള്‍ ചെയ്ത പിടിപ്പുകേടുകള്‍ക്ക് ജനം മാപ്പ് തരാനെങ്കിലും തയ്യാറാകും.


Next Story

Related Stories