TopTop
Begin typing your search above and press return to search.

സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ സുധീരന്‍ പാട്ടുനിര്‍ത്തിയതാണ്

സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ സുധീരന്‍ പാട്ടുനിര്‍ത്തിയതാണ്

ഒടുവില്‍ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. ഏതാണ്ടു മൂന്നു വര്‍ഷം നീണ്ട പോരാട്ടത്തിനു വിരാമമിട്ട് വി എം സുധീരന്‍ കെപിസിസി പ്രസിഡന്റ് പദം രാജിവെച്ചു. തന്റെ സ്ഥാനത്യാഗത്തിനു കാരണമായി സുധീരന്‍ പറയുന്ന കാരണം ആരോഗ്യ പ്രശ്‌നമാണെങ്കിലും അതല്ല യഥാര്‍ത്ഥ കാരണം എന്നത് എല്ലാവര്‍ക്കും അറിയാം. ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും അടിച്ചു നില്‍ക്കാന്‍ ഇനിയും തനിക്കാവില്ലെന്നു സുധീര ഗാന്ധിക്ക് പൂര്‍ണ ബോധ്യം വന്നിരിക്കുന്നു. പോരെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടേയുമൊക്കെ നോമിനികളെ തഴഞ്ഞു തന്നെ കെപിസിസി യുടെ അമരക്കാരനാക്കിയ സോണിയാജിക്കും രാഹുല്‍ജിക്കുമൊന്നും ഇപ്പോള്‍ തന്നെ അത്ര പിടുത്തം പോരെന്നും സുധീര ഗാന്ധിക്ക് ഏതാണ്ട് ബോധ്യം വന്നിരിക്കുന്നു. അപ്പോള്‍ പിന്നെ സ്വരം നന്നായിരിക്കുന്ന ഈ വേളയില്‍ തന്നെ പാട്ടു നിര്‍ത്തിക്കളയാം എന്ന് അദ്ദേഹം തീരുമാനിച്ചിരിക്കുന്നു. അത്ര തന്നെ.

എങ്കിലും സത്യം മറച്ചു പിടിക്കാന്‍ തന്നെയാണ് ശ്രമം എന്നത് കോഴിക്കോട് വെച്ച് മൈക്കിന്റെ വയര്‍ തട്ടി വീണു പരിക്കേറ്റ സംഭവത്തെ ഉയര്‍ത്തികാട്ടുന്നതില്‍ നിന്നും വ്യക്തം. ഹൈകമാണ്ടില്‍ സുധീര ഗാന്ധിക്കുവേണ്ടി നിലകൊണ്ടിരുന്ന എ കെ ആന്റണി മൗനത്തിലാണ്. ആന്റണിയും കൈവിട്ടു എന്ന സൂചന തന്നെയാണ് ഇതില്‍ നിന്നും ലഭിക്കുന്നത് .

സുധീരന്‍ രാജി നല്‍കിയെങ്കിലും ഹൈക്കമാന്‍ഡ് അത് സ്വീകരിച്ചിട്ടില്ല. വിദേശത്തു ചികിത്സയില്‍ കഴിയുന്ന മാഡം തിരിച്ചെത്തിയിട്ടുവേണം ഇക്കാര്യത്തില്‍ ഒരു അന്തിമ തീര്‍പ്പു ഉണ്ടാകാന്‍. അതുവരെ തല്‍സ്ഥിതി തുടരുമെന്നതിനാല്‍ തത്കാലം ഒരു പകരക്കാരന്‍ വരാനുള്ള സാത്യത ഇല്ലെന്നു തന്നെ വേണം കരുതാന്‍.

സുധീരന്‍ രാജി വെച്ച് ഒഴിയുമ്പോള്‍ ഉയരുന്ന പ്രസക്തമായ ചോദ്യം സുധീരന് എവിടെയാണ് പിഴച്ചത് എന്നതാണ്. 'എ' 'ഐ' ഗ്രൂപ്പുകള്‍ തമ്മിലടിച്ചു വാണിരുന്ന കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പിനീട് വയലാര്‍ രവി വക ഒരു ഗ്രൂപ് കൂടിയുണ്ടായി. രണ്ടായി നിന്നിടത്തു നിന്നും ഒറ്റ ഗ്രൂപ്പായി 'ഐ' വിശാല ഗ്രൂപ്പായി.

അങ്ങനെ ഗ്രൂപ്പുകള്‍ തമ്മിലടിച്ചു രസിക്കുന്നിടത്തേക്കാണ് ഗ്രൂപ്പില്ല നേതാവായി സുധീരന്‍ കടന്നു വന്നത്. പിടിച്ചു നില്‍ക്കാന്‍ തനിക്കും ഒരു ഗ്രൂപ്പ് വേണമെന്ന് സുധീരന്‍ ചിന്തിച്ചു തുടങ്ങിയടുത്തു നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത പ്രസിഡന്റിനെ എങ്ങിനെ പുകച്ചു പുറത്തു ചാടിക്കും എന്ന് 'എ' 'ഐ' ഗ്രൂപ്പുകള്‍ തല പുകച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സുധീരന്റെ പേരിലും ഒരു രഹസ്യ ഗ്രൂപ് ഇവിടെ ഉദയം ചെയ്തത്.

തന്റെ പേരില്‍ ഗ്രൂപ്പ് ഇല്ലെന്ന നിലപാടാണ് സുധീരന്‍ എടുത്തെങ്കിലും പി എം സുരേഷ് ബാബുവിനെയും ജോണ്‍സനെയും(കെപിസിസി ട്രഷറര്‍ ) രാജ് മോഹന്‍ ഉണ്ണിത്താനെയും പോലെ ചിലര്‍ അങ്ങനെ ഒരു ഗ്രൂപ്പിന്റെ ചിറകിനടിയില്‍ നിന്നു കൊണ്ടുതന്നെയാണ് പ്രവര്‍ത്തിച്ചുവന്നത് എന്നത് ഒരു വസ്തുതയാണ്. പിന്നീട് ടി എന്‍ പ്രതാപന്‍, ലാലി വിന്‍സെന്റ്, പാലോട് രവി, കെ പി അനില്‍കുമാര്‍, വി വി പ്രകാശ് തുടങ്ങിയവര്‍ കൂടി സുധീര പക്ഷത്തേക്ക് ചാഞ്ഞു. അധികം വൈകാതെ തന്നെ 'എ' ഗ്രൂപ്പ് വിട്ടു കൊടിക്കുന്നില്‍ സുരേഷും ഇക്കഴിഞ്ഞ ഡി സി സി പുനഃസംഘടനയെ തുടര്‍ന്ന് ബിന്ദു കൃഷ്ണയും അത്ര പ്രകടമല്ലാത്ത രീതിയില്‍ സുധീര പക്ഷത്തായി.

സുധീരന്‍ ആളെ കൂട്ടുന്നു എന്നത് മാത്രമായിരുന്നില്ല ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും ആക്ഷേപം. തുടക്കം മുതല്‍ സുധീരന്‍ പ്രതിപക്ഷ നേതാവ് കളിച്ചതാണ് അവരെ ഏറെ ചൊടിപ്പിച്ചത്. നിയമസഭ തിരഞ്ഞെടുപ്പുവേളയില്‍ സുധീരന്‍ സ്വീകരിച്ച കടുത്ത നിലപാടുകള്‍ ഈ സാധുതയുടെ ആക്കം കൂട്ടി. ഡിസിസി പുനഃസംഘടന കൂടിയായപ്പോള്‍ എല്ലാം പൂര്‍ണമായി.

തന്നെ അംഗീകരിക്കാത്തവര്‍ക്കൊപ്പം ഇനിയും മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന തിരിച്ചറിവ് തന്നെയാണ് സുധീരനെ രാജിവെക്കാന്‍ പ്രേരിപ്പിച്ചത്. ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും വാദം അംഗീകരിച്ചു സംഘടന തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ നീണ്ടാല്‍ തന്റെ നില തീര്‍ത്തും പരുങ്ങലില്‍ ആകും എന്ന ഭയവും ഈ രാജിക്ക് പിന്നില്‍ ഉണ്ടെന്നുവേണം കരുതാന്‍.


Next Story

Related Stories