TopTop
Begin typing your search above and press return to search.

വോള്‍വോ എസ് 60 ക്രോസ്സ് കണ്‍ട്രി: വഷളനാണെങ്കിലും മിടുക്കന്‍

വോള്‍വോ എസ് 60 ക്രോസ്സ് കണ്‍ട്രി: വഷളനാണെങ്കിലും മിടുക്കന്‍

പത്തും അന്‍പതും ലക്ഷം കൊടുത്തു വാങ്ങിയ കാര്‍ റോഡിലെ കുഴിയില്‍ വീഴുമ്പോഴും ഹമ്പുകള്‍ ചാടുമ്പോഴുമൊക്കെ ചോര പൊടിയുന്നത് ഉടമസ്ഥന്റെ നെഞ്ചിലാണ്. തങ്ങളുടെ വാഹനത്തിനു അല്പം കൂടി ക്ലിയറന്‍സ്‌ ഉണ്ടായിരുന്നെങ്കിലെന്ന് ചിലപ്പോഴെങ്കിലും ആഗ്രഹിക്കാത്തവരുണ്ടാവില്ല, വിശിഷ്യ ഇന്ത്യന്‍ റോഡ് സാഹചര്യങ്ങളില്‍. ഈ ചിന്ത തന്നെയാണ് പലരെയും എസ് യു വികളിലേക്കാകര്‍ഷിക്കുന്നതും. എങ്കിലും സെഡാന്റെ യാത്രസുഖമൊന്നും ഒട്ടുമിക്ക എസ് യു വികള്‍ക്കും നല്കാനാവില്ല എന്നതുതന്നെയാണ് സത്യം. എന്നാല്‍ ലക്ഷ്വറി സെഡാന്റെ ഭാവഹാവാദികളും അധിക ഗ്രൗണ്ട് ക്ലിയറന്‍സുമായി ഒരു വാഹനമെത്തിയാലോ, ഒരു സെഡാന്‍ ക്രോസ്സോവര്‍? അടിപൊളി... അല്ലേ? ഇത്തരത്തില്‍ ക്രോസ്സോവര്‍ സെഡാന്‍ പരിവേഷത്തിലെത്തി വിപണിയില്‍ പുതുചലനങ്ങള്‍ സൃഷ്ടിക്കുവാനൊരുങ്ങുകയാണ് വോള്‍വോയുടെ എസ് 60 ക്രോസ്സ് കണ്‍ട്രി.

എസ് 60 ക്രോസ്സ് കണ്‍ട്രി

2015 ജനീവ ഓട്ടോഷോയിലാണ് എസ് 60 ക്രോസ് കണ്‍ട്രി എന്ന സെഡാന്‍ ക്രോസോവര്‍ ആദ്യമായി വെളിച്ചം കാണുന്നത്. ഫുള്‍ സൈസ് എസ് യു വികള്‍ക്കു സമാനമാവില്ലെങ്കിലും, സെഡാനുകള്‍ക്കു ചേരാത്ത 201 മി മീ ഗ്രൗണ്ട് ക്ലിയറന്‍സ്‌ തന്നെയാണ് വാഹനത്തിന്റെ മുഖ്യ ആകര്‍ഷണം. ഡി4 എന്ന ഫുള്ളി ലോഡഡ് ട്രിമ്മില്‍ മാത്രമാവും പുത്തന്‍ എസ് 60 ക്രോസ്സ് കണ്‍ട്രി ലഭ്യമാവുക.

കാഴ്ച

തന്റെ മാന്യവും മനോഹരവുമായ രൂപത്തിനു പേരുകേട്ടതാണല്ലോ എസ് 60 സെഡാന്‍. ഉയരക്കൂടുതലും ചെറിയ ചില അധിക ഘടകങ്ങളുടെ സാന്നിദ്ധ്യവുമൊഴിച്ചാല്‍ എസ് 60യുമായി കാഴ്ചയില്‍ കാര്യമായ മാറ്റങ്ങളില്ല ക്രോസ്സ് കണ്‍ട്രിക്ക്. കാഴ്ചയില്‍ പ്രകടമല്ലെങ്കിലും എസ് 60 സെഡാനേക്കാള്‍ 3 മിമീ നീളവും 42 മിമീ വീതിയും അധികമായുണ്ട് ക്രോസ് കണ്‍ട്രിക്ക്.

മുന്‍കാഴ്ചയില്‍ ആദ്യം ശ്രദ്ധിക്കുക മാറ്റങ്ങളോടുകൂടിയ ഗ്രില്ലാവും. ക്രോമിന്റെ ഉപയോഗത്തില്‍ മിതത്വം പാലിച്ചത് ഹണിക്കോംബ് ഗ്രില്ലിനെ കൂടുതല്‍ സ്‌പോര്‍ട്ടിയാക്കുന്നുണ്ട്. രൂപമാറ്റം വരുത്തിയ മുന്‍ ബമ്പറില്‍ സ്‌കഫ് പ്‌ളേറ്റ് മനോഹരമായി ഇണക്കിച്ചേര്‍ത്തിരിക്കുന്നു. വശക്കാഴ്ചയിലെ പ്രധാന ആകര്‍ഷണം വലിയ വീല്‍ ആര്‍ച്ചുകളുടെ ആകാരം എടുത്തറിയിക്കുംവിധമുള്ള അവയിലെ കറുപ്പ് ക്ലാഡിങ്ങാവും. റണ്ണിംഗ് ബോഡിലുമുണ്ട് അലൂമിനിയം ഫിനിഷുള്ള മറ്റൊരു ക്ലാഡിംഗ്. പിന്‍ ബമ്പറിന്റെ രൂപത്തിലും മാറ്റമുണ്ട്. അലൂമിനിയം ഫിനിഷുള്ള ഡിഫ്യൂസറിലെ ഇരട്ട എക്‌സ്‌ഹോസ്റ്റ് പൈപ്പുകള്‍ ശ്രദ്ധേയം. ചുരുക്കിപ്പറഞ്ഞാല്‍ വാഹനത്തിനു കൂടുതല്‍ 'മസില്‍' തോന്നിക്കുംവിധമാണ് എക്സ്റ്റീരിയറിന്റെ രൂപകല്പന.

ഉള്ളില്‍

എക്‌സിക്യൂട്ടിവെന്നു തന്നെ വിളിക്കാം ക്രോസ് കണ്ട്രിയുടെ ഉള്‍ഭാഗത്തെയും. അടുക്കും ചിട്ടയുമുള്ള ഡാഷ് ബോഡും സെന്റര്‍ കണ്‍സോളും. സ്വിച്ചുകളും കണ്‍ട്രോള്‍ നോബുകളുമൊക്കെ ആളെക്കുഴപ്പിക്കാത്തവിധം വൃത്തിയായി ക്രമീകരിച്ചിരിക്കുന്നു. സെന്റര്‍ കണ്‍സോളിലെ പിയാനോ ബ്ലാക്ക് ട്രിം മനോഹരമായിട്ടുണ്ട്. നാവിഗേഷനോടുകൂടിയ ഇന്‍ഫോടെയിന്മന്റ് സിസ്റ്റത്തിനു വലിയ 7 ഇഞ്ച് ഡിസ്പ്‌ളെയാണ്. (ഇതു തന്നെയാണ് റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറയുടെയും സ്‌ക്രീന്‍) ഓഡിയോ കണ്‍ട്രോളുകളോടുകൂടിയ സ്റ്റീയറിംഗ് വീല്‍ മികച്ച ഗ്രിപ്പേകുംവിധം രൂപകല്പന ചെയ്തിരിക്കുന്നു. മേല്‍ത്തരം ലെതറില്‍ പൊതിഞ്ഞ സീറ്റുകള്‍ അങ്ങേയറ്റം സുഖപ്രദമായ സവാരിയേകുന്നു. (മുന്‍നിരയിലെ സ്‌പോര്‍ട്ട്‌സ് സീറ്റുകള്‍ ക്രോസ്സ് കണ്‍ട്രിക്കു മാത്രം സ്വന്തം.) താഴ്ന്നുള്ള ഇരുപ്പും വലിപ്പം കുറഞ്ഞ ഗ്ലാസ്സ് ഏരിയയും പിന്‍സീറ്റ് യാത്രയില്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കുമോയെന്ന് ശങ്കിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല.ഡ്യുവല്‍ സോണ്‍ ക്‌ളൈമറ്റ് കണ്‍ട്രോള്‍, സണ്‍റൂഫ്, പവര്‍ അഡ്ജസ്റ്റബിള്‍ ഹീറ്റഡ് മുന്‍ സീറ്റുകള്‍ (ഡ്രൈവര്‍ സീറ്റിനു മെമ്മറി ഫംഗ്ഷനുമുണ്ട്), ഇലക്ട്രോണിക്ക് പാര്‍ക്ക്‌ബ്രേക്ക്, റിവേഴ്‌സ് ക്യാമറ, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ എന്നിങ്ങനെ വളരെ മികച്ച ഒരു എക്വിപ്മന്റ് നിര തന്നെയുണ്ട് എസ്60 ക്രോസ്സ് കണ്‍ട്രിയില്‍.

പ്രായോഗികത കണക്കിലെടുത്ത് ഏതാനും കപ്പ് ഹോള്‍ഡറുകളും സ്റ്റോറേജ് പോക്കറ്റുകളും നല്കിയിട്ടുണ്ട്. പിന്‍സീറ്റ് യാത്രികര്‍ക്കുമുണ്ട് എ സി വെന്റുകളും കപ്പ് ഹോള്‍ഡറുകളോടുകൂടിയ ആംറെസ്റ്റുമൊക്കെ.ഡിജിറ്റല്‍ ഇന്‍സ്റ്റ്രുമെന്റ് ക്ലസ്റ്ററില്‍ സ്പീഡോ, ടാക്കോ, ഫ്യുവല്‍ ഗേജുകള്‍ക്കു പുറമെ ട്രിപ്പ്, ശരാശരി ഇന്ധനക്ഷമത മുതലായ അവശ്യവിവരങ്ങളും ലഭ്യം.

ഡ്രൈവ്

എസ് 60 സെഡാനിലെ 2400 സിസി, 5 സിലിണ്ടര്‍ ഡി5 ടര്‍ബോ ഡീസല്‍ എഞ്ചിന്റെ ഡീട്യൂണ്‍ ചെയ്ത പതിപ്പാണ് ക്രോസ്സ് കണ്‍ട്രിയില്‍ ഉപയോഗിച്ചിരിക്കുന്നത്. 190 എച്ച്പി കരുത്തും 1500 ആര്‍ പി എമ്മില്‍ ലഭിക്കുന്ന 420 എന്‍ എം ടോര്‍ക്കുമാണ് നിലവില്‍ ഇവന്റെ ഔട്ട് പുട്ട്. രസകരമായ ഡ്രൈവ് സമ്മാനിക്കുന്ന ഈ എഞ്ചിനു പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിമീ വേഗതയെടുക്കാന്‍ 8.2 സെക്കന്റുകള്‍ മതിയാവും. പരമാവധി വേഗത മണിക്കൂറില്‍ 210 കിമീയായി നിയന്ത്രിച്ചിരിക്കുന്നു. തുടക്കത്തിലെ നേരിയ ടര്‍ബോ ലാഗ് ഒഴിച്ചുനിര്‍ത്തിയാല്‍ മിടുക്കനാണീ എഞ്ചിന്‍. വിശേഷണം 'മിടുക്കനില്‍' ഒതുക്കിയതിനു കാരണമുണ്ട്. ടര്‍ബോ പ്രവര്‍ത്തനക്ഷമമായതിനു ശേഷവും തീര്‍ത്തും ലീനിയറാണ് പവര്‍ ഡെലിവറി.

പാഡില്‍ ഷിഫ്റ്ററുകളോടുകൂടിയ 6 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് കൃത്യതയുള്ളതും റെസ്‌പോണ്‍സീവുമാണ്. എസ് 60 ക്രോസ്സ് കണ്‍ട്രിയുടെ ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റവും കൃത്യതയാര്‍ന്ന സ്റ്റിയറിങ്ങും സ്റ്റിഫ് ആയ ചേസിസും ചേര്‍ന്ന് ഹാന്റ്‌ലിംഗ് നന്നേ മെച്ചപ്പെടുത്തുന്നുണ്ട്. ക്‌ളിയറന്‍സ് കൂടിയ വാഹനമായതുകൊണ്ടു തന്നെ സ്റ്റിഫാണ് സസ്‌പെന്‍ഷന്‍. ഇത് ഹാന്റ്‌ലിംഗ് മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും മോശം റോഡുകളില്‍ യാത്രാസുഖം കുറയ്ക്കുന്നുണ്ട്.

2000 ആര്‍ പി എമ്മിനടുത്തുവരെ ഒരുവിധം റിഫൈന്‍ഡ് ആയി തുടരുന്ന എഞ്ചിന്‍ അത് കഴിഞ്ഞാല്‍ അല്പം 'വഷളന്‍'ആവുന്നുണ്ട്. സ്‌പോര്‍ട്ടി എന്നു വിളിക്കാനാവില്ലെങ്കിലും എഞ്ചിന്റെ ചെറുതല്ലാത്ത ഹുങ്കാരം ക്യാബിനിലേക്ക് കടന്നുവരുന്നില്ല, മികച്ച ക്യാബിന്‍ ഇന്‍സുലേഷനു നന്ദി! ഇത്ര ഉയരമുള്ളൊരു വാഹനത്തില്‍നിന്നും പ്രതീക്ഷിക്കാവുന്ന ബോഡി റോള്‍ പോലും എസ് 60 ക്രോസ്സ് കണ്‍ട്രി സമ്മാനിക്കുന്നില്ല എന്നത് അത്ഭുതകരമായിത്തോന്നി.

ഒരു വോള്‍വോയില്‍ നിന്നും പ്രതീക്ഷിക്കാവുന്ന സര്‍വ്വവിധ സുരക്ഷാസന്നാഹങ്ങള്‍ക്കും പുറമെ ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ എന്നീ 'എസ് യു വി സ്‌പെഷ്യലുകളുമുണ്ട്' ക്രോസ് കണ്‍ട്രിയില്‍. ലിറ്ററിനു 18 കിലോമീറ്ററിനടുത്ത് ഇന്‍ഷനക്ഷമത പ്രതീക്ഷിക്കാവുന്ന എസ് 60 ക്രോസ്സ് കണ്‍ട്രിക്ക് 41.07 ലക്ഷമാണ് കൊച്ചി എക്‌സ് ഷോറൂം വില.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories