TopTop
Begin typing your search above and press return to search.

കൊടുങ്ങല്ലൂരിലൂടെ തീരദേശ റെയില്‍വേ; വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ സംസാരിക്കുന്നു

കൊടുങ്ങല്ലൂരിലൂടെ തീരദേശ റെയില്‍വേ; വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ സംസാരിക്കുന്നു

പതിനാലാം കേരള നിയമസഭയില്‍ ഇത്തവണ പുതുമുഖങ്ങള്‍ ഏറെയുണ്ട്. അവരില്‍ ഏറെ പ്രതീക്ഷകളാണ് സംസ്ഥാനത്തിനുള്ളത്. സഭയിലെ കന്നിയംഗങ്ങളായവര്‍ തങ്ങളുടെ ഓദ്യോഗികജീവിതം ആരംഭിക്കുന്നത് ഒട്ടേറെ ലക്ഷ്യങ്ങളുമായാണ്. ഓരോരുത്തരും അവരുടെ മണ്ഡലത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വികസന പദ്ധതികളും ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും പങ്കുവയ്ക്കുകയാണ് ഈ പരമ്പരയിലൂടെ.

കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്കുള്ള കന്നിയങ്കത്തില്‍ കെ പി ധനപാലന്‍ എന്ന കരുത്തനായ കോണ്‍ഗ്രസ് സ്ഥനാര്‍ത്ഥിയെ പരാജയപ്പെടുത്തി മണ്ഡലം തിരിച്ചു പിടിച്ച എല്‍ഡിഎഫിന്റെ വി ആര്‍ സുനില്‍ കുമാറാണ് ഇത്തവണ കൂടെയുള്ളത്. മുന്‍ മന്ത്രിയും സിപിഐ നേതാവുമായ വി കെ രാജന്റെ മകന്‍ എന്ന മേല്‍വിലാസത്തില്‍ നിന്നും പിതാവിനെപോലെ ജനകീയപ്രശ്‌നങ്ങള്‍ അറിഞ്ഞ് അവ പരിഹരിച്ച് നാട്ടുകാരുടെ പ്രതീക്ഷകളും നാടിന്റെ വികസനവും ഒരുപോലെ സാധ്യമാക്കുകയാണ് എംഎല്‍എ എന്ന നിലയില്‍ തന്റെ ലക്ഷ്യമെന്ന് സുനില്‍ കുമാര്‍ പറയുന്നു. വിദ്യാര്‍ത്ഥി-യുവജവന-തൊഴിലാളി പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തനപരിചയവുമായി എത്തുന്ന സുനില്‍ കുമാറിന് നിയമസഭാപ്രവര്‍ത്തനം പുത്തന്‍ അനുഭവമാണെങ്കിലും ജനകീയ ഇടപെടലുകളിലെ കരുത്ത് കൈവശമുണ്ടെന്നു പറയുന്നു... അഡ്വ.വി ആര്‍ സുനില്‍ കുമാര്‍ അഴിമുഖം പ്രതിനിധി വിഷ്ണു എസ് വിജയനുമായി സംസാരിക്കുന്നു.

വിഷ്ണു എസ് വിജയന്‍: വികെ രാജന്‍ എന്ന കമ്യുണിസ്റ്റ് നേതാവിന്റെ മകന്‍ അച്ഛന്റെ പാതയിലേക്ക് തന്നെ എത്തിയിരിക്കുന്നു..

വി ആര്‍ സുനില്‍കുമാര്‍:
അച്ഛന്റെ രാഷ്ട്രീയ പ്രവര്‍ത്തനം കണ്ടാണ് ഞാന്‍ വളരുന്നത്. സമൂഹത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രയത്‌നങ്ങള്‍ കുട്ടിക്കാലം മുതല്‍ സൂക്ഷ്മമായി വീക്ഷിച്ചു പോന്നയാളാണ് ഞാന്‍. അച്ഛന്‍ തന്നെയാണ് വിദ്യാര്‍ഥി ഫെഡറേഷനിലേക്ക് കൈപിടിച്ചിറക്കുന്നതും. പിന്നീട് എഐവൈഎഫ്, എഐടിയുസിയില്‍ ഒക്കെ പ്രവര്‍ത്തിച്ചു. അച്ഛന്‍ നയിച്ച പാതയിലൂടെ നടന്നു. ആ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചു. അവരുടെ ജനപ്രതിനിധിയായി തെരഞ്ഞെടുത്തു.

വി: ആദ്യമായാണ് ഒരു നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എങ്ങനെയായിരുന്നു തെരഞ്ഞെടുപ്പു പ്രചാരണ അനുഭവങ്ങള്‍?

സു: ആദ്യമായാണ് തെരഞ്ഞെടുപ്പിന് ഇറങ്ങുന്നതെങ്കിലും സംഘടനപ്രവര്‍ത്തനത്തില്‍ സജീവമയിരുന്നല്ലോ. മാത്രവുമല്ല കുട്ടിക്കാലം മുതല്‍ കണ്ടു വരുന്നത് ഇതൊക്കെ തന്നെയാണ്. അതുകൊണ്ട് തെരഞ്ഞെടുപ്പു പ്രചാരണം അത്ഭുതപ്പെടുത്തിയില്ല. പക്ഷെ സ്ഥാനാര്‍ഥി എന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍ പുതിയ അനുഭവമായിരുന്നു.

പ്രചരണകാലത്ത് ഉടനീളം മണ്ഡലത്തില്‍ നിന്നുള്ളവരുടെ സ്‌നേഹവായ്പുകള്‍ അനുഭവിക്കാന്‍ കഴിഞ്ഞു. പാര്‍ട്ടിയോടും അച്ഛനോടും ഉള്ള സ്‌നേഹം അവര്‍ എനിക്കും തന്നു. വീടുകളിലൊക്കെ ചെന്നു കയറുമ്പോള്‍ അമ്മമാരൊക്കെ സ്വന്തം മകനെ പോലെയാണ് കണ്ടത്. ചില മുതിര്‍ന്ന അമ്മമാരുണ്ട്, അവര്‍ വഴക്ക് പറയും; എന്തിനാണ് വെയിലത്ത് വീട് കയറി വരുന്നത്? ജീവനുള്ള കാലം വരെ നെല്‍ക്കതിരിനെ കുത്തുകയുള്ളു. അത് നിന്റെ അച്ഛന്റെ കൂടെ പ്രവര്‍ത്തിച്ച സഖാക്കളോട് ചോദിച്ചാല്‍ അറിയാം... എന്നൊക്കെ ആയിരുന്നു ചിലരുടെ വര്‍ത്തമാനം. ശരിക്കും അഭിമാനം തോന്നി. അതായിരുന്നു ആത്മവിശ്വാസം നല്‍കിയത്. ആന്റണി സര്‍കാരിന്റെ സമയത്ത് കറന്റ് ബില്‍ കൂട്ടിയതിനെതിരെ സമരം നടത്തിയപ്പോള്‍ പൊലീസ് തലയടിച്ചു പൊട്ടിച്ചതൊക്കെ ചിലര്‍ ഓര്‍മിച്ചു പറയും. അതൊക്കെ കേള്‍ക്കുമ്പോള്‍ ഒരു ആവേശമാണ്.വി: എതിര്‍ സ്ഥാനാര്‍ഥി ഒട്ടും മോശക്കാരന്‍ ആയിരുന്നില്ല...

സു: ധനപാലേട്ടന്‍ കോണ്‍ഗ്രസില്‍ അധികം ചീത്ത പേര് കേള്‍പ്പിക്കാത്ത ചുരുക്കം ചില നല്ല വ്യക്തിത്വങ്ങളില്‍ ഒരാളാണ്. അദ്ദേഹവുമായി ഞാന്‍ വ്യക്തിപരമായി നല്ല സൗഹൃദത്തില്‍ ആണ്. വ്യക്തി എന്ന നിലയില്‍ നോക്കുമ്പോള്‍ എന്നെക്കാളും ഒരുപടി മുന്നില്‍ തന്നെയാണ് ഇപ്പോഴും ധനപാലേട്ടന്‍. രാഷ്ട്രീയപരമായി രണ്ടു പ്രത്യയശാസ്ത്രങ്ങളില്‍ ഉള്ളവര്‍ ഏറ്റുമുട്ടി. അല്ലാതെ ആ മത്സരം ഒരിക്കലും ഞങ്ങളുടെ സൗഹൃദത്തെ തകര്‍ത്തിട്ടില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം.

വി: വി കെ രാജന്‍ മുന്‍പ് തോല്‍പ്പിച്ചിട്ടുള്ള ആളാണ് കെപി ധനപാലന്‍. അദ്ദേഹത്തിനോട് തന്നെ വികെ രാജന്റെ മകനും കന്നിയങ്കം കുറിച്ചു വിജയിച്ചു...

സു: അച്ഛന്റെ അവസാനത്തെ തെരഞ്ഞെടുപ്പു വിജയം കെ പി ധനപാലനെ തോല്‍പ്പിച്ചു കൊണ്ടായിരുന്നു. 1987ല്‍. യാദൃശ്ചികമായി ഇപ്പോള്‍ 2016ല്‍ ഞാനും ധനപാലേട്ടന് എതിരെ മത്സരിച്ചു. കരുത്തുറ്റ എതിരാളി തന്നെയായിരുന്നു ധനപാലേട്ടന്‍. അദ്ദേഹത്തിന്റെ വരവ് പഴയ സഖാക്കള്‍ക്കൊക്കെ ഒരു ഉണര്‍വ് നല്‍കി. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിനെക്കാളും ബിജെപിയെക്കാളും ഒക്കെ ഒരുപടി മുന്നില്‍ നിന്ന് പ്രചരണം നടത്താന്‍ ഞങ്ങളുടെ ക്യാമ്പുകളില്‍ ഒരു ആവേശം എപ്പോഴും ഉണ്ടായിരുന്നു. ജയിക്കണം എന്നുള്ള തോന്നല്‍, മണ്ഡലം തിരിച്ചുപിടിക്കണം എന്ന വാശി മുഴുവന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും ഉണ്ടായിരുന്നു.

കൊടുങ്ങല്ലൂരിനെ സംബന്ധിച്ചു സിപിഐയുടെ സിറ്റിംഗ് സീറ്റായിരുന്നു. അത് കഴിഞ്ഞ പ്രാവശ്യം യുഡിഎഫ് പിടിച്ചെടുത്തു. കൈവിട്ടുപോയ മണ്ഡലം തിരികെ പിടിക്കണം എന്ന ആഗ്രഹം എല്ലാ പ്രവര്‍ത്തകര്‍ക്കിടയിലും അതിയായി ഉണ്ടായിരുന്നു. ആ ഒത്തൊരുമയെയാണ് അഭിനന്ദിക്കേണ്ടത്.

വി: മണ്ഡലത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണ്?

സു: പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എല്ലാം നിറവേറ്റാന്‍ പരിശ്രമിക്കും. ആ കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. മറ്റെല്ലാ പ്രദേശങ്ങളിലെയും പോലെ ഇവിടെയും കുടിവെള്ള ക്ഷാമം തന്നെയാണ് പ്രധാന വെല്ലുവിളി. ആദ്യം അതിനു പരിഹാരം കണ്ടെത്തും. പിന്നെ എന്റെ ഒരു സ്വപ്നം ആണ് തീരദേശ റെയില്‍വേ കൊടുങ്ങല്ലൂര്‍ മേഖലയിലൂടെ കൊണ്ട് വരണം എന്നത്. അത് യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കും. വിദ്യാഭ്യാസ മേഖലയ്ക്കു മുന്‍തൂക്കം നല്‍കും. മണ്ഡലത്തിലെ പ്രധാന വ്യാവസായിക, വ്യാപാര മേഖലയാണ് മാള. മാളയുടെ വികസനത്തിന് ഊന്നല്‍ നല്‍കി കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.

വി: മാളയെ പറ്റി പറയുമ്പോള്‍ എടുത്തു പറയേണ്ട ഒരു കാര്യമുണ്ട്. മാളയിലെ ജൂത പള്ളിയും അവരുടെ ശ്മശാനവും നാശത്തിന്റെ വക്കിലാണ്. കഴിഞ്ഞ സര്‍ക്കാര്‍ അതൊന്നും സംരക്ഷിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പുതിയ സര്‍ക്കാരിന്റെ പക്കല്‍ നിന്നും ശുഭകരമായ നടപടികള്‍ പ്രതീക്ഷിക്കാമോ?

സു: തീര്‍ച്ചയായും പ്രതീക്ഷിക്കാം. ജൂതപള്ളിയും ശ്മശാനവും ഒക്കെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കും. കൊച്ചി മട്ടാഞ്ചേരി മോഡലില്‍ ഒരു വിനോദ സഞ്ചാര മേഖലയാക്കി അവിടം മാറ്റാന്‍ ഉള്ള നടപടികള്‍ ചെയ്യും.വി: ഈ തിരഞ്ഞെടുപ്പില്‍ സിപിഐയ്ക്ക് വന്‍വിജയം നേടാന്‍ കഴിഞ്ഞിരിക്കുന്നു. ലോകസഭ തിരഞ്ഞെടുപ്പില്‍ നിന്നും പറ്റിയ തെറ്റുകള്‍ പാര്‍ട്ടി ഉള്‍കൊണ്ടുവെന്ന് കരുതാമോ?

സു: പാര്‍ട്ടി ഇത്തവണ കൂടുതല്‍ സജ്ജമായി എന്നത് ശരിയാണ്. കഴിഞ്ഞകാലങ്ങളില്‍ വലിയ തെറ്റുകള്‍ ഒന്നും പാര്‍ട്ടിക്ക് സംഭവിച്ചിട്ടില്ല. താഴെ ഘടകം മുതല്‍ മുകളറ്റം വരെ ഒരേ പോലെ പരിശ്രമിച്ചു. അത് എല്‍ഡിഎഫിലെ എല്ലാ കക്ഷികളും അങ്ങനെ തന്നെ ആയിരുന്നു. ഒരുമിച്ചു നില്‍ക്കണം എന്ന ബോധ്യം ഉണ്ടായി. അതിന്റെ ഫലവും കിട്ടി.

(അഴിമുഖം ട്രെയ്‌നി റിപ്പോര്‍ട്ടര്‍ ആണ് വിഷ്ണു)Next Story

Related Stories