TopTop
Begin typing your search above and press return to search.

വി.എസ്സിന് എത്ര വയസ്സായി?

വി.എസ്സിന് എത്ര വയസ്സായി?

നൂറുവര്‍ഷംമുമ്പ് ജനിച്ച ഒരാളിന്റെ വയസ് കണ്ടുപിടിക്കുന്നത് ഇന്നത്തെ കാലത്ത് പ്രയാസമുള്ള കാര്യമല്ല. ആ സ്ഥിതിക്ക് ആള്‍ സ്ഥാനമാനങ്ങള്‍ വഹിച്ചിട്ടുണ്ടെങ്കില്‍ ഔദ്യോഗിക രേഖ പരിശോധിച്ചാല്‍ എളുപ്പമായിരിക്കും. ഈ ആള്‍ ആത്മകഥ രചിച്ചിട്ടുണ്ടെങ്കിലോ? അത് മാത്രം നോക്കിയാല്‍ പോരേ?

പറഞ്ഞുവരുന്നത് വി.എസ്. അച്യുതാനന്ദനെക്കുറിച്ചാണ്. കേരളത്തിലെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഇടതുപക്ഷ ജനാധിപത്യമുന്നണി കണ്‍വീനര്‍, സി.പി.ഐ(എം) പോളിറ്റ്ബ്യൂറോ അംഗം, അവിഭക്തകമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 101 അംഗ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന് സി.പി.ഐ(എം) രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തി എന്നിങ്ങനെ ഒരുപാട് പ്രാധാന്യമുള്ള സഖാവാണ് 'വി.എസ്' എന്ന ചുരുക്കത്തില്‍ മലയാളി സ്‌നേഹിക്കുന്ന അച്യുതാനന്ദന്‍.

ആ വി.എസ്സിന് എത്ര വയസ്സായി?

ഈ സംശയത്തിന് കാരണമുണ്ട്; കഴിഞ്ഞ മാസം മൂന്നാറില്‍ നടന്ന 'കൊളുന്ത് വിപ്‌ളവം'.

'കൊട്ടത്തൊപ്പി നാങ്കള്‍ക്ക്
കോട്ടുംസൂട്ടും ഉങ്കള്‍ക്ക്
കാടിക്കഞ്ഞി നാങ്കള്‍ക്ക്
ചിക്കന്‍ദോശ ഉങ്കള്‍ക്ക്
പൊട്ടാലയങ്ങള് നാങ്കള്‍ക്ക്
ഏസി ബംഗ്‌ളാ ഉങ്കള്‍ക്ക്
കൊളുന്തുനുള്ളത് നാങ്കെ
കാശടിക്കത് നീങ്കെ...'-മൂന്നാറിലെ 'പെമ്പിളൈ ഒരുമ'യിലെ വനിതാ തൊഴിലാളികളുടെ ഈ മുദ്രാവാക്യം കേരളമാകെ ഏറ്റെടുത്ത നാളുകള്‍...

അതിലൊരു ദിവസം മൂന്നാര്‍ ഉള്‍പ്പെടുന്ന ദേവികുളം നിയോജകമണ്ഡലത്തിലെ എം.എല്‍.എയും സി.പി.ഐ. (എം) നേതാവുമായ എസ്.രാജേന്ദ്രന്‍ സമരസ്ഥലത്തെത്തുന്നു.സാധാരണഗതിയില്‍ ജനപ്രതിനിധികള്‍ പ്രത്യേകിച്ചും എം.പിയും എം.എല്‍.എയും ഒക്കെ സമരസ്ഥലത്തെത്തിയാല്‍ വന്‍ വരവേല്പാണ് ലഭിക്കുന്നത്. എന്നാല്‍, ഇവിടെ നേരെ തിരിച്ചായിരുന്നു കാഴ്ച. എം.എല്‍.എയെ കണ്ടതോടെ ചീറിക്കൊണ്ട് ആക്രമണോത്സുകരായി പാഞ്ഞടുക്കുകയായിരുന്നു പാവം പെമ്പിളൈകള്‍...കാലില്‍ കിടന്ന ചെരി.പ്പൂരിയെടുത്ത് രാജേന്ദ്രനെ അടിക്കാനോടിയടുക്കുന്ന തൊഴിലാളി സ്ത്രീകളുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് മറ്റൊന്നാണ്.വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലം. മൂന്നാറിലെ അനധികൃതകൈയേറ്റങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന കെ.സുരേഷ് കുമാറിനെ സ്‌പെഷ്യല്‍ ഓഫീസറും ഐ.ജി.ഋഷിരാജ്‌സിംഗ്, ഇടുക്കി കലക്ടര്‍ രാജുനാരായണസ്വാമി എന്നിവരെ അംഗങ്ങളുമാക്കി പ്രത്യേകസമിതിയുണ്ടാക്കി 'മൂന്നാര്‍ മിഷന്‍' വി.എസ് പ്രഖ്യാപിച്ചപ്പോള്‍ പ്രിയദര്‍ശന്റെ പ്രശസ്ത സിനിമയായ 'കിലുക്ക'ത്തില്‍ ഇന്നസെന്റ് അവതരിപ്പിക്കുന്ന കഥാപാത്രമായ കിട്ടുണ്ണി പറയുന്നപോലെ 'കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്' എന്ന മട്ടിലാണ് മലയാളികള്‍ പ്രതികരിച്ചത്. എന്നാല്‍, സുരേഷ്‌കുമാറും ഋഷിരാജ് സിംഗും രാജുനാരായണ സ്വാമിയുമടങ്ങുന്ന 'മൂന്നു പൂച്ചകള്‍' അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് ജെ.സി.ബി കയറ്റിയതോടെ കേരളം പുതിയ കാഴ്ച കാണുകയായിരുന്നു. അന്നത്തെ ഭരണകക്ഷികളായ സി.പി.ഐയും സി.പി.എമ്മുംപോലും വ്യാജപട്ടയവും കൈയേറ്റവും നടത്തി പാര്‍ട്ടി ഓഫീസുകള്‍ നിര്‍മ്മിച്ച് ഹോട്ടലുകള്‍ നടത്തുന്ന കാഴ്ച മലയാളികള്‍ കണ്ടു. അപ്പോഴാണ് പൂച്ചക്ക് എലിയെ പിടിക്കാനാവും എന്ന് മനസ്സിലായത്. അന്ന് ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി ഈ സംഘം കൈയേറ്റക്കാരില്‍നിന്ന് തിരിച്ചു പിടിച്ചു. അതിനെ അട്ടിമറിക്കാന്‍ മുന്നില്‍ നിന്നത് എസ്.രാജേന്ദ്രന്‍ എന്ന ഭരണകക്ഷി എം.എല്‍.എയായിരുന്നു. മൂന്നാറിലെ പാവപ്പെട്ട തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കി വന്‍കിട അനധികൃത കൈയേറ്റങ്ങള്‍ പൊളിക്കാന്‍ വന്ന ഉദ്യോഗസ്ഥ സംഘത്തെ എറിയാന്‍ കല്ലുമായി നിന്ന രാജേന്ദ്രന്റെ ദൃശ്യങ്ങള്‍ അന്ന് മാദ്ധ്യമങ്ങള്‍ കാട്ടിത്തന്നിരുന്നല്ലോ.

അതേ മലയാളികളാണ് ഇത്തവണ രാജേന്ദ്രന്‍ ചെരിപ്പിന് അടി കൊള്ളാതെ പൊലീസ് സഹായത്തോടെ രക്ഷപ്പെടുന്നത് തത്സമയം കണ്ടത്. അന്ന് ഏത് തൊഴിലാളികളുടെ പേരിലാണോ ഈ എം.എല്‍.എ ഉദ്യോഗസ്ഥരായ 'മൂന്ന് പൂച്ച'കളെ എറിയാന്‍ കല്ലെടുത്തത് ഇന്ന് അതേ തൊഴിലാളികള്‍ എം.എല്‍.എയെ തെരഞ്ഞുപിടിച്ച് ചെരിപ്പിനടിക്കാന്‍ ഓടിക്കുന്നു!

അന്ന് വി.എസ്. അച്യുതാനന്ദന്‍ എന്ന മുഖ്യമന്ത്രിയെ തൊഴിലാളികളെ ഉപയോഗിച്ച് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നല്ലോ. ഇന്ന് അതേ തൊഴിലാളികള്‍ വി.എസ്.എന്ന ജനനായകനെ നെഞ്ചേറ്റി സമരനേതൃനിരയിലേക്ക് ആനയിക്കുന്നു.' കൊടുത്താല്‍ കോല്ലത്തും കിട്ടും' എന്ന ചെല്ലിന്റെ അര്‍ത്ഥം ഇപ്പോള്‍ രാജേന്ദ്രന് മനസ്സിലായിക്കാണും.

കെ.എം.. മാണി എന്ന ധനമന്ത്രി കേരളത്തിലെ ഇരുമുന്നണികളുടെയും ഏറ്റവും വിലപിടിപ്പുള്ള 'വിഭവ'മായി തുടരുകയായിരുന്നല്ലോ.ഒരു ഘട്ടത്തില്‍ എല്‍.ഡി.എഫിന്റെ മുഖ്യമന്ത്രി എന്ന നിലയിലേക്കുവരെ ചര്‍ച്ച പുരോഗമിച്ചത് പഴയ ചീഫ് വിപ്പും കേരളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായിരുന്ന പി.സി.ജോര്‍ജ് തന്നെ പറഞ്ഞിട്ടുണ്ട്. ആ മാണിയെ കേരള രാഷ്ട്രീയത്തിലെ 'എടുക്കാച്ചരക്കാക്കിയതില്‍' മുഖ്യപങ്കുവഹിച്ചതും വി.എസ്. അച്യുതാനന്ദനാണ്. ബാര്‍ കോഴയും ബഡ്ജറ്റുവില്പനയും ഒന്നും പുതിയ കാര്യമല്ല. പക്ഷേ, കേരള നിയമസഭയില്‍ ഒരു ധനമന്ത്രിക്ക് ബഡ്ജറ്റ് നേരേ ചൊവ്വേ അവതരിപ്പിക്കാന്‍പോലും ആകാത്ത ഗതികേട് ആദ്യമായിരുന്നു.

ആ ധനമന്ത്രി കെ.എം.മാണിയുടെ പെഴ്‌സണല്‍ അസിസ്റ്റന്റും കവിയുമായ അഗസ്റ്റിന്‍ ജോസഫ് 'മൂന്നാര്‍ സമര'ത്തെക്കുറിച്ച് 'ഫെയ്‌സ്ബുക്കി'ല്‍ എഴുതിയത് ഇങ്ങനെയാണ് - 'വി.എസ്.അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയക്കാരന്റെ ശക്തിയും ദൗര്‍ബല്യവും ഒന്നും ഇടതുപക്ഷത്തിന് ഇതേവരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും ഉമ്മന്‍ചാണ്ടി എന്ന വലതുപക്ഷക്കാരന്‍ അത് നന്നേ തിരിച്ചറിഞ്ഞതാണ് മൂന്നാര്‍ സമരത്തില്‍ നമ്മുടെ സഹോദരിമാരും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരേസമയം വിജയിക്കാന്‍ കാരണം.'

വി.എസ് അന്ന് മൂന്നാറിലെത്തുകയും രാഷ്ട്രീയക്കാരെ ഓടിച്ചുവിട്ട പെമ്പിളൈ ഒരുമൈ സമരവേദിയിലേക്ക് ആവേശപൂര്‍വ്വ സ്വീകരണത്തോടെ സമരം വിജയിക്കും വരെ അവിടെ ഇരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായി. അതിനുമുമ്പേതന്നെ തോട്ടം ഉടമകള്‍ക്കുവേണ്ടി സംസാരിച്ച മന്ത്രി ഷിബു ബേബിജോണിന് വി.എസ്സില്‍നിന്ന് ചുട്ട മറുപടിയും കിട്ടി.

അന്നത്തെ ചാനല്‍ ചര്‍ച്ചകളിലെല്ലാം 'തൊണ്ണൂറ്റിനാലുകാരനായ വി.എസ്. അച്യുതാനന്ദന്‍ വിജയിപ്പിച്ച സമരം' എന്ന നിലയിലായിരുന്നു പരാമര്‍ശങ്ങള്‍.അടുത്ത ദിവസത്തെ ചില പത്രങ്ങളിലും സമാനമായ പരാമര്‍ശങ്ങളുണ്ടായി.

അപ്പോഴാണ് വി.എസ്. അച്യുതാനന്ദന് എത്ര വയസ്സായി എന്ന ചോദ്യമുയര്‍ന്നത്.

ഏറ്റവും എളുപ്പം നിയമസഭയുടെ വെബസൈറ്റ് പരിശോധിക്കുകയാണ്. അതില്‍, 'ശങ്കരന്റെയും അക്കമ്മയുടെയും മകനായി പുന്നപ്രയില്‍ 1923 ഒക്ടോബര്‍ 20ന് ജനിച്ചു' എന്ന് ആദ്യവാചകത്തില്‍തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. വി.എസ്സിന്റെ അത്മകഥയായ 'സമരംതന്നെ ജീവിതം' എന്ന ചെറുകൃതി ആരംഭിക്കുന്നതുതന്നെ '1923 ഒക്ടോബര്‍ 20നാണ് ഞാന്‍ ജനിച്ചത്' എന്ന വാചകത്തോടെയാണ്.എന്നിട്ടും വി.എസ്സിന് എങ്ങനെ 94 വയസ്സായി?

ഇത് 2015 ആണല്ലോ. വി.എസ് ജനിച്ചത് 1923. അപ്പോള്‍ 2015 - 1923 ആണല്ലോ വി.എസ്സിന്റെ വയസ്. അതിന്‍ പ്രകാരം ഈ ഒക്ടോബര്‍ 20ന് വി.എസ്സിന് 92 വയസ് ആവുകയേയുള്ളൂ.

ഈ തൊണ്ണൂറ്റിരണ്ടാം വയസ്സിലും സമരയൗവനമായി കേരളത്തിന്റെ മനസ്സില്‍ ഒരു വി.എസ്. അച്യുതാനന്ദന്‍ മാത്രമേയുള്ളൂ.

വി.എസ്.അച്യുതാനന്ദനെക്കുറിച്ച് 2006 ഏപ്രില്‍ ഏഴിന് ഡോ.സുകുമാര്‍ അഴീക്കോട് എഴുതിയത് ഇങ്ങനെയാണ്: 'ജൗളിക്കടയില്‍നിന്ന് നിയമനിര്‍മ്മാണസഭവരെയുള്ള ഒരു കയറ്റമാണ് വി.എസ്സിന്റെ ജീവിതം. മരക്കുടിലില്‍നിന്ന് വൈറ്റ്ഹൗസിലേക്ക് കയറിപ്പോയ എബ്രഹാംലിങ്കനെ ഓര്‍ത്തുപോകും. താഴ്‌വരയില്‍നിന്ന് മുളച്ചുവളര്‍ന്ന ഒരു ചന്ദനമരം വളര്‍ന്ന് മലയുടെ മുടിവരെ ഉയര്‍ന്നുപൊങ്ങിയതുപോലെ!'

അഴീക്കോട് മാഷ് യശശ്ശരീരനായെങ്കിലും അദ്ദേഹത്തിന്റെ മരണാനന്തരം സംഭവിച്ചതുകൂടി മുന്‍കൂട്ടി കണ്ടോ എന്ന് സംശയിക്കണം. ഡോ.അഴീക്കോടിന്റെ ആ നിരീക്ഷണം ഇങ്ങനെയായിരുന്നു: 'ഇദ്ദേഹത്തിന്റെ( വി.എസ്സിന്റെ) ശരീരത്തെയോ മനസ്സിനെയോ കരിച്ചുകളയാന്‍ പോരുന്ന ഒരു അഗ്നികുണ്ഡവും ഇനി ബാക്കിയുണ്ടെന്നു തോന്നുന്നില്ല'

അതെ, വി.എസ് എന്ന ചുരുക്കപ്പേരായി മലയാളിയുടെ മനസ്സിലേക്ക് പോരാട്ടത്തിന്റെ ഒടുങ്ങാത്ത സമരജ്വാലയായി പടര്‍ന്നു കയറുകയാണ് ഈ തൊണ്ണൂറ്റിരണ്ടുകാരന്‍. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അദ്ദേഹത്തിന്റെ തട്ടകമായ കണിച്ചുകുളങ്ങര പോയി വെല്ലുവിളിക്കാന്‍ ഈ പ്രായത്തിലും ഇത്ര ചങ്കുറപ്പുള്ള മറ്റൊരു നേതാവ് കേരളത്തിലില്ല. 'മടിയില്‍ കനമില്ലാത്തവന് വഴിയില്‍ പേടിയില്ല' എന്ന ചൊല്ല് അര്‍ത്ഥവത്താണെന്ന് മലയാളിക്ക് അറിയാമെന്നതിനാലാണ് ഈ പ്രായത്തിലും വി.എസ് കേരളത്തിന്റെ താരമായി തുടരുന്നത്. ചെറുപ്പമെത്തുംമുമ്പേ നരച്ചുപോവുന്ന ഇന്നത്തെ നേതാക്കള്‍ക്കിടയില്‍ പത്തരമാറ്റോടെ വേറിട്ടുനില്‍ക്കാന്‍ വി.എസ്സിന് സാധിക്കുന്നതിന് കാരണവും മറ്റൊന്നില്ല. പതിനേഴാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ വി.എസ്സിന് പൊതുജീവിതത്തിന് 'ശുഭ്രം' എന്നതിനപ്പുറം മറ്റൊരു അര്‍ത്ഥമില്ല. പാലാ പൊലീസ് സ്റ്റേഷനില്‍ ബയണറ്റുകൊണ്ടുള്ള കുത്തേറ്റ് ബോധം മറഞ്ഞ വി.എസ്സിനെ മരിച്ചെന്നു കരുതി കാട്ടില്‍ കളയാന്‍ പൊലീസ് ജീപ്പില്‍ കൊണ്ടുപോവുമ്പോള്‍ കുഞ്ഞപ്പന്‍ എന്ന കള്ളന് തോന്നിയ കാരുണ്യം കാരണം പാലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ് ഈ വിപ്‌ളവകാരിയുടെ പുനര്‍ജന്മത്തിന് നിമിത്തമായത്. ഈ 'രണ്ടാം' ജന്മത്തില്‍ ജനങ്ങള്‍ക്കുവേണ്ടിയുള്ള യുദ്ധങ്ങള്‍ നയിക്കാന്‍ വി.എസ്സിന് തീര്‍ച്ചയായും പ്രായവും ആരോഗ്യവും ഇനിയും ബാക്കിയുണ്ടാവും...!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories