TopTop

ഇനിയെങ്കിലും പാര്‍ട്ടി വി എസിനെ ജയിക്കണം- എന്‍ മാധവന്‍കുട്ടി

ഇനിയെങ്കിലും പാര്‍ട്ടി വി എസിനെ ജയിക്കണം- എന്‍ മാധവന്‍കുട്ടി

എന്‍ മാധവന്‍കുട്ടി

വ്യക്തിപരമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി അഴിമതി വിരുദ്ധ മുഖംമുടിയുമായി സ്വന്തം പാര്‍ട്ടിയെ ഒരു പതിറ്റാണ്ടിലേറെയായി ബ്ലാക് മെയ്ല്‍ ചെയ്യുന്ന ഒരു നേതാവിന്റെ നിരന്തരമുള്ള മലക്കംമറിച്ചിലുകള്‍ മാധ്യമപ്രസ്ഥാനങ്ങള്‍ക്ക് സര്‍പ്രൈസുകളാണെങ്കിലും ഒരു രാഷ്ട്രീയപ്രസ്ഥാനത്തോട് ചേര്‍ന്നുനില്‍ക്കുന്നവരില്‍ യാതൊരു അത്ഭുതവും ഉണ്ടാക്കുന്നില്ല. അതുകൊണ്ട് തന്നെ സഖാവ് വി എസ് അച്യുതാനന്ദന്റെ ഇപ്പോഴത്തെ നീക്കങ്ങളും പലര്‍ക്കും ചര്‍ച്ച ചെയ്യാനുള്ള വിഷയമാണെങ്കിലും എനിക്കങ്ങനെ തോന്നുന്നില്ല. തത്വാധിഷ്ഠിതമോ, മൂല്യാധിഷ്ഠിതമോ, സൈദ്ധാന്തികാധിഷ്ഠിതമോ സത്യാധിഷ്ഠിതമോ ആയ ഒറു നിലപാടും സ്വീകരിച്ചുകൊണ്ടല്ല വി എസ് അദ്ദേഹത്തിന്റെ രാഷ്ട്രീയം വളരെ കാലമായി മുന്നോട്ടുകൊണ്ടുപോകുന്നത്. അതുകൊണ്ടുതന്നെ ഈ കലാപനാടകത്തെ ഒരു വിധത്തിലും ശ്രദ്ധിക്കേണ്ടതായി വരുന്നില്ല.

വി എസ് അല്ല ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രശ്‌നം, അദ്ദേഹത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിക്കുണ്ടായ പരാജയമാണ്. 2006 മാര്‍ച്ച് 12 ന് പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്ന് സഖാവ് വി എസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്ന തീരുമാനം കൈക്കൊണ്ടിരുന്നു. എന്നാല്‍ 18 ആം തീയതി കേരളത്തിലെ ഏതാനും സിപിഎം വിരുദ്ധ മാധ്യമങ്ങളുടെയും ചെറു സംഘങ്ങളുടെയും നാടകത്തിലൂടെ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെപ്പോലൊരു പ്രസ്ഥാനത്തിന് തങ്ങള്‍ കൈക്കൊണ്ട് തീരുമാനം തിരിച്ചെടുത്തപ്പോള്‍, അന്ന് പാര്‍ട്ടി ഒരു വ്യക്തിക്ക് മുന്നില്‍ തോല്‍ക്കുകയായിരുന്നു. ആ തോല്‍വിക്കാണ് പാര്‍ട്ടി പിന്നീട് ഓരോ ദിവസവും തോറ്റുകൊടുക്കേണ്ടി വന്നത്. വി എസ് അച്യുതാനന്ദന്റെ പാര്‍ലമെന്ററി അധികാരമോഹം എന്താണോ അതേ പ്രകടനം കൊണ്ടാണ് അദ്ദേഹത്തെ പാര്‍ട്ടിക്ക് സഹിക്കേണ്ടി വരുന്നതെന്നതാണ് പാര്‍ട്ടിയുടെ വീഴ്ച്ച. വി എസിന് വോട്ടുണ്ടെന്നും അദ്ദേഹം ജനപ്രിയനാണെന്നും തെരഞ്ഞെടുപ്പില്‍ അദ്ദേഹമില്ലെങ്കില്‍ ജയിക്കാന്‍ കഴിയില്ലെന്നുമൊക്കെയുള്ള ഭയമാണ് പാര്‍ട്ടിക്ക്. തെരഞ്ഞെടുപ്പില്‍ ജയിക്കലാണോ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രധാനം? ജനപ്രിയതയാണോ പാര്‍ട്ടിക്ക് വലുത്? പാര്‍ലമെന്ററി വ്യാമോഹമുള്ള ഒരു നേതാവ് പാര്‍ട്ടിയെ ബ്ലാക് മെയ്ല്‍ ചെയ്യുമ്പോള്‍ അതിനെ നേരിടേണ്ടത് അദ്ദേഹത്തിന് കീഴടങ്ങിക്കൊണ്ടല്ല വേണ്ടതെന്ന് പാര്‍ട്ടി ഇതുവരെ മനസ്സിലാക്കിയില്ല. പ്രശ്‌നങ്ങള്‍ ഇത്രനാളും സങ്കീര്‍ണ്ണമാക്കിയത്. ആ പോരായ്മയാണ് ഇപ്പോള്‍ പരിഹരിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ പാര്‍ട്ടി വി എസിന് കീഴടങ്ങിയില്ല, പകരം അദ്ദേഹത്തിനു മുന്നില്‍ കര്‍ശനമായ നിര്‍ദേശം വച്ചു. അതനുസരിക്കുമോ ഇല്ലയോ എന്നതിനെ സംബന്ധിച്ചാണ് ഇനി അച്യുതാനന്ദന്റെ ഭാവി. ഉപാധികളോ, ഒത്തുതീര്‍പ്പുകളോ ഇനി നടക്കില്ല. അല്ലെങ്കിലും ഉപാധികളും ഒത്തുതീര്‍പ്പുകളും മധ്യസ്ഥതയുമൊക്കെ ഭൂമിക്കച്ചവടത്തിലെ നടക്കൂ, കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നടക്കില്ല. ഈ പാര്‍ട്ടിയില്‍ അച്ചടക്കത്തിനാണ് പ്രധാന്യം. ഇത്രയും നാളും ഒരു വ്യക്തിയുടെ കാര്യത്തില്‍ ആ അച്ചടക്കത്തില്‍ വീഴ്ച്ച വരുത്തിയതു തന്നെയാണ് പാര്‍ട്ടിക്ക് ദോഷമായതും.

പാര്‍ട്ടിയില്‍ തന്നെ നില്‍ക്കാനാണ് വി എസ് ആഗ്രഹിക്കുന്നതെങ്കില്‍, ഇനി മുതല്‍ അദ്ദേഹത്തെ പാര്‍ട്ടിക്ക് കീഴില്‍ നിര്‍ത്താനാകണം. ഇതുവരെ അതിന് സാധിച്ചില്ല എന്നത് വാസ്തവമാണ്. ഒരു തോല്‍വിയെ ഭയന്ന് ദിവസവും തോറ്റുകൊടുക്കുകയായിരുന്നു. അതിനിയും തുടരുകയാണെങ്കില്‍ അതിന്റെ ദോഷവും പാര്‍ട്ടി തന്നെ അനുഭവിക്കേണ്ടിവരും. വി എസിനോട് കീഴടങ്ങിക്കൊണ്ട് പാര്‍ട്ടി തീരുമാനത്തിലെത്തുകയാണെങ്കില്‍ പ്രതിസന്ധികള്‍ അവസാനിക്കുന്നില്ല എന്നുതന്നെയാണ് അര്‍ത്ഥം. അതല്ല, പാര്‍ട്ടിയുടെ കൂടെ നില്‍ക്കാനാണ് വി എസിനെ കൊണ്ട് തീരുമാനമെടുപ്പിക്കുന്നതെങ്കില്‍ അദ്ദേഹത്തെ കൊണ്ട് സ്വയം വിമര്‍ശനം നടത്തിക്കണം. താന്‍ ഇതുവരെ ചെയ്തതെല്ലാം തെറ്റാമെന്ന് പരസ്യമായി പറയിപ്പിക്കണം. പാര്‍ട്ടി സഖാക്കളും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ജനങ്ങളും അങ്ങനെ പ്രതീക്ഷിക്കുന്നുണ്ട്.(മുതിര്‍ന്ന മാധ്യമ പ്രവർത്തകനാണ് ലേഖകൻ)*Views are personal


Next Story

Related Stories