TopTop
Begin typing your search above and press return to search.

ജയിച്ചത് വി എസോ അതോ പിണറായിയോ? നമ്മള്‍ മലയാളികള്‍ക്ക് ഇത്രയും അറിഞ്ഞാല്‍ മതി

ജയിച്ചത് വി എസോ അതോ പിണറായിയോ? നമ്മള്‍ മലയാളികള്‍ക്ക് ഇത്രയും അറിഞ്ഞാല്‍ മതി

സാജു കൊമ്പന്‍

സി പി ഐ എമ്മിന്റെ വിശാഖ പട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങിയത് മുതല്‍ മാധ്യമങ്ങള്‍ ചോദിച്ചു തുടങ്ങിയിരുന്നു. ആര് ജയിക്കും? സീതാറാം യച്ചൂരിയോ അതോ എസ് രാമചന്ദ്രന്‍ പിള്ളയോ? ഒടുവില്‍ ആ ചോദ്യം ഇങ്ങനെയായി. ജയിച്ചത് പിണറായിയോ അതോ വി എസോ?

വി എസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നു ഇടയ്ക്ക് വെച്ച് തിരിച്ചു പോരുന്നു എന്നൊക്കെ ചാനലുകള്‍ ബ്രേക്ക് ചെയ്യാന്‍ തുടങ്ങിയത് മുതല്‍ മലയാളിക്ക് സുപരിചിതമായ സി പി എം നാടകീയതയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു. അതിന് മുന്പ് ഒരു മുഴം മുന്നേ വി എസ് യച്ചൂരിക്ക് വിജയാശംസകള്‍ നേരുകയും ചെയ്തതോടെ കാര്യങ്ങള്‍ വ്യക്തമായി. നാടകാന്ത്യം എന്തു സംഭവിക്കുമെന്നായി കമ്യൂണിസ്റ്റ് സൈദ്ധാന്തികരും എന്നും ഒരു ജയന്‍-ബാലന്‍ കെ നായര്‍ സ്റ്റണ്ട് പടം കാണുന്ന ലാഘവത്തോടെ സി പി എം സമ്മേളനങ്ങളെ കണ്ടിരുന്ന രാഷ്ട്രീയ കുതുകികളായ മലയാളി ചാനല്‍ പ്രേക്ഷകരും. യച്ചൂരിയുടെ സ്വന്തം നാടായ ആന്ധ്രയില്‍ പോലും ഉണ്ടായിക്കാണില്ല ഇത്രയേറെ ആശങ്കയും ആകാംക്ഷയും.

ഒടുവില്‍ കേരളത്തിലെ സകലമാന വാര്‍ത്താ ചാനലുകളും രാഷ്ട്രീയ വിശാരദന്മാരും ചര്‍ച്ചിച്ച് തീരുമാനിച്ചു. വി എസ് ജയിച്ചു. കേരളത്തിലെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലെന്നപോലെ ഇറങ്ങി വരാന്‍ തീരുമാനിച്ച വി എസ് ആഹ്ലാദ ചിത്തനായി വിശാഖപട്ടണത്തെ സമ്മേളന വേദിയില്‍ തിരിച്ചെത്തി. മുന്‍കൂറായി ആശംസ നേരുന്നത് കമ്യൂണിസ്റ്റ് രീതിയല്ല എന്നു പറഞ്ഞ പിള്ളേച്ചന്‍റെ ചീട്ട് കീറി എന്ന് വി എസ് തിരിച്ചറിഞ്ഞു. ഒരു പൊതുതിരഞ്ഞെടുപ്പില്‍ പോലും മത്സരിച്ച് ജയിച്ച് പരിചയമില്ലാത്ത എസ് ആര്‍ പി അപകടം മണത്തു. ഉള്ള മാനം പോക്കാതെ മാളത്തിലേക്ക് തല വലിച്ചപ്പോള്‍ പി ബി തീരുമാനം ഏകകണ്ഠമായി. സീതാറാം യെച്ചൂരി എന്ന തെലുങ്കന്‍ സി പി എം ജനറല്‍ സെക്രട്ടറി.ഇപ്പുറത്ത് പിണറായി നിന്നു പരിതപിച്ചിരിക്കാം. തോല്‍ക്കാനായി വിജയന്‍റെ ജീവിതം പിന്നെയും ബാക്കി. താന്‍ സെക്രട്ടറിയായിരുന്ന കാലത്തെ പരാജയങ്ങളെല്ലാം തന്‍റെതും വിജയങ്ങളെല്ലാം ആ വൃദ്ധന്റെയുമെന്നാണ് പാണന്‍മാര്‍ ചാനലുകളായ ചാനലുകള്‍ കയറിയിറങ്ങി പാടിനടക്കുന്നതെന്ന് പിണറായിക്ക് നന്നായറിയാം. വിശാഖപട്ടണത്ത് നടന്നത് സി പി ഐ എം ദേശീയ നേതൃത്വത്തില്‍ കണ്ണൂര്‍ ലോബിയുടെ പരാജയമെന്ന് വരെ സൈദ്ധാന്തികര്‍ പറഞ്ഞു കളഞ്ഞിരിക്കുന്നു. ഇനി തലയില്‍ മുണ്ടിട്ടല്ലാത്തെ കേരളത്തില്‍ വിമാനമിറങ്ങാന്‍ പറ്റില്ല. മാധ്യമങ്ങളോട് അത്ര ചങ്ങാത്തത്തില്‍ അല്ലാത്തതുകൊണ്ട് തന്നെ കേരളത്തില്‍ ഏകദേശം പ്രാന്തവത്കൃതനാണ് പിണറായി. ഇപ്പോഴിതാ യെച്ചൂരി വന്നതോടെ ദേശീയ നേതൃത്വത്തിലും പിടി അയയാന്‍ പോകുന്നു. പ്രകാശ് കാരാട്ട് എന്ന വിധേയന്‍ അവിടെയില്ലല്ലോ എന്ന അടക്കിപ്പിടിച്ച കുശുകുശുപ്പ്.

വിശാഖപട്ടണത്ത് നിന്ന് ആദ്യം നാട്ടില്‍ പറന്നിറങ്ങിയത് വി എസ്. മാധ്യമങ്ങള്‍ എപ്പോഴും വിശകലനം ചെയ്യാറുള്ള ആ ശരീര ഭാഷ തന്നെ മതി വി എസ് വിജയശ്രീലാളിതനായാണ് വന്നതെന്ന് വ്യാഖ്യാനിക്കാന്‍. വിമാനത്താവളത്തില്‍ വച്ചു തന്നെ ആദ്യ വെടി മുഴങ്ങി വീരേന്ദ്രകുമാറിന്റെ ജനതാദള്‍, ആര്‍ എസ് പി തുടങ്ങിയ കക്ഷികളെ പിണക്കി പറഞ്ഞയച്ചതിലൂടെ കേരളത്തിലെ പാര്‍ട്ടിയെ ക്ഷീണിപ്പിക്കുകയാണ് മുന്‍ നേതൃത്വം ചെയ്തത്. (അതായത് പിണറായി വിജയന്റെയും പ്രകാശ് കാരാട്ടിന്റെയും നേതൃത്വം എന്ന് സാരം). എന്നാല്‍ പുതിയ നേതൃത്വത്തിന് (യച്ചൂരിയുടെ മാത്രമല്ല കൊടിയേരിയുടെയും) പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും, വി എസ് പ്രഖ്യാപിച്ചു. വിശാഖപട്ടണത്ത് കണ്ടത് വി എസിന്റെ വിജയമാണോ എന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് ഉചിതമായ രീതിയില്‍ വിശകലനം ചെയ്ത് എഴുതിക്കോളൂ എന്ന സ്വാതന്ത്ര്യവും അദ്ദേഹം നല്കി.

തുടര്‍ന്ന് യച്ചൂരി എന്ന വീര ബ്രാഹ്മണ പുത്രന്റെ കീഴില്‍ പാര്‍ട്ടി വിജയത്തിന്റെ സോപാനങ്ങള്‍ കടക്കുമെന്ന് ചിലര്‍ പറഞ്ഞു വെച്ചു. അങ്ങനെയല്ല ബംഗാളില്‍ പാര്‍ട്ടിയുടെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോയത് ഈ സഖാവിന് അവിടെ ചാര്‍ജ്ജുള്ളപ്പോള്‍ ആയിരുന്നെന്ന് മറ്റ് ചിലര്‍. ഹര്‍കിഷന്‍സിംഗ് സുര്‍ജിത്തിനെപോലെ ഒരു ന്യൂട്രല്‍ സംസ്ഥാനത്ത് നിന്നുള്ള പ്രതിനിധിയായതുകൊണ്ട് ഡല്‍ഹിയിലെ രാഷ്ട്രീയ ഉപശാലകളിലെ കിംഗ്മേക്കര്‍ പദവി വീണ്ടെടുക്കാന്‍ കഴിയുമെന്ന് മറ്റ് ചിലര്‍. ജനതാ പരിവാറും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്നുള്ള ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ ഒരു മഹാ സഖ്യം സ്വപ്നം കണ്ട് മറ്റ് ചിലര്‍. എന്തായാലും യച്ചൂരിയുടെ സ്ഥാനാരോഹണത്തില്‍ അന്തിമവിജയം വി എസിനെന്ന വിലയിരുത്തലില്‍ ഒട്ടുമിക്ക അന്തി ചര്‍ച്ചകളും അവസാനിച്ചു; പതിവുപോലെ.പാര്‍ട്ടി കോണ്‍ഗ്രസ് ചിന്തയെ ഇങ്ങനെചുരുക്കാം. ദേശീയ തലത്തില്‍ വലിയ കളികള്‍ കളിക്കാനൊന്നുമുള്ള പ്രാപ്തി യെച്ചൂരിക്കില്ല. അങ്ങനെ എന്തെങ്കിലും കളിക്കണമെങ്കില്‍ കേരളം കനിയണം. അതായത് 2004ല്‍ ജയിച്ചത് പോലെ 18 സീറ്റേങ്കിലും കേരളത്തില്‍ നിന്നു കിട്ടണം. പാര്‍ലമെന്റില്‍ മമതയേക്കാളും വലിയ ശക്തി തങ്ങളാണെന്ന് തെളിയിക്കണം. (അടുത്ത തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മുന്‍പില്‍ മമത വീഴുമെന്നാണ് നിരീക്ഷക മതം). അല്ലെങ്കില്‍ ജനതാ പരിവാറും മറ്റും മമതയുടെ കൂടെ പോകും. യെച്ചൂരിയും സി പി എമ്മും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏകാന്തപഥികരാകും. നരേന്ദ്ര മോദിയുടെ കീഴില്‍ സാധാരണക്കാരന്റെയും ന്യൂനപക്ഷങ്ങളുടെയും ജീവിതവും മണ്ണും പ്രകൃതിയുമെല്ലാം കോര്‍പ്പറേറ്റുകളുടെയും ഫാസിസ്റ്റ് സംഘങ്ങളുടെയും കാല്‍ക്കീഴില്‍ അമരും. യച്ചൂരിയില്‍ ഇന്ത്യന്‍ സിപ്രാസിനെ സ്വപ്നം കാണുന്നവര്‍ സ്വപ്നത്തില്‍ ജീവിച്ച് സ്വപ്നത്തില്‍ മരിക്കും.

അപ്പോഴും വി എസും പിണറായിയും കേരളമെന്ന പൊട്ടക്കുളത്തില്‍ ചില കളികള്‍ കളിച്ചും കളിപ്പിച്ചും അതിന്റെ വിജയ ലഹരിയില്‍ സ്വയം മറക്കും. അതിനുള്ള വെടിമരുന്ന് യെച്ചൂരി നിറച്ചു കഴിഞ്ഞു എന്നാണ് ഒരു മലയാളം ചാനലിന് നല്കിയ അഭിമുഖത്തിലെ അദ്ദേഹത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ആരോഗ്യവും ഊര്‍ജ്ജവും ഉണ്ടെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വി എസിന് മത്സരിക്കാം. വിശാഖപട്ടണത്ത് 70ഉം 80ഉം പ്രായമുള്ളവരേക്കാള്‍ സജീവമായിരുന്നു 90 കഴിഞ്ഞ വി എസ് എന്നും യെച്ചൂരി കൂട്ടിച്ചേര്‍ക്കുന്നു.


Next Story

Related Stories