TopTop
Begin typing your search above and press return to search.

എംവിആറും ഗൌരിയമ്മയും പിജിയും വിഎസിനെ വേട്ടയാടുമോ?

എംവിആറും ഗൌരിയമ്മയും പിജിയും വിഎസിനെ വേട്ടയാടുമോ?

കടുത്ത അച്ചടക്ക ലംഘനം നടത്തിയെന്ന പോളിറ്റ് ബ്യുറോ അച്ചടക്ക സമിതിയുടെ റിപ്പോർട്ടിന്മേൽ വി എസ് അച്യുതാനന്ദന് എതിരെ സിപിഎം കേന്ദ്രകമ്മിറ്റി എന്ത് നടപടിയാണ് കൈക്കൊള്ളുക എന്നതാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാഷ്ട്രീയ കേരളം ചർച്ച ചെയ്യുന്നത്. ആദ്യം പോളിറ്റ്ബ്യൂറോയിൽ നിന്നും തുടർന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നും അച്ചടക്ക ലംഘനത്തിന്റെ പേരിൽ ഒഴിവാക്കപ്പെട്ട ആളാണ് വിഎസ് എന്നതിനാലും നിലവിൽ വിഎസ് മുഖ്യമന്ത്രി അല്ലെന്നതിനാലും കേരളത്തിലെ തദ്ദേശ ഭരണ - നിയമ സഭ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞതിനാലും വിഎസ്സിനെതിരെ നടപടി ഉണ്ടാകും എന്ന കാര്യത്തിൽ ഉറച്ച വിശ്വാസം വെച്ച് പുലർത്തുന്നവരാണ് ഔദ്യോഗിക വിഭാഗത്തിൽ പെട്ട നേതാക്കളിൽ അധികവും. എന്നാൽ വിഎസ്സിന്റെ പ്രായത്തെയും അദ്ദേഹം പാർട്ടിക്കു നൽകിയ സംഭാവനകളും കണക്കിലെടുത്തു ശിക്ഷ വെറും താക്കീതിൽ ഒതുക്കുമെന്നു കരുതുന്നവരും സിപിഎമ്മിൽ ഉണ്ട്.

എം വി രാഘവൻ, ഗൗരിയമ്മ, പി ഗോവിന്ദ പിള്ള എന്നിവർക്കെതിരെ നടപടി എടുപ്പിക്കുന്നതിൽ കടുംപിടുത്തം നടത്തിയ ഒരാളാണ് ഇപ്പോൾ തനിക്കെതിരെ കേന്ദ്ര കമ്മിറ്റി എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന് കാത്തിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. ബദൽ രേഖ പ്രശ്നത്തിൽ എംവിആറിനെയും തൻപ്രമാണിത്തം ആരോപിച്ചു ഗൗരിഅമ്മയെയും പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിയപ്പോൾ ഭാഷാപോഷിണിക്കു അനുവദിച്ച ഒരു അഭിമുഖത്തിൽ വി എസിനെയും സി ഐ ടി യു നേതാക്കളെയും വിമർശിച്ചതിന്റെ പേരിലാണ് പിജിയെ തരം താഴ്ത്തിയത്. വിഭാഗിയത കേരളത്തിലെ പാർട്ടിയെ പിടിച്ചുലച്ച ഘട്ടത്തിൽ പരസ്യ പ്രസ്താവന നടത്തിയതിന്റെ പേരിൽ വി എസിനെയും പിണറായിയേയും പോളിറ്റ്ബ്യൂറോയിൽ നിന്നും തരം താഴ്ത്തുന്നിടം വരെ ഒരിക്കൽ കാര്യങ്ങൾ എത്തിയിരുന്നു. പിന്നീട് പിണറായിയെ പിബിയിൽ തിരികെ എടുത്തുവെങ്കിലും വി എസ്സിന് എതിരെ എടുത്ത നടപടിയിൽ മാറ്റം ഉണ്ടായില്ല.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും കേരളത്തിൽ ബി ജെ പി ശക്തിപ്രാപിച്ചു വരുന്ന ഈ ഘട്ടത്തിൽ വി എസ്സിനെതിരെ കടുത്ത നടപടിക്ക് കേന്ദ്ര കമ്മിറ്റി മുതിരാൻ ഇടയില്ല. വിഎസ്സിനെതിരെ കടുത്ത നടപടി ഉണ്ടായാൽ നിലവിൽ പാർട്ടിക്ക് ഉണ്ടാക്കാവുന്ന ക്ഷീണം വളരെ വലുതായിരിക്കും എന്നാണ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സെൻട്രൽ കമ്മിറ്റിയിലെ ഒരു വിഭാഗവും കരുതുന്നതെന്ന് കേരളത്തിലെ ചില മുതിർന്ന നേതാക്കൾ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട് തന്നെയുമല്ല വി എസ്സിനെതിരെ കടുത്ത നടപടി എടുക്കുമ്പോൾ ബന്ധു നിയമന കേസിൽ പ്രതി ചേർക്കപ്പെട്ട മുൻ മന്ത്രിയും പാർട്ടി സെൻട്രൽ കമ്മറ്റി അംഗവുമായ ഇ പി ജയരാജൻ, പ്രതി പട്ടികയിൽ ഇല്ലെങ്കിലും ഇതേ കേസിൽ ആരോപണം നേരിടുന്ന മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി എം പി എന്നിവർക്കും കൊലപാതക കേസിൽ പ്രതിയായ മന്ത്രി എം എം മണിക്കുമെതിരെ എന്ത് നടപടി സ്വീകരിക്കും എന്ന ചോദ്യവും പി ബി ക്കും കേന്ദ്ര കമ്മിറ്റിക്കും മുന്‍പിലുണ്ട്. മണിയുടെ പ്രശ്നത്തിൽ സംസ്ഥാന ഘടകം തീരുമാനം എടുക്കട്ടേ എന്ന് നേരെത്തെ യെച്ചൂരി പറഞ്ഞിരുന്നെങ്കി മാണിയെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റണമെന്ന കടും പിടുത്തത്തിൽ തന്നെയാണ് വി എസ്സും കൂട്ടരും. ഇവരുടെ ഈ നിലപാടും പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന രാജി ആവശ്യവും പാർട്ടിക്കുമേൽ കടുത്ത സമ്മർദ്ദം തന്നെയാണ് ഉണ്ടാക്കുന്നത്.

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories