TopTop
Begin typing your search above and press return to search.

സരിതയോട് കാണിച്ചതിന്റെ ഒരുതരിമ്പെങ്കിലും അനുകമ്പ വനിതാ എംഎല്‍എമാരോട് കാണിക്കാമായിരുന്നില്ലേ; ഉമ്മന്‍ചാണ്ടിയോട് വിഎസ്

സരിതയോട് കാണിച്ചതിന്റെ ഒരുതരിമ്പെങ്കിലും അനുകമ്പ വനിതാ എംഎല്‍എമാരോട് കാണിക്കാമായിരുന്നില്ലേ; ഉമ്മന്‍ചാണ്ടിയോട് വിഎസ്

വിഎസ് നിയമസഭയില്‍ ഇന്ന് ചെയ്ത പ്രസംഗത്തിന്റെ പൂര്‍ണ രൂപം.

സര്‍,

കഴിഞ്ഞ 13-ന് സഭയില്‍ എല്‍.ഡി.എഫിലെ അഞ്ച് വനിതാ എം.എല്‍.എമാര്‍ക്കെതിരെ ചില യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തിയ സാംസ്‌കാരവിരുദ്ധവും, സദാചാരവിരുദ്ധവുമായ കയ്യേറ്റങ്ങള്‍ സാമാന്യബോധമുള്ളവരെ മുഴുവന്‍ ലജ്ജിപ്പിക്കുകയും, രോഷം കൊള്ളിക്കുകയും ചെയ്തതാണ്. ഇതൊക്കെ ചെയ്തിട്ടും അരിശം തീരാഞ്ഞ് ഇക്കൂട്ടര്‍ പൊതുസദസ്സുകളില്‍ വീണ്ടും വനിതാ എം.എല്‍.എമാരെ മാപ്പര്‍ഹിക്കാത്ത വിധം അധിക്ഷേപിക്കുന്നതാണ് കേരളം കണ്ടത്.

വനിതാ എം.എല്‍.എമാരെ ആക്രമിച്ചതിനു ശേഷം അവര്‍ക്കെതിരെ നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി അടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് വനിതാ എം.എല്‍.എ മാരെ ചാവേറുകളാക്കി എന്നാണ്. ഞാന്‍ വിനയപൂര്‍വ്വം കോഗ്രസ് എം.എല്‍.എമാരോട് മഹാത്മാഗാന്ധിയുടെ ആത്മകഥ ഒന്നു വായിച്ചുനോക്കണമെന്നാണ് പറയുന്നത്.

മഹാത്മാഗാന്ധിയെ ഓര്‍ക്കുന്നുണ്ടോ എന്തോ?

'എന്റെ സത്യാന്വേഷണ പരീക്ഷണ'ങ്ങളില്‍ ഗാന്ധിജി വനിതകളെക്കുറിച്ച് പറയുന്ന ഒരു ഭാഗം ഞാന്‍ ഉദ്ധരിക്കാം.

'ബുദ്ധിപരമായും, മാനസികമായും, ആത്മീയമായും സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് സമമാണ്. പുരുഷന്‍ ഏര്‍പ്പെടുന്ന ഏത് പ്രവര്‍ത്തനത്തിലും സ്ത്രീപങ്കാളിയാകാം'.

നമ്മുടെ രാഷ്ട്രപിതാവിന്റെ വാക്കുകളാണിത്. രാഷ്ട്രപിതാവിന്റെ വാക്കുകള്‍ നിങ്ങള്‍ അറിയാതിരിക്കുകയോ മറക്കുകയോ ചെയ്യുെന്നെങ്കില്‍ അതിന് ഞങ്ങളുടെ മേക്കിട്ടു കയറിയിട്ടു വല്ല കാര്യവുമുണ്ടോ?

ബി.ജെ.പി ഗവണ്‍മെന്റ് ഈയിടെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച 'ഭൂമി ഏറ്റെടുക്കല്‍ ബില്ലി'നെതിരെ കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹിയില്‍ പതിനാല് പ്രതിപക്ഷ പാര്‍ടികളില്‍ നിന്നുള്ള നൂറോളം എം.പിമാര്‍ പാര്‍ലമെന്റില്‍ നിന്ന് രാഷ്ട്രപതിഭവനിലേക്ക് ഒരു മാര്‍ച്ച നടത്തി. എന്നിട്ട് രാഷ്ട്രപതിക്ക് നിവേദനവും നല്‍കി. ആരായിരുന്നു സാര്‍ ആ മാര്‍ച്ച് നയിച്ചത്? ആദരണീയയായ ശ്രീമതി. സോണിയാഗാന്ധി. എ.ഐ.സി.സി. അധ്യക്ഷ. ഉമ്മന്‍ചാണ്ടിയുടെ നേതാവ്.

ഇവിടെ എല്‍.ഡി.എഫ് വനിതാ എം.എല്‍.എമാരെ ചാവേറുകളാക്കി എന്ന് പേര്‍ത്തും പേര്‍ത്തും പറഞ്ഞുകൊണ്ടിരിക്കുന്ന ഉമ്മന്‍ചാണ്ടിയും, മറ്റ് കോഗ്രസ് എം.എല്‍.എ മാരും ശ്രീമതി. സോണിയാഗാന്ധി രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തി സമരരംഗത്ത് അണിനിരന്നത് എങ്ങനെയാണ് സാര്‍ കാണുന്നത്? അതിനും കുറച്ച് ദിവസം മുമ്പല്ലേ നമ്മുടെ മുന്‍പ്രധാനമന്ത്രി ശ്രീമാന്‍. മന്‍മോഹന്‍സിംഗ് കല്‍ക്കരി കുംഭകോണ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ ഇതേ സോണിയാഗാന്ധിയുടെ നേതൃത്വത്തിലല്ലേ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകസമിതി അംഗങ്ങള്‍ എ.ഐ.സി.സി. ഓഫീസില്‍ നിന്ന് മന്‍മോഹന്‍സിംഗിന്റെ വസതിയിലേക്ക് മാര്‍ച്ച് ചെയ്ത് അദ്ദേഹത്തിന് അഭിവാദ്യമര്‍പ്പിച്ചത്. വനിതയായ സോണിയാഗാന്ധി സമരരംഗത്ത് വന്നത് സംബന്ധിച്ച് ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും വല്ല എതിര്‍പ്പും ഉണ്ടോ എന്തോ?

മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോറ്റുതുന്നം പാടിയതിനു ശേഷം ഇപ്പോള്‍ നിങ്ങളെല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത് എന്താണ്?

'രാഹുല്‍ പോരാ.. രാഹൂല്‍ പോരാ..

പ്രിയങ്ക വരണം.. പ്രിയങ്ക വരണം

ഇങ്ങനെ വനിതാ നേതാക്കളെ എങ്ങനെയും മുന്നില്‍ നിര്‍ത്താന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് ഭജനപ്പാട്ട് നടത്തുന്ന ഉമ്മന്‍ചാണ്ടിക്ക് നാണമില്ലേ വനിതാ എം.എല്‍.എമാരെ ചാവേറുകള്‍ എന്ന് വിളിക്കാന്‍?

സർ

ഷെയിം.. ഷെയിം

സഭയില്‍ വനിതാ എം.എല്‍.എമാര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോള്‍ ഒരു സ്റ്റണ്ട് സിനിമ കാണുന്ന ലാഘവത്തോടെയല്ലേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇരുന്നത്? വായും പൊളിച്ച്, കണ്ണും തള്ളി ഒരു ചെറുചിരിയോടെ. മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി ആ സോളാര്‍ഫെയിം സരിതാ എസ്. നായരോട് താങ്കള്‍ കാട്ടിയ അനുകമ്പയും, അനുതാപവും കേരളജനത കണ്ടതല്ലേ? അതിന്റെ ഒരു ശകലമെങ്കിലും താങ്കളുടെ സഹപ്രവര്‍ത്തകരായ വനിതാ എം.എല്‍.എ മാരോട് കാട്ടാമായിരുന്നില്ലേ? എങ്ങനെ കാട്ടാനാണ്? സംസര്‍ഗ ഗുണം.

സാധാരണ ആളുകള്‍ വഴക്കു കൂടുന്നതു കണ്ടാല്‍ അവരെ പിടിച്ചുമാറ്റാനും, സമാധാനിപ്പിക്കാനും മുതിര്‍ന്നവര്‍ ശ്രമിക്കാറില്ലേ? ആ മര്യാദയെങ്കിലും താങ്കള്‍ക്ക് കാട്ടാമായിരുില്ലേ? യു.ഡി.എഫ് എം.എല്‍.എ മാര്‍ സ്ത്രീകള്‍ക്ക് നേരെ പരാക്രമം കാട്ടിയപ്പോള്‍ നിങ്ങള്‍ക്ക് അരുതെന്ന് ഒരുവാക്ക് പറയാമായിരുിന്നില്ലേ?

മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി,

നിങ്ങളും ഒരമ്മയുടെ മകനല്ലേ?

നിങ്ങളും ഒരു ഭാര്യയുടെ ഭര്‍ത്താവല്ലേ?

നിങ്ങളും രണ്ട് പെണ്‍കുട്ടികളുടെ അച്ഛനല്ലേ?

അവരോട് ആരോടെങ്കിലും ഇങ്ങനെയൊക്കെ പെരുമാറിയാല്‍ നിങ്ങള്‍ നിശ്ചേതനനായി ഇരിക്കുമോ? പറയണം മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി.

യു.ഡി.എഫ് എം.എല്‍.എമാരുടെ ക്രൂരമായ ആക്രമണത്തില്‍ മനംനൊന്ത ശ്രീമതി. ജമീലാ പ്രകാശം പറഞ്ഞത് നിയമസഭ 'അരക്കില്ലം' ആണെന്നാണ്. എന്താണ് സാര്‍ അരക്കില്ലം. 'ചതിവീട്' എന്നാണ് അരക്കില്ലത്തിന്റെ അര്‍ത്ഥം. നമ്മുടെ മഹത്തായ നിയമസഭയ്ക്ക് ഇത്തരമൊരു പേര് വരുന്നത് സഭാനേതാവായ താങ്കള്‍ക്ക് ഭൂഷണമാണോ?

മഹാഭാരതത്തില്‍ പാണ്ഡവന്മാരെ ചതിച്ചു കൊല്ലാനായി ദുര്യോധനാദികള്‍ അവരെ അരക്ക് കൊണ്ട് നിര്‍മ്മിച്ച ഒരു വീടിനുള്ളില്‍ അടച്ച് തീവെച്ച് കൊല്ലാന്‍ ശ്രമിച്ച കഥയാണല്ലോ ഇതിനാധാരം. ഇവിടെ അത്തരം ചില ദുര്യോധനന്മാരും, ദുശ്ശാസനന്മാരും ചേര്‍ന്ന് നിയമസഭയെ അരക്കില്ലമാക്കി എന്നല്ലേ ആ മഹതി മനംനൊന്ത് പറഞ്ഞത്?

സഭയില്‍ അധിക്ഷേപിച്ചത് പോരാഞ്ഞിട്ടാണോ നിങ്ങളുടെ എം.എല്‍.എമാരില്‍ ചിലര്‍ പൊതുവേദിയിലും എല്‍.ഡി.എഫിന്റെ വനിതാ എം.എല്‍.എമാരെ മാപ്പര്‍ഹിക്കാത്ത വിധത്തില്‍ അവഹേളിക്കുകയും, ദുരര്‍ത്ഥ സൂചനകളോടെ വാക്കുകള്‍ കൊണ്ട് പ്രഹരിക്കുകയും ചെയ്തത്? നഗ്നമായ അഴിമതി നടത്തിയതിന്റെ പേരില്‍ പൂജപ്പുരയിലേക്കുള്ള കാതങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുന്ന മന്ത്രി പുംഗവന്റെ സാന്നിദ്ധ്യത്തിലല്ലേ വനിതാ എം.എല്‍.എമാരെ സംസ്‌കാരവിരുദ്ധമായി അധിക്ഷേപിച്ചത്? വയോധികനായ ആ മന്ത്രിക്കും ഭാര്യയും, പെണ്‍മക്കളും, കുഞ്ഞുമക്കളുമൊക്കെ ഉളളതല്ലേ? വനിതകളെ ഇങ്ങനെ പറയുന്നത് ശരിയല്ലെന്ന് ഒരു വാക്ക് ഉരിയാടാന്‍ ആ മനുഷ്യന് കഴിഞ്ഞോ? വയോധികനാണെു പറഞ്ഞിട്ട് എന്തുകാര്യം? വിവേകവും, സംസ്‌കാരവും ഇല്ലാതായാല്‍ എന്തു ചെയ്യും സാര്‍?

ഇതുമാത്രമായിരുന്നോ? ആ മന്ത്രി പുംഗവന്‍ പാലായില്‍ പൊതുവേദിയില്‍ എന്താണ് പറഞ്ഞത്? 'മാര്‍ക്‌സിസ്റ്റ് വനിതകള്‍ക്ക് എന്തോ ഒരു ഇത് ഉണ്ടെന്ന്'. ഇത് കേട്ടുകൊണ്ട് വേദിയിലിരുന്ന ഉമ്മന്‍ചാണ്ടി എന്താണ് നിങ്ങളുടെ സഹപ്രവര്‍ത്തകന്‍ ഉദ്ദേശിക്കുന്ന 'ഒരു ഇത്'?. എന്തായാലും അത് സഭ്യമല്ല സാര്‍. സ്ത്രീകള്‍ക്ക് അവഹേളനമാണ്.

ഇത്തരം വര്‍ത്തമാനങ്ങള്‍ക്ക് നാട്ടിലൊക്കെ ചില ചികില്‍സകളുണ്ട്. അത് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല.

മാര്‍ച്ച് 13-ന് സഭയില്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍ പോരാഞ്ഞിട്ടാണോ മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി, നിങ്ങളുടെ ചില സില്‍ബന്തികള്‍ പൊതുസമ്മേളനങ്ങളിലും, വനിതകള്‍ക്ക് നേരെയുളള അധിക്ഷേപം തുടരുന്നത്? ശരാശരി വിവേകമുളള ഏതെങ്കിലും ഒരാള്‍ പറയാന്‍ ധൈര്യപ്പെടുന്ന കാര്യമാണോ എം.എ. വാഹിദും, കെ.സി.അബുവുമൊക്കെ പറഞ്ഞത്?

മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി, ഞാന്‍ സംശയം കൊണ്ട് ചോദിക്കുകയാണ്? നിങ്ങളുടെ പാര്‍ടിയില്‍ എം.എല്‍.എ ആകാനും, ഡി.സി.സി. പ്രസിഡന്റ് ആകാനും ഇതൊക്കെയാണ് യോഗ്യതയും, മാനദണ്ഡവും? ഗാന്ധിജിയുടെ ഖദറിനു വന്ന ഈ അപമാനത്തില്‍ അത്ഭുതപ്പെടേണ്ടതില്ല. ലോകാരാധ്യനായ സാക്ഷാല്‍ ശ്രീനാരായണഗുരുവിനെപ്പോലും അധിക്ഷേപിച്ച് ഡി.സി.സി. പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച നേതാവുളള പാര്‍ടിയല്ലേ നിങ്ങളുടേത്?

ഇതൊക്കെ മാനംമര്യാദയുളള ആളുകള്‍ക്ക് ചേര്‍ന്നതാണോ? അങ്ങനെയായിരുങ്കെില്‍ ഈ തരത്തില്‍ വൃത്തികെട്ട പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരെ ആ നിമിഷം നടപടി എടുക്കേണ്ടിയിരുന്നില്ലേ? നിങ്ങള്‍ക്ക് അതിനുള്ള മാന്യതയില്ല. കാരണം നിങ്ങളുടെ സംരക്ഷണത്തിലല്ലേ ഇവരൊക്കെ ഓരോന്ന് ചെയ്യുന്നത്?

സര്‍,

പ്രതിപക്ഷ എം.എല്‍.എമാര്‍ സ്പീക്കറുടെ ഡയസ്സില്‍ കയറി നാശനഷ്ടങ്ങളുണ്ടാക്കി എന്നൊക്കെ പറഞ്ഞ് നിങ്ങള്‍ ഭരണപക്ഷ എം.എല്‍.എമാര്‍ കാട്ടിയ സംസ്‌കാരവിരുദ്ധവും, അധമവുമായ പ്രവൃത്തികള്‍ മറച്ചുവയ്ക്കാനാവില്ല. അതെല്ലാം ജനങ്ങള്‍ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുതാണ്.

അഴിമതിയും, കൊള്ളയും നടത്തി ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന നിങ്ങള്‍ ഇപ്പോള്‍ സ്ത്രീകളുടെ അന്തസ്സിന്റെ ഘാതകരായി മാറിയിരിക്കുകയാണ്. അതുവഴി ചരിത്രത്തിലെ തീരാകളങ്കമായും നിങ്ങള്‍ മാറിയിരിക്കുകയാണ്.

അഴിമതി നടത്തിയ ഒരാളെ ഇങ്ങനെ നാടുനീളെ ചുമന്നുകൊണ്ട് നടക്കണോ സാര്‍? എന്ത് നാണക്കേടാണിത്? അയാളും നാറി, ചുമന്നവരും നാറി, നാടാകെ നാറി. എന്നിട്ടോ ആ സ്വീകരണ യോഗങ്ങളില്‍ ചിലര്‍ കവല ചട്ടമ്പിമാരെപ്പോലെ മാന്യരായ സ്ത്രീകളെ പരസ്യമായി പുലഭ്യം പറഞ്ഞ് സാംസ്‌കാരിക കേരളത്തിന്റെ തിരുമുറ്റം നാറ്റിക്കുകയല്ലേ?

മിസ്റ്റര്‍ ഉമ്മന്‍ചാണ്ടിയും, മിസ്റ്റര്‍ മാണിയുമൊക്കെ ഏത് മഹാസമുദ്രങ്ങളില്‍ മുങ്ങിക്കുളിച്ചാലാണ് ശാപമോക്ഷം കിട്ടുക? ഏത് സുഗന്ധലേപനങ്ങള്‍ പൂശിയാലാണ് കൈകളിലെ പാപക്കറകള്‍ കഴുകിക്കളയാനാവുക?

ഇല്ല സാര്‍, ഇവര്‍ക്ക് ഒരിക്കലും അതിന് കഴിയില്ല.

ഈ ഉമ്മന്‍ചാണ്ടിയുടെയും, കോഴ മാണിയുടെയും കൊള്ളരുതായ്മകള്‍ പറഞ്ഞു പറഞ്ഞ് ഞാന്‍ തന്നെ സഹികെട്ടു.


Next Story

Related Stories