TopTop
Begin typing your search above and press return to search.

സുജന മര്യാദയും എത്തിക്‌സ് കമ്മിറ്റിയും: ബല്‍റാമില്‍ നിന്ന് പി.സി. ജോര്‍ജിലേക്കുള്ള ദൂരം

സുജന മര്യാദയും എത്തിക്‌സ് കമ്മിറ്റിയും: ബല്‍റാമില്‍ നിന്ന് പി.സി. ജോര്‍ജിലേക്കുള്ള ദൂരം

അഭിലാഷ് രാമചന്ദ്രന്‍

തൃത്താല എം എല്‍ എ വി ടി ബല്‍റാമിന്റെ ഓണ്‍ലൈന്‍ ശൂരത്വത്തെപ്പറ്റി ആണല്ലോ കഴിഞ്ഞ രണ്ടു ദിവസമായി എല്ലാവരും വാചാലരാകുന്നത്. സുരേന്ദ്രനുമായുള്ള യുദ്ധത്തില്‍ ബല്‍റാം വിജയിച്ചുവെന്ന പ്രതീതിയും ഏല്ലാവരും കൂടി എഴുതിയുണ്ടാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ നിരീക്ഷകന്‍ എന്ന നിലയില്‍ വിശേഷിപ്പിക്കാവുന്ന ബഷീര്‍ വള്ളിക്കുന്നിനെപ്പോലെയുള്ളവര്‍ യുദ്ധത്തില്‍ ബല്‍റാമിനെ വിജയിയാക്കി പ്രഖ്യാപിക്കുകയും ചെയ്തു.

ബല്‍റാം ഒരു സാധാരണ പൊതു/രാഷ്ട്രീയ പ്രവര്‍ത്തകനല്ല എന്ന തോന്നലില്‍നിന്നുവേണം ഈ വിഷയത്തെ സമീപിക്കേണ്ടത്. അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയാണ്. അതേ സമയം കേരള രാഷ്ട്രീയത്തില്‍ സുരേന്ദ്രന്‍ ഇപ്പോഴും ഒരു രാഷ്ട്രീയക്കാരന്‍ മാത്രമാണ്. അപ്പോള്‍ തന്നെ ജനാധിപത്യ മര്യാദകള്‍ അല്ലെങ്കില്‍ ബല്‍റാമിന്റെ വാക്കുകള്‍ തന്നെ കടമെടുത്താന്‍ സുജനമര്യാദ പുലര്‍ത്തേണ്ടത് അദ്ദേഹമാണ്. കാരണം അദ്ദേഹത്തെ തൃത്താലയെ പ്രതിനിധീകരിക്കുന്ന സാമാജികനാണ് എന്നതുതന്നെ. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെക്കാളും പാര്‍ട്ടിയേക്കാളും ഉയര്‍ന്ന പദം നിയമസഭാ സാമാജികന്റേതു തന്നെയാണ്. പോസ്റ്റുകളില്‍ അത് അദ്ദേഹം മറക്കുന്നു എന്നുതന്നെ പറയേണ്ടിയിരിക്കുന്നു.

പി സി ജോര്‍ജിനെ നിയമസഭയ്ക്കു പുറത്തുപറഞ്ഞ ഒരു കാര്യത്തിന് നിയമസഭാ എത്തിക്‌സ് കമ്മിറ്റി ശാസിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ കഥകളൊക്കെ അരങ്ങേറുന്നത് എന്നും കൂടി കരുതണം. അതിനു മുന്‍കൈയെടുത്തത് അദ്ദേഹത്തിന്റെ പാര്‍ട്ടിയും. ഗൗരിയമ്മയെ തെറി പറഞ്ഞത് ഒളികാമറയില്‍ പകര്‍ത്തിയ റിപ്പോര്‍ട്ടര്‍ ചാനലാണല്ലോ ജോര്‍ജിനു പണി കൊടുത്തത്. അതിപ്പോള്‍ ശേഷി നഷ്ടമായ ജോര്‍ജിനെതിരേ ഫലപ്രദമായി എതിരാളികള്‍ ഉപയോഗിച്ചുവെന്നു മാത്രം. അപ്പോള്‍ വിഷ്വല്‍ മീഡിയേക്കാള്‍ ശക്തമായ സോഷ്യല്‍ മീഡിയയില്‍ ഈ അധിക്ഷേപം നടത്തുന്ന ബലറാമിനെതിരേയും നിയമസഭ നടപടിയെടുക്കേണ്ട. ഒരു സാമാന്യ സോഷ്യല്‍ മീഡിയ ഉപയോക്താവിന്റെ ചോദ്യമായി ഇതിനെ കാണുന്നതിലുപരി അത്തരത്തില്‍ ഒരു നടപടി എടുക്കുന്നത് കുറഞ്ഞത് ഈ മാലിന്യങ്ങളെ ഇല്ലാതാക്കുന്നതിനെങ്കിലും ഉതകുമെങ്കില്‍ നന്നാകും.

മലയാളി വൈകുന്നേരങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ കടന്നുവരുന്ന മാലിന്യത്തിന്റെ ബാക്കിയായി സോഷ്യല്‍ മീഡിയയെയും മാറ്റുന്ന കാഴ്ചകളാണ് ഈ വിവാദം നമുക്ക് കാട്ടിത്തരുന്നത്. പോസ്റ്റുകള്‍ ചര്‍ച്ചയാക്കപ്പെട്ടതുകൊണ്ടുതന്നെ ഉള്ളടക്കങ്ങള്‍ ഇനിയും പരാമര്‍ശിക്കേണ്ടതില്ലെന്നു കരുതുന്നു. സുരേന്ദ്രനെയും ഒഴിവാക്കാം. അദ്ദേഹം യുദ്ധത്തില്‍ തോറ്റ പക്ഷത്താണല്ലോ നിലവില്‍. ബല്‍റാം നിരന്തരം ബി ജെ പി അല്ലെങ്കില്‍ നരേന്ദ്ര മോദിയെ ലക്ഷ്യമാക്കി പോസ്റ്റുകള്‍ പതിക്കുന്ന ഒരാള്‍ എന്നതു യാഥാര്‍ഥ്യം മുന്‍നിര്‍ത്തിക്കൊണ്ടുവേണം അദ്ദേഹത്തെ നമുക്ക് വിലയിരുത്താന്‍ തുടങ്ങേണ്ടത്.ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയ ആദ്യ കാലത്താണല്ലോ തെരഞ്ഞെടുപ്പിലെ സോഷ്യല്‍ മീഡിയയുടെ ശക്തിയെപ്പറ്റി മുഖ്യധാര കക്ഷികള്‍ക്ക് ബോധ്യമുണ്ടായത്. അവിടെ നിന്നിങ്ങോട്ട് രാഷ്ട്രീയ പ്രചാരണത്തിനുള്ള വലിയ ഒരു വഴിയായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ മാറുന്ന കാഴ്ചയും നമ്മള്‍ കണ്ടു. നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയം മറ്റുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയയുടെ ശക്തി കാട്ടിക്കൊടുക്കുകയും ചെയ്തു. ഗുജറാത്ത് എന്നത് മധുരമനോജ്ഞ നാടാണെന്നും അവിടെ തേനും പാലും ഒഴുകയാണെന്നുമുള്ള ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം തെരഞ്ഞെടുപ്പില്‍ അവരെ വിജയിപ്പിക്കുന്നതില്‍ ഒരു നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു.

ഇതിനു ചുവടുപിടിച്ച് കേരളത്തില്‍ സംഘികള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന പ്രചാരണത്തിനുള്ള മറുപടിയായാണ് ബല്‍റാം ആദ്യ ഘട്ടത്തില്‍ ഫേസ്ബുക്കിലൂടെ തന്റെ കാര്യാവതരണം ആരംഭിക്കുന്നത്. ഭാഷയുടെ വഴക്കവും അസാധരണത്വം നര്‍മബോധവും നിശിത വിമര്‍ശനവും അദ്ദേഹത്തിനു പൊതു സ്വീകാര്യത നേടിക്കൊടുക്കുകയും ചെയ്തു. പക്ഷേ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ വാമൊഴി വഴക്കങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതായി മാറിയിരിക്കുന്നു. പോസ്റ്റുകള്‍, മറുപടികള്‍, വീണ്ടും പോസ്റ്റുകള്‍, മറുപടികള്‍ എന്നിങ്ങനെ അദ്ദേഹത്തിന്റേതായി വരുന്ന വാക്കുകള്‍ വെറുപ്പിന്റെ ഭാഷ പ്രചരിപ്പിക്കുന്നതാണ്. നരേന്ദ്രമോഡി ആത്യന്തികമായി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് എന്ന് ആര് മറന്നാലും ബല്‍റാം മറക്കാന്‍ പാടില്ല. കാരണം ആ നിയമനിര്‍മാണ സഭയുടെ ഒരു ഭാഗം തന്നെയാണ് അദ്ദേഹവും.

നിയമസഭകളാണല്ലോ പാര്‍ലമെന്റിന്റെ അധോസഭയയായ രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നതും അതുവഴി പാര്‍ലമെന്റിനെ പൂര്‍ണമാക്കുന്നതും. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നേതാവും പ്രധാനമന്ത്രിയുമായിരുന്ന മന്‍മോഹന്‍ സിംഗ് ഇക്കാലയളവില്‍ എല്ലാം രാജ്യസഭയിലാണ് അംഗമായിരുന്നത് എന്നു മറക്കരുത്. നരേന്ദ്രമോഡി രാജ്യത്തെ ഭരിക്കാന്‍ ഉള്ള ഭൂരിപക്ഷം നേടിയ ഒരാളാണ് അതോടൊപ്പം ബി.ജെ.പിയുടെ അല്ല രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് എന്ന വസ്തുത നമ്മുടെ മുന്നിലുണ്ടുതാനും. തെരഞ്ഞെടുപ്പില്‍ ഭരണത്തിലേറാന്‍ ഒരു പാര്‍ട്ടി അല്ലെങ്കില്‍ വ്യക്തി നല്‍കുന്ന വാഗ്ദാനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജനം ഭരണത്തെ വിലയിരുത്തുന്നതെന്ന് ഇന്നുവരെ ഇന്ത്യയില്‍ നാം കണ്ടിട്ടില്ല. നരേന്ദ്ര മോദി അധികാരത്തിലേറിയ കാലം മുതല്‍ അദ്ദേഹത്തെയും സര്‍ക്കാരിനെയും വിലയിരുത്താന്‍ തുടങ്ങിയതാണ് മലയാളികള്‍. മറ്റുള്ളവരും അതില്‍ ഒട്ടും പിന്നിലല്ല. സെക്യുലര്‍ നാട്യങ്ങള്‍ പിന്തുടരാനോ, അല്ലെങ്കില്‍ സ്വയം അങ്ങനെയാകാനോ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍, പിന്നെ വിശാല ഇടതുപക്ഷം എന്നിവരും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല താനും. ദേശീയ രാഷ്ട്രീയത്തിലും ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ കുറവല്ലതാനും. അവിടെ കുറക്കൂടി സ്വീകര്യത ട്വിറ്ററിനാണെന്നുമാത്രം. മലയാളികള്‍ ട്വിറ്റര്‍ ഉപയോഗത്തില്‍ പിന്നിലായതിനാലും ഫേസ്ബുക്കിന് സ്വീകാര്യത കൂടുതലായതിനാലും പിണറായി വിജയന്‍ തുടങ്ങി ഒട്ടിങ്ങോട്ട് ഉമ്മന്‍ ചാണ്ടിവരെയുള്ള എല്ലാവരും ഫേസ് ബുക്കില്‍ ഉണ്ടുതാനും.അവിടെയാണ് എന്തിനെയും എന്തിനെയും വിമര്‍ശനബുദ്ധിയോടെ നോക്കിക്കാണുന്ന ഒരു വിശാല മലയാളി സ്വത്വമായി ബല്‍റാം അവതരിക്കുന്നത്. പക്ഷേ വിമര്‍ശനം എപ്പോഴും ഒരുപക്ഷത്തേക്കു മാത്രമായിപ്പോകുന്നു എന്നതാണ് ബല്‍റാമിന്റെ പരിമിതി. കേരളത്തിലെ ബി ജെ പി നേതാക്കളേക്കാളുപരി സോഷ്യല്‍ മീഡിയയില്‍ അഭിരമിക്കുന്ന സംഘിക്കുഞ്ഞുങ്ങള്‍ക്ക് മറുപടി നല്‍കുക എന്നത് ബല്‍റാമിന്റെ ചുമതലയല്ല. രാഷ്ട്രീയ ആക്ഷേപങ്ങള്‍ക്കു മറുപടി പറയുന്നത് ജനപ്രതിനിധികളുടെ ചുമതലയല്ലതാനും. പക്ഷേ ബല്‍റാം ഇതിന്റെ മൊത്തം കുത്തക ഏറ്റെടുത്തിരിക്കുകയാണെന്നും തോന്നും അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ കണ്ടാല്‍. ഇങ്ങനെ സ്വയം അഭിരമിക്കേണ്ടതുണ്ടോ എന്നതാണ് കാതലായ ചോദ്യം.

വിഷ്വല്‍ മീഡിയയേക്കാള്‍ ശക്തമായ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത് അദ്ദേഹത്തിന് രാഷ്ട്രീയ നേട്ടത്തിന് ഉതകുന്നുണ്ടാകും. പക്ഷേ സോഷ്യല്‍ മീഡയയില്‍നിന്ന് ഉയരുന്ന പല ചോദ്യങ്ങളില്‍നിന്നും ബല്‍റാം ഒഴിഞ്ഞുമാറുന്നതാണ് പതിവ്. ഒ. രാജഗോപാല്‍ എന്ന ആദരണീയനായ നേതാവിനെ പോലും ആക്ഷേപിക്കുന്ന ബല്‍റാം ഒരിക്കലും ബാര്‍ കോഴക്കേസില്‍ ഒരു വാക്കും മിണ്ടിയില്ല. അതദ്ദേഹത്തിന്റെ ഇഷ്ടം എന്നും പറയാമെങ്കിലും ഇത്രയധികം രാഷ്ട്രീയ, സാമൂഹിക ബോധ്യങ്ങളും ധാരണകളും പുലര്‍ത്തുന്ന അദ്ദേഹത്തിന് തന്നെയും സര്‍ക്കാരിനെയും ഏതെങ്കിലും തരത്തില്‍ സമ്മര്‍ദ്ദത്തില്‍ പെടുത്തുന്ന വിഷയങ്ങളില്‍ മറുപടിയില്ല എ.ന്നത് കാപട്യമാണ്. സരിത- സോളാര്‍ കേസില്‍ തുടങ്ങി സോഷ്യല്‍ മീഡിയ സജീവമാക്കിയ ഒട്ടുമിട്ട വിഷയങ്ങളിലും അദ്ദേഹം ഒരുവാക്കും ഉരിയാടിയില്ല. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്നതിനായി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിനെപ്പറ്റി, ഉത്തരേന്ത്യയില്‍ നിന്നുള്ള കുട്ടിക്കടത്തിനെപ്പറ്റി ഒന്നും അദ്ദേഹം ഇന്നേവരെ മിണ്ടിക്കണ്ടിട്ടില്ല. തൃത്താലയിലെ മുസ്ലിം വോട്ടുകളും മുസ്ലിം ലീഗും അദ്ദേഹത്തെ അതില്‍നിന്നും വിലക്കുന്നുണ്ടാകും. വയനാട്ടില്‍ ഒരു തുണ്ട് ഭൂമിപോലും കിട്ടാതെ സെക്രട്ടറിയേറ്റിനുമുന്നില്‍ നില്‍പ്പുസമരം നടത്തിയ ആദിവാസികള്‍ക്ക് ഭൂമികൊടുക്കാത്ത സര്‍ക്കാര്‍ പള്ളികള്‍ക്ക് ഭൂമി പതിച്ചുകൊടുക്കുന്ന കാഴ്ചകളും ബല്‍റാം കാണുന്നില്ല. പക്ഷേ കേരളത്തെ ഞെട്ടിച്ച ആ വിഷയങ്ങള്‍ അവിടെയുണ്ട് ബല്‍റാം. അങ്ങ് മറുപടി പറയേണ്ടവ തന്നെയാണ് അവയൊക്കെ. അതൊക്കെ കാണാത്ത ബല്‍റാം ബി.ജെ.പിക്കും നരേന്ദ്ര മോദിക്കെതിരെ പടവാളുയര്‍ത്തുന്നത് എന്തിനുവേണ്ടിയാണ്. അദ്ദേഹം സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണ് ഇവയൊക്കെ. ഇത്തരത്തിലാണ് ഇടതുപക്ഷവും കണ്ണൂര്‍ നേതാക്കളിലൂടെ കേരളത്തിലെ ജനങ്ങളെ വെറുപ്പിച്ചത് എന്നു മറന്നുപോകുകയുമരുത്.

കോഴിക്കോട് കലക്ടറായ പ്രശാന്ത് നായര്‍ എന്ന എന്‍ പ്രശാന്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ കാട്ടുന്ന ഔത്സൃക്യത്തെ വിമര്‍ശിച്ചത് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ഡി സി സി പ്രസിഡന്റാണ്. ഒടുവില്‍ ജാതിവലില്‍ കുരുങ്ങിയും വിവാദങ്ങള്‍ കൂടുതല്‍ വരുത്തേണ്ടെന്നും കരുതി അദ്ദേഹം കളമൊഴിഞ്ഞത് അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ കണ്ട കാഴ്ചകളാണെന്ന് ബല്‍റാം മറക്കരുത്. സോഷ്യല്‍ മീഡിയ ജാതിമത ഭേദമില്ലാതെ കാര്യക്ഷമമായി ഉപയോഗിക്കുന്ന വലിയ ഒരു സമൂഹം ഇവിടെയുണ്ട്. അവര്‍ ഇതൊക്കെ കാണുന്നുമുണ്ട്. രാഷ്ട്രീയവും ആക്ഷേപങ്ങളും മാത്രമല്ല അതുവഴി നടക്കുന്നതെന്ന് അദ്ദേഹത്തിനും അറിയാമെന്നും കരുതാം. കേരളത്തിലെ ചാനല്‍ചര്‍ച്ചകളിലൂടെയും അല്ലാതെ പി സി ജോര്‍ജ് എന്ന വിഴുപ്പ് ഭാണ്ഡം കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ നടത്തിയ അധിക്ഷേപത്തിന്റെ ഒടുക്കം ഇന്ന് നമ്മുടെ കണ്‍മുന്നിലുണ്ട്. കേരളത്തിലെ വിഷ്വല്‍ മീഡിയയെ അല്ലെങ്കില്‍ വാര്‍ത്താ ചാനലുകളെ ചന്തപ്പുരകളാക്കിയതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തര്‍ക്കമായി ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞു. ആ വഴിക്കാണ് ബല്‍റാമിന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകളും എന്നു പറയാതെ വയ്ക.എന്‍ എസ് മാധവന്‍ ഇന്ത്യയിലെ സോഷ്യല്‍ പ്ലാറ്റ്‌ഫോം ഭരിക്കുന്നത് സംഘികളാണെന്ന് ഒരു നിരീക്ഷണം നേരത്തെ നടത്തിയിരുന്നു. ബല്‍റാമിന്റെ ജോലി അത്തരം നീക്കങ്ങള്‍ നടത്തുകയല്ല എന്നോര്‍മിപ്പിക്കട്ടെ. ജനപ്രതിനിധി എന്ന നിലയില്‍ ബല്‍റാമിന് എന്തായാലും ഔദ്യോഗിക മൊബൈല്‍/ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടാകുമല്ലോ. ആ കണക്ടിവിറ്റിയാണ് അദ്ദേഹം രാജ്യത്തെ പ്രധാനമന്ത്രിയെയും ഭരണകൂടത്തെയും തെറി പറയാന്‍ ഉപയോഗിക്കുന്നതെന്ന് കരുതുകയും വേണം. ( നമുക്കറിയില്ല, ഇനി ബി എസ് എന്‍ എല്ലിന് സ്പീഡ് കുറവായതുകൊണ്ട് അദ്ദേഹം സ്വകാര്യ ഇന്റര്‍നെറ്റ് പ്രൊവൈഡേഴ്‌സിനെയാണോ ആശ്രയിക്കുന്നതെന്ന്.) പാവം ജനം എന്തറിയുന്നു. സ്വന്തം പണം ഉപയോഗിച്ച് അതിനു ലൈക്കടിച്ച് ഷെയര്‍ ചെയ്തു ആനന്ദിക്കുന്നു. അതില്‍ പങ്കാളിയായി ആഘോഷിക്കുന്നു. ആ തരത്തില്‍ ചിന്തിക്കുമ്പോള്‍ ബല്‍റാം ചെയ്യുന്നത് തീര്‍ത്തും തെറ്റാണ്. അപ്പോള്‍ ഈരാറ്റുപേട്ടയിലെ തന്റെ വീട്ടിലിരുന്ന് പി സി ജോര്‍ജ്ജ് സ്വകാര്യ ഭാഷണത്തില്‍ പറഞ്ഞ കാര്യത്തിന് ശാസനയാകാമെങ്കില്‍ ബല്‍റാമിന് എന്തു ശിക്ഷയാണ് നല്‍കേണ്ടത്. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് തനിക്ക് ലഭിച്ചിരിക്കുന്ന സൗകര്യങ്ങള്‍ ദുരുപയോഗപ്പെടുത്തുന്ന സാമാജികന്‍ എന്ന നിലയില്‍ പ്രിവിലേജ് കമ്മിറ്റിയും, എത്തിക്‌സ് കമ്മിറ്റിയും അദ്ദേഹത്തിനെതിരേ നടപടിക്ക് ശിപാര്‍ശ ചെയ്യുകല്ലേ വേണ്ടത്.

ഏതായാലും ബല്‍റാമിനെതിരേ ഇടതുപക്ഷം അത്തരം ഒരു പരാതി നല്‍കാന്‍ ഇടയില്ല. കാരണം മോദിയല്ലേ വിഷയം അവിടെ ഇടതുപക്ഷത്തിനും ശ്രദ്ധ അവര്‍ക്കെന്തുകിട്ടുമെന്നാണല്ലോ. ബല്‍റാമിനെപ്പോലുള്ളവര്‍ ഇനിയെങ്കിലും സോഷ്യല്‍ മീഡയയയെ ഫലപ്രദമായും ജനോപകാര പ്രദമായും ഉപയോഗിക്കണം. സമൂഹം ശ്രദ്ധിക്കുന്ന യുവനേതാക്കള്‍ അത്തരത്തിലാണ് പ്രവര്‍ത്തിക്കേണ്ടത്. യുവതയ്ക്ക് മാര്‍ഗദര്‍ശകരായി മാറേണ്ടത് അങ്ങനെയാണ്. കേരളം പോലെ ന്യൂനപക്ഷങ്ങള്‍ക്ക് വലിയ മേധാവിത്വം ഉള്ള നാട്ടില്‍ അദ്ദേഹത്തിന്റെ ഫേസ് ബുക്ക് ഇടപെടലുകള്‍ പലപ്പോഴും ഒരുപക്ഷത്തേക്ക് ആയിപ്പോകുന്നു എന്നും നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. വല്ലാതെ വിഭജിക്കപ്പെട്ട ഒരു സമൂഹത്തില്‍ രാഷ്ട്രീയ ഇടപെടലിന്റെ മറവില്‍ ബല്‍റാമിനെപ്പോലെയുള്ള ജനപ്രതിനിധി നടത്തുന്നത് വിദ്വേഷത്തിന്റെ പ്രചാരണമാണെന്ന ആക്ഷേപത്തിന് അതുകൊണ്ടുതന്നെ വലിയ സ്വീകാര്യത ലഭിക്കുന്നുമുണ്ട്. സോഷ്യല്‍ മീഡിയയെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വഴികളിലൂടെ നയിക്കുക എന്നത് ബല്‍റാമിനെപ്പോലെ ഉള്ളവര്‍ക്ക് ഒട്ടും ഭൂഷണമല്ല. കയ്യടിക്കുവേണ്ടിയുള്ള ആക്ഷേപങ്ങളിലൂടെ അല്ല പൊതുസമൂഹത്തിനു മുന്നില്‍ ഞെളിഞ്ഞു നില്‍ക്കേണ്ടത്, മറിച്ച് പ്രവൃത്തികളിലൂടെ വേണം ജനങ്ങള്‍ക്ക് മുന്നില്‍ നിവര്‍ന്നുനില്‍ക്കേണ്ടതെന്ന് ബല്‍റാമിനെപ്പോലെയുള്ളവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ കാലത്തിന്റെ പുറമ്പോക്കിലേക്ക് ജനങ്ങള്‍ നിങ്ങളെയൊക്കെ വലിച്ചെറിയും എന്നു മറക്കാതിരിക്കുക.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories