UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സോഷ്യല്‍ മീഡിയയിലെ (സംഘി) മനോരോഗികള്‍

Avatar

സാജു കൊമ്പന്‍

ഈയിടെയാണ് സംവിധായകന്‍ രഞ്ജിത് ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. സോഷ്യല്‍ മീഡിയ മനോരോഗികളുടെ കേന്ദ്രമാണെന്ന്. യഥാര്‍ഥത്തില്‍ രഞ്ജിത് ഓഫ് റെക്കോഡായി പറഞ്ഞ ഒരു കാര്യം മാധ്യമങ്ങള്‍ വിവാദത്തിനുള്ള സ്കോപ്പ് കണ്ട് അലക്കുകയാണ് ഉണ്ടായത്. എന്തായാലും തുടര്ന്ന് നമ്മള്‍ കണ്ടത് ഹാലിളകിയ സോഷ്യല്‍ മീഡിയയെ ആയിരുന്നു. രഞ്ജിത്തിനെതിരെ ആരോപണങ്ങളുടെയും പരിഹാസത്തിന്റെയും തെറിവിളികളുടെയും പടയോട്ടം തന്നെ നടത്തി സോഷ്യല്‍ മീഡിയയിലെ പോരാളികള്‍.

രഞ്ജിത്ത് പറഞ്ഞതിനോട് അന്ന് യോജിക്കാന്‍ തോന്നിയിരുന്നില്ല. പ്രത്യേകിച്ചും മനോരോഗികള്‍ എന്ന പ്രയോഗത്തിലെ ദു:സൂചന ഇഷ്ടപ്പെടാത്തത് തന്നെ കാരണം. മനോരോഗികളെ രഞ്ജിത്ത് മോശക്കാരായി കണ്ടു എന്നതായിരുന്നു എന്‍റെ വിമര്‍ശനം.

എന്നാല്‍ ഇന്ന് ആ പ്രസ്താവനയോട് യോജിക്കാതെ തരമില്ലെന്ന് വന്നിരിക്കുന്നു. അതേ.. സോഷ്യല്‍ മീഡിയ സംഘി മനോരോഗികളുടെ കേന്ദ്രം തന്നെ.  വി ടി ബലറാമിന്റെ അമ്മയുടെ മരണ വാര്‍ത്തയോട് സംഘികള്‍ പ്രതികരിച്ച ഭാഷ കണ്ടപ്പോഴാണ് ഇങ്ങനെ തോന്നിയത്.

“ഇതിന്റെ ഉത്തരവാദിയും മോദിയാണെന്ന് ചിത കത്തി തീരുന്നതിന് മുൻപ് പത്രസമ്മേളനം വിളിച്ച് ചേർത്ത് രാമേട്ടൻ പറയുമോ എന്തോ?. ഈ മകനെ സൃഷ്ട്ടിച്ചതിന്റെ പേരിൽ ആ അമ്മയ്ക്ക് നരകം നൽകരുതെ ദൈവമെ.”  എന്ന്‍ കമന്റെഴുതുന്നതിന്റെ പിന്നിലെ സംഘി മനസിനെയും അന്ധമായ മോദി ആരാധനയെയും മനോരോഗമെന്നല്ലാതെ എന്തുപേരിട്ട് വിളിക്കും.

ബെസ്റ്റ് ഓഫ് അഴിമുഖം 

നീ മരിച്ചാല്‍ ഞാന്‍ ലഡു തിന്നും പടക്കം പൊട്ടിക്കും
കാശ്മീര്‍ ലക്ഷ്യമിട്ട് സംഘപരിവാര്‍
മതേതരത്വം ആരുടെ ആവശ്യമാണ്‌? ശിവസേന നല്കുന്ന ദുരന്തസൂചന
ദിനനാഥ് ബത്ര എന്ന സംഘി അഥവാ സ്വയം പ്രഖ്യാപിത സെന്‍സര്‍
നരേന്ദ്ര മോദി എന്ന മാനസികാവസ്ഥ

പ്രശസ്ത സാഹിത്യകാരന്‍ യു ആര്‍ അനന്തമൂര്‍ത്തി മരണപ്പെട്ടപ്പോള്‍ ആഹ്ലാദ പ്രകടനം നടത്തിയവരാണ് സംഘികള്‍. മരണത്തിന്‍റെ നിമിഷങ്ങളില്‍ പരിഷ്കൃത സമൂഹം പ്രകടിപ്പിക്കുന്ന സംസ്കാരം ലവലേശം തൊട്ട് തീണ്ടിയിട്ടില്ലാത്ത ഇവരാണോ നമ്മുടെ രാജ്യത്തിനെ പുതിയ കാലത്തേക്ക് നയിക്കാന്‍ പോകുന്നത്? സ്വച്ഛ ഭാരതം സൃഷ്ടിക്കാന്‍ പോകുന്നത്? കാക്കി ട്രൌസറും കുറുവടിയുമായി ഇവര്‍ ശാഖകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന ആര്‍ഷ സംസ്കാരം ഇതാണെങ്കില്‍ നാം എന്തുതരം കാലത്തിലേക്കാണ് നടന്നടുക്കുന്നത് എന്നത് ഭീതിയോടെ തിരിച്ചറിയേണ്ടിയിരിക്കുന്നു.

തങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് നേരെ വരുന്ന വിമര്‍ശനങ്ങളോട് അസഹിഷ്ണുതയോടെയും ആക്രമണോത്സുകതയോടെയും സംഘികള്‍ സമീപിക്കുന്നതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്‍പിലുണ്ട്. അമേരിക്ക സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ സംഘികള്‍ നടത്തിയ ആഘോഷ ലീലകള്‍ക്കിടയിലാണ് അമേരിക്കയിലെ മാഡിസണ്‍ ചത്വരത്തില്‍ വെച്ച് പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ മോദി ആരാധകര്‍ കയ്യേറ്റം ചെയ്യപ്പെട്ടത്. ഈ അടുത്ത കാലത്ത് ഇടതു ചിന്തകന്‍ പ്രൊഫ. ബി രാജീവനും കഥാകൃത്ത് പിവി ഷാജികുമാറും സംഘികളുടെ സോഷ്യല്‍ മീഡിയ ഭര്‍സനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

മാതാ അമൃതാനന്ദമയിക്കെതിരെയും മഠത്തിനെതിരെയും ആരോപണമുയര്‍ന്നപ്പോഴാണ് സംഘികളുടെ മനോനില തെറ്റിയത്. അമൃതാനന്ദമയിയെ വിമര്‍ശിച്ചവര്‍ക്കെതിരെ സര്‍വ്വ സന്നാഹവുമായി അവര്‍ രംഗത്തിറങ്ങി. സ്വാമി സാന്ദീപനന്ദ ഗിരിയെ കായികമായി തന്നെ അവര്‍ നേരിട്ടു. അല്ലാത്തവരെ ഫേസ്ബുക്കില്‍ തെറി അഭിഷേകം നടത്തി. തങ്ങള്‍ക്കും തങ്ങളുടെ പ്രത്യയ ശാസ്ത്രത്തിനും എതിരെ ശബ്ദിക്കുന്നവര്‍ ആരായാലും അവരെ അവഹേളിക്കുന്നത് സംസ്കാര ശൂന്യമായി സംഘികള്‍ തുടരും എന്നതിന്‍റെ അവസാനത്തെ ഉദാഹരണമായിരിക്കില്ല വി ടി ബലറാം എന്ന കാര്യം തീര്‍ച്ച.

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍